Sections

ആശയം എന്ന നെടുന്തൂണ്‍ - ബിസിനസ് ഗൈഡ് സീരീസ് ഭാഗം 2

Thursday, Sep 23, 2021
Reported By Ambu Senan
business guide idea

നമ്മള്‍ ഇന്ന് ചര്‍ച്ച ചെയ്യുന്നത് ആശയം എന്ന പോയിന്റാണ് 

 

ബിസിനസ് തുടങ്ങുന്നതിന് മുന്‍പ് എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് നമ്മള്‍ ബിസിനസ് ഗൈഡിന്റെ കഴിഞ്ഞ അധ്യായത്തില്‍ കണ്ടിരുന്നു.ആദ്യ ഭാഗത്തിന്റെ തുടര്‍ച്ചയായ ഈ ലേഖനത്തില്‍അതിന്റെ ഓരോ പോയിന്റുകളും വിശദമായി ചര്‍ച്ച ചെയ്യാമെന്നും പറഞ്ഞിരുന്നു. അത് പ്രകാരം നമ്മള്‍ ഇന്ന് ചര്‍ച്ച ചെയ്യുന്നത് ആശയം എന്ന പോയിന്റാണ്. 


ആശയം അഥവാ ഐഡിയ എന്നതാണ് ഏതൊരു കാര്യത്തിന്റെയും പ്രത്യേകിച്ച് ബിസിനസിന്റെ നെടുന്തൂണ്‍ എന്ന് പറയുന്നത്.ആശയം നമുക്ക് എവിടെ നിന്ന് വേണമെങ്കിലും ലഭിക്കാം. 


കുട്ടിക്കാലത്ത് സ്‌കൂളില്‍ എന്താകാനാണ് ആഗ്രഹം എന്ന് ചോദിക്കുമ്പോള്‍ പട്ടാളത്തില്‍ ചേരണം എന്ന് പറഞ്ഞ സഹീലിന് പിന്നീട് ആ കാര്യത്തില്‍ മനം മാറ്റം ഉണ്ടായി.കൊച്ചിയിലേക്ക് ടൂറ് പോയപ്പോള്‍ ലുലു മാളില്‍ കക്ഷി ഒന്ന് കയറി.വമ്പന്‍ മാളുകണ്ട് പിന്നെ യൂസഫലിയെ പോലെ ഒരു ബിസിനസുകാരനാകണം എന്നായി ചിന്ത...

സഹീലിനെ പോലെ ഒരുപാട് പേര്‍ ആഗ്രഹിക്കുന്നുണ്ട്.അതൊരു പക്ഷെ യൂസഫലിയെയോ അല്ലെങ്കില്‍ ഇലോണ്‍ മസ്‌കിനെ പോലെയോ,ജെഫ് ബസോസിനെ പോലെയുള്ള ബിസിനസ് ഭീമന്മാരെ കണ്ടുതോന്നുന്ന ആകര്‍ഷണം ആകാം.അല്ലെങ്കില്‍ സ്വന്തം കാലില്‍ സ്വയം രാജാവായി വരുമാനം കണ്ടെത്താനുള്ള അതിയായ ആഗ്രഹം ആകാം.ചിലര്‍ കുടുംബ പാരമ്പര്യം കൊണ്ട് ബിസിനസില്‍ തന്നെ തുടരുന്നു.ഈ കൂട്ടരെ തല്‍ക്കാലം നമുക്ക് വിടാം.

