- Trending Now:
തിരുവനന്തപുരം: സതേൺ എയർ കമാൻഡിലെ എയർ ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ് എയർ മാർഷൽ മനീഷ് ഖന്ന ടെക്നോപാർക്ക് സന്ദർശിച്ച് പ്രതിരോധ, എയ്റോസ്പേസ് മേഖലകളിലെ വ്യവസായ പ്രമുഖരുമായും സ്റ്റാർട്ടപ്പ് പ്രതിനിധികളുമായും സംവദിച്ചു.
ടെക്നോപാർക്ക് സിഇഒ കേണൽ സഞ്ജീവ് നായർ (റിട്ട.) എയർ മാർഷൽ മനീഷ് ഖന്നയെ സ്വീകരിക്കുകയും സംസ്ഥാനത്തിൻറെ ഐടി മേഖലയെക്കുറിച്ചും കേരള ഡിഫൻസ് ഇന്നൊവേഷൻ സോണിനെക്കുറിച്ചും (കെ-ഡിസ്) അവതരണം നടത്തുകയും ചെയ്തു. സ്റ്റാഫ് ഓഫീസർ സ്ക്വാഡ്രൺ ലീഡർ അർച്ചന സിങ്ങും സന്ദർശന വേളയിൽ എയർ മാർഷലിനൊപ്പം സംബന്ധിച്ചു.
ഇന്ത്യയിലെ ഏറ്റവും ഡിജിറ്റൽ ശാക്തീകരണമുള്ള സംസ്ഥാനമായി കേരളം നിലകൊള്ളുന്നുവെന്ന് കേണൽ സഞ്ജീവ് നായർ (റിട്ട.) അവതരണത്തിൽ പറഞ്ഞു. അഭിവൃദ്ധി പ്രാപിക്കുന്ന സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ, അത്യാധുനിക ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ, ലോകോത്തര സ്ഥാപനങ്ങൾ, ഇന്നൊവേറ്റർമാരുടെ വലിയ ശൃംഖല എന്നിവ സാങ്കേതികവിദ്യയുടെ ഭാവി രൂപപ്പെടുത്തുന്നതിനായി സംസ്ഥാനത്ത് ഒത്തുചേരുന്നു.
കെ-ഡിസ് ശക്തമായ വ്യവസായ-അക്കാദമിക-സായുധ സേനാ ബന്ധം സാധ്യമാക്കുന്നതിലൂടെ പ്രതിരോധ നവീകരണ പ്രവർത്തനത്തിൻറെ ഭാഗമാകാൻ കേരളം തയ്യാറായിട്ടുണ്ട്. നമ്മുടെ സേനകൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ഇന്നൊവേറ്റേഴ്സ് ആഴത്തിൽ മനസ്സിലാക്കുകയും ഐഡിഇഎക്സ്, ടിഡിഎഫ് പോലുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്തുകയും ചെയ്യുമ്പോൾ രാജ്യത്തെ പ്രമുഖ സ്വകാര്യ പ്രതിരോധ, എയ്റോസ്പേസ് കമ്പനികളെ ആകർഷിക്കുന്ന മുൻനിര കേന്ദ്രമായി സംസ്ഥാനത്തിന് ഉയർന്നുവരാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൻറെ ഡിജിറ്റൽ ആവാസവ്യവസ്ഥയുടെ ശക്തിയിൽ മതിപ്പ് പ്രകടിപ്പിച്ച എയർ മാർഷൽ ഖന്ന വ്യവസായ നേതാക്കൾ ഉന്നയിച്ച സഹകരണ സാധ്യതകളോട് സജീവമായി പ്രതികരിക്കുകയും ചെയ്തു. എയ്റോസ്പേസ്, പ്രതിരോധ മേഖലകളുമായി ഇടപഴകുന്നതിന് സ്റ്റാർട്ടപ്പുകൾക്ക് വ്യോമസേന ഗണ്യമായ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എയ്റോസ്പേസ് മേഖലയിലെ സ്റ്റാർട്ടപ്പുകൾക്കും കമ്പനികൾക്കും മാർഗ്ഗനിർദ്ദേശം, ഉപഭോക്തൃ കാഴ്ചപ്പാടുകൾ, പ്രവർത്തനവുമായി ബന്ധപ്പെട്ട വെല്ലുവിളികൾ എന്നിവയ്ക്കായി റീജിയണൽ എയ്റോസ്പേസ് ഇന്നൊവേഷൻ ഡിവിഷനുമായി (ആർഎഐഡി) ബന്ധപ്പെടാം.
