- Trending Now:
കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പൂർണ്ണമായ ഗ്രൗണ്ട് ഹാൻഡ്ലിംഗ് പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടുകൊണ്ട് എയർ ഇന്ത്യ സാറ്റ്സ് എയർപോർട്ട് സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് (എഐസാറ്റ്സ്) രാജ്യത്തെ തങ്ങളുടെ സാന്നിധ്യം കൂടുതൽ വിപുലീകരിച്ചു. എഐസാറ്റ്സിന്റെ സേവനം ലഭ്യമായ കേരളത്തിലെ രണ്ടാമത്തെയും ഇന്ത്യയിലെ എട്ടാമത്തെയും വിമാനത്താവളമായ കൊച്ചിയിൽ പ്രാരംഭ ഘട്ടത്തിൽ എഐസാറ്റ്സ് പരിശീലനം സിദ്ധിച്ച 150 ജീവനക്കാരെ വിന്യസിച്ചിട്ടുണ്ട്. യാത്രക്കാരുടെ തിരക്ക് വർദ്ധിക്കുന്നതിനനുസരിച്ച് ജീവനക്കാരുടെ എണ്ണവും വർധിപ്പിക്കും. ഇതോടെ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യോമയാന കേന്ദ്രങ്ങളിലൊന്നിൽ ഭാവി സജ്ജമായ സാങ്കേതിക വിദ്യ, അന്താരാഷ്ട്ര നിലവാരത്തിലുള്ള സുരക്ഷ സംവിധാനങ്ങൾ, സുസ്ഥിര ഗ്രൗണ്ട് ഹാൻഡ്ലിംഗ് സംവിധാനങ്ങൾ എന്നിവ ലഭ്യമാക്കുകയാണ് എയർ ഇന്ത്യ സാറ്റ്സ്.
ബാത്തിക് എയർ, തായ് ലയൺ എയർ എന്നിവയിൽ തുടങ്ങി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി സർവ്വീസ് നടത്തുന്ന മുഴുവൻ ആഭ്യന്തര-അന്താരാഷ്ട്ര വിമാന കമ്പനികൾക്കും സേവനം നൽകുന്നതിനായുള്ള പ്രവർത്തനത്തിനാണ് എയർ ഇന്ത്യ സാറ്റ്സ് തുടക്കമിടുന്നത്. നൂതന സാങ്കേതികവിദ്യകളും ആഗോള നിലവാരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങളും പരിസ്ഥിതി സൗഹൃദ ഗ്രൗണ്ട് ഹാൻഡ്ലിംഗ് സംവിധാനങ്ങളും ഉപയോഗിച്ച് ആഗോള നിലവാരത്തിലുള്ള മികച്ച സേവനം നൽകാനുള്ള എഐസാറ്റ്സിന്റെ പ്രതിബദ്ധതയാണ് ഇവിടെ കാണുന്നത്. 28ലധികം എയർലൈനുകൾ വന്നുപോകുന്ന കൊച്ചി വിമാനത്താവളത്തിൽ 60,000 ടണ്ണിലധികം കാർഗോയും ഒരു കോടിയിലധികം യാത്രക്കാരുമാണ് 2024 സാമ്പത്തിക വർഷം എത്തിയത്. കാര്യക്ഷമവും സാങ്കേതിക വിദ്യയിൽ അധിഷ്ഠിതവും സുരക്ഷയെ മുൻനിർത്തിയുമുള്ള ആവശ്യങ്ങൾ ഇവിടെ വർധിച്ചു വരികയാണ്. എഐസാറ്റ്സിന്റെ വരവോടെ പുതു തലമുറ സേവന പ്ലാറ്റ്ഫോമുകൾ, ഓട്ടോമാറ്റിക് വർക്ക് ഫോഴ്സ് മാനേജ്മെന്റ് ടൂളുകൾ, എൻഡ് ടു എൻഡ് ബാഗേജ് ട്രാക്കിംഗ് സാങ്കേതിക വിദ്യകൾ എന്നിവ യാത്രക്കാർക്ക് ലഭ്യമാകും.
