Sections

പണം ഡിജിറ്റൽ വാലറ്റിൽ നിക്ഷേപിക്കാം; വീട്ടുപടിക്കൽ സേവനവുമായി ആമസോൺ പേ

Thursday, Jun 22, 2023
Reported By admin
amazon pay

ഒരു മിനിറ്റിനുള്ളിൽ ഒരു യുപിഐ ഹാൻഡിൽ സൃഷ്ടിക്കാനും ആർക്കും പണം നൽകാനും കഴിയും


2000 രൂപ നോട്ടുകൾ ഡിജിറ്റൽ വാലറ്റിൽ നിക്ഷേപിക്കാം. ഡിജിറ്റൽ ഇടപാടുകൾക്ക് മാത്രമല്ല മറ്റുള്ളവർക്ക് പണം അയക്കാനും ഈ തുക ഉപയോഗിക്കും. നോട്ടുകൾ വീടുകളിൽ വന്ന് ശേഖരിക്കും

2000 രൂപ നോട്ടുകൾ വീട്ടുപടിക്കൽ വന്നു ശേഖരിക്കുന്ന സേവനവുമായി ആമസോൺ പേ. 'ലോഡ് കാഷ് അറ്റ് ഡോർസ്റ്റെപ്' എന്ന സേവനമാണ് പുതിയതായി പ്രഖ്യാപിച്ചത്. ആമസോൺ ഉപഭോക്താക്കൾക്ക് ഡെലിവറി ഏജൻറുമാർക്ക് കൈവശമുള്ള 2,000 രൂപ നോട്ടുകൾ കൈമാറാം. ഈ തുക ആമസോൺ പേ ബാലൻസ് ആയി ആമസോൺ അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യും. അപ്പോൾ തന്നെ തുക ഡിജിറ്റൽ വാലറ്റിൽ എത്തും. ഈ തുക ആമസോണിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ ഉൾപ്പെടെ ഉപയോഗിക്കാനാകും.

വീടുകളിൽ ഇതേ തുകക്ക് ആമസോൺ സാധനങ്ങൾ എത്തിക്കുമ്പോളും 2,000 രൂപ നൽകാം. ആമസോൺ പേ വാലറ്റ് ടോപ് അപ്പ് ചെയ്യാൻ 2,000 രൂപ നോട്ടുകൾ ഉപയോഗിക്കമെന്നത് കറൻസി കൈമാറ്റം ചെയ്യുന്നതിനുള്ള ബുദ്ധിമുട്ടുകളും കുറക്കും.

എത്രരൂപ വരെ നിക്ഷേപിക്കാം

ഉപഭോക്താക്കൾക്ക് 2,000 രൂപ നോട്ടുകൾ ഉൾപ്പെടെ പ്രതിമാസം 50,000 രൂപ വരെയാണ് വാലറ്റിൽ നിക്ഷേപിക്കാൻ ആകുക. ആമസോൺ പേയുടെ ഡോർസ്റ്റെപ്പ് സേവനത്തിലെ പുതിയ ഓപ്ഷൻ ഉയർന്ന മൂല്യമുള്ള നോട്ടുകൾ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്കും സഹായകരമാണ്. ഡിജിറ്റൽ ഇടപാടുകൾക്കായി ഈ പണം ഉപയോഗിക്കാൻ ആകും.

സേവനം എങ്ങനെ ലഭിക്കും

ഈ സൗകര്യം ലഭിക്കുന്നതിന്, ഉപഭോക്താക്കൾ ആമസോൺ ആപ്പിൽ വീഡിയോ കെവൈസി പൂർത്തിയാക്കണം, ഇതിന് ഏകദേശം അഞ്ച് മുതൽ 10 മിനിറ്റ് വരെ എടുക്കും. ആമസോണിൽ നിന്ന് ഒരു ഉൽപ്പന്നം ഓർഡർ ചെയ്ത് അത് വീട്ടിലെത്തുന്ന സമയത്ത് നോട്ടുകൾ ഡെലിവറി ഏജൻറിന് നൽകാം. അപ്ഡേറ്റ് ചെയ്ത ബാലൻസ് ഉടൻ തന്നെ ഉപഭോക്താവിന്റെ ആമസോൺ പേ അക്കൗണ്ടിൽ കാണാൻ ആകും. തുടർന്ന്, ഉപഭോക്താക്കൾക്ക് ഒരു മിനിറ്റിനുള്ളിൽ ഒരു യുപിഐ ഹാൻഡിൽ സൃഷ്ടിക്കാനും ആർക്കും പണം നൽകാനും കഴിയും.

എല്ലാ ദിവസവും 24 മണിക്കൂറും സേവനങ്ങൾ ലഭ്യമാണ്. വാലറ്റ് ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് കടകളിൽ ഏതെങ്കിലും ക്യുആർ കോഡ് സ്‌കാൻ ചെയ്യാനും പണമടയ്ക്കാനും കഴിയും. ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന ഏത് ഫോൺ നമ്പറിലും വ്യക്തികൾക്കും പണം അയയ്ക്കാനും എല്ലാ ഓൺലൈൻ ആപ്പുകളിലും പണം നൽകാനും കഴിയും.

മെയ് 19-ന് ആണ് 2000 രൂപ കറൻസി നോട്ടുകൾ പ്രചാരത്തിൽ നിന്ന് പിൻവലിക്കുന്നതായി ആർബിഐ പ്രഖ്യാപിച്ചത്. നിലവിലുള്ള നോട്ടുകൾ സെപ്തംബർ 30നകം ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുകയോ മാറ്റി വാങ്ങുകയോ ചെയ്യണമെന്നാണ് ആർബിഐ നിർദേശം നൽകിയിരിക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.