Sections

ബിസിനസ് തുടങ്ങുന്നതിന് മുന്‍പ് പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ?

Wednesday, Sep 22, 2021
Reported By Ambu Senan
things to know before starting business

ബിസിനസ് ആരംഭിക്കാന്‍ പോകുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഞങ്ങള്‍ 'ബിസിനസ് ഗൈഡ്' എന്ന ഒരു പരമ്പരയിലൂടെ  ഇവിടെ പറയുന്നത്

 

ഒരു ബിസിനസ് തുടങ്ങുന്നതിന് മുന്‍പ് നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കുറെ പണം കയ്യിലുണ്ട് എന്നുള്ളത് കൊണ്ട് എന്തെങ്കിലും തുടങ്ങികളയാമെന്നത് സാമ്പത്തിക നഷ്ടം ഉണ്ടാക്കുമെന്നല്ലാതെ വേറെ ഗുണമൊന്നും ഉണ്ടാകില്ല. നമ്മള്‍ എന്ത് ബിസിനസ് ചെയ്യണമെന്ന് വ്യക്തമായ ധാരണ നമുക്ക് ഉണ്ടാകണം. ഇല്ലെങ്കില്‍ എന്ത് സംഭവിക്കാമെന്ന് ഒരു കഥയിലൂടെ പറഞ്ഞു തരാം. 

അനില്‍ 20 വര്‍ഷത്തോളം ദുബായില്‍ ആയിരുന്നു. 18 വയസുള്ളപ്പോള്‍ ദുബായിക്ക് പോയ അനില്‍ ഈ കാലയളവ് കൊണ്ട് പല പല ജോലികള്‍ ചെയ്ത് വളരെ കഷ്ട്ടപ്പെട്ട് അത്യാവശ്യം പണം സമ്പാദിച്ചു. ഇതിനിടയ്ക്ക് വീട്ടിലെ കാര്യങ്ങളും അനില്‍ നല്ല രീതിയില്‍ നോക്കി. അനിയന്മാരുടെ പഠിപ്പ്, അവര്‍ക്ക് ബിസിനസ് തുടങ്ങാന്‍ പണം ആവശ്യം വന്നപ്പോള്‍ അനില്‍ കൊടുത്തു, അനിയത്തിയുടെ പഠിപ്പ്,കല്യാണം അങ്ങനെ അനില്‍ കുടുംബവും ഒരു നിലയില്‍ എത്തിച്ചു. അതിന് ശേഷമാണ് അനില്‍ നാട്ടിലേക്ക് മടങ്ങിയത്. 

നാട്ടില്‍ എത്തിയപ്പോള്‍ അനിലിന് ആകെ ആശയക്കുഴപ്പം. ഒരു ബിസിനസ് തുടങ്ങണമെന്നുണ്ട്, എന്നാല്‍ എന്ത് ബിസിനസ് തുടങ്ങും? കാര്യം വീട്ടില്‍ അവതരിപ്പിച്ചപ്പോള്‍ ഹോട്ടല്‍ ബിസിനസ് നടത്തുന്ന ഒരു അനിയന്‍ തന്റെ ബിസിനസില്‍ പാര്‍ട്ണര്‍ ആവാന്‍ പറഞ്ഞു. കാശ് മാത്രം ഇറക്കിയാല്‍ മതി, ഒന്നും അറിയേണ്ട എല്ലാം അനിയന്‍ നോക്കിക്കൊള്ളാമെന്ന് പറഞ്ഞു. അത് കൊള്ളാമെന്ന് തോന്നി ഇരിക്കുമ്പോഴാണ് ടെക്സ്റ്റൈല്‍സ് ബിസിനസ് നടത്തുന്ന മറ്റൊരു അനിയന്‍ തുണി കച്ചടവത്തിലെ ലാഭ കണക്കുമായി അനിലിനെ സമീപിക്കുന്നത്. മറ്റേ അനിയന്‍ പറഞ്ഞ അതേ വാചകങ്ങള്‍ തന്നെയാണ് ഈ അനിയനും പറഞ്ഞതും. കാശ് ഇറക്കിയാല്‍ മതി ഒന്നും അറിയേണ്ട, എല്ലാം അയാള്‍ നോക്കിക്കൊള്ളാമെന്ന്. അപ്പോള്‍ അനിലിന് അത് കൊള്ളാമെന്ന് തോന്നി. 