ഒരു ഇടത്തരം കുടുംബത്തിലാണ് മാനസ സംയുക്തയുടെ ജനനം.വളരെ ചെറുപ്പത്തിലെ ഒരു ബിസിനസ് വുമണ്‍ ആകണം എന്നായിരുന്നു മാനസയുടെ ആഗ്രഹം.ആക്സമികമായി അച്ഛന്റെ ഉദ്യോഗം കാരണം അമേരിക്കയിലേക്ക് ജീവിതം പറിച്ചു നട്ടപ്പോഴും മാനസ സംരംഭകയാകുക എന്ന സ്വപ്നം കൈവിട്ടില്ല.അമേരിക്കയിലെ വലിയ ലോകത്ത് താന്‍ എന്ത് ബിസിനസ് തുടങ്ങും എന്ന ആലോചിച്ച അവള്‍ക്ക് മുന്‍പില്‍ തെളിഞ്ഞത് ചായ എന്ന ചൂട് പാനീയമാണ്. കാരണം കുട്ടിക്കാലത്ത് മുത്തച്ഛന്‍ ഏത് രോഗത്തിനും ചായ നല്‍കി ചികിത്സിക്കുന്നത് കണ്ട് വളര്‍ന്ന മാനസയ്ക്ക് താന്‍ ഏത് സംരംഭം ആരംഭിക്കണം എന്ന കാര്യത്തില്‍ വ്യക്തത ഉണ്ടായിരുന്നു.

ഇന്ത്യയുടെ തനതായ കൂട്ടുകള്‍ ചേര്‍ത്തുണ്ടാക്കുന്ന വിവിധ തരം ചായകള്‍ മിസ് ഇന്ത്യ എന്ന ബ്രാന്‍ഡില്‍ മാനസ സംയുക്ത അമേരിക്കയില്‍ അവതരിപ്പിക്കുന്നു. നരേന്ദ്രനാഥ് സംവിധാനം നിര്‍വ്വഹിച്ച കീര്‍ത്തി സുരേഷ് നായികയായ മിസ് ഇന്ത്യ എന്ന തെലുങ്ക് സിനിമയുടെ കഥ ഇങ്ങനെയാണ്.ഈ കഥയില്‍ ഒരു സംരംഭം ആരംഭിക്കാന്‍ ആദ്യം വേണ്ടത് ആശയം ആണെന്ന കാര്യം സംവിധായകന്‍ മികച്ച രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്.ഇതു തന്നെയാണ് ഇന്ന് നമ്മള്‍ ചര്‍ച്ച ചെയ്യുന്ന വിഷയവും.

മാനസ സംയുക്തയെ പോലെ ബിസിനസ് ആണ് ജീവശ്വാസം എന്ന് ചെറുപ്പത്തിലെ മനസില്‍ ഉറപ്പിച്ച അല്ലെങ്കില്‍ സഹീലിനെ പോലെ ബിസിനസ്‌കാരന്‍ ആകാന്‍ ആഗ്രഹിക്കുന്ന ഒരു സാധാരണക്കാരന് നമ്മുടെ നാട്ടില്‍ ഒരു ചെറിയ ബിസിനസ് സംരംഭം തുടങ്ങാന്‍ ആശയമെന്നത് എത്രത്തോളം പ്രധാനമാണ് എന്ന് നോക്കാം.

പണം,ബന്ധങ്ങള്‍,മികച്ച കെട്ടിടം,നിക്ഷേപിക്കാന്‍ എന്തിനും പോന്ന സുഹൃത്തുക്കള്‍ തുടങ്ങി എല്ലാ സന്നാഹങ്ങളും ഉണ്ടെങ്കിലും ഒരിക്കലും ഒരു സംരംഭം മികച്ച രീതിയില്‍ തുടങ്ങാന്‍ സാധിച്ചെന്ന് വരില്ല. അതിന് ആദ്യം വേണ്ടത് ആശയം ആണ്.അതായത് ഏത് ബിസിനസ് ആണ് തുടങ്ങാന്‍ പോകുന്നത് എന്ന കാര്യത്തില്‍ നിങ്ങള്‍ക്ക് വ്യക്തതയുണ്ടാകണം. ഇല്ലെങ്കില്‍ ഞാന്‍ ആദ്യ ഭാഗത്തില്‍ പറഞ്ഞ അനിലിന്റെ അവസ്ഥയാകും ഫലം. 

