- Trending Now:
കൊച്ചി: രാജ്യത്തെ പ്രമുഖ പ്രൈവറ്റ് ക്രെഡിറ്റ് അസറ്റ് മാനേജർമാരായ വിവൃതി അസറ്റ് മാനേജ്മെന്റ് വിന്റേജ് II ഫണ്ടുകളിൽ നിന്നുള്ള വിജയകരമായ പിന്മാറ്റം പ്രഖ്യാപിച്ചു. മൂന്ന് പെർഫോമിംഗ് ക്രെഡിറ്റ് സ്കീമുകൾ ഉൾപ്പെടുന്ന ഈ ഫണ്ടുകൾ നിശ്ചിത കാലാവധിക്കുള്ളിൽ തന്നെ അവയുടെ ലക്ഷ്യങ്ങൾ പൂർത്തീകരിച്ചുകൊണ്ടാണ് എക്സിറ്റ് പൂർത്തിയാക്കിയത്.
ഇതോടെ മൂലധനവും വരുമാനവുമായി 3,400 കോടിയിലധികം രൂപയാണ് രണ്ട് വിന്റേജ് ഫണ്ടുകളിലൂടെ വിവൃതി അസറ്റ് മാനേജ്മെന്റ് നിക്ഷേപകർക്ക് തിരികെ നൽകിയത്. വ്യത്യസ്തമായ വാണിജ്യ സാഹചര്യങ്ങൾ, പോളിസി നിരക്കുകൾ, പണലഭ്യത, ഭൗമരാഷ്ട്രീയ പശ്ചാത്തലം എന്നിവ ഉൾപ്പെടുന്ന കാലയളവിലൂടെയാണ് ഈ ഫണ്ടുകൾ കടന്നുപോയത്.
2022-ന്റെ തുടക്കത്തിൽ അവതരിപ്പിച്ച വിന്റേജ് II ഫണ്ടുകൾ മുഴുവൻ മൂലധനവും സമാഹരിച്ച ശേഷം 2023 സെപ്റ്റംബറിലാണ് ഫൈനൽ ക്ലോസ് പ്രഖ്യാപിച്ചത്. ഇൻഷുറൻസ് കമ്പനികൾ, എഐഎഫ്ഐകൾ തുടങ്ങിയ സ്ഥാപനങ്ങളും ഫാമിലി ഓഫീസുകൾ, എച്ച്എൻഐകൾ തുടങ്ങിയ സ്വകാര്യ നിക്ഷേപകരും ഇതിൽ ഉൾപ്പെടുന്നു. ഈ വിന്റേജുകളിലുടനീളം മിതമായതും യാഥാസ്ഥിതികവുമായ റിസ്ക് പ്രൊഫൈലുകളുള്ള സ്കീമുകളാണ് വിവൃതി വാഗ്ദാനം ചെയ്തത്.
വിന്റേജ് II ഫണ്ടുകളിലൂടെ നിക്ഷേപകരിൽ നിന്ന് 1,700 കോടി രൂപ സമാഹരിച്ച കമ്പനി ഈ ഫണ്ടുകളുടെ കാലയളവിൽ 45-ലധികം പോർട്ട്ഫോളിയോ കമ്പനികളിലായി 3,500 കോടിയിലധികം രൂപ നിക്ഷേപിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസനം, ഹരിതോർജ്ജം, ഉൽപ്പാദനം, സേവന മേഖലകൾ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന ബിസിനസുകളിലാണ് നിക്ഷേപം നടത്തിയത്.
വിന്റേജ് II ഫണ്ടുകൾ വഴി മൊത്തം 2,260 കോടിയിലധികം രൂപയാണ് മൂലധനമായും വരുമാനമായും നിക്ഷേപകർക്ക് തിരികെ നൽകിയത്. ഇതിലെ മിതമായ സ്കീമുകൾ ഏകദേശം 15 ശതമാനം ഗ്രോസ് ഐആർആർ നൽകിയപ്പോൾ, 'എ' കാറ്റഗറിയിലുള്ള പോർട്ട്ഫോളിയോ കമ്പനികളിൽ മാത്രം നിക്ഷേപിക്കുന്ന കൺസർവേറ്റീവ് സ്കീമുകൾ ഏകദേശം 12 ശതമാനം ഗ്രോസ് ഐആർആർ ആണ് നൽകിയത്. ഫീസും മറ്റ് ചിലവുകളും കിഴിച്ചുള്ള മൊത്തം വരുമാനം മിതമായ സ്കീമുകൾക്ക് ഏകദേശം 13 ശതമാനവും കൺസർവേറ്റീവ് സ്കീമുകൾക്ക് ഏകദേശം 10.5 ശതമാനവുമാണ്.
പരമ്പരാഗത ബാങ്ക് വായ്പകൾക്കും ഇക്വിറ്റി മൂലധനത്തിനും ഇടയിലുള്ള സാമ്പത്തിക ആവശ്യങ്ങളാണ് പ്രൈവറ്റ് ക്രെഡിറ്റ് കൂടുതലായും നിറവേറ്റുന്നതെന്ന് വിവൃതി അസറ്റ് മാനേജ്മെന്റ് സ്ഥാപകനും എംഡിയുമായ വിനീത് സുകുമാർ പറഞ്ഞു. അടിസ്ഥാനപരമായി മികച്ചതും പണമൊഴുക്കുള്ളതുമായ പല ബിസിനസുകൾക്കും പരമ്പരാഗത വായ്പകളേക്കാൾ കൂടുതൽ വഴക്കമുള്ള മൂലധനം ആവശ്യമാണ്. ശക്തമായ പണമൊഴുക്കിലൂടെ മികച്ച വരുമാനം ഉറപ്പാക്കുന്നതിനൊപ്പം, കൃത്യമായ സുരക്ഷയും വിവിധ മേഖലകളിലെ നിക്ഷേപ വൈവിധ്യവൽക്കരണവും വഴി നഷ്ടസാധ്യത കുറയ്ക്കാനും സാധിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ 7 വർഷത്തിനിടെ രണ്ട് വിന്റേജ് ഫണ്ടുകളിലായി 3,400 കോടി രൂപ നിക്ഷേപകർക്ക് തിരികെ നൽകിയതിലൂടെ സ്ഥിരമായ വരുമാനവും കുറഞ്ഞ ചാഞ്ചാട്ടവുമുള്ള സുരക്ഷിതത്വം നൽകാനായി എന്ന് ഈ ഫണ്ടുകൾ തെളിയിക്കുന്നുവെന്ന് വിവൃതി അസറ്റ് മാനേജ്മെന്റ് ചീഫ് ഇൻവെസ്റ്റ്മെന്റ് ഓഫീസർ സൗമേന്ദ്ര ഘോഷ് പറഞ്ഞു. അനുയോജ്യമായ മൂലധന പരിഹാരങ്ങളിലൂടെ നിക്ഷേപം സ്വീകരിച്ച കമ്പനികളുടെ ബിസിനസ്സ് പ്രശ്നങ്ങൾ പരിഹരിക്കാനും ഇതിലൂടെ കഴിഞ്ഞുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.