Sections

സംരംഭം തുടങ്ങിയിട്ട് ഇതു ശ്രദ്ധിച്ചില്ലെങ്കില്‍ വിപണിയില്‍ ഗതി പിടിക്കില്ല

Saturday, Aug 14, 2021
Reported By admin
product testing

സംരംഭകര്‍ പാലിക്കേണ്ട ചില കാര്യങ്ങളുണ്ട് അതൊന്നു നമുക്ക് നോക്കാം.

 

വളരെ കഷ്ടപ്പെട്ട് ധനം സമാഹരിച്ച് വിപണിയില്‍ നിന്ന് വളരെ മെച്ചപ്പെട്ട ലാഭം ലക്ഷ്യമിട്ട് നിരവധി ബിസിനസുകള്‍ ചെയ്യുന്നവരാണ് നിങ്ങളില്‍ പലരും. വിചാരിച്ച ലാഭം കൊയ്യാന്‍ സാധിച്ചില്ലെങ്കില്‍ പോലും വിപണിയില്‍ നിങ്ങളുടെ ഉത്പന്നത്തിന് അല്ലെങ്കില്‍ സേവനത്തിനുള്ള അംഗീകാരം സംരംഭത്തിന്റെ വളര്‍ച്ചയെയും വിജയത്തെയും സൂചിപ്പിക്കുന്ന അടയാളം തന്നെയാണ്.

നമ്മള്‍ക്ക് ചെയ്യുന്ന ബിസിനസില്‍  പരിചയ കുറവുണ്ടാകാം അതുമല്ലെങ്കില്‍ പുതിയൊരു ഉത്പന്നം വിപണിയില്‍ പരീക്ഷിക്കുന്നതാകാം.ഈ രണ്ട് അവസരത്തിലും സംരംഭകര്‍ പാലിക്കേണ്ട ചില കാര്യങ്ങളുണ്ട് അതൊന്നു നമുക്ക് നോക്കാം.

ആന്‍ഡ്രോയിഡ് കുഞ്ഞന്‍ വേര്‍ഷന്‍ 5.25 എന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിറിന്റെ സുബ്രഹ്മണ്യന്‍ എന്ന കഥാപാത്രം ജോലി ചെയ്യാനായി റഷ്യയില്‍ പോയി മടങ്ങുമ്പോള്‍ സ്ഥാപനത്തില്‍ നിന്ന് ഒപ്പം കൊണ്ടുവരുന്ന റോബോട്ട് (കുഞ്ഞപ്പന്‍) സുബ്രഹ്മണ്യന്റെ പക്കല്‍ ടെസ്റ്റിംഗിന് വേണ്ടി അയച്ചതാണെന്ന് വെളിപ്പെടുത്തുന്ന രംഗങ്ങള്‍ ഓര്‍മ്മയില്ലെ.അതുപോലെ നമ്മളുടെ കമ്പനി പുറത്തിറക്കുന്ന ഉത്പന്നത്തിനും ഒരു ക്വാളിറ്റി ടെസ്റ്റും ട്രയല്‍ റണ്ണും ഒക്കെ വേണ്ടെ ?

ഉദാഹരണത്തിന് ഒരു ഹിയറിംഗ് ഉപകരണം പുതുതായി രൂപകല്‍പ്പന ചെയ്തു എന്ന് കരുതുക. ഉത്പന്നം തയ്യാറാക്കി കഴിഞ്ഞാല്‍ ഉടന്‍ കേള്‍വി തകരാറുള്ള ആളെ കണ്ടെത്തി അത് അവര്‍ക്ക് ഉപയോഗിക്കാനായി നല്‍കാം. അതിനൊപ്പം കമ്പനിയുടെ ഒരു ഉദ്യോഗസ്ഥന്‍ ആ ഉപകരണം ഉപയോഗിച്ച ശേഷം വ്യക്തിക്കുണ്ടായ അനുഭവങ്ങള്‍ അയാളുടെ അനുവാദത്തോടെ മനസിലാക്കാനും കൃതൃമായി അപ്‌ഡേറ്റ് ചെയ്യാനും സമയം ചെലവിടുന്നു.

