Sections

ജെൻ റോബോട്ടിക്സിൻറെ ഒരു കോടിയുടെ സീഡ് ഫണ്ട് കെഎസ്യുഎം സ്റ്റാർട്ടപ്പ് എസ്ട്രോ ടെക് റോബോട്ടിക്സിന്

Sunday, Jun 07, 2026
Reported By Admin
Kerala Startup Astro Tech Robotics Secures ₹1 Crore Seed Funding from Gen Robotics

  • ഡീപ്-ടെക് മേഖലയിൽ നാഴികക്കല്ലാകുന്ന നിക്ഷേപം

തിരുവനന്തപുരം: കേരള സ്റ്റാർട്ടപ്പ് മിഷന് (കെഎസ്യുഎം) കീഴിലുള്ള ഡീപ് ടെക് സ്റ്റാർട്ടപ്പായ എസ്ട്രോ ടെക് റോബോട്ടിക്സിന് ഇന്ത്യയിലെ മുൻനിര റോബോട്ടിക്സ് കമ്പനിയായ ജെൻ റോബോട്ടിക്സിൻറെ ഒരു കോടി രൂപയുടെ സീഡ് ഫണ്ട് ലഭിച്ചു.

റോബോട്ടിക്സ് സാങ്കേതികവിദ്യയിലെ ജെൻ റോബോട്ടിക്സിൻറെ വൈദഗ്ധ്യവും റോബോട്ടിക്സ്, ഓട്ടോമേഷൻ, ഇൻറലിജൻറ് സിസ്റ്റങ്ങൾ എന്നിവയിലെ എസ്ട്രോ ടെക്കിൻറെ കഴിവുകളും സംയോജിപ്പിക്കാൻ ഈ പങ്കാളിത്തം വഴിയൊരുക്കും. കേരളത്തിലെ അതിവേഗം വളരുന്ന ഡീപ്-ടെക് ആവാസവ്യവസ്ഥയുടെ വളർച്ചയിലെ നാഴികക്കല്ലാകുന്ന നിക്ഷേപങ്ങളിൽ ഒന്നാണിത്.

വിജയികളായ സംരംഭകർ പുതുതലമുറയിലെ സംരംഭകർക്ക് നിക്ഷേപത്തിലൂടെ കൈത്താങ്ങ് നല്കുന്നത് കേരളത്തിലെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ ഉയർന്ന തലത്തിലേക്ക് കടക്കുന്നതിൻറെ പ്രതിഫലനമാണെന്ന് കെഎസ്യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു.

ഇത്തരം സഹകരണങ്ങളിലൂടെ സ്റ്റാർട്ടപ്പുകൾക്ക് മൂലധനത്തിനൊപ്പം വ്യവസായ വൈദഗ്ധ്യം, മെൻറർഷിപ്പ്, വിപണി അവസരങ്ങൾ തുടങ്ങിയവ ലഭ്യമാകും. സംസ്ഥാനത്തെ ഡീപ്-ടെക് ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്താൻ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എസ്ട്രോ ടെക്കിൻറെ നൂതന സാങ്കേതികവിദ്യകളുടെ വികസനത്തിനും വാണിജ്യവൽക്കരണത്തിനുമായി സീഡ് ഫണ്ട് ഉപയോഗിക്കാനാകും.

തൃശൂർ ആസ്ഥാനമാക്കി ഇൻഫോപാർക്ക് കൊരട്ടിയിൽ പ്രവർത്തിക്കുന്ന പ്രമുഖ റോബോട്ടിക്സ് സ്റ്റാർട്ടപ്പാണ് എസ്ട്രോ ടെക് റോബോട്ടിക്സ്. 2020 ൽ പ്രവർത്തനം ആരംഭിച്ച എസ്ട്രോ ടെക്, ഇൻ-സ്റ്റോർ മാർക്കറ്റിംഗിനായി റോബോട്ടുകളെ വികസിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

എഞ്ചിനീയറിംഗ് ബിരുദധാരികളായ ക്രിസ്റ്റോ വർഗീസ്, ക്രിസ്റ്റോ കൊല്ലന്നൂർ, രാഹുൽ വിൻസെൻറ്, ബോൺസ്റ്റോ വിൽസൺ എന്നിവരാണ് എസ്ട്രോ ടെക് റോബോട്ടിക്സിന് പിന്നിൽ.

ഇന്ത്യയിലെ ആദ്യത്തെ യുവി സ്റ്റെറിലൈസിംഗ് റോബോട്ട് വികസിപ്പിച്ച എസ്ട്രോ ടെക് റോബോട്ടിക്സ്, രാജ്യത്തെ ആദ്യ ഇൻററാക്ടീവ് റോബോട്ടിക് ഇൻ-സ്റ്റോർ പരസ്യ പ്ലാറ്റ് ഫോമായ റോബ്ആഡുമായി റീട്ടെയിൽ ടെക്നോളജി മേഖലയിലേക്കെത്തി. ഇന്ത്യയിലെ പ്രധാന നഗരങ്ങളെ കൂടാതെ നൈജീരിയ, ബോട്സ്വാന, ഖത്തർ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിലെ അന്താരാഷ്ട്ര വിപണികളിലും ഇവർ സജീവമാണ്.

സമൂഹത്തിലെ വെല്ലുവിളികൾ പരിഹരിക്കുന്ന സാങ്കേതിക പരിഹാരങ്ങൾ നിർമ്മിക്കുന്നതിലാണ് എസ്ട്രോ ടെക് റോബോട്ടിക്സ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് എസ്ട്രോ ടെക് റോബോട്ടിക്സിൻറെ സഹസ്ഥാപകനായ ക്രിസ്റ്റോ വർഗീസ് പറഞ്ഞു,

കേരളത്തിലെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയ്ക്ക് ആഗോള അംഗീകാരം നേടിക്കൊടുക്കുന്ന സാങ്കേതികവിദ്യകൾ രൂപകല്പന ചെയ്യുന്നതിൽ നിർണായക പങ്ക് വഹിക്കാൻ ജെൻ റോബോട്ടിക്സിന് സാധിച്ചതായി ജെൻ റോബോട്ടിക്സ് സിഇഒ വിമൽ ഗോവിന്ദ് പറഞ്ഞു. ഇന്ന് അതേ ആവാസവ്യവസ്ഥയിൽ നിന്ന് ഉയർന്നുവരുന്ന അടുത്ത തലമുറ ഡീപ്-ടെക് ഇന്നൊവേറ്റർമാരെ പിന്തുണയ്ക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമായി കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.