- Trending Now:
കോഴിക്കോട്: ബേപ്പൂരിനെ അന്താരാഷ്ട്ര ഉത്തരവാദിത്ത ടൂറിസം കേന്ദ്രമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. ടൂറിസം-പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസാണ് ഈ പ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്തെ പരമ്പരാഗത വ്യവസായത്തെ ടൂറിസം പ്രവർത്തനങ്ങളുമായി ബന്ധിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.
കേരളത്തിന്റെ പ്രധാനവരുമാനം ടൂറിസത്തിൽ നിന്നാകുന്ന രീതിയിലുള്ള സാഹചര്യം സൃഷ്ടിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ജനങ്ങളുടെ ജീവിതത്തെ സ്പർശിക്കുന്ന ഒന്നായി ടൂറിസം മാറണം. ടൂറിസം വകുപ്പിന്റെ നിരന്തര പരിശ്രമത്തെ തുടർന്നാണ് സംസ്ഥാനത്തെ മികച്ച ടൂറിസം കേന്ദ്രമായി ബേപ്പൂർ മാറിയത്. അന്താരാഷ്ട്ര ഉത്തരവാദിത്ത ടൂറിസം കേന്ദ്രമാകുന്നതോടെ സമൂഹത്തിന്റെ എല്ലാ തട്ടിലുള്ളവർക്കും ഇതിന്റെ ഗുണഫലം ലഭിക്കും. ആസൂത്രിതമായി ജനകീയ ടൂറിസം സാധ്യമാക്കണം.
കരകൗശല ഉത്പന്നങ്ങൾ, ഭക്ഷണം, ഉരു പോലുള്ള പരമ്പരാഗത വ്യവസായമേഖല എന്നിവ വലിയ സാധ്യതകളാണുള്ളത്. ബേപ്പൂരിൽ 112 ആർ ടി യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്. 130 പേർ ഇതിൽ പ്രവർത്തിക്കുന്നു. സാമ്പത്തികസഹായം ആവശ്യമാണ്. സർക്കാർ അതും നൽകി. ഇഴകൾ പദ്ധതിയ്ക്കുള്ള ഫണ്ട് അനുവദിച്ചു. കയർനിർമാണ ശാലയും ഖാദി നെയ്ത്ത്ശാലയും ചേർന്ന് ഇഴകൾ എന്ന പേരിൽ പുതിയ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. കയർ മേഖലയിൽ 87ഉം ഖാദി മേഖലയിൽ 10 തൊഴിലാളികൾക്കും പ്രത്യേക പരിശീലനം നൽകും. ഏറ്റവും അടിസ്ഥാനവർഗ ജനവിഭാഗത്തെയാണ് ടൂറിസത്തിലൂടെ സർക്കാർ ചേർത്തു നിർത്തുന്നത്. ബേപ്പൂർ സമഗ്ര ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ ഭാഗമായി 300 ലധികം പേർക്ക് തൊഴിൽ പരിശീലനം നൽകിയെന്നും അദ്ദേഹം പറഞ്ഞു.
ഇടുക്കി ജില്ലയിലെ മാങ്കുളത്ത് നടത്തിയ ആഗോള ലിംഗനീതി സമ്മേളനത്തിൽ ഉയർന്നു വന്ന നിർദ്ദേശങ്ങൾ വിശകലനം ചെയ്ത് യുഎൻ വിമൻ തയ്യാറാക്കിയ ലിംഗനീതി നയരേഖ യുൻ വിമൻ ഇന്ത്യാ മേധാവി കാന്താ സിംഗ് മന്ത്രിയ്ക്ക് കൈമാറി. കോഴിക്കോട് നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രാജീവൻ കെ അധ്യക്ഷനായ ചടങ്ങിൽ ജില്ലാകളക്ടർ സ്നേഹിൽ കുമാർ സിംഗ് മുഖ്യാതിഥിയായിരുന്നു. ഐആർസിടി(ഇന്റർനാഷണൽ സെന്റർ പോർ റെസ്പോൺസിബിൾ ടൂറിസം) സ്ഥാപകൻ ഹാരോൾഡ് ഗുഡ്വിന്റെ വീഡിയോ സന്ദേശം സമ്മേളനത്തിൽ പ്രദർശിപ്പിച്ചു.
പ്രാദേശിക ടൂറിസം കേന്ദ്രങ്ങളിൽ വികസനം നടപ്പാക്കിയാൽ അന്താരാഷ്ട്ര സന്ദർശകർ തേടിയെത്തും എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ബേപ്പൂരിന്റെ വളർച്ചയെന്ന് ചടങ്ങിൽ സ്വാഗതം ആശംസിച്ച കേരള ടൂറിസം ഡയറക്ടർ ശിഖാ സുരേന്ദ്രൻ പറഞ്ഞു. നെയ്ത്തുകാർക്കും കയറുപിരി തൊഴിലാളിയ്ക്കുമുൾപ്പെടെ അന്താരാഷ്ട്ര ടൂറിസം കേന്ദ്രത്തിന്റെ ഗുണഫലങ്ങൾ അനുഭവിക്കാൻ സാധിക്കുന്നുണ്ടെന്ന് ആർടി മിഷൻ സിഇഒ കെ രൂപേഷ് കുമാർ പറഞ്ഞു.
കടലുണ്ടി പഞ്ചായത്ത് പ്രസിഡന്റ് ഭക്തവൽസലൻ, നഗരസഭാംഗം ഷെഹർബാൻ, ടൂറിസം വകുപ്പ് ജോ. ഡയറക്ടർ ഗിരീഷ് കുമാർ, ഡെ. ഡയറക്ടർ പ്രദീപ് ചന്ദ്രൻ, ആർടി മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ശ്രീകലാ ലക്ഷ്മി, ബിആർഡിസി എംഡി ഷിജിൻ പറമ്പത്ത് തുടങ്ങിയവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.