- Trending Now:
തിരുവനന്തപുരം: നേമം ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിക്കുന്ന നാലാമത് ലെൻസ് (ലേൺ എംപവർ നേമം ഫോർ സയൻസ്) ബാലശാസ്ത്ര കോൺഗ്രസിന് ബ്രിക്-രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജി (ബ്രിക്-ആർജിസിബി) യിൽ തുടക്കമായി.
വിദ്യാർഥികളിൽ ശാസ്ത്രബോധവും ശാസ്ത്രീയ സമീപനവും വളർത്തുന്നതിനായി നടത്തുന്ന പരിപാടി ആർജിസിബി ഡയറക്ടർ ഡോ. ബീന പിള്ള ഉദ്ഘാടനം ചെയ്തു. നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.ഷൺമുഖം അധ്യക്ഷത വഹിച്ചു.
എൽപി, യുപി, ഹൈസ്കൂൾ വിദ്യാർഥികൾക്കായി സ്കൂൾ, പഞ്ചായത്ത്, ബ്ലോക്ക് തലങ്ങളിലായായിട്ടാണ് ലെൻസ് സംഘടിപ്പിക്കുന്നത്. ബ്ലോക്ക് തല ബാലശാസ്ത്ര കോൺഗ്രസ് ജില്ലയിലെ ഒരു ഗവേഷണ കേന്ദ്രവുമായി സഹകരിച്ച് രണ്ടുദിവസമായിട്ടാണ് നടത്തുന്നത്. ഇത്തവണ ആർജിസിബി വേദിയാകുന്ന നാലാമത് ലെൻസിൽ 115 കുട്ടികളാണ് പങ്കെടുക്കുന്നത്.
പരിപാടിയുടെ ആദ്യ ദിവസം ആർജിസിബിയിലെ ശാസ്ത്രജ്ഞരുടെ മേൽനോട്ടത്തിൽ വിദ്യാർഥികൾ വിവിധ ലാബുകളിൽ ഗവേഷണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. ഇന്ന് (ശനിയാഴ്ച) കുട്ടികളുടെ ഗവേഷണ പ്രബന്ധം വേദിയിൽ അവതരിപ്പിക്കും.
സ്കൂൾ വിദ്യാർഥികളിൽ ജിജ്ഞാസയും ശാസ്ത്രകൗതുകവും വളർത്തുന്ന 11 ഗവേഷണ വിഷയങ്ങളാണ് ആർജിസിബി ശാസ്ത്രഞ്ജർ ഒരുക്കിയിരിക്കുന്നത്. ശാസ്ത്രത്തെ പുസ്തകങ്ങളിൽ മാത്രം വായിച്ചറിയുന്നതിനു പകരം ചോദ്യങ്ങൾ ചോദിച്ചും നിരീക്ഷിച്ചും പരീക്ഷിച്ചും മനസ്സിലാക്കാനുള്ള അവസരമാണിത്. മണ്ണിരയ്ക്ക് കണ്ണുണ്ടോ, പഴങ്ങളിൽ ഡിഎൻഎ ഉണ്ടോ, സൂക്ഷ്മജീവികൾ വാതകം ഉണ്ടാക്കുമോ തുടങ്ങിയ ചോദ്യങ്ങളിലൂടെ കുട്ടികൾ ശാസ്ത്രീയ ചിന്തയുടെ ആദ്യപടികൾ അഭ്യസിക്കുന്നു.
ഭക്ഷണപാനീയങ്ങൾ പല്ലുകളെയും ദഹനത്തെയും എങ്ങനെ ബാധിക്കുന്നു, സാധാരണ പാൻക്രിയാസ് കോശങ്ങളും കാൻസർ കോശങ്ങളും തമ്മിൽ എന്താണ് വ്യത്യാസം, ഡിഎൻഎയും പ്രോട്ടീനുകളും ജീവലോകത്തിൽ വഹിക്കുന്ന പങ്കെന്താണ് തുടങ്ങിയ വിഷയങ്ങൾ ശാസ്ത്രത്തെ ദൈനംദിന ജീവിതത്തോടും ആരോഗ്യത്തോടും ബന്ധിപ്പിക്കുന്നു. സൂക്ഷ്മജീവികൾ, പ്ലാസ്മിഡ് ഡിഎൻഎ, അഗറോസ് ജെൽ ഇലക്ട്രോഫോറസിസ് തുടങ്ങിയ വിഷയങ്ങളിലൂടെയുള്ള പഠനം വിദ്യാർഥികൾക്ക് ആധുനിക ജീവശാസ്ത്രത്തെയും ഗവേഷണരീതികളെയും അടുത്തറിയാൻ സഹായിക്കും.
പ്രഗത്ഭരായ ശാസ്ത്രജ്ഞരുടെ മാർഗനിർദേശത്തിൽ ഇത്തരം പദ്ധതികൾ ചെയ്യുന്നത് വിദ്യാർഥികൾക്ക് പരീക്ഷണങ്ങൾ ഉത്തരവാദിത്തത്തോടെയും സുരക്ഷിതമായും നടത്താൻ അവസരമൊരുക്കും.
മുൻവർഷങ്ങളിൽ വെള്ളായണി കാർഷിക സർവകലാശല, സിഎസ്ഐആർ-എൻഐഐഎസ്ടി, പാലോട് ജിഎൻടിബിജിആർഐ എന്നിവിടങ്ങളിലാണ് ലെൻസ് ബാലശാസ്ത്ര കോൺഗ്രസ് നടന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.