Sections

തടസ്സരഹിതമായ പേയ്മെൻറിനായി ആക്സിസ് ബാങ്ക്, ബോട്ടും മാസ്റ്റർകാർഡുമായി ചേർന്ന് 'വേവ് ഫോർച്യൂൺ' സ്മാർട്ട് വാച്ച് അവതരിപ്പിച്ചു

Thursday, Jun 19, 2025
Reported By Admin
Axis Bank, boAt & Mastercard Launch 'Wave Fortuna' NFC Smartwatch for Contactless Payments

കൊച്ചി: ഇന്ത്യയിലെ പ്രമുഖ സ്വകാര്യ മേഖലാ ബാങ്കുകളിലൊന്നായ ആക്സിസ് ബാങ്ക് രാജ്യത്തെ ഒന്നാം നമ്പർ വെയറബിൾ ബ്രാൻഡായ ബോട്ട്, ആഗോള പേയ്മെൻറ് ടെക്നോളജി ലീഡറായ മാസ്റ്റർകാർഡ് എന്നിവയുമായി ചേർന്ന് 'ടാപ്പ് & പേ' എൻഎഫ്സി പേയ്മെൻറ് സംവിധാനത്തോട് കൂടിയുള്ള പുതിയ സ്മാർട്ട് വാച്ച് 'വേവ് ഫോർച്യൂണിൽ' പുറത്തിറക്കി.

സൗകര്യവും സുരക്ഷയും അടുത്ത തലമുറ സ്മാർട്ട് വാച്ച് അനുഭവവും നൽകുന്നതിനായി രൂപകൽപ്പന ചെയ്ത 'വേവ് ഫോർച്യൂണി'ന് 3,299 രൂപയാണ് വില (പ്രത്യേക ഓഫറുകളിൽ 2,599 രൂപ). ഇതിലൂടെ ഉപയോക്താക്കൾക്ക് തങ്ങളുടെ സ്മാർട്ട് വാച്ച് ഉപയോഗിച്ച് എളുപ്പത്തിൽ പണമിടപാടുകൾ നടത്താൻ സാധിക്കും.

ആക്സിസ് ബാങ്ക് കാർഡ് ഉടമകൾക്ക് ഇനി തങ്ങളുടെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ബോട്ടിൻറെ ഔദ്യോഗിക പേയ്മെൻറ് ആപ്പായ ക്രസ്റ്റ് പേ വഴി വേവ് ഫോർച്യൂൺ സ്മാർട്ട് വാച്ചിൽ സുരക്ഷിതമായി ടോക്കണൈസ് ചെയ്യാനും അതിലൂടെ എളുപ്പത്തിൽ കോൺടാക്റ്റ്ലെസ് പേയ്മെൻറുകൾ നടത്താനും സാധിക്കും. മാസ്റ്റർകാർഡിൻറെ ടോക്കണൈസേഷൻ സാങ്കേതികവിദ്യയുടെയും ടാപ്പി ടെക്നോളജീസിൻറെ മികച്ച ടോക്കൺ റിക്വസ്റ്റർ ഇൻഫ്രാസ്ട്രക്ചറിൻറെയും അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഈ സംവിധാനം ഉപയോഗിച്ച് പിൻ നമ്പർ നൽകാതെ തന്നെ പിഒഎസ് ഉപകരണത്തിൽ 5,000 രൂപ വരെ ഒറ്റയടിക്ക് വേഗത്തിലും സുരക്ഷിതമായും പേയ്മെൻറ് നടത്താനാകും.

മാസ്റ്റർകാർഡിൻറെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഈ പേയ്മെൻറ് സംവിധാനം ഉപയോക്താക്കൾക്ക് തങ്ങളുടെ കാർഡുകൾ സ്മാർട്ട് വാച്ചിൻറെ സ്ട്രാപ്പിനുള്ളിൽ സുരക്ഷിതമായി ടോക്കണൈസ് ചെയ്യാനും വേഗതയേറിയതും തടസ്സരഹിതവുമായ ഇടപാടുകൾ നടത്താനും സഹായിക്കും. മാസ്റ്റർകാർഡ്, വിസാ നെറ്റ്വർക്കുകളിലുളള ആക്സിസ് ബാങ്കിൻറെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുടമകൾക്ക്, വേവ് ഫോർച്യൂൺ സ്മാർട്ട് വാച്ച് ഉപയോഗിച്ച് പേയ്മെൻറുകൾ നടത്തുമ്പോഴും അവരുടെ കാർഡുമായി ബന്ധപ്പെട്ട റിവാർഡുകളും ആനുകൂല്യങ്ങളും തുടർന്നും ലഭിക്കും.

