- Trending Now:
സഹകരണ മന്ത്രാലയത്തിന്റെ നാലുവർഷ പൂർത്തീകരണവും സർദാർ വല്ലഭായ് പട്ടേലിന്റെ 150-ാം ജന്മവാർഷികവും ആഘോഷിക്കുന്നതിന്റെ ഭാഗമായി ഗുജറാത്തിലെ ആനന്ദിൽ സംഘടിപ്പിച്ച പരിപാടിയെ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ അഭിസംബോധന ചെയ്തു. പുതുതായി രൂപീകരിച്ച ബഹു-സംസ്ഥാന സഹകരണ സംഘമായ സർദാർ പട്ടേൽ സഹകരണ ക്ഷീരോല്പാദക ഫെഡറേഷൻ ലിമിറ്റഡിന്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും ശ്രീ അമിത് ഷാ നിർവഹിച്ചു. ഖേഡയിലെ അമുൽ ചീസ് ഉല്പാദനകേന്ദ്രത്തിന്റെയും മൊഗറിലെ അത്യാധുനിക ചോക്ലേറ്റ് നിർമാണകേന്ദ്രത്തന്റെയും വിപുലീകരണത്തിന് അദ്ദേഹം വെർച്വലായി തുടക്കം കുറിച്ചു. ആനന്ദിലെ ദേശീയ സഹകരണ ക്ഷീരോല്പാദക ഫെഡറേഷന്റെ (എൻസിഡിഎഫ്ഐ) പുതിയ കെട്ടിടവും, ദേശീയ ക്ഷീര വികസന ബോർഡിന്റെ (എൻഡിഡിബി) ഓഫീസ് സമുച്ചയത്തിലെ മണിബെൻ പട്ടേൽ ഭവനും ഉദ്ഘാടനം ചെയ്ത സഹകരണ മന്ത്രി റെഡി-ടു-യൂസ് കൾച്ചർ സെന്ററും രാഷ്ട്രത്തിന് സമർപ്പിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേൽ, കേന്ദ്ര സഹകരണ സഹമന്ത്രിമാരായ ശ്രീ കൃഷൻ പാൽ ഗുർജാർ, ശ്രീ മുരളീധർ മൊഹോൾ, കേന്ദ്ര ഫിഷറീസ് - മൃഗസംരക്ഷണ - ക്ഷീരവികസന സഹമന്ത്രി ശ്രീ എസ്പി സിങ് ബാഗേൽ, കേന്ദ്ര സഹകരണ സെക്രട്ടറി ഡോ. ആശിഷ് കുമാർ ഭൂട്ടാനി എന്നിവരടക്കം നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
ഡോ. ശ്യാമ പ്രസാദ് മുഖർജി പശ്ചിമ ബംഗാളിൽ ജനിച്ച ഈ സുദിനം ഏറെ പ്രധാനപ്പെട്ട ദിവസമാണെന്ന് ഗുജറാത്ത് സഹകരണ ക്ഷീരവിപണന ഫെഡറേഷൻ ലിമിറ്റഡ് (ജിസിഎംഎംഎഫ്) സംഘടിപ്പിച്ച പരിപാടിയിൽ കേന്ദ്ര ആഭ്യന്തര സഹകരണ മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു. സ്വാതന്ത്ര്യത്തിന് മുൻപുതന്നെ രാജ്യത്തെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്യാമ പ്രസാദ് ജി ജനങ്ങളെ സംഘടിപ്പിച്ചിരുന്നു. ശ്രീ ശ്യാമ പ്രസാദ് മുഖർജി ഇല്ലായിരുന്നുവെങ്കിൽ കശ്മീർ ഒരിക്കലും ഇന്ത്യയുടെ അവിഭാജ്യ ഘടകമാകുമായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് പ്രധാനമന്ത്രിമാരും രണ്ട് ഭരണഘടനകളും രണ്ട് പതാകകളും രാജ്യത്ത് സ്വീകാര്യമല്ലെന്ന മുദ്രാവാക്യമുയർത്തിയ ഡോ. ശ്യാമ പ്രസാദ് ജി കശ്മീരിനായി സ്വയം ത്യാഗം ചെയ്തു. ഇന്ന് പശ്ചിമ ബംഗാളും ഇന്ത്യയുടെ ഭാഗമായത് ഡോ. ശ്യാമ പ്രസാദ് ജി കാരണമാണെന്ന് ശ്രീ ഷാ പറഞ്ഞു.
