Sections

രാജ്യത്തെ സംരംഭകത്വ ട്രെയിൻ യാത്രയായ ജാഗൃതി യാത്ര 2026-ന് കേരള സ്റ്റാർട്ടപ്പ് മിഷനിൽ സ്വീകരണം നൽകി

Friday, Nov 27, 2026
Reported By Admin
Jagriti Yatra 2026 Reaches Kochi to Promote Entrepreneurship

കൊച്ചി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവസംരംഭകരെയും നൂതന ആശയ ദാതാക്കളെയും ഒരുമിപ്പിക്കുന്ന സംരംഭകത്വ ട്രെയിൻ യാത്രയായ ജാഗൃതി യാത്ര 2026 കൊച്ചിയിലെത്തി. നൂതനാശയങ്ങൾ, സാങ്കേതികവിദ്യയിലധിഷ്ഠിതമായ സംരംഭകത്വം, ഇൻകുബേഷൻ, സംരംഭക വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള 15 ദിവസം നീണ്ടുനിൽക്കുന്ന രാജ്യവ്യാപക പര്യടനത്തിന്റെ ഭാഗമായാണ് സംഘം കൊച്ചിയിലെത്തിയത്.

കളമശ്ശേരിയിലെ കേരള സ്റ്റാർട്ടപ്പ് മിഷനിൽ (കെഎസ് യുഎം) യാത്രാംഗങ്ങൾക്ക് സ്വീകരണം നൽകി. സ്റ്റാർട്ടപ്പ് മേഖലയിൽ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് മനസ്സിലാക്കാൻ ഈ സന്ദർശനം അവസരമൊരുക്കി. മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡ് സിഇഒ ഷാജി വർഗീസ്, ജാഗൃതി വൈസ് ചെയർമാൻ അശ്വിൻ നായിക് എന്നിവർ യാത്രാംഗങ്ങളെ അഭിസംബോധന ചെയ്തു.

വളർന്നുവരുന്ന സംരംഭകരെ പരിപോഷിപ്പിക്കുകയും അവർക്ക് സ്വന്തം സംരംഭങ്ങൾ കെട്ടിപ്പടുക്കുന്നതിനാവശ്യമായ പിന്തുണ നൽകുകയുമാണ് ലക്ഷ്യമെന്ന് അനൂപ് അംബിക പറഞ്ഞു. സംരംഭകത്വത്തിലേക്ക് കടന്നുവരാൻ യുവാക്കളെ പ്രേരിപ്പിക്കുന്നതിൽ സ്ഥാപനങ്ങളുടെ പിന്തുണയും പ്രോത്സാഹനവും നിർണ്ണായക പങ്കുവഹിക്കുന്നുണ്ട്. ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളും പിന്തുണയും ലഭിക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നത് സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയുടെ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.

സമൂഹത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന സംരംഭങ്ങൾ രൂപപ്പെടുത്താൻ കേരളത്തിന് എപ്പോഴും സാധിച്ചിട്ടുണ്ടെന്ന് ഷാജി വർഗീസ് പറഞ്ഞു.കെഎസ് യുഎം പോലുള്ള വേദികൾ സാധ്യതകളെ അവസരങ്ങളാക്കി മാറ്റാൻ സഹായിക്കുന്നു. കേവലം ബിസിനസ്സുകൾ തുടങ്ങുക എന്നതിലുപരി തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും സമൂഹത്തിന് സംഭാവനകൾ നൽകുകയുമാണ് സംരംഭകത്വം. ജാഗൃതി യാത്രയിലൂടെ ഇതിന്റെ സാധ്യതകൾ മനസ്സിലാക്കാൻ അവർക്ക് അവസരം നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'സംരംഭകത്വത്തിലൂടെ ഇന്ത്യയെ കെട്ടിപ്പടുക്കുക' എന്ന പ്രമേയത്തിലുള്ള ജാഗൃതി യാത്രയിലെ സുപ്രധാന അധ്യായമാണ് കൊച്ചിയെന്ന് ജാഗൃതി വൈസ് ചെയർമാൻ അശ്വിൻ നായിക് പറഞ്ഞു. ശക്തമായ സംവിധാനത്തിന് എങ്ങനെ നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കാനും ആശയങ്ങളെ അർത്ഥവത്തായ സംരംഭങ്ങളാക്കി മാറ്റാനും കഴിയുമെന്ന് കെഎസ് യുഎം പോലുള്ള സ്ഥാപനങ്ങളുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സംരംഭകത്വ ആവാസവ്യവസ്ഥ തെളിയിക്കുന്നു. ഇവിടുത്തെ ആശയവിനിമയങ്ങൾ യാത്രികർക്ക് സ്വന്തം സ്ഥലങ്ങളിൽ സംരംഭങ്ങൾ ആരംഭിക്കാനുള്ള ആശയങ്ങളും കാഴ്ചപ്പാടുകളും ആത്മവിശ്വാസവും നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ചടങ്ങിന്റെ ഭാഗമായി ഗ്രീൻ വേംസിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അവതരണവും ഗ്രീൻ വേംസ് സ്ഥാപകനും സിഇഒയുമായ ജാബിർ കാരാട്ടുമായുള്ള ആശയവിനിമയവും നടന്നു. ജെഇഎം (JEM) ലോഞ്ചും മാധ്യമങ്ങളുമായുള്ള സംവാദവും ഇതോടൊപ്പം സംഘടിപ്പിച്ചു. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (എംഎസ്എംഇ) വികസനം, സംരംഭകത്വം, സാമ്പത്തിക പരിഹാരങ്ങൾ എന്നിവയെക്കുറിച്ച് മുത്തൂറ്റ് ഫിൻകോർപ്പ് പ്രത്യേക സെഷനും നടത്തി. ജാഗൃതി എക്സ്പ്രസിലേക്ക് മടങ്ങുന്നതിന് മുൻപ് യാത്രികർ ക്യാമ്പസ് സന്ദർശിക്കുകയും കലാപരിപാടികളിൽ പങ്കെടുക്കുകയും ചെയ്തു.

15 ദിവസം കൊണ്ട് 12 കേന്ദ്രങ്ങളിലൂടെ 8,000 കിലോമീറ്റർ സഞ്ചരിക്കുന്ന ജാഗൃതി യാത്രയുടെ 2026 പതിപ്പിൽ 525 യുവയാത്രികരാണ് പങ്കെടുക്കുന്നത്. 2008-ൽ ആരംഭിച്ച ജാഗൃതി യാത്ര രണ്ടാം നിര, മൂന്നാം നിര നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതുവരെ ഇന്ത്യയിൽ നിന്നും മറ്റ് 23 രാജ്യങ്ങളിൽ നിന്നുമുള്ള 9,500-ലധികം യുവാക്കളിലേക്ക് എത്തിച്ചേരാൻ ജാഗൃതി യാത്രയ്ക്ക് സാധിച്ചിട്ടുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.