Sections

സംരംഭത്തിനായി ഒരു മികച്ച സ്ഥലം എങ്ങനെ തെരഞ്ഞെടുക്കാം?- ബിസിനസ് ഗൈഡ് സീരീസ്

Thursday, Sep 30, 2021
Reported By Jeena & Gopika
business guide series

സംരംഭത്തിന് എത്രമാത്രം പ്രധാനപ്പെട്ടതാണ് ലൊക്കേഷന്‍?

 

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത തേന്മാവിന്‍ കൊമ്പത്ത് എന്ന ചിത്രം ഓര്‍മ്മയില്ലെ. ഒരു മനോഹരമായ ഗ്രാമപ്രദേശത്ത് പുഴയും ഗ്രാമീണ ചന്തയും കാളയോട്ടവും മാണിക്യൻ ഓടിക്കുന്ന കാളവണ്ടിയുമൊക്കെയായി സാധാരണ മനുഷ്യരുടെ ജീവിതവുമൊക്കെ കൃത്യമായ അടയാളപ്പെടുത്തിയ    ആ കഥയയ്ക്ക് എന്തു കൊണ്ടും അനിയോജ്യമായ ഒരിടം സംവിധായകന്‍ കണ്ടെത്തി.ഇന്നും തേന്മാവിന്‍ കൊമ്പത്ത് എന്ന ചിത്രത്തെ കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യം കടന്നുവരുന്നത് മാണിക്യന്റെ കഥ നടക്കുന്ന ആ ഗ്രാമപ്രദേശം തന്നെയാണ്.

അപ്പോള്‍ നമ്മള്‍ പറഞ്ഞുവരുന്നത് ഒരു സിനിമയില്‍ അതിന്റെ കഥയെന്നോളം അതീവ പ്രാധാന്യമുള്ളതാണ് കഥ നടക്കുന്ന സ്ഥലം അഥവ സിനിമയുടെ ലൊക്കേഷന്‍.ഇതിനായി ദിവസങ്ങളും മാസങ്ങളും സിനിമ പ്രവര്‍ത്തകര്‍ ചെലവാക്കാറുണ്ട്.കറക്ടായ ഇടങ്ങള്‍ കണ്ടെത്തിയ ശേഷം മാത്രമാകും സിനിമ താരങ്ങളെ നിര്‍ണ്ണയിക്കുന്നത് പോലും.ഒരു 2 മണിക്കൂറില്‍ തീരുന്ന സിനിമ; ലൊക്കേഷന് ഇത്രയധികം പ്രാധാന്യം നല്‍കുമ്പോള്‍ നമ്മള്‍ തുടങ്ങാൻ പോകുന്ന നാളെയും നിലനില്‍ക്കേണ്ട സംരംഭത്തിന് എത്രമാത്രം പ്രധാനപ്പെട്ടതാണ് ലൊക്കേഷന്‍ എന്ന് പ്രത്യേകം പറയണോ ?


നിങ്ങളുടെ ബിസിനസിനായി ശരിയായ സ്ഥലം തെരഞ്ഞെടുക്കുന്നത് വളരെ ശ്രദ്ധയോടെ എടുക്കേണ്ട തീരുമാനങ്ങളില്‍ ഒന്നാണ്.അതുകൊണ്ട് തന്നെ ആശയം കണ്ടെത്തുന്നത് പോലെയും മാര്‍ക്കറ്റ് സ്റ്റഡി ചെയ്യുന്നത് പോലെയും ലൊക്കേഷന്റെ കാര്യത്തിലും വലിയ പഠനം നടത്തേണ്ടിവരും, ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടി വരും.

ബിസിനസ് ഗൈഡ് സീരീസിന്റെ ഇന്നത്തെ അധ്യായം ചര്‍ച്ച ചെയ്യുന്നത് ഒരു ബിസിനസില്‍ ലൊക്കേഷനുള്ള പ്രാധാന്യത്തെ കുറിച്ചാണ്.ബിസിനസ് പ്ലാനിംഗിനു ശേഷമാണ് ലൊക്കേഷന്‍ ഹണ്ടിലേക്ക് സംരംഭകന് കടക്കേണ്ടത് എന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ.അപ്പോള്‍ ബിസിനസ് പ്ലാനിനെ കുറിച്ച് വ്യക്തമായി വിശദീകരിക്കുന്ന വീഡിയോ കാണാന്‍ മുകളിലുള്ള ഐബട്ടണ്‍ ക്ലിക്ക് ചെയ്യുക.