വേദകാലം മുതൽ രാജ്യത്ത് സമൂഹത്തിന്റെ പാരമ്പര്യമായി നിലകൊണ്ട സഹകരണത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിയമനിർമാണ രൂപം നൽകുകയും നാലുവർഷം മുൻപ് ഈ ദിവസം രാജ്യത്ത് ആദ്യമായി പ്രത്യേക സഹകരണ മന്ത്രാലയം രൂപീകരിക്കാൻ തീരുമാനിച്ചുവെന്നും ശ്രീ അമിത് ഷാ പറഞ്ഞു. ഏകദേശം 31 കോടി ജനങ്ങളുമായി ബന്ധപ്പെട്ട എട്ടുലക്ഷത്തി നാല്പതിനായിരത്തിലേറെ സഹകരണ സംഘങ്ങൾക്ക് ഇതുവഴി പ്രധാനമന്ത്രി മോദി പുതുജീവൻ നൽകി. പാൽ മുതൽ ബാങ്കിംഗ് വരെയും പഞ്ചസാര മില്ലുകൾ മുതൽ വിപണികൾ വരെയും സാമ്പത്തിക വായ്പകൾ മുതൽ ഡിജിറ്റൽ പണമിടപാടുകൾ വരെയും സഹകരണ സംഘങ്ങൾ ഇന്ന് രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിന് പൂർണശേഷിയോടെ സംഭാവന നൽകുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ സഹകരണ മന്ത്രാലയം രൂപീകരിച്ച് നാലുവർഷത്തിനകം 60-ലേറെ സംരംഭങ്ങൾ ഏറ്റെടുത്തതായി കേന്ദ്ര സഹകരണ മന്ത്രി അറിയിച്ചു. ജനങ്ങൾ, പ്രാഥമിക കാർഷിക സഹകരണ സംഘം, വേദികൾ, നയം, സമൃദ്ധി എന്നീ അഞ്ച് ഘടകങ്ങളിലൂന്നിയാണ് ഈ സംരംഭങ്ങൾ നിലകൊള്ളുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആദ്യമായി ജനങ്ങൾ - അവരാണ് ഈ സംരംഭങ്ങളുടെയെല്ലാം ഗുണഭോക്താക്കൾ. രണ്ടാമതായി പിഎസിഎസ് അഥവാ പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളെ ശക്തിപ്പെടുത്തുന്നു. മൂന്നാമതായി - വേദികൾ അഥവാ എല്ലാത്തരം സഹകരണ പ്രവർത്തനങ്ങൾക്കും ഡിജിറ്റൽ - ദേശീയ വേദികളൊരുക്കാൻ മന്ത്രാലയം പ്രവർത്തിക്കുന്നു. നാലാമതായി - നയം - ഇത് സഹകരണ സംഘാംഗങ്ങൾക്ക് പരമാവധി നേട്ടം നൽകുന്നതിനായി നിലകൊള്ളുന്നതിനാൽ ഉപ്പ് ഉൽപാദനത്തിൽ പോലും ഇപ്പോൾ ഉപ്പ് നിർമാതാക്കൾക്ക് ലാഭം ലഭിക്കുന്നു. അഞ്ചാമതായി - സമൃദ്ധി - ഗുജറാത്തിൽ ദിവസേന കഠിനാധ്വാനം ചെയ്യുന്ന 36 ലക്ഷം സഹോദരിമാരും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലെ 20 ലക്ഷം സഹോദരിമാരുമടക്കം നിരവധി സഹകരണ സംഘാംഗങ്ങൾ ഈ സമൃദ്ധിയുടെ വാഹകരാണ്. സഹകരണസംഘങ്ങളിലൂടെ കൈവരിക്കുന്ന 80,000 കോടി രൂപയുടെ വാർഷിക വിറ്റുവരവ് അടുത്ത വർഷം ഒരു ലക്ഷം കോടി രൂപ കടക്കുകയും ലാഭവിഹിതം ഈ 56 ലക്ഷം സഹോദരിമാരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് എത്തുകയും ചെയ്യും. സമൃദ്ധിയെന്നത് ഒരു വ്യക്തിയുടെ നേട്ടമല്ലെന്നും മുഴുവൻ സമൂഹത്തിന്റേതാണെന്നും അഭിപ്രായപ്പെട്ട ശ്രീ അമിത് ഷാ സമ്പത്തും ഐശ്വര്യവും ഏതാനും ധനികരുടേത് മാത്രമല്ലെന്നും മറിച്ച് ദരിദ്രരും തൊഴിലാളികളും കർഷകരുമടങ്ങുന്ന സമൂഹത്തിന്റേതാണെന്നുമുള്ള വിശ്വാസത്തിലൂന്നിയാണ് പ്രധാനമന്ത്രി മോദി ഈ 60 സംരംഭങ്ങൾ ഏറ്റെടുത്തിരിക്കുന്നതെന്നും വ്യക്തമാക്കി.
