Sections

ഡിജിറ്റല്‍ സ്വര്‍ണ്ണം ഈസിയായി വാങ്ങാന്‍ ഇനി സാധിച്ചേക്കില്ല; കര്‍ശന നിര്‍ദ്ദേശങ്ങളുമായി സെബി

Saturday, Aug 28, 2021
Reported By admin
Digital Gold

ഏതെങ്കിലും രൂപത്തില്‍ സ്വര്‍ണ്ണം വാങ്ങി സൂക്ഷിക്കുന്നത് നമ്മുടെ നാട്ടില്‍ പതിവാണ്.എന്നാല്‍ കഴിഞ്ഞ കുറച്ചുകാലമായി ഡിജിറ്റല്‍ സ്വര്‍ണ്ണത്തിന് ഡിമാന്റ് വര്‍ദ്ധിച്ചിട്ടുണ്ട്.എന്നാല്‍ ഇനി ഡിജിറ്റലായി സ്വര്‍ണം ഇനി അങ്ങനെ എല്ലാവര്‍ക്കും വില്‍ക്കാന്‍ കഴിഞ്ഞേക്കില്ല.  രാജ്യത്തെ ഓഹി വിപണി നിയന്ത്രിക്കുന്ന സെബി ഡിജിറ്റല്‍ സ്വര്‍ണം വില്‍ക്കുന്നത് നിര്‍ത്താന്‍ സ്റ്റോക്ക് ബ്രോക്കര്‍മാരോട് ആവശ്യപ്പെട്ടിരുന്നു. സ്വര്‍ണ വില്‍പ്പനക്ക് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്.

നിലവില്‍ സ്വകാര്യ ബ്രോക്കര്‍മാര്‍ നടത്തുന്ന ഡിജിറ്റല്‍ ഗോള്‍ഡ് ട്രേഡിംഗ് സെക്യൂരിറ്റീസ് കോണ്‍ട്രാക്റ്റ് റെഗുലേഷന്‍ നിയമങ്ങളുടെ ലംഘനമായതിനാല്‍ ആണ് ഇടപെടലുമായി സെബി എത്തുന്നത്. ഗ്രോ, അപ്സ്റ്റോക്‌സ്, പേടിഎം മണി തുടങ്ങി നിരവധി സ്വകാര്യ പ്ലാറ്റ്‌ഫോമുകളും ഡിജിറ്റില്‍ ഗോള്‍ഡ് ട്രേഡിങ് നടത്തുന്നുണ്ട്. ഇത്തരം ഫിന്‍ടെക് പ്ലാറ്റ്ഫോമുകള്‍ക്കും പുതിയ നിയന്ത്രണങ്ങള്‍ തിരിച്ചടിയായേക്കും.സ്വകാര്യ ബ്രോക്കര്‍മാര്‍ മുഖേന ഡിജിറ്റല്‍ ഗോള്‍ഡ് ട്രേഡ് ചെയ്യാന്‍ കഴിയാത്ത സ്ഥിതിയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്. സ്വര്‍ണത്തിന്റെ മൂല്യം ഉയരുമ്പോള്‍ നിക്ഷേപം എന്ന നിലയില്‍ മികച്ച നേട്ടം നല്‍കുന്നവയാണ് ഡിജിറ്റല്‍ ഗോള്‍ഡ് നിക്ഷേപവും.

കേന്ദ്ര സര്‍ക്കാരിന് വേണ്ടി ആര്‍ബിഐ ചെറുകിട നിക്ഷേപകര്‍ക്കുള്‍പ്പെടെ സോവറൈന്‍ ഗോള്‍ഡ് ബോണ്ടില്‍ നിക്ഷേപിക്കാന്‍ അവസരം നല്‍കുന്നുണ്ട്. ഇതിനു പിന്നാലെ നിരവധി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളും ഇങ്ങനെ സ്വര്‍ണം വില്‍ക്കുന്നുണ്ട്. ആഭരണമോ ഗോള്‍ഡ് കോയിനുകളോ സൂക്ഷിക്കുന്നതു പോലുള്ള റിസ്‌ക് ഇല്ലാതെ തന്നെ ദീര്‍ഘകാലത്തേക്കോ, നിശ്ചിത കാലാവധിയിലോ നിക്ഷേപം നടത്താം എന്നതാണ് ഡിജിറ്റല്‍ ഗോള്‍ഡിന്റെ മെച്ചം. സ്വര്‍ണത്തിന്റെ മൂല്യം ഉയരുന്നതിന് അനുസരിച്ചുള്ള നേട്ടവും ലഭിക്കും.

സെപ്റ്റംബര്‍ 10 നകം നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് പ്ലാറ്റ്‌ഫോം ഉപയോഗിച്ചുള്ള ട്രേഡിങ് നിര്‍ത്താന്‍ എന്‍എസ്ഇയും കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു, നിലവില്‍, ഡിജിറ്റല്‍ ഗോള്‍ഡ് ട്രേഡിങ്ങിന് നിയന്ത്രണങ്ങളില്ല, ഈ സ്ഥിതിയാണ് മാറുന്നത്. സ്റ്റോക്ക് ബ്രോക്കര്‍മാര്‍ ഡിജിറ്റല്‍ ഗോള്‍ഡ് വില്‍ക്കുന്നതിനാണ് നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്.അതേസമയം മണീ വാലറ്റുകള്‍ക്ക് ഡിജിറ്റല്‍ സ്വര്‍ണം വില്‍ക്കുന്നത് തുടരും.

ഡിജിറ്റല്‍ രൂപത്തില്‍ സ്വര്‍ണ്ണം എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളായി വാങ്ങാന്‍ ആണ് അവസരമുണ്ടായിരുന്നത്.ഇടിഎഫുകള്‍ എന്ന് ചുരുക്കെഴുത്തില്‍ അറിയപ്പെടുന്ന ഈ ഫണ്ടുകള്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള മ്യൂച്വല്‍ ഫണ്ടുകളാണ്.ഇവ അന്നന്നത്തെ സ്വര്‍ണ്ണ വില അനുസരിച്ച് ഷെയറുകള്‍ പോലെ വില്‍ക്കാനും വാങ്ങാനും സാധിക്കുന്നവയാണ്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.