ഉദാഹരണത്തിന് കിഷോര്‍ ഒരു ചെറിയ സംരംഭം ആരംഭിക്കുന്നു എന്ന് കരുതുക.കിഷോര്‍ ഒരു റീട്ടെയില്‍ ഷോപ്പ് നടത്താന്‍ അനുയോജ്യമായ സ്ഥലം കണ്ടെത്താനുള്ള പ്രയത്‌നത്തിലാണ്.ശരിയായ സ്ഥലം എന്ന് പറയുന്നത് ഇനി പറയുന്ന പ്രശ്‌നങ്ങളുടെ ഉത്തരം കണ്ടെത്തുക എന്നതാണ്.

1) റീട്ടെയില്‍ ഷോപ്പ് നടത്താന്‍ ഉദ്ദേശിക്കുന്ന പ്രദേശം വിശകലനം ചെയ്യുക

2) അവിടുത്തെ സാധ്യതയുള്ള ഉപഭോക്ത്യ ജനസംഖ്യയെ കുറിച്ച് മനസിലാക്കുക

3) എതിരാളികള്‍ എവിടെയെന്നത് പരിഗണിക്കുക


ഒരു ലൊക്കേഷന്‍ കണ്ടെത്തുന്നതിന് മുന്‍പ് ഉടമ എന്ന നിലയില്‍ കിഷോറിന്റെ ആവശ്യങ്ങള്‍ കൂടി അയാള്‍ പരിഗണിക്കണം,കാല്‍നടയാത്ര ആണോ അല്ലെങ്കില്‍ വാഹനത്തില്‍ ഉപയോക്താക്കൾക്ക് എത്തിപ്പെടാന്‍ കഴിയുന്ന സ്ഥലം ആണോ തുടങ്ങിയ കാര്യങ്ങളും മറ്റ് അടിയന്തര ആവശ്യങ്ങള്‍ നിറവേറ്റാന്‍ ആക്‌സസ് ലഭിക്കുന്ന സ്ഥലം ആണോ എന്നതും ഒക്കെ പ്രാധാന്യമുള്ള കാര്യങ്ങള്‍ ആണ്.

സേവനം അല്ലെങ്കില്‍ ഉത്പന്നത്തിന്റെ ഡെലിവറിയും,ക്ലയിന്റ് മീറ്റിംഗുകളും,ബിസിനസ് സംഭരണ കേന്ദ്രങ്ങളും ഒക്കെ ആക്‌സസ് ചെയ്യാന്‍ സാധിക്കുന്ന ഇടത്താകണം നിങ്ങളുടെ സംരംഭം. 

ഇനി കിഷോറിന് ഒരു റീട്ടെയില്‍ ഷോപ്പ് തുടങ്ങാന്‍ അയാള്‍ എങ്ങനെ മികച്ച ഒരു ലൊക്കേഷന്‍ തെരഞ്ഞെടുക്കണമെന്ന് നമുക്ക് പറഞ്ഞുകൊടുത്താലോ...

ആദ്യം ഗവേഷണം നടത്തുക, എതിരാളികളുടെ അതായത് നിങ്ങളുടെ സ്ഥാപനത്തിന് മത്സരം നേരിടേണ്ടി വരുന്ന മറ്റു സ്ഥാപനങ്ങളുടെ സ്ഥലം മനസിലാക്കുക,തനിക്ക് സ്ഥാപനം തുറക്കാനായി ലഭ്യമായ പ്രോപ്പര്‍ട്ടികള്‍ കണ്ടെത്തുക,ഇത്രയും വിവരങ്ങള്‍ ശേഖരിച്ച ശേഷം നിങ്ങളുടെ വരാന്‍ പോകുന്ന സ്ഥാപനത്തിന്റെ മാര്‍ക്കറ്റും പ്രാദേശികമേഖലയില്‍ നിന്നു ലഭിക്കാന്‍ ഇടയുള്ള ആനുകൂല്യങ്ങളും നിയന്ത്രണങ്ങളും നിങ്ങള്‍ ഗവേഷണം ചെയ്യണം.

