Sections

ഉപഭോക്താവിനെ ആശയക്കുഴപ്പത്തില്‍ ആക്കരുത് ബിസിനസ് തളരും ?

Saturday, Nov 13, 2021
Reported By admin
 product

എത്ര അളവില്‍ ഉത്പന്നം വിപണികളില്‍ എത്തിക്കണം.ഏതൊക്കെ വൈവിധ്യങ്ങള്‍ തെരഞ്ഞെടുക്കണം

 

എന്ത് സംരംഭം തുടങ്ങിയാലും തങ്ങളുടെ ബ്രാന്‍ഡിനെ വലുതാക്കി കാണിച്ച് ജനങ്ങളുടെ മനസില്‍ പ്രതിഷ്ഠ നേടാന്‍ ആഗ്രഹിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ് നിങ്ങളിലേറെ പേരും.പലര്‍ക്കും ഇതൊരു ആശയക്കുഴപ്പത്തിന്റെ ഘട്ടം തന്നെയാണ്.പ്രത്യേകിച്ച് ഭക്ഷ്യോത്പന്നങ്ങളുടെ കാര്യത്തില്‍.

വിപണിയിലേക്ക് തങ്ങള്‍ പുതിയൊരു ഉത്പന്നം അവതരിപ്പിക്കുന്നു.ഇനിഷ്യല്‍ ലോഞ്ച് എന്ന നിലയില്‍ എത്ര അളവില്‍ ഉത്പന്നം വിപണികളില്‍ എത്തിക്കണം.ഏതൊക്കെ വൈവിധ്യങ്ങള്‍ തെരഞ്ഞെടുക്കണം എന്നീ കാര്യങ്ങളെ കുറിച്ചാണ് ഈ പറഞ്ഞു വരുന്നത്.ചുരുക്കം ചിലര്‍ വളരെ ചെറിയ അളവില്‍ തങ്ങളുടെ ഉത്പന്നങ്ങളെ വിപണിയില്‍ പരീക്ഷിക്കുമ്പോള്‍ ഭൂരിഭാഗം പേരും തുടക്കത്തില്‍ പറഞ്ഞതു പോലുള്ള പ്രതീക്ഷയോടെ ഉത്പന്നങ്ങള്‍ അവതരിപ്പിക്കുന്നവരാണ്.

നിലവില്‍ നമ്മുടെ സമൂഹത്തിലെ എല്ലാ ബിസിനസ് സ്ഥാപനങ്ങളും കസ്റ്റമേഴ്‌സിന്റെ ആവശ്യവും താല്‍പര്യവും മനസിലാക്കി കൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്.തങ്ങളുടെ ഉത്പന്നങ്ങളെ ഉപഭോക്താവിന്റെ താല്‍പര്യ പ്രകാരം അവര്‍ക്ക് ഇഷ്ടമാകുന്ന രീതിയിലേക്ക് രൂപപ്പെടുത്താനും സംരംഭകര്‍ തയ്യാറാണ് ഇന്ന്.

വിപണിയില്‍ ഇന്ന് കസ്റ്റമര്‍ സെന്റ്രിക്കായ വിപണം നടക്കുന്നത് കൊണ്ടു തന്നെ ധാരാളം ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് മുന്നിലുണ്ട്.ഏത് തെരഞ്ഞെടുക്കണമെന്ന സ്വാതന്ത്ര്യം ഉപഭോക്താക്കള്‍ക്ക് മാത്രമുള്ളതാണ്.ഇതിന്റെ ഭാഗമായി തന്നെ ഓരോ സ്ഥാപനങ്ങളും കൂടുതല്‍ ഉത്പന്നങ്ങളും സേവനങ്ങളും കസ്റ്റമേഴ്‌സിന് നല്‍കാനും അവരെ കൂടുതല്‍ വാങ്ങലുകള്‍ക്ക് വിധേയരാക്കാനും സംരംഭങ്ങള്‍ ശ്രദ്ധിക്കുന്നു.