അങ്ങനെ അടുത്തുള്ള അമ്മാവന്റെ വീട്ടില്‍ ചെന്നപ്പോള്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുമായി നടക്കുന്ന അമ്മാവന്‍   വസ്തു കച്ചവടത്തിലെ 'വലിയ' ലാഭവും കണക്കുകളും നിരത്തി. എന്നിട്ട് തന്റെ കൂടെ ചേരാന്‍ അമ്മാവന്‍ പറഞ്ഞു. ഇത്തവണ അനില്‍ ആകെ പെട്ടു പോയി..ആകെ കണ്‍ഫ്യുഷന്‍. എന്ത് വേണം എന്ന് ആലോചിച്ചു അനില്‍ ആകെ പെട്ടിരിക്കുമ്പോഴാണ് ഫേസ്ബുക്കില്‍ ഒരു പരസ്യം കാണുന്നത്. റൂട്ടടക്കം ഒരു ബസ് വില്‍ക്കാനുണ്ടെന്ന വാര്‍ത്ത. അത് കൊള്ളാമെന്ന് തോന്നി കൂട്ടുകാരനോട് പറഞ്ഞപ്പോള്‍ ഒന്നും നോക്കേണ്ട മേടിച്ചോളാന്‍ പറഞ്ഞു. അങ്ങനെ അനില്‍ നല്ല ലാഭമുണ്ടാക്കാം എന്ന് പ്രതീക്ഷിച്ച് ആ ബസ് റൂട്ടടക്കം മേടിച്ചു. പക്ഷെ എന്ത് സംഭവിച്ചു? ഈ മേഖലയിലെ നിയമവശങ്ങള്‍ അറിയാത്ത അനിലിന് ആ രീതിയില്‍ പല നഷ്ടങ്ങളും സംഭവിച്ചു. മുന്‍പരിചയമില്ലാത്ത അനിലിനെ തൊഴിലാളികളും കുറെ മുതലെടുത്തു. പിന്നീട്  യൂണിയന്‍ പ്രശ്‌നവും പ്രതീക്ഷിച്ച വരുമാനവും ലഭിക്കാതെയായപ്പോള്‍ അനില്‍ ആകെ വലഞ്ഞു. അവസാനം കയ്യിലെ സമ്പാദ്യമെല്ലാം തീര്‍ന്ന് അനില്‍ ഭീമമായ നഷ്ടത്തിലും കടക്കെണിയിലുമായി വീണ്ടും ദുബായിലേക്ക് വിമാനം കയറി.

ഇത് ഞാന്‍ എവിടെയോ കേട്ടിട്ടുണ്ടല്ലോ എന്നാണ് നിങ്ങള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നതെങ്കില്‍ അധികം തലപുകയ്‌ക്കേണ്ട. മുകളില്‍ പറഞ്ഞ കഥ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് ശ്രീനിവാസന്റെ തിരക്കഥയില്‍ മോഹന്‍ലാല്‍ നായകനായി 1989ല്‍ പുറത്തിറങ്ങിയ 'വരവേല്‍പ്പ്' സിനിമയുടെ കഥയാണ്. അതൊന്നു ചെറുതായി മാറ്റം വരുത്തി പറഞ്ഞതാണ്. ഇത് പോലെ എന്ത് ബിസിനസ് ചെയ്യണമെന്ന് ധാരണയില്ലാതെ ഉണ്ടായിരുന്ന സമ്പാദ്യവും ബാങ്കില്‍ നിന്ന് ലോണ്‍ എടുത്തവയും എല്ലാം നശിച്ച നിരവധി ആളുകള്‍ നമുക്ക് ചുറ്റും ഉണ്ടാകും. ആ തെറ്റ് ഇനി ബിസിനസ് ആരംഭിക്കാന്‍ പോകുന്നവര്‍ ആവര്‍ത്തിക്കരുത്. അതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഞങ്ങള്‍ 'ബിസിനസ് ഗൈഡ്' എന്ന ഒരു പരമ്പരയിലൂടെ  ഇവിടെ പറയുന്നത്.  