എഞ്ചിനീയറിംഗിനോ ഡിഗ്രിക്കോ പഠിക്കുമ്പോള്‍ ഒരു കുട്ട നിറയെ ആശയങ്ങളുമായി ബിസിനസ് ചെയ്യാന്‍ ഇറങ്ങുന്ന ഒരുപാട് ചെറുപ്പക്കാരുണ്ട്.തുനിഞ്ഞിറങ്ങി കൈയിലുള്ള കാശും നഷ്ടമായി ബിസിനസും പൊട്ടി സ്വപ്നങ്ങള്‍ മാത്രം ബാക്കിയാക്കിയ നിരവധി പേര്‍.

സംരംഭം അത് എങ്ങനെ വേണമെങ്കിലും തുടങ്ങാം.പക്ഷെ തലവേദനയില്ലാതെ മികച്ച ലാഭം ലക്ഷ്യമിടുന്നെങ്കില്‍ മറ്റാരും തലപുകയ്ക്കാത്ത ഒരു ആശയത്തില്‍ തന്നെ തുടങ്ങുന്നതാണ് നല്ലാതെന്ന് വിദഗ്ധര്‍ പറയുന്നുണ്ട്.പലപ്പോഴും നമ്മളൊക്കെ നമ്മുടെ സ്ഥിരം ബിസിനസ് രീതികളെ തിരിച്ചും മറിച്ചും പരീക്ഷിച്ചു നോക്കുകയാണ് പതിവ്.കിടിലന്‍ ആശയങ്ങള്‍ ആലോചിച്ച് കണ്ടെത്താനോ ഉപയോഗിക്കാനോ ഭൂരിപക്ഷം പേരും മെനക്കെടാറില്ല. പറഞ്ഞു വന്നത് നിലവിലെ ഒരു ബിസിനസ് രീതിയില്‍ പുതിയ കാര്യങ്ങള്‍ അവതരിപ്പിച്ചും നിലവിലുള്ള ബിസിനസിലെ ന്യുനതകള്‍ മനസിലാക്കി അത് മെച്ചപ്പെടുത്തി അവതരിപ്പിക്കുന്നവര്‍ വിജയിക്കുന്നില്ലായെന്നല്ല. ആശയം പുത്തനാണെങ്കില്‍ അതിന് കൂടുതല്‍ സ്വീകാര്യത ലഭിക്കാന്‍ ഇടയുണ്ട്. അത് കൃത്യമായി അവതരിപ്പിച്ചാല്‍.

പാരീസില്‍ ഒരു കോണ്‍ഫറന്‍സിന് പോകാന്‍ ടാക്‌സി കിട്ടാതെ വിഷമിച്ചു നിന്ന ട്രാവിക് കലനിക് എന്ന ചെറുപ്പക്കാരന്റെ തലയില്‍ ഒരു ആശയം ഉദിച്ചു.മൊബൈലില്‍ ഒന്നു വിളിച്ചാല്‍ മുന്നിലെത്തുന്ന ടാക്‌സി സംവിധാനം.ഈ ആശയം ട്രാവിക് സുഹൃത്തിനൊപ്പം ചേര്‍ന്ന് ഊബര്‍ എന്ന പേരില്‍ ടാക്‌സി സംവിധാനം അവതരിപ്പിച്ചു. എന്താണ് അതിന്റെ പ്രത്യേകത എന്ന് ചോദിച്ചാല്‍ ഊബറിന് സ്വന്തമായി ഒരു വണ്ടി പോലുമില്ല. ടാക്‌സിക്കാരെ ആദ്യ ഘട്ടത്തില്‍ കണ്ടുപിടിച്ചു അവരുടെ ആപ്പ് വഴി ക്രോഡീകരിച്ച് ഉപയോക്താക്കളിലേക്ക് എത്തി. കേട്ടറിഞ്ഞും കണ്ടറിഞ്ഞും കൂടുതല്‍ ടാക്‌സിക്കാരും ഉപയോക്താക്കളും ഊബറിലേക്ക് എത്തി. ഇന്ന് കേരളത്തിലെ നിരത്തുകളില്‍ വരെ ഊബര്‍ കാബ് ഓടിക്കൊണ്ടെയിരിക്കുന്നു.2020ലെ കണക്ക് അനുസരിച്ച് 1113.9 കോടി ഡോളര്‍ ആണ് ഊബറിന്റെ വരുമാനം.

