Sections

ആഘോഷവുമായെത്തിയ വിഐ വന്‍ പ്രതിസന്ധിയില്‍

Tuesday, Aug 10, 2021
Reported By admin
vodafone,idea,vi
vi

വോഡഫോണ്‍ ഐഡിയ 1.8 ലക്ഷം കോടിയുടെ പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്


രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ 'വി' എന്നറിയപ്പെടുന്ന വോഡഫോണ്‍ ഐഡിയ 1.8 ലക്ഷം കോടിയുടെ പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്.വിയ്ക്ക് അവരുടെ എതിരാളികളായ റിലയന്‍സ് ജിയോയെയും എയര്‍ടെലിനെയും അപേക്ഷിച്ച് വലിയ തുകയാണ് കടബാധ്യതയായി നിലനില്‍ക്കുന്നതെന്ന് ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. വിയെക്കാള്‍ ബഹുദൂരം ജിയോ-എയര്‍ടെല്‍ എന്നീ രണ്ട് എതിരാളികളും അനുദിനം ശക്തിപ്രാപിക്കുകയുമാണ്. വിയ്ക്ക് വരിക്കാരെ നിരന്തരം നഷ്ടമാകുന്നുണ്ട്.പലപ്പോഴും വിയില്‍ നിന്നു വിട്ടുപോകുന്ന ഉപയോക്താക്കളാണ് ഈ കമ്പനികള്‍ക്ക് ഗുണകരമാകുന്നത്. പിടിച്ചുനില്‍ക്കാനായാല്‍ പോലും തങ്ങളുടെ എതിരാളികള്‍ക്കൊപ്പമെത്താന്‍ വി എന്തു ചെയ്യേണ്ടിവരുമെന്ന ചോദ്യവും ഉയരുന്നുണ്ട്.


നിലവില്‍ വി ഉടനടി തിരിച്ചടയ്ക്കേണ്ട കടം 58,631 കോടി രൂപയാണ്.ബാങ്ക് കടം തന്നെ 23,080 കോടി രൂപയുണ്ട്. ഇതില്‍ 5,034 കോടി രൂപ 2021 ഡിസംബറില്‍ തിരച്ചടയ്ക്കുകയും വേണം.ഇതു നടക്കാനുള്ള സാധ്യത കുറവാണെന്നും പറയുന്നു. അതേസമയം, എയര്‍ടെലിന്റെ കടം 25,976 കോടി രൂപയാണ്. ഇതില്‍ 2,598 കോടി രൂപയാണ് ഈ വര്‍ഷം തിരിച്ചടയ്ക്കേണ്ടിവരിക. മാര്‍ച്ചില്‍ വോഡഫോണ്‍ ഐഡിയയുടെ മൊത്തം കടം 1.75 ലക്ഷം കോടിയാണ്. എയര്‍ടെലിന്റേത് 1.53 കോടി രൂപയും.

 
വോഡഫോണ്‍ ഐഡിയയ്ക്ക് 2020 തുടക്കം മുതലുള്ള കണക്കുകള്‍ പ്രകാരം 5.1 കോടി വരിക്കാരെയാണ് നഷ്ടപ്പെട്ടത്. ഈ കാലയളവില്‍ എയര്‍ടെലിന് 2.1 കോടി വരിക്കാരെയാണ് ലഭിച്ചതെങ്കില്‍ റിലയന്‍സ് ജിയോയ്ക്ക് 6.2 കോടി പുതിയ വരിക്കാരെ ലഭിച്ചു. വിയ്ക്കു നഷ്ടമാകുന്നത് 4ജി വരിക്കാരെയാണ് എന്നതാണ് കൂടുതല്‍ പ്രശ്നമുണ്ടാക്കുന്ന കാര്യം. മേയിലെ കണക്കുകള്‍ പ്രകാരം വിയില്‍ നിന്ന് ഒരു 2ജി അല്ലെങ്കില്‍ 3ജി വരിക്കാരന്‍ മറ്റു നെറ്റ്വര്‍ക്കുകളിലേക്ക് പോര്‍ട്ടു ചെയ്യുമ്പോള്‍ മൂന്ന് 4ജി വരിക്കാര്‍ പോര്‍ട്ട് ചെയ്തു പോകുന്നു.

 4ജി വരിക്കാരില്‍ നിന്നു ലഭിക്കുന്ന വരുമാനവും കുറഞ്ഞു. മാര്‍ച്ച് അവസാനം 4ജി വരിക്കാരില്‍ നിന്നു ലഭിക്കുന്ന ശരാശരി വരുമാനം 107 രൂപയായി കുറഞ്ഞു. മൂന്നു മാസം മുന്‍പ് ഇത് 121 രൂപയായിരുന്നു. എയര്‍ടെലിന് ഇത് 145 രൂപയും, ജിയോയ്ക്ക് 138 രൂപയുമാണ്. വരുമാനം വര്‍ധിപ്പിക്കാനായി വി വരിസംഖ്യ ഉയര്‍ത്തിയാല്‍ വരിക്കാര്‍ വിട്ടു പോകാന്‍ ഇടവരുത്തുമെന്നതും കമ്പനിയെ വിഷമത്തിലാക്കുന്നു.

ടെലികോം വ്യവസായ രംഗത്ത് ഒരുകാലത്ത് മുന്നിട്ടു നിന്നിരുന്ന കമ്പനികളായിരുന്നു ഐഡിയയും വോഡഫോണും.നിലവില്‍ ടെലികോം വിപണി തന്നെ ജിയോ-എയര്‍ടെല്‍ എന്നിവയിലേക്ക് ചുരുങ്ങുമെന്ന നിലയാണ് ഇപ്പോഴുള്ളത്. നിക്ഷേപകരില്‍ നിന്ന് 25,000 കോടി രൂപ സമാഹരിക്കാന്‍ വോഡഫോണ്‍ ഐഡിയ ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെ വിജയം കണ്ടിട്ടില്ല.

എന്തായാലും, വിയുടെ നിലനില്‍പ്പ് അവതാളത്തിലേക്കെന്ന് പറയാറിയിട്ടില്ലെന്നും എപ്പോള്‍ വേണമെങ്കിലും ശക്തമായി തിരിച്ചുവരാനുള്ള സാധ്യയുണ്ടെന്നും ടെക് നിരീക്ഷകര്‍ വിലയിരുത്തുന്നു.വോഡഫോണ്‍ ഐഡിയയുടെ അവസാന പ്രതീക്ഷ സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന ആശ്വാസമാണ്.ടെലികോം വ്യവസായത്തിനായി സര്‍ക്കാര്‍ കാര്യമായി ഇടപെടണം.
ടെലികോം ടോക്ക്.ഇന്‍ഫോയുടെ ആര്‍ട്ടിക്കിള്‍ അനുസരിച്ച് ബിഎസ്എന്‍എല്ലുമായി വി ലയിച്ചാല്‍ മാത്രമെ ഇത്തരത്തില്‍ ലാഭകരമായ നിലയിലേക്ക് കമ്പനി ഉയരാന്‍ സാധ്യതയുള്ളു എന്നാണ് പറഞ്ഞുവെയ്ക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.