പുതിയൊരു ഉത്പന്നം വിപണിയിലെത്തിക്കുമ്പോള്‍ അത് എണ്ണത്തില്‍ ശോഭിക്കുന്നതിലല്ല കാര്യം.ഇത് നമുക്ക് ഒരു ഉദാഹരണത്തിലൂടെ തന്നെ നോക്കാം.കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ നടന്ന ഒരു പഠനത്തിന്റെ ഭാഗമായി ഗവേഷകര്‍ ഒരു സ്ട്രീറ്റില്‍ ജാം സ്റ്റാള്‍ ഇട്ടു.ആദ്യ ദിനം 20 ലേറെ ഫ്‌ളേവറുകളിലുള്ള ജാമുകള്‍ നിരത്തി വെച്ചായിരുന്നു വില്‍പ്പന.പിന്നീടൊരു ദിവസം വിരലിലെണ്ണാവുന്ന ഫ്‌ളേവറുകള്‍ മാത്രമാണ് വില്‍പ്പനയ്ക്കായി സ്റ്റാളിലെത്തിച്ചത്.രണ്ട് ദിവസത്തെയും വില്‍പ്പന താരതമ്യപ്പെടുത്തിയപ്പോള്‍ 20ലേറെ ഫ്‌ളേവറുകള്‍ ഉണ്ടായിരുന്ന സമയത്ത് സ്റ്റാളില്‍ വലിയ കൂട്ടം ആളുകളെത്തിയിരുന്നു.പക്ഷെ ഫ്‌ളേവറുകള്‍ കുറച്ചപ്പോള്‍ എത്തിച്ചേര്‍ന്ന ആളുകളും കുറവായിരുന്നു.ഇനിയാണ് രസകരമായ സംഭവം.വില്‍പ്പനയുടെ കാര്യം പരിശോധിച്ചപ്പോള്‍ ആദ്യ ദിനത്തില്‍ നടന്നതിനെക്കാള്‍ വില്‍പ്പന കുറച്ച് ഫ്‌ളേവറുകള്‍ അവതരിപ്പിച്ചപ്പോള്‍ സ്റ്റാളിലുണ്ടായി.എന്തുകൊണ്ടായിരിക്കാം ഇത്.

ഉത്തരം വളരെ വ്യക്തമാണ്.നിരവധി ഫ്‌ളേവറുകള്‍ കണ്ട് ഉപഭോക്താക്കള്‍ ശരിക്കും ആശയക്കുഴപ്പത്തിലായി.അവര്‍ക്ക് തെരഞ്ഞെടുക്കാന്‍ ഒരുപാട് ചോയ്‌സുണ്ട് അതില്‍ നിന്ന് ഏത് തെരഞ്ഞെടുക്കും എന്ന ശങ്ക തന്നെയാണ് വില്‍പ്പന കുറച്ചത്.അതായത് കൂടുതല്‍ ഓപ്ഷനുകള്‍ കൊടുത്താല്‍ കസ്റ്റമേഴ്‌സ് കൂടുതല്‍ ആകൃഷ്ടരാകും എന്ന പഴയ തത്വമൊക്കെ പണ്ടു തന്നെ പൊളിഞ്ഞതാണ്.ചുരുക്കി പറഞ്ഞാല്‍ എണ്ണത്തിലല്ല കാര്യം.

ലോകത്തിലെ വളരെ പ്രമുഖരായ ബ്രാന്‍ഡുകളെ പരിശോധിച്ചാല്‍ പരിമിതമായ എണ്ണം മാത്രമാണ് അവര്‍ വിപണികളിലെത്തിക്കുന്നത്.ഭക്ഷ്യ വസ്തുക്കള്‍ മാത്രമല്ല ലിമിറ്റഡ് എഡിഷനും ഹാന്‍ഡ് പിക്കിഡ് ഉത്പന്നങ്ങളുടെയും പിന്നാലെ വലിയ തുക മുടക്കാന്‍ ആളുകളോടുന്നത് തന്നെ മികച്ച ഉദാഹരണം.പരമാവധി ആത്മവിശ്വാസം ഉള്ള കുറച്ച് ഉത്പന്നങ്ങള്‍ ഇത്തരം ബ്രാന്‍ഡുകള്‍ കസ്റ്റമേഴ്‌സിന്റെ മുന്നിലേക്ക് വെയ്ക്കുന്നു.

അതേസമയം സ്റ്റാര്‍ ബക്‌സ് പോലുള്ള സ്ഥാപനങ്ങള്‍ നിരവധി ഓപ്ഷനുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്.ഇവരുടെ തത്വം അനുസരിച്ച് ഒന്നിലേറെ ഓപ്ഷനുകള്‍ അവതരിപ്പിക്കുമ്പോള്‍ ഉപഭോക്താവ് ഒന്നല്ലെങ്കില്‍ മറ്റൊന്ന് അതുമല്ലെങ്കില്‍ മറ്റൊന്ന് എന്നരീതിയില്‍ ഏതെങ്കിലും ഒന്ന് വാങ്ങുമെന്ന് ഉറപ്പാണ്.

ഇപ്പോള്‍ നിങ്ങളും ആകെ ആശയക്കുഴപ്പത്തിലായി അല്ലെ.അതായത് വിപണിയിലേക്ക് നിങ്ങളെത്തിക്കുന്ന ഉത്പന്നങ്ങളുടെ ചോയ്‌സ് കൂടിപ്പോകാനോ കുറഞ്ഞുപോകാനോ പാടില്ല.സംരംഭകനെന്ന നിലയില്‍ നിങ്ങള്‍ക്ക് പൂര്‍ണമായും ആത്മവിശ്വസമേകുന്ന ഉത്പന്നങ്ങള്‍ മാത്രം ഉപഭോക്താക്കള്‍ക്ക് മുന്നിലേക്ക് വെയ്ക്കുക ആശയം കുഴപ്പം ഒഴിവാക്കി അവര്‍ക്ക് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കുമ്പോള്‍ നിങ്ങളുടെ ബിസിനസും വളരും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.