ക്ഷീരമേഖലയിൽ സംഘടിത വിപണി, പിന്തുണാ സേവനങ്ങൾ, ന്യായവിലയിൽ പാൽ സംഭരണം, വിലവ്യത്യാസം, പുനചംക്രമണ സമ്പദ്വ്യവസ്ഥ എന്നിവയുടെ പ്രവർത്തനഘടന പൂർത്തീകരിക്കാൻ സർദാർ പട്ടേൽ സഹകരണ ക്ഷീര ഫെഡറേഷൻ പ്രവർത്തിക്കുമെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. അമൂൽ മാതൃകയിൽ രാജ്യത്തെ കർഷകർക്ക് ഇത് ഗുണം ചെയ്യും. കച്ച് ജില്ലാ ഉപ്പ് സഹകരണ സംഘത്തിന്റെ രൂപത്തിൽ ആരംഭിച്ച പുതിയ മാതൃകാ സമിതി വരും ദിവസങ്ങളിൽ അമൂലിനെപ്പോലെ ഉപ്പ് തൊഴിലാളികളുടെ ശക്തമായ സഹകരണ പ്രസ്ഥാനമായി മാറുമെന്നും ശ്രീ അമിത് ഷാ പറഞ്ഞു. ഇന്ന് അമുൽ എഫ്എംസിജി ബ്രാൻഡ് ഇന്ത്യയിൽ മാത്രമല്ല, ലോകത്തുതന്നെ ഏറ്റവും ശക്തമായ ബ്രാൻഡാണ്. അന്താരാഷ്ട്ര സഹകരണ വർഷത്തിൽ ഈ സഹകരണ സംസ്കാരം വിപുലീകരിക്കാൻ രാജ്യം ദൃഢനിശ്ചയം ചെയ്തതായി അദ്ദേഹം പറഞ്ഞു. ത്രിഭുവൻ ദാസ് പട്ടേലിന്റെ പേരിൽ ത്രിഭുവൻ സഹകാരി സർവകലാശാല സ്ഥാപിതമായത് കഴിഞ്ഞ ദിവസമാണെന്നും ഏകദേശം 10 വൻകിട പദ്ധതികൾ ആരംഭിച്ചുവെന്നും കേന്ദ്ര സഹകരണ മന്ത്രി പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ രണ്ടുലക്ഷം പുതിയ പ്രാഥമിക കാർഷിക വായ്പ സംഘങ്ങൾ, സഹകരണ സർവകലാശാല, ദേശീയ സഹകരണ വിവരശേഖരം, ധാന്യ വിൽപ്പനയും ഉൽപാദനവുമായി ബന്ധപ്പെട്ട മൂന്ന് ദേശീയതല സഹകരണ സ്ഥാപനങ്ങൾ, ക്ഷീര മേഖലയ്ക്ക് മൂന്ന് ദേശീയതല സഹകരണ സ്ഥാപനങ്ങൾ എന്നിവ രൂപീകരിക്കുമെന്നറിയിച്ച ശ്രീ അമിത് ഷാ ഈ സംരംഭങ്ങളെല്ലാം രാജ്യത്തെ സഹകരണ പ്രസ്ഥാനത്തെ ഏറെ ശക്തിപ്പെടുത്തുമെന്നും അഭിപ്രായപ്പെട്ടു.
