Sections

ക്രിപ്‌റ്റോ പേയ്‌മെന്റ് നടത്തി ചായ കുടിക്കാം, വേറെയെവിടെയുമില്ല ഇന്ത്യയില്‍ തന്നെ; വൈറലായി യുവാവിന്റെ ചായക്കട

Monday, Oct 03, 2022
Reported By admin
viral

തന്റെ ബിസിഎ കോഴ്‌സ് ഡ്രോപ് ചെയ്തിട്ടാണ് ഈ സംരംഭവുമായി ഇദ്ദേഹം ഇറങ്ങിത്തിരിക്കുന്നത്


ക്രിപ്‌റ്റോ കറന്‍സിയെപ്പറ്റിയുള്ള ചര്‍ച്ച ലോകമെങ്ങും നടക്കുകയാണ്. ക്രിപ്‌റ്റോ കറന്‍സികള്‍ ആസ്തിയാണെന്നും, അല്ല നിയന്ത്രിക്കണമെന്നും, നിരോധിക്കണമെന്നുമൊക്കെയുള്ള വാദപ്രതിവാദങ്ങള്‍ ചൂടു പിടിക്കുന്നു. ഇതിനിടയില്‍ ഇതൊന്നും ബാധിക്കുന്നില്ല എന്ന മട്ടില്‍ ക്രിപ്‌റ്റോ കറന്‍സിയില്‍ ചെറിയ തോതിലാണെങ്കിലും പേയ്‌മെന്റ് സ്വീകരിക്കാന്‍ അനുമതി നല്‍കുന്ന രാജ്യങ്ങളെ കുറിച്ചും, കമ്പനികളെക്കുറിച്ചുമുള്ള വാര്‍ത്തകളും പുറത്തു വന്നിരുന്നു. ഇതൊക്കെ വിദേശ രാജ്യങ്ങളിലായിരുന്നു എങ്കില്‍ ഇപ്പോഴിതാ ഇന്ത്യയിലും ക്രിപ്‌റ്റോയിലൂടെ പണം സ്വീകരിക്കുന്നു. ബാംഗ്ലൂരിലെ ഒരു ചായക്കടയിലാണ് ക്രിപ്‌റ്റോ കറന്‍സിയിലൂടെയുള്ള പേയ്‌മെന്റ് സ്വീകരിക്കുന്നത്.

ഇന്ത്യയുടെ സ്റ്റാര്‍ട്ടപ് തലസ്ഥാനമായ ബാംഗ്ലൂരില്‍ ക്രിപ്‌റ്റോയിലൂടെ പേയ്‌മെന്റ് സ്വീകരിക്കാന്‍ ധൈര്യം കാണിക്കുന്ന ചെറുപ്പക്കാരന്‍ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമാണ്. 'ഫ്രസ്‌ട്രേറ്റഡ് ഡ്രോപൗട്ട് '(Frustrated dropout) എന്ന പേരില്‍ ശുഭം സൈനി എന്ന ചെറുപ്പക്കാരനാണ് ഷോപ്പ് നടത്തുന്നത്. തന്റെ ബിസിഎ കോഴ്‌സ് ഡ്രോപ് ചെയ്തിട്ടാണ് ഈ സംരംഭവുമായി ഇദ്ദേഹം ഇറങ്ങിത്തിരിക്കുന്നത്.

പരിസ്ഥിതി സൗഹാര്‍ദപരമായ പോട്ടുകളില്‍ തയ്യാറാക്കിയ ചായയാണ് കടയില്‍ നല്‍കുന്നത്. 'ഇവിടെ ക്രിപ്‌റ്റോ കറന്‍സി സ്വീകരിക്കും' ('ക്രിപ്‌റ്റോ കറന്‍സി അക്‌സപ്റ്റഡ് ഹിയര്‍') എന്ന ബോര്‍ഡും, ഒപ്പം ബിറ്റ് കോയിന്റെ ഒരു സിംബലും ഷോപ്പില്‍ കാണാം. ഇവിടെ ഒരു കപ്പ് ചായയ്ക്ക് 20 രൂപയാണ് വില. യുപിഐ പേയ്‌മെന്റിലൂടെ പണം നല്‍കാനുള്ള സൗകര്യവും ഇവിടെയുണ്ട്.

ഏതാനും മാസങ്ങള്‍ക്കു മുമ്പ് താന്‍ ഒന്നര ലക്ഷം രൂപ ക്രിപ്‌റ്റോ വിപണിയില്‍ നിക്ഷേപിച്ചിരുന്നു എന്ന് ഈ ചെറുപ്പക്കാരന്‍ പറയുന്നു. കുറഞ്ഞ മാസങ്ങള്‍ക്കുള്ളില്‍ തന്നെ തന്റെ പോര്‍ട്‌ഫോളിയോയില്‍ 1000 ശതമാനത്തോളം ഉയര്‍ച്ചയുണ്ടായി. ഒരു വിദ്യാര്‍ത്ഥിയായ സൈനിയെ അമ്പരപ്പിച്ചു കൊണ്ട് നിക്ഷേപം 30 ലക്ഷമായി വളര്‍ന്നു. താന്‍ ക്രിപ്‌റ്റോ ലോകത്തെ മറ്റൊരു രാകേഷ് ജുന്‍ജുന്‍വാല ആകുന്നത് സ്വപ്നം കണ്ടിരുന്നെന്ന് സൈനി തുറന്നു സമ്മതിക്കുന്നു.

എന്നാല്‍ 2019 ല്‍ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു. ക്രിപ്‌റ്റോ വിപണി തകര്‍ന്നതോടെ, തുടങ്ങിയ 1 ലക്ഷം രൂപയിലേക്കു തന്നെ സൈനിയുടെ പോര്‍ട്‌ഫോളിയോ തിരിച്ചെത്തി. ഒരു രാത്രി കൊണ്ടാണ് കാര്യങ്ങളെല്ലാം മാറിയത്. സൈനിയുടെ ചായക്കട എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഏതു രീതിയിലാണ് ക്രിപ്‌റ്റോ കറന്‍സി സ്വീകരിക്കുന്നത് ? ഏതൊക്കെ കോയിനുകള്‍ സ്വീകരിക്കും ? എങ്ങനെ എക്‌സ്‌ചേഞ്ച് നിരക്ക് നിശ്ചയിക്കും തുടങ്ങി നിരവധി ചോദ്യങ്ങള്‍ ആളുകള്‍ ഉന്നയിക്കുന്നു. ബിസിനസ് വര്‍ധിപ്പിക്കാനുള്ള വെറും ഐഡിയ മാത്രമാണിതെന്ന് വിമര്‍ശനങ്ങളുമുണ്ട്. ഉദ്ദേശമെമെന്തായാലും ക്രിപ്‌റ്റോ വിപണിയെ ചൂടാറാത്ത ചായ പോലെ സൂക്ഷിക്കുന്നതില്‍ ഈ ഡ്രോപ് ഔട്ടിന്റെ ചായക്കടയ്ക്കും ഒരു പങ്കുണ്ടെന്നു പറയാം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.