2007ല്‍ മുന്‍പ് ഉണ്ടായിരുന്ന ജോലി രാജിവെച്ച് സച്ചിനും ബിന്നിയും ഒരു ചെറിയ സംരംഭം തുടങ്ങി.ഓണ്‍ലൈന്‍ വഴി ഏത് സാധനവും വില്‍ക്കാനുള്ള വിപണി എന്ന ആശയവും മാസംന്തോറും അച്ഛന്‍ നല്‍കുന്ന 10000 രൂപയുടെ പോക്കറ്റ് മണിയും ഉപയോഗിച്ച് ഈ സുഹൃത്തുക്കള്‍ തുടങ്ങിയ സ്റ്റാര്‍ട്ടപ്പ് ആണ് ഇന്നത്തെ നമ്മുടെ ഫ്‌ളിപ്കാര്‍ട്ട്.

പല വമ്പന്‍ കമ്പനികളുടെ തുടക്കം തേടി പോയാലും ഇതുപോലുള്ള കിടിലന്‍ ആശയങ്ങളുടെ സ്വാധീനം നിങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിയും.ആശയത്തിനു പോലും കാശ് മുടക്കാന്‍ കോടികളുമായി ഇന്ന് വലിയ കമ്പനികള്‍ ക്യൂ നില്‍ക്കുന്നു.കോഫിഷോപ്പിലെ ഒരു മേശയ്ക്ക് ചുറ്റും ഇരുന്നു ചിന്തിച്ചുണ്ടാക്കുന്ന ആശയങ്ങള്‍ വലിയ സംരംഭത്തിന്റെ മുളകള്‍ ആകാം.

പുതുതായി തുടങ്ങുന്ന എല്ലാ ചെറുകിട ബിസിനസുകളെയും സ്റ്റാര്‍ട്ടപ്പ് എന്ന് വിളിക്കാമെങ്കിലും നമ്മുടെ നാട്ടില്‍ ഒരുപാട് കാണുന്ന ഹോട്ടലും,ഡിറ്റിപി സെന്ററും,തുണിക്കടയും ഒന്നും ഈ ലിസ്റ്റില്‍ വരില്ല.സമൂഹത്തില്‍ വലിയ ചലനങ്ങള്‍ ഭാവിയിലുണ്ടാക്കാന്‍ കെല്‍പ്പുള്ള സംരംഭങ്ങളാണ് സ്റ്റാര്‍ട്ടപ്പ്.

ആയിരം രൂപയ്ക്ക് വിപണിയിലുള്ള ഒരു സാധനം നൂറ് രൂപയ്ക്ക് നല്‍കാന്‍ സാധിക്കുന്ന ആശയം ആണ് നിങ്ങളുടേതെങ്കില്‍ വിജയം ഉറപ്പാണ്.അല്ലെങ്കില്‍ ഇരട്ടിയിലേറെ ഗുണമുള്ള ഉത്പന്നം വിപണിയിലെ നിലവിലെ വിലയ്ക്ക് നല്‍കാന്‍ കഴിയുമോ എന്ന് ചിന്തിക്കണം.