അധികമാരും ശ്രദ്ധിക്കാതെ പോകുന്ന മേഖലയാണ് ഇനി പറയുന്നത്. നിങ്ങളുടെ സ്ഥാപനം വരാന്‍ പോകുന്ന മേഖലയുടെ സംസ്ഥാന-പ്രാദേശിക നികുതിയെ കുറിച്ച് അറിവ് നേടുക,ആനുകൂല്യം ലഭിക്കുന്നതിന് സര്‍ക്കാര്‍ പ്രോത്സാഹനങ്ങളെ കുറിച്ച് മനസിലാക്കുക.ചില മേഖലകളില്‍ സ്ഥാപനം നിലനില്‍ക്കുമ്പോള്‍ അവിടുത്തെ പ്രാദേശിക ഭരണകൂടം വിവിധ ആനുകൂല്യങ്ങള്‍ അനുവദിച്ച് നല്‍കാറുണ്ട് ഇതും മനസില്‍ വെയ്ക്കണം.

ഇതിനൊപ്പം തന്നെ താങ്ങാവുന്ന-വായ്പ വ്യവസ്ഥകള്‍ക്കുള്ളില്‍ വരുന്ന ഒരു സ്ഥലം ബിസിനസിനായി കണ്ടെത്താന്‍ ശ്രമിക്കണം.അത് നിങ്ങളുടെ ഉപഭോക്താക്കളെയും ക്ലയിന്റുകളെയും നിങ്ങളുടെ ജീവനക്കാരെയും ഒരുപോലെ സഹായിക്കുന്ന ലൊക്കേഷന്‍ തന്നെ ആയിരിക്കാന്‍ ശ്രദ്ധിക്കണം.

റീട്ടെയില്‍ ഷോപ്പ് ആയതുകൊണ്ട് കിഷോറിന് വലിയ ബുദ്ധിമുട്ട് ഉണ്ടാകില്ല അതെസമയം നിങ്ങള്‍ കുറച്ചു കൂടി വലിയ ബിസിനസ് ആണ് ചെയ്യുന്നതെങ്കില്‍ വെയര്‍ ഹൗസ് സംഭരണ കേന്ദ്രം ക്ലയിന്റുകള്‍ക്കും ഉപഭോക്താക്കള്‍ക്കും എളുപ്പവുമുള്ള ഡെലിവറി സാഹചര്യം ഒരുക്കുന്ന സ്ഥലം തന്നെ തെരഞ്ഞെടുക്കുക.അവിടം ചരക്ക് കയറ്റി അയക്കുന്നതിനും, ബിസിനസ് ലോഡുകള്‍ സൂക്ഷിക്കാനും അനുയോജ്യമായ ഘടനയുള്ളത് തന്നെയാകണം.

ഇനി മറ്റൊരു കാര്യം ബിസിനസ് സ്ഥാപനത്തില്‍ മീറ്റിംഗുകള്‍ പോലുള്ള കാര്യങ്ങള്‍ നടത്തേണ്ടി വരുമോ എന്ന് ചിന്തിക്കുക.പതിവായി ഉപഭോക്താക്കളെയും ക്ലയിന്റുകളെയും കണ്ടുമുട്ടുന്ന ബിസിനസുകളാണെങ്കില്‍ അതിനൊരുങ്ങുന്ന സ്വീകരണ സ്ഥലങ്ങളും വെയിറ്റിംഗ്-കോണ്‍ഫറന്‍സ് മുറികളും സ്ഥാപനത്തിന് ആവശ്യമാണ്.അതുകൊണ്ട് തന്നെ ഇതെ കുറിച്ച് കൂടി മനസില്‍ ഉറപ്പിച്ച ശേഷം ലൊക്കേഷന്‍ തെരഞ്ഞെടുക്കാം.

