Sections

കെ.ടി.എം 2026: ബിസിനസ് കൂടിക്കാഴ്ചകൾ സുഗമമാക്കാൻ എഐ ആപ്പ്

Monday, Sep 28, 2026
Reported By Admin
AI App Simplifies B2B Meetings at KTM 2026

കൊച്ചി: കേരള ട്രാവൽ മാർട്ടിലെ (കെ.ടി.എം 2026) ബിടുബി കൂടിക്കാഴ്ചകളും അനുബന്ധ പരിപാടികളും വേഗത്തിലും ലളിതവുമാക്കാൻ പ്രത്യേകം തയ്യാറാക്കിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) അധിഷ്ഠിത മൊബൈൽ ആപ്പ് ഏറെ സഹായകം. കേരള സ്റ്റാർട്ടപ്പ് മിഷനു കീഴിൽ കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന 'സ്പർദ്ധ് സൊല്യൂഷൻസ്' സ്റ്റാർട്ടപ്പാണ് കെ ടി എമ്മിൽ പങ്കെടുക്കുന്നവർക്ക് മികച്ച അനുഭവം നല്കുന്ന ഈ ആപ്പിന് പിന്നിൽ.

വില്ലിങ്ഡൺ ഐലൻഡിലെ സാഗര, സാമുദ്രിക കൺവെൻഷൻ സെന്ററുകളിലാണ് സെപ്റ്റംബർ 24 മുതൽ 27 വരെ നടക്കുന്ന കെ.ടി.എം പ്രദർശനവും ബി2ബി മീറ്റിംഗുകളും സംഘടിപ്പിച്ചിരിക്കുന്നത്.

'മുൻപത്തെ കെ.ടി.എം പതിപ്പുകളിൽ നിന്ന് വ്യത്യസ്തമായി കുറഞ്ഞ ദൂരത്തിൽ ബയർമാർക്ക് അവരുടെ മീറ്റിംഗുകൾ പൂർത്തിയാക്കാൻ സഹായിക്കുന്ന എഐ അൽഗോരിതം കമ്പനി ഇതിനായി രൂപകൽപ്പന ചെയ്തതായി 'സ്പർദ്ധ്' സൊല്യൂഷൻസിന്റെ സ്ഥാപകനും സിഇഒയുമായ സലിം ബിൻ അലി പറഞ്ഞു. കൂടാതെ 'പാത്ത്ഫൈൻഡർ' (Pathfinder) എന്ന പുതിയ ഫീച്ചർ ആപ്പിലും കെ.ടി.എം വെബ് പോർട്ടലിലും സംയോജിപ്പിച്ചു.

ചാറ്റ് ജി.പി.ടി മാതൃകയിൽ പ്രവർത്തിക്കുന്ന എഐ ചാറ്റ്ബോട്ടാണ് ആപ്പിലെ പ്രധാന ആകർഷണം. ചാറ്റ് ജിപിടിയിലേതുപോലെ ഉപയോക്താക്കൾക്ക് ഇതിൽ ചോദ്യങ്ങൾ ചോദിക്കാം. മലയാളം ഉൾപ്പെടെ ഏതു ഭാഷയിലുമുള്ള ചോദ്യങ്ങൾക്ക് ഇതിലൂടെ മറുപടി ലഭിക്കും. മീറ്റിംഗ് സമയങ്ങൾ, സ്റ്റാൾ ലൊക്കേഷനുകൾ, താമസസൗകര്യം എന്നിവയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ആപ്പ് തല്ക്ഷണം മറുപടി നൽകും. ഇതിനായി കോൾ സെന്ററുകളിലേക്ക് വിളിക്കുകയോ ഇമെയിലുകൾ അയക്കുകയോ ചെയ്യേണ്ടതില്ലെന്നും സലിം കൂട്ടിച്ചേർത്തു.