ഇന്ത്യയിൽ അതിവേഗം വളരുന്ന എവിയേഷൻ രംഗത്തെ പിന്തുണയ്ക്കുകയെന്ന എഐസാറ്റ്സിന്റെ ദൗത്യത്തിലെ ഒരു നിർണായക ഘട്ടമാണ് കൊച്ചിയിലേക്കുള്ള തങ്ങളുടെ ഈ വരവെന്ന് എഐസാറ്റ്സ് സിഇഒ രാമനാഥൻ രാജാമണി പറഞ്ഞു. കൊച്ചിയെ കേന്ദ്രീകരിച്ച് കേരളത്തിൽ നിന്നും ആഭ്യന്തര- അന്താരാഷ്ട്ര ഇടങ്ങളിലേക്ക്, പ്രത്യേകിച്ച് ഗൾഫ്, തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള യാത്രക്കാരുടെയും കാർഗോയുടേയും വളർച്ച ശക്തമാവുകയാണ്. കൊച്ചിയിൽ പ്രവർത്തനം ആരംഭിക്കുന്നതോടെ ലോകോത്തര സുരക്ഷ, സാങ്കേതികവിദ്യ, സേവന മികവ് തുടങ്ങിയവ കൊണ്ടുവരാനും പ്രാദേശിക തൊഴിലാളികൾക്ക് തൊഴിലും നൈപുണ്യ വികസനത്തിനുള്ള അവസരങ്ങളും സൃഷ്ടിക്കാനും സാധിക്കും. സിയാലുമായി ചേർന്ന് ഭാവിയെ മുന്നിൽകണ്ടുള്ള ഒരു അന്തരീക്ഷം സൃഷ്ടിക്കാനും എയർലൈനുകൾക്കും യാത്രക്കാർക്കും ഒരേപോലെ മികച്ച അനുഭവം നൽകാനുമാണ് തങ്ങൾ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യാത്രക്കാർക്ക് മികച്ച രീതിയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സേവനങ്ങൾ നൽകുക എന്നതാണ് സിയാലിന്റെ പ്രവർത്തന ലക്ഷ്യമെന്ന് കൊച്ചിൻ ഇന്റർനാഷണൽ എയർപ്പോർട്ടിന്റെ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് പറഞ്ഞു. മികച്ച പ്രവർത്തന പാരമ്പര്യമുള്ള എയർ ഇന്ത്യ സാറ്റ്സുമായുള്ള സഹകരണത്തിലൂടെ തങ്ങളുടെ പ്രവർത്തന മികവിനെ കൂടുതൽ ശക്തിപ്പെടുത്താൻ സാധിക്കും. ഈ സഹകരണം കേരളത്തിലെ വ്യോമ ഗതാഗത മേഖലയുടെ വളർച്ചക്ക് ഊർജം നൽകുകയും പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. കൂടാതെ സിയാലിനെ ഇന്ത്യയിലെ ഏറ്റവും കാര്യക്ഷമവും യാത്രാ-സൗഹൃദവുമായ വിമാനത്താവളങ്ങളിൽ ഒന്നായി നിലനിർത്തുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ വ്യോമയാന മേഖല അഭൂതപൂർവമായ വളർച്ച കൈവരിക്കുകയും ഗൾഫ്-ഇന്ത്യ-തെക്കുകിഴക്കൻ ഏഷ്യൻ വ്യോമ ഇടനാഴിയിൽ കേരളം തന്ത്രപരമായ പങ്ക് വഹിക്കുകയും ചെയ്യുന്ന സമയത്താണ് എഐസാറ്റ്സ് കൊച്ചിയിലേക്ക് എത്തുന്നത്. പുതുതായി നടപ്പിലാക്കിയ ദേശീയ സുരക്ഷാ ചട്ടപ്രകാരമുള്ള ഡിജിസിഎ സേഫ്റ്റി ക്ലിയറൻസ് ലഭിച്ച ഇന്ത്യയിലെ ആദ്യ ഗ്രൗണ്ട് ഹാൻഡ്ലറാണ് എഐസാറ്റ്സ്. വിമാനങ്ങളുടെ പുറംഭാഗങ്ങൾ കഴുകുന്നതിനായുള്ള ഇന്ത്യയിലെ ആദ്യത്തെ റോബോട്ടിക് ഡ്രൈ വാഷ് സംവിധാനം, ഗ്രൗണ്ട് റഡാർ റിയൽ ടൈം റിസോഴ്സ് അലോക്കേഷൻ പ്ലാറ്റ്ഫോം, ഇലക്ട്രിക് ജിഎസ്ഇ, സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ബോർഡിംഗ് റാമ്പുകൾ എന്നിവയുൾപ്പടെയുള്ള നിരവധി ഹരിത സംരംഭങ്ങൾക്ക് തുടക്കമിട്ട എഐസാറ്റ്സ് സുസ്ഥിരവും അത്യാധുനികവുമായ വിമാനത്താവള പ്രവർത്തന മാതൃകകൾ സൃഷ്ടിക്കുന്നത് തുടരുകയാണ്. നിലവിൽ ബെംഗളൂരു, ഡെൽഹി, ഹൈദരാബാദ്, മംഗളൂരു, തിരുവനന്തപുരം, റാഞ്ചി, റയ്പൂർ, കൊച്ചി തുടങ്ങിയ എട്ട് വിമാനത്താവളങ്ങളിലാണ് എഐസാറ്റ്സ് പ്രവർത്തിക്കുന്നത്.
ഗ്രൗണ്ട് ഹാൻഡ്ലിംഗിന് പുറമെ ബെംഗളൂരുവിലെ എഐസാറ്റ്സ് ലോജിസ്റ്റിക്സ് പാർക്ക്, നോയിഡ അന്താരാഷ്ട്ര എയർപോർട്ടിൽ 87 ഏക്കർ വിസ്തൃതിയിൽ ഒരുങ്ങുന്ന മൾട്ടി-മോഡൽ കാർഗോ ഹബ് എന്നിവയുൾപ്പടെയുള്ള കാർഗോ ഇൻഫ്രാസ്ട്രക്ചർ സ്വിധാനങ്ങൾ വികസിപ്പിക്കാനും കമ്പനി നിക്ഷേപങ്ങൾ നടത്തുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും ആധുനികമായ കാർഗോ സൗകര്യമായിത്തീരുമെന്ന് പ്രതീക്ഷിക്കുന്ന നോയിഡയിലെ ഈ ഹബ് കാർഗോ ലോജിസ്റ്റിക്സിന്റെ ഭാവിയെ പുതുക്കി നിർവചിക്കും. ട്രെയിനിംഗ് അക്കാദമികൾ, പ്രാദേശവാസികൾക്ക് തൊഴിൽ നൽകൽ, ഗ്രൗണ്ട് സർവീസസ്, എയർസൈഡ് ഓപ്പറേഷൻസ്, കാർഗോ ലോജിസ്റ്റിക്സ് എന്നിവയിലുടനീളം ദീർഘകാല കരിയർ അവസരങ്ങൾ നൽകുന്നതിലൂടെ പ്രാദേശിക പ്രതിഭകളെ വളർത്തുന്നതിലും എയർ ഇന്ത്യ സാറ്റ്സ് പ്രതിജ്ഞാബദ്ധമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.