Sections

ബിസിനസ് ഗൈഡ് സീരീസ്: നല്ലൊരു ആശയത്തിലേക്ക് എങ്ങനെ എത്താം?

Monday, Sep 27, 2021
Reported By Ambu Senan & Jeena S Jayan
business guide series

എങ്ങനെ മികച്ച ബിസിനസ് ആശയം രൂപപ്പെടുത്താന്‍ സഹായിക്കുന്ന ചില വഴികളാണ് ഇനി പറയുന്നത്

 

ബിസിനസ് തുടങ്ങുന്നതിന് ആദ്യം വേണ്ടത് നെടുതൂണായി കരുതുന്ന ഐഡിയ അഥവ ആശയം ആണെന്ന് നമ്മള്‍ ബിസിനസ് ഗൈഡിന്റെ കഴിഞ്ഞ ഒരു അദ്ധ്യായത്തില്‍ വായിച്ചിരുന്നല്ലോ. പക്ഷെ ആശയത്തിലേക്ക് എത്തുക എളുപ്പമല്ല. അതിന് എന്ത് വേണമെന്ന് നമുക്ക് നോക്കാം. 

 

ഒരു ബിസിനസ് തുടങ്ങിയാലോ..ഈ ചിന്ത മനസില്‍ മൊട്ടിടുമ്പോഴേ ആദ്യം വേണ്ടത് കഴിഞ്ഞ അധ്യായത്തില്‍ പറഞ്ഞതു പോലെ ആശയം തന്നെയാണ്.എന്താണ് നിങ്ങള്‍ ചെയ്യാന്‍ പോകുന്ന ബിസിനസ് ?,അത് ശരിക്കും വിജയിക്കാന്‍ സാധ്യതയുള്ളത് തന്നെയാകുമോ?, നാളെ അത് വലിയ ഒരു സ്ഥാപനമാക്കി വികസിപ്പിക്കാന്‍ കഴിയുന്ന ഐഡിയ തന്നെയാണോ?,ഇത്തരത്തില്‍ നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയുന്നൊരു ആശയം ആയിരിക്കണം ഒരു യുവ സംരംഭകന്‍ തെരഞ്ഞെടുക്കേണ്ടത്.

ഈ ബിസിനസ് ചെയ്യൂ നിങ്ങള്‍ക്ക് അതില്‍ വിജയം കൊയ്യാം,അല്ലെങ്കില്‍ ഈ സംരംഭത്തില്‍ ഒരു കൈ നോക്കൂ, തുടങ്ങിയ നിരവധി ആകര്‍ഷകമായ ഓഫറുകള്‍ ചുറ്റിലും കാണാം പക്ഷെ അങ്ങനെ ഒന്ന് തെരഞ്ഞെടുക്കുന്നതിനെക്കാള്‍ മികച്ചത് സ്വന്തം താല്‍പര്യം,സ്‌കില്‍,പിന്നെ പാഷന്‍ തുടങ്ങിയ കാര്യങ്ങളില്‍ സംതൃപ്തിപ്പെടുത്താന്‍ കഴിയുന്നൊരു ബിസിനസ് ആശയം തന്നെ കണ്ടെത്തുന്നതാണ്.

അല്ലെങ്കില്‍ പാവം നമ്മുടെ മുരളിയുടെ അവസ്ഥയാകും ഉണ്ടാകുക.എന്ത് ചെയ്യണം എന്ന്  വ്യക്തത ഇല്ലാതെ ഒടുവില്‍ ഒന്നും അറിയാത്ത ഒരു ബിസിനസിലേക്ക് എടുത്ത് ചാടി കടം കയറി ഒടുവില്‍ വീണ്ടും പ്രവാസ ജീവിതത്തിലേക്ക് പോകേണ്ടി വന്ന വരവേല്‍പ്പ് എന്ന ചിത്രത്തിലെ മുരളി ആയി മാറണോ. വേണ്ടെന്നാണ് ഉത്തരം എങ്കില്‍ ഈ വീഡിയോ ദയവായി തുടര്‍ന്നു കാണുക ശരിക്കും നിങ്ങള്‍ക്ക് ഉപകരാപ്പെടും.
  
