Sections

വിജയ് മല്ല്യക്ക് തിരിച്ചടി, കോടതിയലക്ഷ്യ കേസിലെ പണം ഉടന്‍ തിരികെ നല്‍കണം

Monday, Jul 11, 2022
Reported By admin
The court sentenced Mallya in the contempt case

2017ലെ കോടതിയലക്ഷ്യ കേസില്‍ വിജയ് മല്ല്യ കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു


കോടതിയലക്ഷ്യ കേസില്‍  മദ്യ രാജാവ്, വിജയ് മല്ല്യയെ 4 മാസം തടവിന് ശിക്ഷിച്ച് സുപ്രീംകോടതി. കോടതിയില്‍ ഹാജരാകാത്ത വിജയ് മല്ല്യയുടെ നിലപാടില്‍ അമര്‍ഷം രേഖപ്പെടുത്തിയ കോടതി, 2,000 രൂപ പിഴയൊടുക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കില്‍ 2 മാസത്തെ തടവ് കൂടി മല്ല്യ അനുവഭിക്കേണ്ടി വരുമെന്ന് കോടതി ചൂണ്ടിക്കാട്ടി. 2017ലെ കോടതിയലക്ഷ്യ കേസില്‍ വിജയ് മല്ല്യ കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. 

കോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ട് 2016ല്‍ നാടുവിട്ട വിജയ് മല്ല്യ 2017ലാണ് മകളുടെ അക്കൗണ്ടിലേക്ക് 40 ദശലക്ഷം ഡോളര്‍ കൈമാറിയത്. വിദേശ കമ്പനിയായ ഡിയാജിയോയില്‍ നിന്നും സ്വീകരിച്ച പണമാണ് മല്ല്യ മകന്റെയും മകളുടെയും അക്കൗണ്ടിലേക്ക് വകമാറ്റിയത്. 

കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവ് നിലനില്‍ക്കേ നടത്തിയ ഇടപാടിനെതിരെ കോടതിയലക്ഷ്യ നടപടിയാവശ്യപ്പെട്ട് എസ്ബിഐ അടക്കമുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് സുപ്രീം കോടതിയെ സമീപിച്ചത്. വിചാരണ വേളയില്‍ ഒരിക്കല്‍പോലും ഹാജരാകാതിരുന്ന വിജയ് മല്യ കുറ്റക്കാരനെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ കോടതി കണ്ടെത്തിയിരുന്നു.

പിഴതുക അടച്ചില്ലെങ്കില്‍ രണ്ട് മാസംകൂടി തടവ് ശിക്ഷ അനുഭവിക്കണം. കൈമാറിയ പണം 8 ശതമാനം പലിശയും ചേര്‍ത്ത് നാലാഴ്ചയ്ക്കകം തിരികെ നിക്ഷേപിക്കണം. ഇല്ലെങ്കില്‍ സ്വത്തു കണ്ടുകെട്ടുന്ന നടപടികളിലേക്ക് അധികൃതര്‍ക്ക് കടക്കാമെന്നും കോടതി നിര്‍ദേശിച്ചു. 2016 മുതല്‍ ബ്രിട്ടനില്‍ തുടരുന്ന വിജയ് മല്യയെ ഇന്ത്യയിലേക്ക് നാടുകടത്താന്‍ അനുമതിയുണ്ടെന്നും, ബ്രിട്ടന്റെ ചില രഹസ്യ നടപടികള്‍കൂടി അവശേഷിക്കുന്നുണ്ടെന്നും  കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു. 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.