ആക്സിസ് ബാങ്ക് ഉപഭോക്താക്കൾക്ക് നൂതനവും സുരക്ഷിതവുമായ ഡിജിറ്റൽ ബാങ്കിംഗ് പരിഹാരങ്ങൾ നൽകുന്നതിനായി വിവിധ സേവന ദാതാക്കളുമായി സഹകരിച്ച് വരുകയാണ്. ഇതിൻറെ ഭാഗമായി ആളുകളുടെ ദൈനംദിന ജീവിതത്തിൽ കോൺടാക്റ്റ്ലെസ് പേയ്മെൻറുകൾ തടസ്സമില്ലാതെ സംയോജിപ്പിച്ചു എവിടെവെച്ചും പേയ്മെൻറുകൾ നടത്തുന്നതിന് ബോട്ടുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ട്. ടോക്കണൈസ്ഡ് കോൺടാക്റ്റ്ലെസ് പേയ്മെൻറുകളിലെ തങ്ങളുടെ വൈദഗ്ധ്യം ഉപയോഗിച്ച്, 'വേവ് ഫോർച്യൂൺ' എന്ന അത്യാധുനിക സ്മാർട്ട് വാച്ച് ഉപയോക്താക്കൾക്ക് വേഗതയേറിയതും സൗകര്യപ്രദവുമായ പേയ്മെൻറ് അനുഭവത്തോടൊപ്പം ഉയർന്ന സുരക്ഷയും ഉറപ്പ് വരുത്തുമെന്ന് ആക്സിസ് ബാങ്കിൻറെ കാർഡ്, പേയ്മെൻറ്, വെൽത്ത് മാനേജ്മെൻറ് വിഭാഗം പ്രസിഡൻറും മേധാവിയുമായ ആർനിക ദീക്ഷിത് പറഞ്ഞു.

ദൈനംദിന ജീവിതത്തിൽ കൂടുതൽ സൗകര്യം ലഭ്യമാക്കുന്നതിന് സാങ്കേതികവിദ്യയുടെ അതിരുകൾ ഭേദിച്ച് മുന്നോട്ട് പോകാൻ തങ്ങൾ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ആക്സിസ് ബാങ്കുമായുള്ള സഹകരണം സുരക്ഷിതവും അനായാസവുമായ പെയ്മെൻറ് രീതികൾ സാധ്യമാക്കുന്നു. ഇതിലൂടെ കോൺടാക്റ്റ്ലെസ് ഇടപാടുകൾ മുമ്പത്തേക്കാളും കൂടുതൽ ലഭ്യമാകുന്നുവെന്ന് ബോട്ട് സഹസ്ഥാപകനും സിഇഒയുമായ സമീർ മേത്ത പറഞ്ഞു.

ഭാവിയിൽ പേയ്മെൻറുകൾ ആംഗ്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. നമ്മുടെ ദിനചര്യകളുമായി സംയോജിപ്പിക്കുകയും അതിലൂടെ ഇടപാടുകൾ തടസ്സരഹിതമായി നടക്കുകയും ചെയ്യും. ഏത് രൂപത്തിലായിരുന്നാലും വെയറബിൾ ഉപകരണങ്ങൾ ഈ വിപ്ലവത്തിൽ നിർണായക പങ്ക് വഹിക്കും. വേഗതയേറിയതും സുരക്ഷിതവുമായ പേയ്മെൻറ് അനുഭവങ്ങൾ ഇവ നൽകും. ഭാവിയിലെ വ്യാപാര ശൈലി രൂപപ്പെടുത്താൻ പ്രതിജ്ഞാബദ്ധമായ ഒരു കമ്പനി എന്ന നിലയിൽ ടോക്കനൈസേഷൻ സാങ്കേതിക വിദ്യയോടെ പ്രവർത്തിക്കുന്ന സ്മാർട്ട് വാച്ചിൻറെ വളർച്ചക്ക് പിന്തുണ നൽകുന്നതിൽ മാസ്റ്റർകാർഡിന് സന്തോഷമുണ്ട്. ഇത് ഉപയോക്താക്കളെ അവരുടെ ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് പണമടയ്ക്കാൻ പ്രാപ്തരാക്കുമെന്ന് മാസ്റ്റർകാർഡിൻറെ ദക്ഷിണേഷ്യ മേഖലാ പ്രസിഡൻറായ ഗൗതം അഗർവാൾ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.