കേരള സ്റ്റാർട്ടപ് മിഷൻറെ ഹഡിൽ ഗ്ലോബലിൽ പാനലിസ്റ്റായി ആർഎഐഡിയിൽ നിന്നുള്ള ഐഎഎഫ് ഉദ്യോഗസ്ഥൻ പങ്കെടുക്കുമെന്ന് എയർ മാർഷൽ ഖന്ന പറഞ്ഞു. ഇതിൽ എയ്റോസ്പേസ് ഡിസൈൻ, നവീകരണം, തദ്ദേശീയവൽക്കരണം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കിടുകയും സഹകരണത്തിനുള്ള ഉയർന്നുവരുന്ന അവസരങ്ങളുടെ രൂപരേഖ തയ്യാറാക്കുകയും ചെയ്യും. ആശയവിനിമയത്തിനിടെ ഐഎഎഫ് നേരിടുന്ന വെല്ലുവിളികളും വ്യവസായ പ്രതിനിധികളാട് അദ്ദേഹം പങ്കുവച്ചു.
കേരള സ്പേസ് പാർക്ക് സിഇഒ ജി.ലെവിൻ, കേരള സ്റ്റാർട്ടപ്പ് മിഷൻ പ്രോജക്ട് ഡയറക്ടർ വരുൺ ജി, വിൻവിഷ് ടെക്നോളജീസ് സിഇഒ പയസ് വർഗീസ്, ടെസ്റ്റ്ഹൗസ് ഡെലിവറി ആൻഡ് കസ്റ്റമർ എൻഗേജ്മെൻറ് ഡയറക്ടർ മനേഷ് മാത്തൻ, ക്വസ്റ്റ് ഗ്ലോബൽ സീനിയർ മാനേജർ രാഖി സുരേന്ദ്രൻ, എസ്എഫ്ഒ ടെക്നോളജീസ് ബിയു ഹെഡ് അനീഷ്, ആക്സൽഡ്രോൺ സിഒഒയും പ്രസിഡൻറുമായ ലെഫ്റ്റനൻറ് കമാൻഡർ അരുൺ ശിവപാലൻ (റിട്ട.), ഫ്യൂസലേജ് ഇന്നൊവേഷൻസിലെ ദേവൻ ചന്ദ്രശേഖരൻ, ജെൻ റോബോട്ടിക്സ് സിടിഒ ജലീഷ് പി, ജെൻ റോബോട്ടിക്സ് ഡിഫൻസ് ബി.ഡി മാനേജർ അബി സിംഹൻ, ജെൻ റോബോട്ടിക്സ് സീനിയർ മാർക്കറ്റിംഗ് മാനേജർ അഖിൽ അജിത്, ജിടെക് സിഇഒ ടോണി ഈപ്പൻ, ടെക്നോപാർക്ക് മാർക്കറ്റിംഗ് ആൻഡ് കസ്റ്റമർ റിലേഷൻഷിപ്പ് ഡെപ്യൂട്ടി വൈസ് പ്രസിഡൻറ് വസന്ത് വരദ, ടെക്നോപാർക്ക് അഡ്മിനിസ്ട്രേഷൻ ആൻഡ് ഇൻഡസ്ട്രിയൽ റിലേഷൻസ് അസിസ്റ്റൻറ് വൈസ് പ്രസിഡൻറ് അഭിലാഷ് ഡി.എസ് എന്നിവർ സെഷനിൽ പങ്കെടുത്തു.
തുടർന്ന് എയർ മാർഷൽ മനീഷ് ഖന്ന ടെക്നോപാർക്ക് ഫേസ് രണ്ടിലെ പ്രശസ്തമായ യുഎസ്ടി കാമ്പസ് സന്ദർശിച്ചു. യുഎസ്ടി സെൻറർ ഹെഡും സീനിയർ ഡയറക്ടറും ഹൈ പെർഫോമൻസ് കോച്ചുമായ ശിൽപ മേനോൻ, വർക്ക് സ്പെയ്സ് മാനേജ്മെൻറ് ആൻഡ് ഓപ്പറേഷൻസ് മേധാവിയും സീനിയർ ഡയറക്ടറുമായ ഹരികൃഷ്ണൻ മോഹൻകുമാർ എന്നിവരടങ്ങിയ യുഎസ്ടി നേതൃസംഘവും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ടെക്നോപാർക്ക് ഫേസ് മൂന്നിലെ സഫിൻ-ഇന്ത്യയും അദ്ദേഹം സന്ദർശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.