Sections

സ്മാര്‍ട്ട്‌ഫോണ്‍ ഉണ്ടോ? അഫിലിയേറ്റ് മാര്‍ക്കറ്റിങിലൂടെ മികച്ച വരുമാനം ഉണ്ടാക്കാം

Tuesday, Aug 31, 2021
Reported By Aswathi Nurichan
affiliated marketing

യാതൊരു ചിലവുമില്ലാതെ തന്നെ ഒരു സ്മാര്‍ട്ട്‌ഫോണ്‍ മാത്രം ഉപയോഗിച്ചു കൊണ്ട് ചെയ്യാവുന്ന ഒരു ബിസിനസ് ആണിത്. വീട്ടില്‍ ഇരുന്നു കൊണ്ട് തന്നെ പാര്‍ട്ട് ടൈം ആയി ചെയ്യാവുന്നതിനാല്‍ എല്ലാ മേഖലയിലുള്ളവര്‍ക്കും ഇത് ചെയ്യാവുന്നതാണ്.

 
ഇന്നത്തെ കാലത്ത് ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട് പോലുള്ള ഓണ്‍ലൈന്‍ ഷോപ്പിങ് വെബ്‌സൈറ്റുകള്‍ ഉപയോഗപ്പെടുത്താത്തവരായി ആരും തന്നെ ഇല്ല. മികച്ച ഓഫറുകളും വിലക്കുറവും എല്ലാം സാധാരണക്കാരെ ഇത്തരം ഷോപ്പിങ് വെബ്‌സൈറ്റുകളിലേക്ക് ആകര്‍ഷിക്കുന്നു. ഇത്തരം ഷോപ്പിങ് വെബ്‌സൈറ്റുകളില്‍ നിന്ന് സാധനങ്ങള്‍ പര്‍ച്ചേസ് ചെയ്യുക മാത്രമല്ല, അതുവഴി വലിയ ഒരു തുക വരുമാനം നേടാനും സാധിക്കുന്നതാണ്. അതും ഒരു രൂപ പോലും മുതല്‍മുടക്കില്ലാതെ. 

കഷ്ടപ്പെട്ട് പഠിച്ച് നല്ല മാര്‍ക്കോടെ പാസാകുന്ന പുതു തലമുറയ്ക്ക് മറ്റൊരാളുടെ കീഴില്‍ പണിയെടുക്കുന്നതിനോട് അത്ര താല്‍പര്യമില്ല. സ്വന്തമായി  ബിസിനസ് ആരംഭിച്ച് ബോസാകാനാണവര്‍ ആഗ്രഹിക്കുന്നത്. അത്തരക്കാര്‍ക്ക് പരീക്ഷിക്കാവുന്ന ഒരു പൊടിക്കൈയാണ് അഫിലിയേറ്റ് മാര്‍ക്കറ്റിങ്. യാതൊരു ചിലവുമില്ലാതെ തന്നെ ഒരു സ്മാര്‍ട്ട്‌ഫോണ്‍ മാത്രം ഉപയോഗിച്ചു കൊണ്ട് ചെയ്യാവുന്ന ഒരു ബിസിനസ് ആണിത്. 

വീട്ടില്‍ ഇരുന്നു കൊണ്ട് തന്നെ പാര്‍ട്ട് ടൈം ആയി ചെയ്യാവുന്നതിനാല്‍ എല്ലാ മേഖലയിലുള്ളവര്‍ക്കും ഇത് ചെയ്യാവുന്നതാണ്. ഒരു അസോസിയേറ്റ് ആയാണ് നിങ്ങള്‍ ഇവിടെ ജോലി ചെയ്യുന്നത്. മറ്റുള്ളവരുടെ ഉത്പന്നമോ സേവനമോ തങ്ങളുടെ രീതിയില്‍ മാര്‍ക്കറ്റിംഗ് ചെയ്ത് കൂടുതല്‍ ആളുകളെ കൊണ്ട് വാങ്ങിപ്പിച്ച് കമ്മീഷന്‍ നേടുന്ന രീതിയാണിത്. സിമ്പിളായി പറഞ്ഞാല്‍ ഒരു ഇടനിലക്കാരന്റെ പണി. 

ഇങ്ങനെ മാര്‍ക്കറ്റിങ് ചെയ്യുമ്പോള്‍ എന്താണ് ഗുണമെന്നല്ലേ. നിങ്ങള്‍ മാര്‍ക്കറ്റിങ് ചെയ്യുന്ന വസ്തു ആരെങ്കിലും വാങ്ങുകയാണെങ്കില്‍ ആ ലാഭത്തിന്റെ ഒരു പങ്ക് നിങ്ങളുടെ അക്കൗണ്ടിലേക്കെത്തും. വീടുവീടാന്തരം കയറി സാധനങ്ങള്‍ വില്‍ക്കുന്ന മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവുകളെ കണ്ടാല്‍ കതകടച്ച് കുറ്റിയിടുന്ന പലരും അറിഞ്ഞോ അറിയാതെയോ അഫിലിയേറ്റ് മാര്‍ക്കറ്റിങ്ങിനെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നു എന്നതാണ് വാസ്തവം.  