എങ്ങനെ മികച്ച ബിസിനസ് ആശയം രൂപപ്പെടുത്താം എന്ന് ചോദിച്ചാല്‍ അതിനുള്ള ഉത്തരം നിങ്ങള്‍ തന്നെയാണ് കണ്ടെത്തേണ്ടത്.പക്ഷെ അതിലേക്ക് നിങ്ങളെ എത്തിക്കാന്‍ സഹായിക്കുന്ന ചില വഴികളാണ് ഇനി പറയുന്നത്.

ആദ്യമായി വേണ്ടത് സമാധാനപരമായി ഇരുന്ന് ചിന്തിക്കുക എന്നതാണ്.എന്താണ് നിങ്ങളുടെ പാഷന്‍ അതായത് ചെയ്യാന്‍ താല്‍പര്യമുള്ള മേഖല ഏതാണെന്ന് കണ്ടെത്തി, കണ്ടെത്തി അത് വികസിപ്പിച്ച് അതിനുള്ളില്‍ നിന്ന് തന്നെ  ബിസിനസ് ഐഡിയ കണ്ടെത്തുന്നതാകും എപ്പോഴും നല്ലത്.

ഒരു പേനയും പേപ്പറും എടുത്ത് ഇരുന്ന് ങ്ഹാ ! ഇനി നല്ലൊരു ബിസിനസ് ഐഡിയ വരട്ടെ എന്നും പറഞ്ഞ് കാത്തിരുന്നാല്‍ ഒന്നും വരുന്നതല്ല ഈ ബിസിനസ് ഐഡിയ എന്ന് മനസിലാക്കുക.

നിങ്ങളുടെ ചുറ്റിലുമുള്ള പ്രശ്നങ്ങളെ കണ്ടെത്തി അതിനുള്ള പരിഹാരം കണ്ടെത്തുമ്പോഴാണ് ശരിക്കും നല്ല ഒരു ബിസിനസ് ഐഡിയ ജനിക്കുന്നത്. ഉദാഹരണത്തിന് നിങ്ങളുടെ ജീവിതത്തില്‍ വളരെ ബുദ്ധിമുട്ടിലാക്കുന്ന ഒരു പ്രോബ്ലം ഉണ്ടാകുന്നു അതിനെ പരിഹാരിക്കാന്‍ സൊലൂഷനുമായി ഒരു കമ്പനി നിങ്ങളെ സമീപിച്ചെന്ന് കരുതുക.അപ്പോ നിങ്ങള്‍ കാശ് കൊടുത്ത് ആ കമ്പനിയുടെ സൊലൂഷന്‍ വാങ്ങി നിങ്ങളുടെ പ്രശ്നം പരിഹരിക്കില്ലെ ?.സിംപിളായി പറഞ്ഞാല്‍ ഇങ്ങനെയാണ് ശരിക്കും ഒരു സംരംഭം ജനിക്കുന്നത്.സമൂഹത്തില്‍ നിലനില്‍ക്കുന്ന ഒരു പ്രശ്നത്തെ ഒരു നിശ്ചിത വില ഈടാക്കി പരിഹരിക്കുന്നതാണ് യഥാര്‍ത്ഥ ബിസിനസ്. 

നമുക്ക് ലഭിക്കുന്ന അവസരം റിയലൈസ് ചെയ്ത് അവിടെ ആരംഭിക്കുക എന്നതാണ് മികച്ച സംരംഭ ആശയത്തിലേക്കുള്ള മറ്റൊരു മാര്‍ഗ്ഗം.

ഉദാഹരണത്തിന് കോവിഡ് പാന്‍ഡമികിനെ തുടര്‍ന്ന് ലോകം മുഴുവന്‍ നിശ്ചലമായി. സിനിമ ഷൂട്ടിംഗും റിലീസിങും അടക്കം എല്ലാം അവതാളത്തിലായി പ്രത്യേകിച്ച് ഇന്ത്യന്‍ സിനിമയെ വലിയ രീതിയില്‍ ബാധിച്ചു.

