Sections

എന്ത് ബിസിനസ് ചെയ്യണം? ബിസിനസ് ഗൈഡ് സീരീസ്

Friday, Oct 08, 2021
Reported By Jeena S Jayan

എന്ത് തുടങ്ങിയാല്‍ വിജയിക്കും എന്നത് തുടക്കക്കാര്‍ക്ക് മുന്നിലെ പ്രധാന ചോദ്യമാണ്

സ്വന്തമായി എന്തെങ്കിലും ബിസിനസ് ചെയ്യണമെന്ന് അതിയായ ആഗ്രഹമുള്ളവരാണ് നമ്മളില്‍ പലരും.ചിലര്‍ക്ക് സ്ഥിരമായി ചെയ്യുന്ന ജോലിയുടെ വിരസതയില്‍ നിന്ന് രക്ഷപ്പെടാനുള്ള അവസരവും മറ്റൊരു വിഭാഗത്തിനു വലിയ പാഷനും ആയിരിക്കും ബിസിനസ് ചെയ്യാനുള്ള കാരണം. എന്തൊ ആയിക്കോളട്ടെ...നമ്മുടെ നാട്ടില്‍ ഒരു സംരംഭം ചെയ്യാന്‍ താല്‍പര്യപ്പെടുന്ന നവാഗതര്‍ക്ക് സഹായം ആകുന്ന ഒരുപാട് വിഷയങ്ങള്‍ അവതരിപ്പിക്കുന്ന ബിസിനസ് ഗൈഡ് സീരിസില്‍ ഇന്ന് ചര്‍ച്ച ചെയ്യുന്നത് 'എന്ത് ബിസിനസ് ചെയ്യും' എന്ന വിഷയമാണ്?

 

ജോലി ഉപേക്ഷിച്ച് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് എത്തുമ്പോള്‍ നിങ്ങളോട് ഒരുപാട് പേര്‍ പറയും 'നാട്ടില്‍ എന്തെങ്കിലും ഒരു ബിസിനസ് തുടങ്ങെടോ' എന്ന്. പ്രവാസികള്‍ മാത്രമല്ല ജോലിക്കായി കയറി ഇറങ്ങി വശം കെടുന്ന യുവാക്കള്‍ക്കും ഈ നിര്‍ദ്ദേശം നല്‍കുന്നവര്‍ ഒരുപാട് ഉണ്ട്.അപ്പോഴൊക്കെ ഉയരുന്ന വലിയൊരു ചോദ്യമാണ് എന്ത് ബിസിനസ് ?

എന്ത് ബിസിനസ് എന്ന ചോദ്യം നിസാരമായി തള്ളിക്കളയാന്‍ സാധിക്കില്ല.നമ്മുടെ നാട്ടില്‍ തന്നെ വളരെ കുറച്ചു പേര്‍ക്ക് ആയിരിക്കും ബിസിനസില്‍ ഉന്നത വിജയം കണ്ടെത്താന്‍ സാധിച്ചിട്ടുള്ളത്.ഈ വസ്തുത അംഗീകരിച്ചുകൊണ്ടാകണം എന്ത് ബിസിനസ് ആണ് ചെയ്യാന്‍ പോകുന്നത് എന്ന് കണ്ടെത്തേണ്ടത്.നിലവിലുള്ള സമ്പദ് വ്യവസ്ഥയെ കുറിച്ച് അറിവില്ലാത്തതാണ് നമുക്ക് ഇടയിലുള്ള പല സംരംഭ തകര്‍ച്ചകള്‍ക്കും മൂല കാരണം.

എന്ത് തുടങ്ങിയാല്‍ വിജയിക്കും എന്നത് തുടക്കക്കാര്‍ക്ക് മുന്നിലെ പ്രധാന ചോദ്യമാണ്.ഈ മേഖലയിലേക്ക് കടന്നു വരുമ്പോള്‍ ചെയ്യാന്‍ പോകുന്ന ബിസിനസിനെ കുറിച്ച് വ്യക്തമായ ബോധവും സമഗ്രപഠനവും കൂടിയേ തീരു.

കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് കൂടി ഗുണമാകുന്ന വളരെ പോസിറ്റീവ് ആയിട്ടുള്ള ബിസിനസുകള്‍ കണ്ടെത്തിയാല്‍ മാത്രമേ നല്ല സംരംഭങ്ങള്‍ ഇവിടെയുണ്ടാകൂ.

