- Trending Now:
കൊച്ചി: ആധുനിക വീടുകളിൽ സാങ്കേതികവിദ്യ അധിഷ്ഠിത സുരക്ഷാ സംവിധാനങ്ങൾ ആഡംബരമല്ല, മറിച്ച് അനിവാര്യതയാണെന്ന് 90 ശതമാനം നഗരവാസികളും കരുതുന്നതായി പഠന റിപ്പോർട്ട്. ഹൻസ റിസർച്ച് നടത്തിയ 'സെക്യൂർ ബൈ ഡിസൈൻ സ്റ്റഡി 2026' ആണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.
ഹോം സേഫ്റ്റി മാസത്തോടനുബന്ധിച്ച്, വീടുകളുടെ ആസൂത്രണം, രൂപകൽപ്പന, കൈമാറ്റം എന്നിവയ്ക്കൊപ്പം തന്നെ സുരക്ഷാ സംവിധാനങ്ങളും ഉൾപ്പെടുത്തണമെന്ന് ഗോദ്റെജ് എന്റർപ്രൈസസ് ഗ്രൂപ്പിന്റെ സെക്യൂരിറ്റി സൊല്യൂഷൻസ് വിഭാഗം ബിൽഡർമാരോടും ആർക്കിടെക്റ്റുകളോടും ഡിസൈനർമാരോടും ആവശ്യപ്പെട്ടു.
വീട് കൈമാറ്റം ചെയ്ത ശേഷമല്ല, മറിച്ച് വീട് നിർമ്മിക്കുന്ന ഘട്ടത്തിലും രൂപകൽപ്പന ചെയ്യുന്ന സമയത്തും തന്നെ സുരക്ഷാ ആവശ്യങ്ങൾ വിലയിരുത്തണമെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. വീട് വാങ്ങുന്നതിനോ താമസം മാറുന്നതിനോ മുൻപ് തന്നെ ഉപഭോക്താക്കൾ സുരക്ഷയെക്കുറിച്ച് കൃത്യമായി ചിന്തിക്കണമെന്നും കമ്പനി നിർദ്ദേശിക്കുന്നു. എല്ലാ വർഷവും നവംബർ 15ന് ആചരിക്കുന്ന 'ഹോം സേഫ്റ്റി ഡേ'യുടെ തുടർച്ചയായാണ് ഇത്തവണ ഹോം സേഫ്റ്റി മാസമായി ആചരിച്ച് ഭാവിയിലെ വീടുകളിലേക്കും ഈ ആശയം വ്യാപിപ്പിക്കുന്നത്.
പഠനപ്രകാരം, വീടുകളിൽ സുരക്ഷാബോധം കുറവാണെന്ന് 13 ശതമാനം പേർ അഭിപ്രായപ്പെട്ടപ്പോൾ, 7 ശതമാനം പേർ ഇതുസംബന്ധിച്ച് ഉറപ്പില്ലാത്തവരാണെന്ന് വ്യക്തമാക്കി. കുടുംബാംഗങ്ങൾ വീട്ടിലില്ലാത്ത സമയത്ത് മോഷണം നടക്കുമോ എന്ന ആശങ്ക 65 ശതമാനം പേർ പങ്കുവച്ചപ്പോൾ, കുട്ടികൾ വീട്ടിൽ തനിച്ചായിരിക്കുന്ന സമയത്തെ സുരക്ഷയെക്കുറിച്ച് 60 ശതമാനം പേർ ആശങ്ക പ്രകടിപ്പിച്ചു. അതേസമയം, സുരക്ഷയ്ക്കായി സാങ്കേതികവിദ്യ ഉപയോഗിക്കാൻ 52 ശതമാനം പേർ കൂടുതൽ സന്നദ്ധത കാണിക്കുന്നതായും പഠനം പറയുന്നു.
ഉപഭോക്താക്കളുടെ ആവശ്യങ്ങളിൽ വ്യക്തമായ മാറ്റമാണ് ഈ പഠനം കാണിക്കുന്നതെന്ന് ഗോദ്റെജ് എന്റർപ്രൈസസ് ഗ്രൂപ്പ് സെക്യൂരിറ്റി സൊല്യൂഷൻസ് ബിസിനസ് ഹെഡ് പുഷ്കർ ഗോഖലെ പറഞ്ഞു. സുരക്ഷയെ ഒരു ചെലവായിട്ടല്ല, മറിച്ച് സൗകര്യവും കരുത്തുമായി കാണണമെന്നും, കെട്ടിടത്തിന്റെ പ്രവേശന കവാടം മുതൽ വീടിന്റെ അകത്തളം വരെ പൂർണ്ണമായ സുരക്ഷ ഉറപ്പാക്കുന്ന സമീപനമാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ബിൽഡർമാരും വീട്ടുടമകളും മുൻകൂട്ടി സുരക്ഷാ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ ഇന്നത്തെ കുടുംബജീവിതത്തിന് കൂടുതൽ അനുയോജ്യമായ സ്മാർട്ട് വീടുകൾ നിർമ്മിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡൽഹി എൻ.സി.ആർ, മുംബൈ, പൂനെ, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നീ ആറ് മെട്രോ നഗരങ്ങളിലെ 25 മുതൽ 55 വയസ്സുവരെയുള്ള 1,543 പേരിലാണ് ഹൻസ റിസർച്ച് ഈ പഠനം നടത്തിയത്. ഇന്ത്യയിലെ പ്രമുഖ സുരക്ഷാ പരിഹാര നിർമ്മാതാക്കളായ ഗോദ്റെജ് എന്റർപ്രൈസസ് ഗ്രൂപ്പിന്റെ സെക്യൂരിറ്റി സൊല്യൂഷൻസ് വിഭാഗം അറുപതിലധികം രാജ്യങ്ങളിലേക്ക് ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.