1. ആശയം 

ഒരു ബിസിനസിനെക്കുറിച്ചുള്ള ആശയം നമ്മുടെ മനസ്സില്‍ ഉണ്ടായിരിക്കണം. ഏറ്റവും നല്ലത് നിങ്ങള്‍ക്ക് അനുഭവ സമ്പത്തുള്ള മേഖലയില്‍ നിന്നുള്ള ആശയങ്ങള്‍ ബിസിനസിനായി തെരഞ്ഞെടുക്കുക എന്നുള്ളതാണ്. നിങ്ങള്‍ക്ക് അനുഭവസമ്പത്തുള്ളത് ഐടി മേഖലയിലാണെങ്കില്‍ അതുമായി ബന്ധപ്പെട്ട ഒരു ആശയം ബിസിനസ് ആക്കാന്‍ ശ്രമിക്കുന്നതാകും കൂടുതല്‍ ഉത്തമം. 

2. മാര്‍ക്കറ്റ് സ്റ്റഡി 

നിങ്ങളുടെ ആശയത്തിനനുസരിച്ച് ബിസിനസ് തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ അതിന്റെ സാധ്യതകള്‍ എത്രത്തോളം ഉണ്ടെന്ന് ഒരു പഠനം നടത്തണം. ഉദാഹരണത്തിന് ഒരു 10 അല്ലെങ്കില്‍ 15 വര്‍ഷം മുന്‍പ് വരെ കുപ്പി വെള്ള നിര്‍മ്മാണം എന്നത് ലാഭകരമായ ബിസിനസ് ആയിരുന്നു. എന്നാല്‍ ഇന്ന് അതല്ല അവസ്ഥ. കോവിഡിന്റെ തുടക്കക്കാലത്ത് മാസ്‌ക് നിര്‍മ്മാണം എന്നത് ലാഭകരമായ ബിസിനസ് ആയിരുന്നു. എന്നാല്‍ ഇന്ന് ആ സ്ഥിതി മാറി. അപ്പോള്‍ സംരംഭം തുടങ്ങുന്നതിന് മുന്‍പ് കൃത്യമായി വിപണി പഠിച്ച്, സാധ്യതകള്‍ മനസിലാക്കിയ ശേഷം തുടങ്ങുക.

3. മാര്‍ക്കറ്റ് സൈസ് 

നിങ്ങള്‍ ചെയ്യാന്‍ പോകുന്ന ബിസിനസിന്റെ മാര്‍ക്കറ്റ് സൈസ് അല്ലെങ്കില്‍ വ്യാപ്തി തിരിച്ചറിയുക. നിങ്ങളുടെ ഉത്പന്നം അല്ലെങ്കില്‍ സേവനം വില്‍ക്കാന്‍ ഉദ്ദേശിക്കുന്ന ഏകദേശ ഉപയോക്താക്കളുടെ കണക്കാണ് മാര്‍ക്കറ്റ് സൈസ് കൊണ്ട് ഉദ്ദേശിക്കുന്നത്. മാര്‍ക്കറ്റ് സൈസിനെ നിങ്ങള്‍ക്ക് ചെറിയ ഒരു പ്രദേശം, അല്ലെങ്കില്‍ ജില്ലാ അടിസ്ഥാനത്തില്‍, സംസ്ഥാന അടിസ്ഥാനത്തില്‍ എന്ന രീതിയില്‍ തരം തിരിക്കാവുന്നതാണ്.