കൃത്യതയും സൂക്ഷമതയും ഉണ്ടെങ്കിലേ റൈറ്റ് ബിസിനസ് സെലക്ട് ചെയ്യാന്‍ നിങ്ങള്‍ക്ക് സാധിക്കൂ
.കേരളത്തിന്റെ സാമൂഹിക-സാംസ്‌കാരിക രംഗത്തെ ചൂഷണം ചെയ്യാന്‍ സാധിക്കുന്നതും സാമ്പത്തിക നേട്ടംഉണ്ടാക്കാന്‍ സാധിക്കുന്നതുമായി ആശയങ്ങള്‍ കണ്ടെത്തി അവതരിപ്പിക്കുക വലിയ ജോലി തന്നെയാണ്.

കേരളത്തില്‍ ആരംഭിക്കുന്ന 90 ശതമാനം സ്റ്റാര്‍ട്ടപ്പുകളും പരാജയപ്പെടുന്നതായി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നതിനു പിന്നില്‍ എന്ത് ബിസിനസ് ചെയ്യണം എന്ന അങ്കലാപ്പും,മറ്റുള്ളവരുടെ താല്‍പര്യങ്ങള്‍ കണക്കിലെടുത്ത് ഒരു കമ്പനി സ്ഥാപിക്കുന്ന തെറ്റായ നീക്കവും തന്നെയാണ്.

നമുക്ക് വീട്ടിലിരുന്ന് പോലും ഒരു ബിസിനസ് തുടങ്ങാന്‍ സാധിക്കും അതു വലിയ മുതല്‍ മുടക്കൊന്നുമില്ലാതെ.ഇനി ഒരു സ്ഥാപനമായി തന്നെ സംരംഭം തുടങ്ങണമെന്ന് അതിയായ ആഗ്രഹമുള്ളവര്‍ക്ക് അതിനും വഴിയുണ്ട്.മികച്ച സംരംഭ ആശയങ്ങള്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ തലത്തില്‍ സഹായിക്കുന്ന ബിസിനസ് ഇന്‍ക്യുബേഷന്‍ സെന്ററുകള്‍ ആണ് എന്ത് ബിസിനസ് ചെയ്യണം എ്ന്ന ആശയക്കുഴപ്പത്തില്‍ നില്‍ക്കുന്ന തുടക്കക്കാരെ സഹായിക്കാന്‍ രംഗത്തുള്ളത്.

കേരള ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പറേഷന്റെ കീഴില്‍ യുവ സംരംഭകര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കാനും നൂതന സംരംഭങ്ങള്‍ക്ക് സീഡ് ഫണ്ടിംഗ് അടക്കമുള്ള സഹായം നല്‍കാനും ലക്ഷ്യമിട്ടാണ് ബിസിനസ് ഇന്‍ക്യുബേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്.

ലാഭം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന മറ്റ് ഫീസുകളൊന്നും നല്‍കാതെ സംരംഭങ്ങള്‍ക്ക് താങ്ങായി മാറുന്ന ഒരു സാമ്പത്തിക വികസന സ്ഥാപനം ആണ് കെഎസ്ഐഡിസിയുടെ ഇന്‍ക്യുബേഷന്‍ സെന്ററുകള്‍.2014 മുതല്‍ കേരളത്തില്‍ ഉടനീളം ഏകദേശം 55ലേറെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വേണ്ടി ഇവ സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്.

പ്രധാനമായും ഉചിതമായ സ്ഥലം,അഡ്മിനിസ്ട്രേറ്റീവ് സേവനങ്ങള്‍ ഉപയോഗിക്കാനുള്ള അനുമതി,ബിസിനസ് കണ്‍സള്‍ട്ടന്‍സുമായി സംസാരിക്കാനുള്ള അവസരം,മികച്ച സംരംഭകത്വ സാഹചര്യം ഒരുക്കുക തുടങ്ങിയ സേവനങ്ങളാണ് ഇന്‍ക്യുബേഷന്‍ സെന്ററുകളിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നത്.

