Sections

കുതിച്ച് ആമസോണ്‍; അരലക്ഷത്തിലേറെ തൊഴില്‍ അവസരങ്ങള്‍ തുറന്നു

Thursday, Sep 02, 2021
Reported By admin
amazon

വ്യാപാരം ഉയര്‍ന്നതോടെ പുതുതായി 55000 പുതിയ തൊഴില്‍ അവസരങ്ങളൊരുക്കുകയാണ് ആമസോണ്‍

 

കോവിഡ് കാലത്ത് ജനങ്ങള്‍ ഇടപാടുകള്‍ ഒക്കെ ഓണ്‍ലൈന്‍ വഴിയാക്കിയതോടെ ആമസോണ്‍ വലിയ കുതിപ്പിലേക്കാണ് മുന്നേറിയത്.വ്യാപാരം ഉയര്‍ന്നതോടെ പുതുതായി 55000 പുതിയ തൊഴില്‍ അവസരങ്ങളൊരുക്കുകയാണ് ഈ ഇ-കൊമേഴ്‌സ് ഭീമന്‍.

നിലവിലുള്ള ജീവനക്കാരെ ഉപയോഗിച്ച് നിലവിലെ സാഹചര്യത്തില്‍ മുന്നോട്ട് പോകാന്‍ പ്രയാസം നേരിടുന്ന അവസരത്തിലാണ് പുതുതായി അരലക്ഷത്തിലേറെ പേരെ നിയമിക്കാന്‍ ആമസോണ്‍ ലക്ഷ്യമിടുന്നത്.ലോകത്തെ എല്ലാ ആമസോണ്‍ സെന്ററുകളിലുമായി ജീവനക്കാരെ നിയമിക്കുമെന്ന് പുതിയ ചീഫ് എക്‌സിക്യൂട്ടിവ് ആന്‍ഡി ജാസി പറയുന്നു.

ചില്ലറ വ്യാപാരം,ഡിജിറ്റള്‍ അഡ്വര്‍ടൈസിംഗ്,ക്ലൗഡ് കമ്പ്വൂട്ടിംഗ് തുടങ്ങി ആമസോണ്‍ കൈകാര്യം ചെയ്യുന്ന മേഖലകളിലൊക്കെയും വലിയ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്.ഈ മേഖലകളില്‍ നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ തൊഴിലാളികള്‍ ആവശ്യമായി വരുന്നുണ്ട്. തൊഴില്‍ അവസരങ്ങളില്‍ ഏറെയും അമേരിക്കയില്‍ തന്നെയായിരിക്കും.ശേഷിച്ച വേക്കന്‍സികള്‍ ഇന്ത്യ,ജര്‍മ്മനി,യുകെ പോലുള്ള രാജ്യങ്ങളിലായിരിക്കും എന്നും ആമസോണില്‍ നിന്നുള്ള സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.നിലവില്‍ 275,000 ജീവനക്കാരുള്ള ആമസോണില്‍ ടെക്-കോര്‍പറേറ്റ് രംഗത്ത് ഇതോടെ 20 ശതമാനത്തിന്റെ അധിക വര്‍ധനവുണ്ടാകും.

കോര്‍പ്പറേറ്റ്,ടെക്‌നോളജി തലത്തിലാകും അരലക്ഷത്തിലേറെ ഉദ്യോഗാര്‍ത്ഥികളെ ആമസോണ്‍ നിയമിക്കുന്നത്.ആമസോണിന്റെ വാര്‍ഷിക തൊഴില്‍മേള സെപ്റ്റംബര്‍ 15ന് ആരംഭിക്കും.ഉദ്യോഗാര്‍ത്ഥികള്‍ക്ക് https://www.amazoncareerday.com എന്ന സൈറ്റിലൂടെ അപേക്ഷിക്കാവുന്നതാണ്.അമേരിക്കയിലെ ഏറ്റവു വലിയ രണ്ടാമത്തെ സ്വകാര്യ തൊഴില്‍ ദാതാവാണ് ആമസോണ്‍.2020ലും വലിയ രീതിയില്‍ നിയമനം നടത്തി ആമസോണ്‍ മാധ്യമശ്രദ്ധ നേടിയിരുന്നു.

2025ന് അകം നേരിട്ടും അല്ലാതെയുമായി 20 ലക്ഷം ജോലികള്‍ ഇന്ത്യയില്‍ സൃഷ്ടിക്കാന്‍ ആമസോണ്‍ ലക്ഷ്യമിടുന്നതായി ആമസോണ്‍ ഏഷ്യ പെസഫിക്ക്-മിഡില്‍ ഈസ്റ്റ് മേഖലകളിലെ കോര്‍പ്പറേറ്റ് എച്ച് ആര്‍ സ്ഥാനത്തുള്ള ദീപ്തി വര്‍മ്മ വെളിപ്പെടുത്തിയിരുന്നു.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.