ഈ അവസരത്തില്‍ ആണ് ആ വലിയ പ്രശ്നത്തെ പരിഹരിക്കാന്‍ കഴിയുന്ന ഒടിടി വിദ്യയെ കറക്ട് ടൈമില്‍ നമ്മുടെ സമൂഹത്തിലേക്ക് ഇന്‍ഞ്ചെക്ട് ചെയ്യാന്‍ നെറ്റ്ഫ്ളിക്സും ആമസോണും ഒക്കെ റെഡിയായത്.പിന്നീട് ചെറുതും വലുതുമായ നിരവധി ഒടിടി പ്ലാറ്റ്ഫോമുകള്‍ ഇന്ത്യയിലും എന്തിന് മലയാളത്തിലും ഉണ്ടായി.

സിനിമക്കാര്‍ കോവിഡ് മാറട്ടെ എല്ലാം ഒകെ ആയിട്ട് ആരംഭിക്കാം എന്ന് കരുതി വെയ്റ്റ് ചെയ്തില്ല മികച്ച സൊലൂഷനായി ഒടിടി പ്ലാറ്റ്ഫോമുകളുള്ളതുകൊണ്ട് തന്നെ സിനിമക്കാര്‍് ഒടിടി എന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോമിന്റെ സാധ്യതകള്‍ തേടി തങ്ങളുടെ ചിത്രങ്ങള്‍  ആ വഴി പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങി.ഇപ്പോള്‍ തിയേറ്റര്‍ റിലീസുകള്‍ക്ക് സമാന്തരമായി ചെറുകിട സിനിമകള്‍ക്ക് പോലും ഭാവി തുറന്ന് വിലയ ഒരു സംരംഭ മേഖലയായി ഒടിടികള്‍ മാറികഴിഞ്ഞു.അപ്പോള്‍ നമ്മുടെ സമൂഹത്തില്‍ വീണു കിട്ടുന്ന അവസരം പരമാവധി പ്രയോജനപ്പെടുത്തി അതില്‍ നിന്നു വിജയം കൊയ്യാന്‍ സാധിക്കുന്ന ആശയത്തിനായി തലപുകയ്ക്കുക.

ഇനി വളരെ പ്രധാനപ്പെട്ട മറ്റൊരു ഒരു കാര്യം ഒരിക്കലും നിങ്ങള്‍ക്ക് ഒറ്റയ്ക്ക് ഇരുന്നു ആലോചിച്ചതു കൊണ്ട് ഒരു മികച്ച ആശയം കിട്ടണമെന്നില്ല അല്ലെങ്കില്‍ പല ചോദ്യങ്ങള്‍ക്കും ഉത്തരം ലഭിക്കണമെന്നില്ല.

അതുകൊണ്ട് പരമാവധി ആളുകളോട് ഇടപഴകാനും സംസാരിക്കാനും സമയം ചെലവഴിക്കാനും തയ്യാറാകണം.എത്ര അധികം ആളുകളോട് സംസാരിക്കുന്നുവോ അത്രയധികം എക്സ്പ്ലോഷര്‍ നിങ്ങള്‍ക്ക് കിട്ടും.അതുകൊണ്ട് തന്നെ നമ്മളെ മനസിലാക്കാനും പ്രോത്സാഹിപ്പിക്കാനും കഴിയുന്ന സോഷ്യല്‍ ചുറ്റുപാടില്‍ പരമാവധി സമയം ചെലവാക്കുന്നത് മികച്ച ആശയത്തിലേക്കും നിങ്ങളുടെ മനസിലുള്ള ചെറിയ ഐഡിയകളെ വികസിപ്പിക്കാനും സഹായിക്കുക തന്നെ ചെയ്യും.

എപ്പോഴും ചെവിയും കണ്ണും തുറന്നു വെയ്ക്കുക എന്നതാണ് മികച്ച ആശയം കണ്ടെത്താനുള്ള മറ്റൊരു വഴി.ബിസിനസ് വാര്‍ത്തകള്‍ പിന്തുടരാന്‍ മടികാണിക്കരുത്.