ഇതില്‍ തന്നെ ലക്ഷ്യം കണ്ടെത്തി നേടിയെടുക്കല്‍,മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കല്‍ എന്നിവയില്‍ പ്രത്യേക വൈദഗ്ധ്യം ഈ ഇന്‍ക്യുബേഷന്‍ സെന്ററുകള്‍ പ്രകടിപ്പിക്കുന്നുണ്ട്. അക്കൗണ്ടന്റുകള്‍,അഭിഭാഷകര്‍,കണ്‍സള്‍ട്ടന്റുകള്‍,ബാങ്കുകള്‍,പരിചയസമ്പന്നരും വിജയികളുമായി ബിസിനസുകാര്‍ എന്നിവരുടെ വലിയ സംഘം ആകും പുതിയ സംരംഭകര്‍ക്ക് കരുതലോടെ വഴിതെളിക്കുന്നത്.

കെ.എസ്.ഐ.ഡി.സി യുടെ ബിസിനസ് സെന്ററുകള്‍ പ്രധാനമായും കൊച്ചിയിലെ ജിയോ പാര്‍ക്ക് ക്യാമ്പസിലും,അങ്കമാലിയിലും,യു.എല്‍ സൈബര്‍പാര്‍ക്ക് കോഴിക്കോടും പ്രവര്‍ത്തിക്കുന്നുണ്ട്.കൂടുതല്‍ വിവരങ്ങള്‍ക്ക് കെ.എസ്.ഐ.ഡി.സി 0471-2318922 എന്ന ഫോണ്‍ നമ്പറില്‍ നിങ്ങള്‍ക്കും ബന്ധപ്പെടാവുന്നതാണ്.

ഇനി നിങ്ങള്‍ കേരളത്തിന്റെ തദ്ദേശീയ ഉത്പന്ന/ സേവന നിര്‍മ്മാണത്തില്‍ ശ്രദ്ധയൂന്നാന്‍ ആഗ്രഹിക്കുന്ന നവസംരംഭകന്‍ ആണെങ്കില്‍ മുകളില്‍ പറഞ്ഞ സ്റ്റാര്‍ട്ടപ്പ് ഇന്‍ക്യുബേഷന്‍ സെന്ററുകളെക്കാള്‍ നിങ്ങളുടെ സംരംഭ വഴിക്ക് പിന്തുണയേകാന്‍ കഴിയുന്നത് അഗ്രോ ഇന്‍ക്യുബേഷന്‍ സെന്ററുകളുടെ പ്രോഗ്രാമുകള്‍ക്ക് ആയിരിക്കും.


കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റിന്റെ ആഭിമുഖ്യത്തില്‍ മത്സ്യം,പഴം-പച്ചക്കറി തുടങ്ങിയ കാര്‍ഷിക വ്യവസായങ്ങളിലും ഭക്ഷ്യ ഉത്പാദനത്തിനു പുറമെ മൂല്യവര്‍ധിത ഉത്പന്നങ്ങളിലെ സംരംഭകത്വങ്ങള്‍ പ്രോത്സാഹിപ്പിക്കാനപം മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ ആഭ്യന്തര ഉത്പാദനം വര്‍ദ്ധിപ്പിക്കാനും ലക്ഷ്യമിട്ട് അഗ്രോ ഇന്‍ക്യുബേഷന്‍ ഫോര്‍ സസ്റ്റൈനബിള്‍ എന്റര്‍പ്രണര്‍ഷിപ്പ് പദ്ധതി നടപ്പിലാക്കുന്നുണ്ട്.ജില്ലാ വ്യാവസായ കേന്ദ്രങ്ങളില്‍ നിന്നോ അല്ലെങ്കില്‍ www.kiedinfo എന്ന വെബ്സൈറ്റിലൂടെയോ ഇതുമായി ബന്ധപ്പെട്ട പരിശീലന പരിപാടികളെ കുറിച്ച് വിവരങ്ങള്‍ നേടാനും പങ്കെടുക്കാനും നിങ്ങള്‍ക്ക് സാധിക്കും.

സ്വന്തം അഭിരുപിചിക്കും പാഷനും അനുയോജ്യമായ ഒരു സംരംഭത്തിലേക്ക് എത്തിച്ചേരാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇത്തരം ഇന്‍ക്യുബേഷന്‍ സെന്ററുകളിലൂടെ നിങ്ങള്‍ക്ക് ഇണങ്ങുന്ന ഒരു സംരംഭത്തിലേക്ക് കടക്കാനുള്ള സഹായങ്ങള്‍ നിസംശയം ലഭിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.