Sections

ഭാവി വളർച്ച യുവതലമുറയിലൂടെ; വിദ്യാർഥികളുടെ നൂതനാശയങ്ങൾക്കായി എല്ലാ സൗകര്യങ്ങളും തയ്യാറാക്കും

Sunday, May 14, 2023
Reported By admin
kerala

കേരളത്തെ ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കി മാറ്റും എന്നാണ് സർക്കാരിന്റെ പ്രഖ്യാപനം


ഉന്നതവിദ്യാഭ്യാസ രംഗത്തെ വിദ്യാർഥികളുടെ നൂതനാശയങ്ങൾ സാക്ഷാത്കരിക്കാനുള്ള എല്ലാ സൗകര്യങ്ങളുമൊരുക്കുകയെന്നതാണ് സർക്കാർ നിലപാടെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. തൃക്കാക്കര ഗവ. മോഡൽ എൻജിനീയറിംഗ് കോളേജിൽ പി.ജി. ബ്ലോക്കിന്റെ മൂന്നാംഘട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ അടിസ്ഥാന സൗകര്യ വിപുലീകരണത്തിൽ വലിയ കുതിച്ചു ചാട്ടമാണ് ഉണ്ടായിട്ടുള്ളത്. സംസ്ഥാന സർക്കാർ പ്ലാൻ ഫണ്ട്, റൂസോ, കിഫ്ബി ഫണ്ട് മുതലയാവ ഉപയോഗിച്ച് കലാലയങ്ങളിലും സർവകലാശാലകളിലും ഏറ്റവും മികച്ച അടിസ്ഥാന സൗകര്യമൊരുക്കുകയാണ് സർക്കാർ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയും അക്കാദമിക് നിലവാരം ഉയർത്തുകയും ചെയ്തതുപോലെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കാണ് ഈ സർക്കാർ മുൻഗണന നൽകുന്നത്. കഴിഞ്ഞ രണ്ട് ബജറ്റുകളിൽ ആയിരം കോടി രൂപയാണ് ഉന്നത വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി മാറ്റിവെച്ചത്.

യുവതലമുറയ്ക്ക് വലിയ പ്രാധാന്യമാണ് സർക്കാർ നൽകുന്നത്. ലോകോത്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ കേരളത്തിൽ ഒരുക്കിക്കൊണ്ട് കേരളത്തെ ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കി മാറ്റും എന്നാണ് സർക്കാരിന്റെ പ്രഖ്യാപനം. ഇതിന്റെ പ്രകടമായ ആവിഷ്‌ക്കാരം എന്ന നിലയിലാണ് കേരളത്തിന്റെ സ്വന്തം പദ്ധതിയായ ഡിജിറ്റൽ സയൻസ് പാർക്ക് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. മൂന്ന് റിസർച്ച് പാർക്കുകൾ കൂടി കേരളത്തിൽ ആരംഭിക്കും. കേരള സാങ്കേതിക സർവകലാശാലയ്ക്ക് ആസ്ഥാന മന്ദിരം നിർമ്മിക്കുന്നതിനായി ഏറ്റെടുത്ത ഭൂമിയിൽ ഒരുഭാഗം ഗവേഷണ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കും.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും മെഷീൻ ലേണിംഗിന്റെയും റോബോട്ടിക്സിന്റെയും കാലത്ത് മികവിന്റെ കേന്ദ്രമായാണ് മോഡൽ എൻജിനീയറിംഗ് കോളേജ് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. മോഡൽ എൻജിനീയറിംഗ് കോളേജിലെ ഐഡിയ ലാബ് വിപുലീകരിക്കണം. വിദ്യാർഥികളിൽ സംരംഭക ശേഷി വളർത്തിയെടുക്കണം. പൂർവ വിദ്യാർഥികളുമായുള്ള സഹകരണം ശക്തിപ്പെടുത്തണം. മോഡൽ എൻജിനീയറിംഗ് കോളേജിന്റെ വികസനത്തിനായി ജനപ്രതിനിധികളെയും പൂർവ വിദ്യാർഥികളെയും ഉൾപ്പെടുത്തി കലാലയ വികസന സമിതി രൂപീകരിക്കണം. കൂടുതൽ സ്മാർട്ട് ക്ലാസ് മുറികളും പെൺകുട്ടികൾക്കായുള്ള ഹോസ്റ്റലും വികസിപ്പിക്കണം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് ആയിരം സ്റ്റുഡന്റ് പ്രൊജക്ടുകൾ നടപ്പാക്കുന്ന പ്രവർത്തനവും സാങ്കേതിക സർവകലാശാല നടത്തിവരുന്നു. കേരളത്തെ നവവൈജ്ഞാനിക സമൂഹമായി മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. സർവകലാശാലകളും കലാലയങ്ങളും ഉത്പാദിപ്പിക്കുന്ന അറിവുകൾ സമൂഹത്തിന് പ്രയോജനപ്പെടുന്ന വിധത്തിലാകണം. സമൂഹത്തിലെ പ്രശ്നങ്ങൾക്കുള്ള പരിഹാരം കണ്ടെത്താൻ യുവാക്കളുടെ നൂതനാശയങ്ങൾക്ക് കഴിയണം. കൃഷി, വ്യവസായം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും റോബോട്ടിക്സിന്റെയും സാധ്യതകൾ പ്രയോജനപ്പെടുത്താൻ കഴിയും. നാടിന് ഇണങ്ങുന്ന സാങ്കേതികവിദ്യ വികസിപ്പിക്കാൻ നമുക്ക് കഴിയണം.

വൈജ്ഞാനിക സമ്പദ് ഘടന പടുത്തുയർത്താനാണ് ശ്രമിക്കുന്നത്. അറിവുകൾ മൂലധനമാക്കി സാമ്പത്തിക ഘടനയെ പുഷ്ടിപ്പെടുത്താൻ കഴിയണം. വിജ്ഞാനത്തെ മൂലധനമാക്കി മാറ്റിക്കൊണ്ട് കേരളത്തിന്റെ സമ്പദ്ഘടന ഭദ്രമാക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും കഴിയുന്ന സംഭാവനകൾ നൽകാൻ സാങ്കേതിക വിദ്യഭ്യാസത്തിന്റെ കരുത്തുള്ള യുവതലമുറയ്ക്ക് കഴിയണം. സമൂഹത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുന്ന ഉത്പന്നങ്ങളും പ്രക്രിയകളും വികസിപ്പിക്കാൻ ഉന്നതവിദ്യാഭ്യാസ രംഗത്തിന് കഴിയണമെന്നും മന്ത്രി പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.