ആര്‍ക്കും തോന്നിയിട്ടില്ലാത്ത ഒരു സംരംഭ ഐഡിയ തലയില്‍ വരണം. അല്ലെങ്കില്‍ നിലവിലുള്ള ബിസിനസില്‍ ഒരു വലിയ ചലനമുണ്ടാക്കാന്‍ കഴിയുന്ന ആശയം. ആശയം കൊള്ളാമെന്ന് മനസില്‍ ഉറപ്പിച്ചാല്‍ അത് ഒരു വിദഗ്ധരുമായി ചര്‍ച്ച ചെയ്യുന്നത് സംരംഭത്തിന് ഗുണം ചെയ്യും.നിലവില്‍ സര്‍ക്കാര്‍ പോലും ഇത്തരം സൗകര്യം ഇന്‍ക്യുബേറ്ററുകള്‍ എന്ന പേരില്‍ ചെറുപ്പക്കാര്‍ക്ക് വേണ്ടി തുടങ്ങിയിട്ടുണ്ട്.

ആശയം എന്തുമാകട്ടെ അത് വിജയിക്കണമെങ്കില്‍ സംരംഭത്തിന് പുതുമ കൂടിയേ തീരു.നിങ്ങള്‍ കഷ്ടപ്പെട്ട് തുടങ്ങി രണ്ടോ മൂന്നോ ദിവസമോ ആഴ്ചയോ കൊണ്ട് മറ്റൊരാള്‍ക്ക് തുടങ്ങാന്‍ സാധിക്കുന്നതാണെങ്കില്‍ ബിസിനസിന്റെ ഭാവി തുലാസിലാകും.

ഉദയനാണ് താരത്തില്‍ മോഹന്‍ലാലിന്റെ തിരക്കഥ തട്ടിയെടുത്ത് ശ്രീനിവാസന്റെ കഥാപാത്രം സൂപ്പര്‍ സ്റ്റാര്‍ ആകുന്നത് പോലെ എളുപ്പമല്ല മറ്റൊരാളുടെ ബിസിനസ് ഐഡിയയോ എവിടെ എങ്കിലും വായിച്ചു കണ്ടതോ ആയ പ്രൊജക്ട് റിപ്പോര്‍ട്ടുകള്‍ കോപ്പിയടിച്ചു ഒരു ബിസിനസ് തുടങ്ങുന്നത് അതുകൊണ്ട് തന്നെ അത്തരം ശ്രമങ്ങള്‍ കഴിവതും ഒഴിവാക്കുക.നിങ്ങളുടേത് മാത്രമായ ആശയത്തിന് അവസരം നല്‍കാന്‍ മറക്കരുത്.

ബിസിനസ് എന്ന പേരില്‍ എന്താണ് നിങ്ങള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നത് എന്നതിനെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം.ആരംഭിക്കാന്‍ ഒരുങ്ങുന്ന സംരംഭത്തെ കുറിച്ച് മറ്റുള്ളവരോട് പറഞ്ഞ് ഫലിപ്പിക്കാന്‍ കൂടി കഴിയുന്ന രീതിയില്‍ സംരംഭത്തിന്റെ പ്രാധാന്യം ? ഭാവി എന്താണ് തുടങ്ങിയ കാര്യങ്ങളിലൊക്കെ ഉത്തരം കണ്ടെത്തേണ്ടതുണ്ട്. പിന്നെ ഒരു കാര്യം കൂടി, ഇന്ന് ലോകം മാറ്റിമറിച്ച പല കമ്പനികളും തങ്ങളുടെ ആശയം ആദ്യം അവതരിപ്പിച്ചപ്പോള്‍ അത് വെറും കഴമ്പില്ലാത്ത ആശയമായി തോന്നി തള്ളിക്കളഞ്ഞിരുന്നു ഭൂരിഭാഗം പേരും. അത് കൊണ്ട് തന്നെ നിങ്ങളുടെ ആശയത്തെ ഒരു പക്ഷെ നിങ്ങള്‍ കാണിക്കുന്ന ഒന്നോ രണ്ടോ പേര്‍ നോ പറഞ്ഞേക്കാം. നിങ്ങള്‍ക്ക് നിങ്ങളുടെ ആശയത്തിലും കഴിവിലും വിശ്വാസം ഉണ്ടെങ്കില്‍ ശ്രമിച്ചു കൊണ്ടിരിക്കുക. നിങ്ങളുടെ സമയവും വരും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.