4. ബിസിനസ് പ്ലാന്‍ 

നിങ്ങള്‍ ബിസിനസ് തുടങ്ങുന്നതിന് മുന്‍പായി ഒരു ബിസിനസ് പ്ലാന്‍ ഉറപ്പായും തയ്യാറാക്കുക. ബിസിനസ്സിന്റെ ഓരോ ഘട്ടവും പ്ലാനില്‍ ഉള്‍പ്പെടുത്തുക. നിങ്ങളുടെ ബജറ്റിനുള്ളില്‍ നിന്ന് കാര്യങ്ങള്‍ മുന്നോട്ട് നീക്കാന്‍ ബിസിനസ് പ്ലാന്‍ ഉറപ്പായും സഹായിക്കും. ഓരോ ഘട്ടത്തിലെയും വളര്‍ച്ചയും തളര്‍ച്ചയും വിലയിരുത്താന്‍ ബിസിനസ് പ്ലാന്‍ സഹായിക്കും.

5. ലൊക്കേഷന്‍

നിങ്ങള്‍ ബിസിനസ് നടത്താന്‍ തെരഞ്ഞെടുക്കുന്ന സ്ഥലം വളരെ പ്രധാനപ്പെട്ടതാണ്. നിങ്ങള്‍ നടത്താന്‍ ഉദ്ദേശിക്കുന്നത് ഒരു ഹോട്ടലാണെങ്കില്‍ അത് വഴി ഒന്നുമില്ലാത്ത ഒരു പ്രദേശത്ത് തുടങ്ങിയാല്‍ വിജയിക്കുമോ? ഇല്ല. അത് കൊണ്ട് നിങ്ങളുടെ ബിസിനസിന് അനുസരിച്ചുള്ള സ്ഥലം തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. നിങ്ങളുടെ സംരംഭത്തിന് വെള്ളം എന്നത് കൂടുതല്‍ ആവശ്യം ഉണ്ടെങ്കില്‍ നിങ്ങള്‍ തെരഞ്ഞെടുക്കുന്ന സ്ഥലത്ത് ജല ലഭ്യത ഉണ്ടായിരിക്കണം. ഇല്ലെങ്കില്‍ നിങ്ങളുടെ ബിസിനസ് നഷ്ടത്തിലേക്ക് പോകാന്‍ അധികനേരം വേണ്ടി വരില്ല. അത് കൊണ്ട് സ്ഥലം വളരെ സൂക്ഷിച്ചു വേണം തെരഞ്ഞെടുക്കാന്‍. 

6. നിയമ വശങ്ങളിലുള്ള ധാരണ 

നിങ്ങളുടെ ബിസിനസിനെ സംബന്ധിക്കുന്ന നിയമവശങ്ങളെക്കുറിച്ച് ധാരണ ഉണ്ടായിരിക്കുക എന്നത് പ്രധാനമാണ്. നിങ്ങളുടെ ബിസിനസ് ഏത് വിഭാഗത്തില്‍ പെടുന്നു, എന്തൊക്കെ രജിസ്‌ട്രേഷന്‍ വേണം, അതിന് സമീപിക്കേണ്ട സര്‍ക്കാര്‍ സ്ഥാപനം ഏത്, പഞ്ചായത്ത് അല്ലെങ്കില്‍ കോര്‍പറേഷന്‍ പരിധിക്കുള്ളിലാണോ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ധാരണ വേണം. ഇത് ബിസിനസിന് ആവശ്യമായ ലൈസന്‍സ് നടപടികള്‍ക്ക് സഹായകമാകും. കൂടാതെ ബാങ്ക് അല്ലെങ്കില്‍ ധനകാര്യ സ്ഥാപനങ്ങളെ ഫണ്ടിനായി സമീപിക്കുന്നുണ്ടെങ്കില്‍ അതിന് എന്തൊക്കെ ഡോക്യൂമെന്റസ് വേണം, ഏത് തരത്തിലുള്ള പ്രോജക്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കണം, അതിന് ആരെ സമീപിക്കണം എന്നും കൂടി അറിഞ്ഞിരുന്നാല്‍ നല്ലതാണ്.