മീറ്റിംഗ് ഷെഡ്യൂളുകളിലെ ക്രമക്കേടുകൾ തടയാൻ ഡൈനാമിക് ക്യു.ആർ കോഡുകളെ തിരിച്ചറിയൽ സംവിധാനമായി അവതരിപ്പിച്ചു. ഈ ക്യു.ആർ കോഡുകൾ 30 സെക്കൻഡ് മാത്രം ആയുസ്സുള്ളതും സ്ക്രീനിൽ നിരന്തരം അപ്ഡേറ്റ് ആയിക്കൊണ്ടിരിക്കുന്നതുമാണ്. ഇതിന്റെ സ്ക്രീൻഷോട്ടുകൾ എടുത്ത് ദുരുപയോഗം ചെയ്യാൻ കഴിയില്ല. കെടിഎമ്മിൽ പങ്കെടുക്കുന്നവർ വേദിയിൽ നേരിട്ടെത്തിയാൽ മാത്രമേ സ്കാൻ ചെയ്യാൻ സാധിക്കൂ. സാലിം വ്യക്തമാക്കി. മീറ്റിംഗ് സമയത്ത് വ്യക്തികൾ വേദിയിൽ ഉണ്ടെന്ന് ഉറപ്പാക്കാൻ എൻട്രി-എക്സിറ്റ് സ്കാനിംഗും നടപ്പിലാക്കിയിട്ടുണ്ടെന്നും സലിം വ്യക്തമാക്കി.

ബയർമാർക്ക് പോകേണ്ട സ്റ്റാളിലേക്കോ അടുത്തുള്ള വിശ്രമമുറികളിലേക്കോ ഉള്ള റൂട്ട് കൃത്യമായി പറഞ്ഞു കൊടുക്കാൻ ഗൂഗിൾ മാപ്സിന് സമാനമായി പ്രവർത്തിക്കുന്ന പാത്ത്ഫൈൻഡർ ഫീച്ചർ സഹായകമാകും. കഴിഞ്ഞ ജനുവരി മുതലാണ് സ്പർദ്ധ് സൊല്യൂഷൻസ് കെ.ടി.എം സാങ്കേതിക പ്രവർത്തനങ്ങൾ ആരംഭിച്ചത്. സെല്ലർ-ബയർ രജിസ്ട്രേഷനുകൾ, സ്റ്റാൾ ലേലം ചെയ്യൽ, അനുമതികൾ നൽകൽ എന്നിവയ്ക്കുള്ള സാങ്കേതിക സഹായവും സ്പർദ്ധ് സൊല്യൂഷൻസ് നല്കുന്നു.

കെ.ടി.എം 2026 ന്റെ വെബ്സൈറ്റും പോർട്ടലും പൂർണ്ണമായി വികസിപ്പിച്ചത് സ്പർദ്ധ് സൊല്യൂഷൻസാണ്. പോർട്ടൽ വഴി താത്പര്യപത്രം സമർപ്പിക്കൽ, ബയർ അഭ്യർത്ഥനകൾ, അനുമതികൾ, ടിക്കറ്റ് ബുക്കിംഗ്, താമസസൗകര്യ വിവരങ്ങൾ, പാസുകൾ ഡൗൺലോഡ് ചെയ്യൽ എന്നിവ പോർട്ടലിലൂടെ എളുപ്പത്തിൽ സാധ്യമാകും.

2012 ൽ പ്രവർത്തനം ആരംഭിച്ച സ്പർദ്ധ്, 2020 ഓടെയാണ് ഇവന്റ് മാനേജ്മെന്റ് സോഫ്റ്റ്വെയറുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്. കെ.ടി.എം കൂടാതെ മുംബൈയിൽ നടന്ന ഇന്ത്യൻ കെമിക്കൽ കൗൺസിൽ സമ്മേളനം ഉൾപ്പെടെയുള്ള പ്രമുഖ പരിപാടികൾക്കും ഇവർ സാങ്കേതിക പിന്തുണ നൽകിയിട്ടുണ്ട്.

സ്പർദ്ധ് സൊല്യൂഷൻസിന്റെ അമരക്കാരായി അരുൺ ലക്ഷ്മൺ (ടെക് ലീഡ് - പ്രൊജക്റ്റ്സ്), ഷിയാഫ് സി. (ടെക് ലീഡ് - പ്രൊഡക്ട്സ്), സാബിർ എൻ.എസ് (സി.ഒ.ഒ) എന്നിവരുമുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.