Sections

ഹെൽമറ്റ് ധരിച്ചാൽ 1 കിലോ തക്കാളി; അടിപൊളി സമ്മാനവുമായി ട്രാഫിക് പൊലീസ്

Friday, Jun 30, 2023
Reported By admin
tomato

മെയ് മാസത്തിൽ കിലോയ്ക്ക് 3-5 രൂപയ്ക്ക് വരെ പലയിടങ്ങളിലും തക്കാളി ലഭിച്ചിരുന്നു


ഹെൽമറ്റ് ധരിച്ച് യാത്ര ചെയ്യുന്നവർക്ക് ഒരുകിലോ തക്കാളി സമ്മാനം. തമിഴ്‌നാട് തഞ്ചാവൂരിലാണ് ഹെൽമറ്റ് ബോധവൽക്കരണത്തിൻറെ ഭാഗമായി അടിപൊളി സമ്മാനം. ട്രാഫിക് ഇൻസ്‌പെക്ടർ രവിചന്ദ്രൻറെ വകയാണ് ഹെൽമറ്റ് ധരിക്കുന്നവർക്കുള്ള പ്രോത്സാഹന സമ്മാനം. തമിഴ്‌നാട്ടിൽ തക്കാളി വില ഉയർന്നുനിൽക്കുന്ന സാഹചര്യത്തിൽ കൂടിയാണ് നടപടി. 

രാജ്യത്ത് തക്കാളി വില കുതിച്ചുയരുകയാണ്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം  ഒറ്റ ദിവസംകൊണ്ട് ഒരു കിലോ തക്കാളിക്ക് 27 രൂപ മുതൽ 60 രൂപ വരെ വർധിച്ചിരുന്നു. ഇതോടെ തക്കാളിയുടെ മൊത്ത വില 45 രൂപയിൽ നിന്നും 107-110ലേക്ക് ഉയർന്നതിന് പിന്നാലെയായിരുന്നു ഇത്. ഒരാഴ്ച മുമ്പ് 40 രൂപ മുതൽ 60 രൂപയായിരുന്നു തക്കാളിയുടെ ചില്ലറവില. ഉയർന്ന താപനില, കുറഞ്ഞ ഉൽപ്പാദനം, മഴയിലുണ്ടായ കാലതാമസം  എന്നിവയാണ് ഉയർന്ന വിലയ്ക്ക് കാരണം. മെയ് മാസത്തിൽ കിലോയ്ക്ക് 3-5 രൂപയ്ക്ക് വരെ രാജ്യത്തിൻറെ പലയിടങ്ങളിലും തക്കാളി ലഭിച്ചിരുന്നു. 

ഹരിയാന, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും തക്കാളി ഉത്പാദനം കുറഞ്ഞിരുന്നു. ഇപ്പോൾ ബെംഗളുരുവിൽ നിന്നാണ് പല സംസ്ഥാനങ്ങൾക്കും തക്കാളി ലഭിക്കുന്നത്. കഴിഞ്ഞ മഴയിൽ നിലത്ത് പടർത്തിയിരുന്ന തക്കാളിച്ചെടികൾ നശിച്ചു. പകരം താങ്ങു കൊടുത്ത് ലംബമായി വളരുന്ന ചെടികൾ മാത്രം അതിജീവിച്ചു എന്ന് കർഷകർ പറയുന്നത്. 

തക്കാളിയുടെ വില മെയ് മാസത്തിൽ കുറഞ്ഞത് കർഷകർക്ക് കൃഷി ഉപേക്ഷിക്കാൻ മതിയായ ഘടകവുമായി മാറിയിരുന്നു. ഇതും മോശമായ ഉൽപാദനത്തിന് കാരണമായെന്നാണ് വിലയിരുത്തൽ. ഉദാഹരണത്തിന് വില ആദായകരമല്ലാത്തതിനാൽ കർഷകർ കീടനാശിനികൾ തളിക്കുകയോ വളങ്ങൾ ഉപയോഗിക്കുകയോ ചെയ്തില്ല. ഇത് കീടങ്ങളുടെയും രോഗത്തിൻറെയും വർദ്ധനവിന് കാരണമാവുകയും ഉത്പാദനം കുറയുകയും ചെയ്തു.  കഴിഞ്ഞ വർഷം ഉയർന്ന വില ലഭിച്ച പയർ കൃഷിയിലേക്ക് ഭൂരിഭാഗം കർഷകരും മാറിയതിനാൽ കഴിഞ്ഞ വർഷം തക്കാളിയുടെ വിത്ത് കുറവായിരുന്നുവെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.