സുതാര്യത, സാങ്കേതിക സ്വീകാര്യത, സഹകരണ സംഘാംഗങ്ങൾക്ക് കേന്ദ്രസ്ഥാനം എന്നീ മൂന്ന് കാര്യങ്ങൾ ഈ അന്താരാഷ്ട്ര സഹകരണ വർഷം നാം ശക്തമായി നടപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി പറഞ്ഞു. സുതാര്യതയില്ലെങ്കിൽ സഹകരണം ഏറെക്കാലം മുന്നോട്ടുപോകില്ലെന്നും സുതാര്യതയുടെ അഭാവം സഹകരണ മനോഭാവത്തെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സാങ്കേതികവിദ്യ സ്വീകരിക്കാത്ത സഹകരണസംഘങ്ങൾക്ക് മത്സരത്തിൽ പിടിച്ചുനിൽക്കാനാവില്ലെന്നും അംഗങ്ങളുടെ താല്പര്യം പരമപ്രധാനമായി കണക്കാക്കാത്ത സംഘങ്ങൾക്ക് നിലനിൽക്കാനാവില്ലെന്നും ശ്രീ ഷാ പറഞ്ഞു. അന്താരാഷ്ട്ര സഹകരണ വർഷം സഹകരണ സംഘങ്ങളിലെ എല്ലാ നേതാക്കളും ഈ മൂന്ന് കാര്യങ്ങൾ പ്രവർത്തന മേഖലകളിൽ നടപ്പാക്കണമെന്നും പ്രവർത്തന സംസ്കാരമാക്കി മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ എല്ലാ ജില്ലകളിലും ഈ മനോഭാവം വ്യാപിപ്പിക്കാനും കേന്ദ്ര സഹകരണ മന്ത്രി ആഹ്വാനം ചെയ്തു.
മൊഗറിലെ ത്രിഭുവൻ ദാസ് ഭക്ഷ്യസമുച്ചയത്തിൽ 105 കോടി രൂപ ചെലവിൽ നിർമിച്ച അമുലിന്റെ ചോക്ലേറ്റ് നിർമാണ കേന്ദ്രത്തിന്റെയും ഖത്രാജിൽ 260 കോടി രൂപ ചെലവിൽ നിർമിച്ച ഡോ. വർഗീസ് കുര്യൻ ചീസ് ഉല്പാദന കേന്ദ്രത്തിന്റെയും വിപുലീകരണം ശ്രീ അമിത് ഷാ വെർച്വലായി ഉദ്ഘാടനം ചെയ്തു. അമുൽ ചോക്ലേറ്റ് നിർമാണകേന്ദ്രത്തിന്റെ വിപുലീകരണത്തിലൂടെ പ്ലാന്റിന്റെ ഉൽപാദന ശേഷി പ്രതിദിനം 30 ടണ്ണിൽ നിന്ന് 60 ടണ്ണായി ഉയരും. ഇതിനൊപ്പം ഡോ. വർഗീസ് കുര്യൻ ചീസ് പ്ലാന്റിൽ യുഎച്ച്ടി പാൽ, മോരുപാനീയങ്ങൾ, മൊസറെല്ല ചീസ്, സംസ്കരിച്ച ചീസ് പാക്കിങ്, സ്മാർട്ട് വെയർഹൗസ് തുടങ്ങിയവയും ശ്രീ ഷാ ഉദ്ഘാടനം ചെയ്തു.
കൂടാതെ 45 കോടി രൂപ ചെലവിൽ നിർമിച്ച എൻഡിഡിബിയുടെ റെഡി-ടു-യൂസ് കൾച്ചർ സെന്റർ (ആർയുസി), 32 കോടി രൂപ ചെലവിൽ നിർമിച്ച ദേശീയ സഹകരണ ക്ഷീര ഫെഡറേഷന്റെ (എൻസിഡിഎഫ്ഐ) ആസ്ഥാന കെട്ടിടം എന്നിവയുടെ ഉദ്ഘാടനവും ആനന്ദിൽ എൻഡിഡിബിയുടെ പുതിയ ആസ്ഥാന ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനവും കേന്ദ്ര സഹകരണ മന്ത്രി നിർവഹിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.