ഈ ഉപകരം ധരിച്ചു കൊണ്ട് അയാള്‍ ദൈനംദിന കാര്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നതും വെള്ളത്തിലടക്കം ഉപകരണത്തിന്റെ നിലനില്‍പ്പും അടക്കം എല്ലാം പരിശോധിച്ച് കമ്പനിക്ക് വേണ്ട റിപ്പോര്‍ട്ട് നല്‍കിയെന്ന് കരുതുക.ഇതിലൂടെ കമ്പനിക്ക് പുറത്തിറക്കാന്‍ പോകുന്ന പുതിയ ഉത്പന്നത്തെ കുറിച്ചും അത് ഉപയോക്താക്കളില്‍ ഉണ്ടാക്കാവുന്ന മാറ്റങ്ങളെ കുറിച്ചും ഒരു ധാരണയുണ്ടാക്കി തരുന്നു.പ്രശ്‌നങ്ങള്‍ തുടക്കത്തിലെ അറിഞ്ഞ് പരിഹരിക്കാനും സാധിക്കും.

ഇനി ആദ്യഘട്ടത്തില്‍ ഒരാളില്‍ ഒതുങ്ങാതെ മറ്റൊരാളിലേക്ക് കൂടി പരീക്ഷണാടിസ്ഥാനത്തില്‍ ഉപകരണം നല്‍കുകയും അയാള്‍ അറിയാതെ ഉപകരണം ധരിക്കുമ്പോള്‍ ഉണ്ടാകുന്ന അപ്‌ഡേറ്റുകള്‍ ശ്രദ്ധിക്കുകയും ചെയ്യുന്നു എങ്കില്‍ ഉപകരണം വഴിയുണ്ടാകാവുന്ന ചെറിയ തകരാര്‍ പോലും വേഗം കണ്ടെത്താന്‍ സാധിക്കും.ഹിയറിംഗ് ഉപകരണം വെറും ഒരു ഉദാഹരണമായി കരുതാം. മരുന്നുകളും,മെഡിക്കല്‍ ഉപകരണങ്ങളും,എന്തിന് വീടുകളില്‍ ഉപയോഗിക്കുന്ന ഫര്‍ണിച്ചറുകളും ,മാറ്റ്‌റസുകളും,ഇലക്ട്രോണിക് ഉപകരണങ്ങളും പോലും പല കമ്പനികളും ഇത്തരത്തില്‍ ക്വാളിറ്റി പരീക്ഷണങ്ങള്‍ നടത്തിയാണ് വിപണയിലേക്ക് എത്തിക്കുന്നത്.


ഇതില്‍ നിന്ന് എന്താണ് മനസിലാക്കേണ്ടത്.ഉത്പന്നം തയ്യാറായി കഴിഞ്ഞാല്‍ ധൃതി പിടിച്ച് അതിന്റെ വാണിജ്യോല്‍പാദനം ആരംഭിക്കുന്നതല്ല മികച്ച സംരംഭകന്‍ ചെയ്യേണ്ടത്.ഉത്പന്നത്തിന്റെ പരീക്ഷണം ഇതുവരെ തിരിച്ചറിയാത്ത പല വസ്തുതകളിലേക്കും നയിക്കും.ഉത്പന്നവും ഉപഭോക്താവും തമ്മിലുള്ള സംവേദനവും അനുഭവവും നല്‍കുന്ന പാഠങ്ങള്‍ ഉത്പന്നത്തെ മെച്ചപ്പെടുത്തി ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സ്വീകാര്യമാകുന്ന ഒന്നാക്കി മാറ്റുവാന്‍ സംരംഭകനെ സഹായിക്കും.അതുകൊണ്ട് തന്നെ ഉത്പന്നം ടെസ്റ്റ് ചെയ്യുന്നത് ഒഴിവാക്കാനായി ശ്രമിക്കരുത്.


സംരംഭകര്‍ മനസിലാക്കാത്ത,ചിന്തിക്കാത്ത വസ്തുതകള്‍ ആഴത്തില്‍ പഠിക്കാന്‍ പ്രൊഡക്ട് ടെസ്റ്റിംഗ് വഴി സാധിക്കും.വാങ്ങുന്നതും അത് ഉപയോഗിക്കേണ്ടതും ഇഷ്ടപെടേണ്ടതും ഉപഭോക്താവായതിനാല്‍ അവരുടെ അഭിപ്രായങ്ങള്‍ക്കും ഒരു ബിസിനസില്‍ പങ്കുണ്ടെന്നത് എപ്പോഴും ഓര്‍ക്കുക.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.