Sections

സുഗന്ധം പരത്തി വരുമാനം നേടാം; ലാഭം പോക്കറ്റിലാക്കാം

Wednesday, Nov 03, 2021
Reported By admin
air freshener balls

സൂപ്പര്‍മാര്‍ക്കറ്റുകള്‍,സ്റ്റേഷനറി ഷോപ്പുകള്‍,പ്രൊവിഷന്‍ സ്റ്റാളുകള്‍ വഴി വില്‍പ്പന 

 

വൃത്തിയും വെടിപ്പും ഒക്കെ വലിയ പ്രാധാന്യത്തോടെ നോക്കി കാണുന്ന മലയാളികള്‍ വീടുകളും വാഹനവും ഒക്കെ വൃത്തിയാക്കി വെയ്ക്കാനും അവിടെ വൃത്തിഹീനമായ വസ്തുക്കളും ഗന്ധവും ഒഴിവാക്കാനും നിരവധി വസ്തുക്കളെ ആശ്രയിക്കുന്നുണ്ട്.കൂട്ടത്തില്‍ ഒന്നാണ് എയര്‍ ഫ്രഷ്‌നറുകള്‍.പ്രധാനമായും കേരളത്തിന് പുറത്തുനിന്നാണ് ഇവിടേക്ക് എയര്‍ ഫ്രഷ്‌നറുകള്‍ എത്തുന്നത്.കേരളത്തിന്റേതെന്ന പേരിലെത്തുന്നവയില്‍ കൂടുതലും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഇവിടെ എത്തിച്ച ശേഷം റീബ്രാന്‍ഡ് ചെയ്യുന്നവയാണ്.

കേരളത്തില്‍ വലിയ ഡിമാന്റുള്ളതുകൊണ്ട് തന്നെ ഇവിടുത്തെ വലിയ മാര്‍ക്കറ്റില്‍ ധാരാളമായി ഇത് വിറ്റഴിക്കാന്‍ സാധിക്കും.കേരളത്തില്‍ നിര്‍മ്മിക്കുന്ന പ്രാദേശിക ഉത്പന്നം എന്ന ലേബലോടെ അവതരിപ്പിച്ചാല്‍ വലിയ വിപണി തന്നെയാകും ഈ മേഖലയില്‍ നിങ്ങള്‍ക്ക് മുന്നില്‍ തുറക്കപ്പെടുക.

സ്ത്രീകള്‍ക്ക് പോലും യന്ത്രം പ്രവര്‍ത്തിപ്പിച്ച് നിര്‍മ്മാണം നടത്താം എന്നതും ഈ വ്യവസായത്തിന് കൂടുതല്‍ സ്വീകാര്യത നല്‍കുന്നു. നേരിട്ട് പ്രാദേശിക തലത്തില്‍ മാര്‍ക്കറ്റ് ചെയ്യുന്നതിനൊപ്പം മറ്റിടങ്ങളില്‍ വിതരണക്കാരെ ഉപയോഗിച്ചും വിപണി പിടിക്കാം.പ്രധാനമായും സൂപ്പര്‍മാര്‍ക്കറ്റുകള്‍,സ്റ്റേഷനറി ഷോപ്പുകള്‍,പ്രൊവിഷന്‍ സ്റ്റാളുകള്‍ വഴി വില്‍പ്പന സാധ്യമാക്കാം.


പാരാ ഡി ക്ലോറോബന്‍സില്‍ പൗഡറില്‍ നിശ്ചിത അനുപാതത്തില്‍ ഓയില്‍ ബേസ്ഡ് ഇന്‍ഡസ്ട്രിയല്‍ പെര്‍ഫ്യൂം, കളര്‍ എന്നിവ ചേര്‍ത്ത് നന്നായി ഇളക്കിയാണ് റൂം ഫ്രഷ്നര്‍ നിര്‍മ്മിക്കുന്നതിനുള്ള റെഡി മിക്‌സ് നിര്‍മ്മിക്കുന്നത്. തുടര്‍ന്ന് ഈ റെഡിമിക്‌സ് പഞ്ചിംഗ് മെഷ്യനില്‍ നിറച്ച് കേക്ക് രൂപത്തിലും ബോള്‍ രൂപത്തിലും നിര്‍മ്മിച്ചെടുക്കാം. ആവശ്യമുള്ള ആകൃതി ലഭിക്കുന്നതിന് പഞ്ചിംഗ് യന്ത്രത്തിന്റെ ഡൈ മാറ്റി സ്ഥാപിക്കാന്‍ സാധിക്കും.തുടര്‍ന്ന് ജലാറ്റിന്‍ ഫോയിലുകള്‍ ഉപയോഗിച്ച് വായു കടക്കാതെ കവര്‍ ചെയ്തതിനു ശേഷം പ്ലാസ്റ്റിക് നെറ്റും ലോക്കും ഉപയോഗിച്ച് പായ്ക്ക് ചെയ്ത് വിപണിയിലെത്തിക്കാം. 100g കേക്ക് ഒരു മാസം വരെ ഉപയോഗിക്കാന്‍ സാധിക്കും.


ഈ എയര്‍ ഫ്രഷ്‌നര്‍ നിര്‍മ്മാണ യന്ത്രത്തിന് ഏകദേശം  2,50,000 രൂപയോളം വിലവരും.പായ്ക്കിംഗ് യന്ത്രം 30,000,അനുബന്ധ ചിലവുകള്‍ 20,000 എല്ലാം കൂടി 3,00,000 രൂപയോളം ചെലവു വരും.അതിനൊപ്പം അസംസ്‌കൃത വസ്തുക്കള്‍ വാങ്ങാനുള്ള ചെലവുമുണ്ട്.മുതല്‍മുടക്ക് അനുസരിച്ച് സബ്‌സിഡി വ്യവസായ വകുപ്പില്‍ നിന്ന് ലഭിക്കുമെന്നതു കൊണ്ടും പ്രതിദിനം 100 ഗ്രാമിന്റെ 100 കേക്ക് എയര്‍ഫ്രഷ്‌നറുകള്‍ എങ്കിലും വിറ്റഴിക്കാന്‍ കഴിഞ്ഞാല്‍ ഏകദേശം ചെലവ് കിഴിച്ച് 20000 രൂപയോളം ലാഭമുണ്ടാക്കാന്‍ സാധിക്കുമെന്നത് കൊണ്ടും കണ്ണും പൂട്ടി ആരംഭിക്കാന്‍ സാധിക്കുന്ന ചെറുകിട സംരംഭം തന്നെയാണ് എയര്‍ ഫ്രഷ്‌നര്‍ നിര്‍മ്മാണം.

സംരംഭത്തിന് ഉദ്യോഗ് ആധാര്‍ രജിസ്‌ട്രേഷന്‍ എടുക്കുന്നത് നല്ലതാണ്.പ്രത്യേകിച്ച് വായ്പ സൗകര്യം ലഭിക്കാന്‍ ഇത് സഹായിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.