Sections

വൺ ഇന്ത്യ സെയിൽ: യൂറോപ്പിലേക്ക് ഫ്ളാറ്റ് ഫെയറുമായി എയർ ഇന്ത്യ

Monday, Sep 08, 2025
Reported By Admin
Air India Launches 'One India' Europe Fare Sale

കൊച്ചി: ഇന്ത്യയിൽ നിന്ന് യൂറോപ്പിലേക്കുള്ള യാത്രക്കാർക്ക് ഒരേ നിരക്കിൽ ടിക്കറ്റ് നൽകുന്ന 'വൺ ഇന്ത്യ' സെയിലുമായി എയർ ഇന്ത്യ. യാത്രാസൗകര്യത്തെ കൂടുതൽ ലളിതമാക്കുകയും ഇന്ത്യയിൽ നിന്ന് യൂറോപ്പിലേക്കുള്ള യാത്രകളിൽ സമാനമായ നിരക്ക് ഉറപ്പാക്കുകയുമാണ് പുതിയ ഓഫറിലൂടെ ലക്ഷ്യമിടുന്നത്.

സെപ്റ്റംബർ 7ന് എയർ ഇന്ത്യയുടെ വെബ്സൈറ്റിലും മൊബൈൽ ആപ്പിലുമാണ് ഓഫർ ആദ്യമായി അവതരിപ്പിച്ചത്. തുടർന്ന് സെപ്റ്റംബർ 8 മുതൽ 11 വരെ ട്രാവൽ ഏജന്റുമാർ, എയർപോർട്ട് ടിക്കറ്റിംഗ് കൗണ്ടറുകൾ, കസ്റ്റമർ കോൺടാക്ട് സെന്റർ എന്നിവയുൾപ്പെടെയുള്ള എല്ലാ ബുക്കിംഗ് ചാനലുകളിലും ഓഫർ നിരക്കിൽ ടിക്കറ്റുകൾ ലഭിക്കും. പരിമിതമായ സീറ്റുകളാണ് ഓഫറിലുള്ളത്. ആദ്യം വരുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിലാണ് ഇതിന്റെ ബുക്കിംഗ്. 2026 മാർച്ച് 31 വരെയുള്ള യാത്രയ്ക്കായി ഓഫർ നിരക്കിൽ ടിക്കറ്റെടുക്കാം. കൂടാതെ ഫളൈ എഐ എന്ന പ്രമോ കോഡ് ഉപയോഗിച്ചാൽ പരമാവധി 3,000 രൂപ വരെ അധിക കിഴിവും നേടാം.

വൺ ഇന്ത്യ ഫെയർ സെയിലിന്റെ ഭാഗമായി ഇന്ത്യയിലെ ഏതെങ്കിലും നഗരത്തിൽ നിന്നും യൂറോപ്പിലെ ഏതെങ്കിലും കേന്ദ്രത്തിലേക്കുള്ള റൗണ്ട് ട്രിപ്പ് ടിക്കറ്റുകൾക്ക് ഒരേ നിരക്കായിരിക്കും. ഒരു റൗണ്ട് ട്രിപ്പ് ടിക്കറ്റിന് ഇക്കോണമി ക്ലാസിൽ 47,000 രൂപയാണ് നിരക്ക്. പ്രീമിയം ഇക്കോണമിക്ക് 70,000 രൂപയും ബിസിനസ് ക്ലാസിന് 1,40,000 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ലണ്ടൻ ഹീത്രോയിലേക്ക് 49,999 രൂപയുടെ പ്രത്യേക നിരക്കിൽ ടിക്കറ്റുകൾ ലഭിക്കും. പ്രീമിയം ഇക്കോണമിക്ക് 89,999 രൂപ, ബിസിനസ് ക്ലാസിന് 1,69,999 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ.

ഓഫറിന്റെ ഭാഗമായി ഒരു തവണ സൗജന്യമായി യാത്രാ തിയതി മാറ്റാനും അവസരമുണ്ട്. ഇതിലൂടെ യാത്രാ തിയതി മാറിയാലും അധിക ചെലവില്ലാതെ ടിക്കറ്റ് മാറ്റിയെടുക്കാം. മഹാരാജാ ക്ലബ് അംഗങ്ങൾക്ക് കൺവീനിയൻസ് ഫീസ് ഇല്ലാതെ പ്രത്യേക നിരക്കിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. നിലിവിൽ ലണ്ടനിലെ ഹീത്രോ, ഗാറ്റ്വിക്ക്, പാരിസിലെ ഷാൾസ് ഡെ ഗോളി എന്നിവിടങ്ങളിലേക്കും ഫ്രാങ്ക്ഫർട്ട്, ആംസ്റ്റർഡാം, മിലാൻ, കോപ്പൻഹേഗൻ, വിയന്ന, സ്യൂറിച്ച് ഉൾപ്പടെ യൂറോപ്പിലെ 10 കേന്ദ്രങ്ങളിലേക്കാണ് എയർ ഇന്ത്യ നോൺ സ്റ്റോപ് വിമാന സർവ്വീസുകൾ നടത്തുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.