Sections

ഹോട്ടൽ ബുക്കിംഗ് സംവിധാനങ്ങൾ വഴി രാജ്യവ്യാപകമായി സൈബർ തട്ടിപ്പ്; സഞ്ചാരികൾക്കും വ്യവസായ മേഖലയ്ക്കും ജാഗ്രതാ നിർദ്ദേശവുമായി കെടിഎം സൊസൈറ്റി

Saturday, Nov 28, 2026
Reported By Admin
KTM Society Warns of Online Hotel Booking Scams

കൊച്ചി: രാജ്യവ്യാപകമായി വിവിധ ബുക്കിംഗ് വെബ് സൈറ്റ്സംവിധാനങ്ങളിൽ നുഴഞ്ഞുകയറി സഞ്ചാരികളിൽ നിന്നും ടൂർ ഓപ്പറേറ്റർമാരിൽ നിന്നും പണം തട്ടുന്ന സംഘങ്ങൾ സജീവമായ സാഹചര്യത്തിൽ കർശന ജാഗ്രതാ നിർദ്ദേശവുമായി കേരള ട്രാവൽ മാർട്ട് (കെടിഎം) സൊസൈറ്റി.

ഹാക്ക് ചെയ്യപ്പെട്ട ബുക്കിംഗ് പ്ലാറ്റ്ഫോമുകൾ വഴി അതിഥികൾക്ക് വ്യാജ സന്ദേശങ്ങളും ഇ-മെയിലുകളും ഫോൺ കോളുകളും അയച്ച്, അഡ്വാൻസ് തുകയോ മറ്റ് പേയ്മെന്റുകളോ പുതിയ ബാങ്ക് അക്കൗണ്ടുകളിലേക്കോ യുപിഐ ഐഡികളിലേക്കോ കൈമാറാൻ ആവശ്യപ്പെട്ടാണ് തട്ടിപ്പ് നടത്തുന്നത്.

ഇത്തരം സൈബർ തട്ടിപ്പുകൾ സഞ്ചാരികൾക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതിനൊപ്പം സുരക്ഷിത വിനോദസഞ്ചാര കേന്ദ്രമെന്ന കേരളത്തിന്റെ സൽപ്പേരിനും ടൂറിസം മേഖലയുടെ വിശ്വാസ്യതയ്ക്കും കനത്ത ആഘാതമാണ് ഏൽപ്പിക്കുന്നത്. അതിനാൽ, ഹോട്ടൽ ബുക്കിംഗുമായി ബന്ധപ്പെട്ട് ഏതെങ്കിലും പുതിയ ബാങ്ക് അക്കൗണ്ടുകളിലേക്കോ പേയ്മെന്റ് ലിങ്കുകളിലേക്കോ പണം കൈമാറുന്നതിന് മുൻപ് ബന്ധപ്പെട്ട ഹോട്ടലിന്റെയോ റിസോർട്ടിന്റെയോ ഔദ്യോഗിക ഫോൺ നമ്പറിൽ നേരിട്ട് വിളിച്ച് വിവരങ്ങൾ ഉറപ്പുവരുത്തണമെന്ന് പൊതുജനങ്ങളോടും ടൂർ ഓപ്പറേറ്റർമാരോടും കെടിഎം സൊസൈറ്റി അഭ്യർത്ഥിച്ചു.

സംസ്ഥാനത്തെ ഹോട്ടൽ, റിസോർട്ട് ഉടമകളും കെടിഎം അംഗങ്ങളും തങ്ങളുടെ ബുക്കിംഗ് എഞ്ചിനുകൾ, ഔദ്യോഗിക ഇ-മെയിൽ ഐഡികൾ, സോഷ്യൽ മീഡിയ പേജുകൾ എന്നിവയിൽ അസ്വാഭാവികമായ ഇടപെടലുകൾ നടന്നിട്ടുണ്ടോ എന്ന് അടിയന്തരമായി പരിശോധിക്കണം. എല്ലാ അഡ്മിൻ അക്കൗണ്ടുകളുടെയും പാസ്വേഡുകൾ ഉടനടി മാറ്റുകയും സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി ടു-ഫാക്ടർ ഓതന്റിക്കേഷൻ നിർബന്ധമായും പ്രവർത്തനക്ഷമമാക്കുകയും വേണം. തട്ടിപ്പിനിരയാകാതിരിക്കാൻ അതിഥികൾക്ക് മുൻകൂട്ടി ജാഗ്രതാ നിർദ്ദേശം നൽകാനും സ്ഥാപനങ്ങൾ ശ്രദ്ധിക്കണം.

ബുക്കിംഗ് സംവിധാനങ്ങളിലെ നുഴഞ്ഞുകയറ്റമോ സമാനമായ സൈബർ തട്ടിപ്പുകളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ സൈബർ സെല്ലിലും പോലീസിലും പരാതി നൽകുകയും വിവരം കെടിഎം സൊസൈറ്റിയെ അറിയിക്കുകയും വേണം. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് തട്ടിപ്പ് തടയുന്നതിനായി സംസ്ഥാന ടൂറിസം വകുപ്പുമായും സൈബർ ക്രൈം വിഭാഗവുമായും സുരക്ഷാ ഏജൻസികളുമായും ചേർന്ന് അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും കെടിഎം സൊസൈറ്റി അറിയിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.