ലൊക്കേഷന്റെ കാര്യത്തില്‍ വളരെ പ്രധാനപ്പെട്ട മറ്റൊരു സംഗതി പാര്‍ക്കിംഗ് ആണ്.നിങ്ങള്‍ക്കോ ഉപഭോക്താക്കള്‍ക്കോ ജീവനക്കാര്‍ക്കോ പാര്‍ക്കിംഗ് ആവശ്യമായി വരുമോ എന്നതും ആലോചനയില്‍ വരേണ്ട കാര്യമാണ്.ഒരു ലൊക്കേഷന്‍ തെരഞ്ഞെടുക്കുമ്പോള്‍ നിങ്ങളുടെ സംരംഭത്തിന്റെ വലുപ്പം പരിഗണിക്കുക,നിങ്ങളുടെ ജീവനക്കാര്‍ സ്ഥാപനത്തിലേക്ക് ഡ്രൈവ് ചെയ്ത് എത്തേണ്ടി വരും അപ്പോള്‍ പാര്‍ക്കിംഗ് ഒരുക്കാന്‍ കഴിയുന്ന സാഹചര്യം സ്ഥാപനത്തിനുണ്ടാകണം. അതുപോലെ ക്ലയിന്റുകളുമായു ഉപഭോക്താക്കളുമായും നിങ്ങള്‍ പതിവായി കൂടിക്കാഴ്ച നടത്തുകയാണെങ്കിലും അവര്‍ക്ക് സൗകര്യപ്രദമായ പാര്‍ക്കിംഗ് അനിവാര്യമല്ലെ ?

മുകളില്‍ പറഞ്ഞ കാര്യങ്ങളില്‍ വ്യക്തത കൈവന്നാല്‍ ഇനി പറയുന്ന വസ്തുതകളെ കൂടി പരിഗണിക്കാന്‍ മറക്കരുത്

നിങ്ങളുടെ ടാര്‍ഗറ്റ് എവിടെയാണെന്ന തിരിച്ചറിയുക.ഒരു ഫോട്ടോസ്റ്റാറ്റ് ഓഫീസ് എപ്പോഴും സ്‌കൂള്‍,ഗവണ്‍മെന്റ്,കോടതി തുടങ്ങിയ പേപ്പര്‍ വര്‍ക്കുകള്‍ ധാരാളം ആവശ്യമായി വരുന്ന ഇടങ്ങളിലാകും ഉടമകള്‍ സ്ഥാപിക്കുക.കാരണം അവിടെയാണ് അവരുടെ ടാര്‍ഗറ്റുള്ളത്.ഈ ചെറിയ ഉദാഹരണം നിങ്ങളുടെ ബിസിനസില്‍ വളരെ വലിയ പ്രാധാന്യമുള്ളത് തന്നെയാണ്.

നിങ്ങളുടെ എതിരാളികളുടെ സ്ഥലവും നിര്‍ണയിക്കുക.നിങ്ങളുടെ സംരംഭം എതിരാളിയില്‍ നിന്ന് നേരിട്ടോ അല്ലെങ്കില്‍ തൊട്ടടുത്തുള്ള ഇടത്തോ ആരംഭിക്കുന്നത് ഒരുപക്ഷെ അബദ്ധമായേക്കാം.മറ്റ് കമ്പനികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ നിങ്ങളുടെ ഉല്‍പന്നത്തിനോ സേവനത്തിനോ വേണ്ടിയുള്ള മികച്ച ഡിമാന്‍ഡ് കണക്കാക്കാനും ഇത് അനുവദിക്കുന്നു.അതുകൊണ്ട് നിങ്ങളുടെ സ്വന്തം അടിത്തറ സ്ഥാപിക്കാന്‍ അനുവദിക്കുന്ന ബിസിനസ് ലൊക്കേഷന്‍ തെരഞ്ഞെടുക്കുമ്പോള്‍ ഈകാര്യങ്ങള്‍ വിട്ടുപോകരുത്.

ചുരുക്കി പറഞ്ഞാല്‍ ഒരു സംരംഭത്തിനായി ലൊക്കേഷന്‍ തെരഞ്ഞെടുക്കേണ്ടത് നിങ്ങളുടെ സംരംഭത്തിന്റെ ആകെ വിജയത്തിന് നിര്‍ണായകമാണ്.അതിനാല്‍ ഒരു സ്ഥലം ഉറപ്പിക്കും മുന്‍പ് ആവശ്യമായ ഗവേഷണം നടത്തുക.ഒരു ഉടമ എന്ന നിലയില്‍ മാത്രമല്ല ഒരു ജീവനക്കാരന്റെയും ഉപഭോക്താവിന്റെയും കാഴ്ചപാടില്‍ നിന്ന് തന്നെ നിങ്ങളുടെ ലൊക്കേഷനെ കുറിച്ച് ചിന്തിക്കണം എന്നകാര്യവും മറക്കരുത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.