7. പ്രോജക്റ്റ് റിപ്പോര്‍ട്ട്

പ്രോജക്റ്റ് റിപ്പോര്‍ട്ട്' അഥവാ 'പദ്ധതി രൂപരേഖ' എന്നത് തുടങ്ങുവാന്‍ ഉദ്ദേശിക്കുന്ന സംരംഭത്തിന്റെ ഭാവി ആസൂത്രണവും പ്രവര്‍ത്തനങ്ങളും അടങ്ങിയ ഒരു രൂപരേഖയാണ് പ്രോജക്റ്റ് റിപ്പോര്‍ട്ട് എന്ന് പറയാം. തുടങ്ങാന്‍ ഉദ്ദേശിക്കുന്ന പദ്ധതി സാങ്കേതികമായും ധനപരമായും വിജയപ്രദമായിരിക്കുമോ എന്ന് പ്രോജക്റ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടും. നമ്മള്‍ ധനസമാഹരണത്തിനായി ബാങ്ക് അല്ലെങ്കില്‍ സ്വകാര്യ നിക്ഷേപകരെ സമീപിക്കുമ്പോള്‍ പ്രോജക്റ്റ് റിപ്പോര്‍ട്ട് ഉറപ്പായും വേണം. അതിലെ കാര്യങ്ങള്‍ പരിഗണിച്ച് സംരംഭത്തിന്റെ വിജയ സാധ്യത കണക്ക് കൂട്ടിയ ശേഷമാകും നമുക്ക് ലോണ്‍ തരിക. 

8. ധനവിനിയോഗം

ധന വിനിയോഗം നടത്താന്‍ ഏറ്റവും കൂടുതല്‍ ഉപകരിക്കുന്നത് ബിസിനസ് പ്ലാന്‍ ആണ്. ഏത് ഘട്ടത്തില്‍ എത്ര തുക ചിലവാകുമെന്ന് ബിസിനസ് പ്ലാനില്‍ ഉള്‍പ്പെടുത്തിയാല്‍ അനാവശ്യമായി തുക പാഴാകുന്നത് തടയാന്‍ കഴിയും. ഓരോ ഘട്ടത്തിലും ചെലവാക്കേണ്ടതെന്ന് നമ്മള്‍ കണക്ക് കൂട്ടുന്ന തുകയുടെ പത്ത് ശതമാനം അധികം തുക പ്ലാനില്‍ ഉള്‍പെടുത്താന്‍ ശ്രദ്ധിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ഒരു ഘട്ടത്തിലും നമ്മള്‍ക്ക് ലോണ്‍ അല്ലെങ്കില്‍ കടം മേടിക്കേണ്ട അവസ്ഥ ഉണ്ടാകില്ല. പിന്നെ ഓരോ ഘട്ടത്തിലും ചെലവായ തുക എന്തിനൊക്കെയെന്ന് വ്യക്തമായി മനസിലാക്കി വെയ്ക്കുക.

9. തൊഴിലാളികളെ നിശ്ചയിക്കുക 

നിങ്ങളുടെ ബിസിനസില്‍ തൊഴിലാളികളുടെ ആവശ്യം ഉണ്ടെങ്കില്‍ തൊഴില്‍ നൈപുണ്യം നേടി കഴിവ് തെളിയിച്ച തൊഴിലാളികളെ ജോലിക്ക് വെയ്ക്കുന്നതാകും ഉചിതം. നമ്മള്‍ ചെയ്യാന്‍ പോകുന്ന കാര്യത്തെക്കുറിച്ച് നമ്മളെക്കാള്‍ നന്നായി അറിയാവുന്നവര്‍ വേറെ ഉണ്ടാകില്ല. അത് കൊണ്ട് തന്നെ തൊഴിലാളികളെ നിങ്ങള്‍ തന്നെ അഭിമുഖം നടത്തി തെരെഞ്ഞെടുക്കുന്നതാകും നല്ലത്. സംരംഭം ആരംഭിക്കുന്നതിന് മുന്‍പായി അവര്‍ക്ക് എന്തെങ്കിലും കാര്യത്തില്‍ പരിശീലനം നല്‍കണമെങ്കില്‍ അതും ചെയ്യാം. 

ബിസിനസ് തുടങ്ങുന്നതിന് മുന്‍പ് പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ചുരുക്കി പറഞ്ഞതാണ് ഇതൊക്കെ. ഓരോ പോയിന്റുകളും വളരെ വിശദമായി നിങ്ങള്‍ക്ക് സഹായകകരം ആകും വിധത്തില്‍ ഉടന്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും .  


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.