ലോകത്തിന്റെ ഏതെങ്കിലും ഒരു കോണില്‍ ഏതെങ്കിലും ഒരു ബിസിനസ് വലിയ രീതിയില്‍ സക്സസ് ആകുന്നു എന്നു കണ്ടാല്‍ അത് നിങ്ങള്‍ക്ക് അതേ പടിയോ അല്ലെങ്കില്‍ മാറ്റങ്ങള്‍ വരുത്തിയോ നമ്മുടെ ചുറ്റുപാടിലും ഉപയോഗിക്കാന്‍ സാധിക്കും.

അതായത് പുറത്തൊരു മാര്‍ക്കറ്റില്‍ വലിയ വിജയമാകുന്ന ബിസിനസ് മോഡല്‍ നമ്മുടെ മാര്‍ക്കറ്റില്‍ വിജയിക്കുമെന്ന് ഉറപ്പുണ്ടെങ്കില്‍ അത് നമുക്ക് നമ്മുടെ മാര്‍ക്കറ്റില്‍ അവതരിപ്പിക്കാവുന്ന മികച്ച ഐഡിയ തന്നെയായിരിക്കും.ഇതിന് ഏറ്റവും മികച്ച ഉദാഹരണം ആമസോണ്‍ തന്നെയാണ്. അമേരിക്കയില്‍ വലിയ ജനപ്രീതി നേടിയ ഈ കമ്പനിയുടെ ആശയത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയല്ലേ ഇന്ത്യയില്‍ ഫ്ളിപ്കാര്‍ട്ട് അവതരിപ്പിച്ചിട്ടുള്ളത്.

ഒരു ബിസിനസ് ചെയ്യാന്‍ നാളെ തന്നെ ഐഡിയ ശരിയാക്കാം എന്ന് പറഞ്ഞ് ഇരുന്നാല്‍ ഒരുപക്ഷെ ശരിയായ ആശയം നിങ്ങള്‍ക്ക് ലഭിക്കണമെന്നില്ല.അതില്‍ വിഷമിച്ചിട്ട് കാര്യമില്ല ഒരല്‍പ്പം സമയം നല്‍കി നോക്കു.

 ബിസിനസ് എന്നത് എടുത്തുചാടി ചെയ്യേണ്ടതല്ലെന്ന് മനസിനെ പറഞ്ഞ്. സമയം കൊടുത്ത് ബിസിനസ് എന്ന ആഗ്രഹത്തെ വളര്‍ത്തുമ്പോള്‍ ശരിയായ ആശയവും ജനിക്കും.

നിങ്ങളുടെ പാഷനും സ്‌കില്‍സിനും എല്ലാം മാച്ച് ചെയ്യുന്ന ശരിയായ ആശയത്തിലേക്കെത്താന്‍ മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ഓര്‍ക്കുക.അതിനൊപ്പം സംരംഭത്തിലേക്ക് ഇറങ്ങുന്നതിനുമുമ്പ്, സ്വയം ചോദിക്കുക ; നിങ്ങളുടെ  ഉല്‍പ്പന്നത്തിനോ സേവനത്തിനോ മാര്‍ക്കറ്റില്‍ ആവശ്യത്തിന് ഡിമാന്‍ഡുണ്ടോ? നിങ്ങള്‍ക്ക് സംരംഭത്തിന്റെ ചെലവുകള്‍ താങ്ങാനാകുമോ? എതിരാളികളില്‍ നിന്ന് നിങ്ങള്‍ എങ്ങനെ വേറിട്ടുനില്‍ക്കും?ഒരിക്കലും മറ്റൊരാളെ കണ്ട് അതുപോലെയാകാന്‍ വേണ്ടി തട്ടിക്കൂട്ടു സംരംഭത്തിലേക്ക് വീഴരുത് എന്നത് മാത്രം ഓര്‍ക്കുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.