എങ്ങനെ ചെയ്യാം?

ഫ്ളിപ്കാര്‍ട്ട് വഴി നിങ്ങളൊരു മൊബൈല്‍ ഫോണ്‍ വാങ്ങിയിട്ടുണ്ടെങ്കില്‍ അതിന്റെ ഗുണഗണങ്ങളെക്കുറിച്ച് സുഹൃത്തുക്കളോട് പറഞ്ഞ് അവരെക്കൊണ്ട് അതേ ഫോണ്‍ വാങ്ങിപ്പിക്കാന്‍ നിങ്ങള്‍ക്ക് കഴിവുണ്ടോ? എങ്കില്‍ ധൈര്യമായി ഈ മേഖലയിലേക്ക് വരാം. ഒരു വ്യക്തിക്ക് മാത്രമല്ല, സ്ഥാപനങ്ങള്‍ക്കും അഫിലിയേറ്റ് മാര്‍ക്കറ്റിങ്ങിന്റെ ഭാഗമാകാം. 

എന്തിനും ഏതിനും ഓണ്‍ലൈനില്‍ പരതുന്ന തലമുറയെ മികച്ച ഒരു ഓഫറിലേക്ക് എത്തിച്ച് അവരെക്കൊണ്ടത് വാങ്ങിപ്പിക്കുന്നിടത്താണ് ഇതിന്റെ വിജയം. മറ്റുള്ളവരുടെ ഉല്‍പ്പന്നങ്ങളല്ലാതെ  നിങ്ങള്‍ക്ക് ഒരു ഉത്പന്നം ഉണ്ടെങ്കില്‍, പ്രമോട്ടര്‍മാരുമായി സഹകരിച്ച് അവര്‍ക്ക് ഇന്‍സന്റീവ് കൊടുത്തുകൊണ്ട് കൂടുതല്‍ വിറ്റുവരവ് ഉണ്ടാക്കാനും ഇതുവഴി സാധിക്കും. റവന്യൂ ഷെയറിംഗ് എന്ന ബിസിനസ് മോഡല്‍ ആണ് ഇവിടെ പ്രാവര്‍ത്തികമാക്കുന്നത്.  

ഉദാഹരണത്തിന് ആമസോണിന്റെ ഉല്‍പ്പന്നമാണ് നിങ്ങള്‍ ഇത്തരത്തില്‍ മാര്‍ക്കറ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ആമസോണില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ഉത്പന്നങ്ങള്‍ കണ്ടെത്തണം. ഇതിനായി ആമസോണ്‍ ഇന്ത്യ അഫിലിയേറ്റ് പ്രോഗ്രാം എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് ലോഗിന്‍ ചെയ്യണം. അപ്പോള്‍ ലഭിക്കുന്ന അഫിലിയേറ്റ് ഐഡി വഴി തെരഞ്ഞെടുത്ത ഉത്പന്നങ്ങള്‍ക്ക് ലിങ്ക് ജനറേറ്റ് ചെയ്യാം. 

ആ ലിങ്ക് ഷെയര്‍ ചെയ്ത് കൂടുതല്‍ ആളുകള്‍ ആ ഉത്പന്നം വാങ്ങിയാല്‍ അതിന് ആമസോണ്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള കമ്മീഷനും ലഭിക്കും. ആമസോണ്‍ കമ്മീഷന്‍ നല്‍കാത്ത വസ്തുക്കളും ഉണ്ട്. ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ അത് ശ്രദ്ധിക്കണം. ആമസോണ്‍ കൂടാതെ ഫളിപ്പ്കാര്‍ട്ട്, അഫോയ് മീഡിയ തുടങ്ങിയ കമ്പനികളും മികച്ച അഫിലീയേറ്റ് മാര്‍ക്കറ്റിങ് ഓഫറുകള്‍ നല്‍കാറുണ്ട്. 

ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

മാര്‍ക്കറ്റ് ചെയ്യുകയാണെന്ന് ആര്‍ക്കും തോന്നാത്ത തരത്തില്‍ സാധനങ്ങളെ അവതരിപ്പിക്കുന്നതാണ് അഫിലിയേറ്റ് മാര്‍ക്കറ്റിങ്ങിന്റെ ആദ്യഘട്ടം. ഒരു ബ്ലോഗ്/വ്ളോഗ് വഴിയാണ് നിങ്ങള്‍ മാര്‍ക്കറ്റിങ്ങ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഒരു പരസ്യത്തിന്റെ സ്വഭാവത്തില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കാതിരിക്കുക. നിങ്ങള്‍ മാര്‍ക്കറ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന വസ്തുവിലേക്കുള്ള ലിങ്ക് കൃത്യമായി കൊടുക്കുക. നിങ്ങള്‍ ശുപാര്‍ശ ചെയ്യുന്ന വസ്തുക്കള്‍ക്ക് മിനിമം ഗുണമേന്മ ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് നിങ്ങളുടെ ചുമതലയാണ്. ഇക്കാര്യങ്ങളെല്ലാം ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്കും മികച്ച വരുമാനമുണ്ടാക്കാം. 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.