Sections

കേരളത്തിന്റെ സമ്പദ്ഘടന മെച്ചപ്പെടുത്താനും ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താനും സഹകരണ പ്രസ്ഥാനങ്ങൾ വഹിച്ച പങ്ക് നിർണായകമാണെന്ന് സ്പീക്കർ എ.എൻ ഷംസീർ

Friday, Jun 02, 2023
Reported By Admin
Vengola SCB

വെങ്ങോല സർവീസ് സഹകരണ ബാങ്ക് സൂപ്പർ ഗ്രേഡ് ബാങ്കായി ഉയർത്തുന്നതിന്റെ പ്രഖ്യാപനവും ബാങ്ക് പോഞ്ഞാശ്ശേരിയിൽ ആരംഭിക്കുന്ന സൂപ്പർ മാർക്കറ്റിന്റെ ഉദ്ഘാടനവും സ്പീക്കർ എ.എൻ ഷംസീർ നിർവഹിച്ചു


കേരളത്തിന്റെ സമ്പദ്ഘടന മെച്ചപ്പെടുത്താനും ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താനും സഹകരണ പ്രസ്ഥാനങ്ങൾ വഹിച്ച പങ്ക് നിർണായകമാണെന്ന് നിയമസഭ സ്പീക്കർ എ.എൻ ഷംസീർ പറഞ്ഞു. വെങ്ങോല സർവീസ് സഹകരണ ബാങ്ക് സൂപ്പർ ഗ്രേഡ് ബാങ്കായി ഉയർത്തുന്നതിന്റെ പ്രഖ്യാപനവും ബാങ്ക് പോഞ്ഞാശ്ശേരിയിൽ ആരംഭിക്കുന്ന സൂപ്പർ മാർക്കറ്റിന്റെ ഉദ്ഘാടനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു സ്പീക്കർ.

ആരോഗ്യം, വിദ്യാഭ്യാസം ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ മേഖലയിലും ഗുണകരമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ സഹകരണ സ്ഥാപനങ്ങൾക്ക് കഴിഞ്ഞു. രാജ്യം സാമ്പത്തികമായി പ്രതിസന്ധി നേരിട്ട പലഘട്ടങ്ങളിലും കേരളത്തിന് തുണയായത് ഇത്തരം സഹകരണ പ്രസ്ഥാനങ്ങളാണ്. അതുകൊണ്ട് സഹകരണ സംഘങ്ങളുടെ വളർച്ചയ്ക്ക് ജീവനക്കാർക്കൊപ്പം പൊതുജനങ്ങളും പ്രവർത്തിക്കണം. സഹകരണ സ്ഥാപനങ്ങളുടെ വളർച്ച നാടിന്റെ വളർച്ചയ്ക്ക് അനിവാര്യമാണെന്നും സ്പീക്കർ പറഞ്ഞു.

തുടർച്ചയായി ലാഭത്തിൽ പ്രവർത്തിക്കുക, കുടിശ്ശിക തോത് 15 ശതമാനത്തിൽ താഴെയാകുക തുടങ്ങി പ്രവർത്തന മികവിന്റെ ഏഴു മാനദണ്ഡങ്ങൾ പരിഗണിച്ചാണ് സംസ്ഥാന സഹകരണ വകുപ്പ് വെങ്ങോല സർവീസ് സഹകരണ ബാങ്കിനെ സൂപ്പർ ഗ്രേഡ് ബാങ്കായി ഉയർത്തിയത്. ബാങ്കിംഗ് പ്രവർത്തനങ്ങൾക്കു പുറമെ കാർഷിക രംഗത്ത് പുനർജനി പദ്ധതി, പച്ചക്കറി വിപണി, വയോധികർക്ക് സ്പർശം പെൻഷൻ പദ്ധതി തുടങ്ങി ബാങ്കിംഗ് ഇതര പ്രവർത്തനങ്ങളും ബാങ്ക് നടപ്പിലാക്കുന്നു.

ബാങ്കിന്റെ കീഴിലെ രണ്ടാമത്തെ സൂപ്പർമാർക്കറ്റ് ആണ് പോഞ്ഞാശ്ശേരി കനാൽ ജംഗ്ഷനിൽ ആരംഭിച്ചത്. സഹകരികൾക്കും നാട്ടുകാർക്കും പ്രയോജനമാകും വിധം ഗുണമേന്മയുള്ള നിത്യോപയോഗ വസ്തുക്കൾ കുറഞ്ഞ വിലയിൽ സൂപ്പർമാർക്കറ്റിൽ നിന്നും ലഭിക്കും.

എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആദ്യ വിൽപ്പന പി.വി ശ്രീനിജിൻ എം.എൽ.എ നിർവഹിച്ചു. ബാങ്ക് സെക്രട്ടറി സിമി കുര്യൻ റിപ്പോർട്ട് അവതരിപ്പിച്ചു. വിദ്യാഭ്യാസ മേഖലയിൽ തിളക്കമാർന്ന വിജയം കൈവരിച്ചവർക്കും സൂപ്പർമാർക്കറ്റിന്റെ നിർമ്മാണ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകിയവർക്കുമുള്ള ഉപഹാര സമർപ്പണം വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം അൻവർ അലി നിർവഹിച്ചു. വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് പള്ളിക്കൽ, വൈസ് പ്രസിഡന്റ് നസീമ റഹീം, ജോയിന്റ് രജിസ്ട്രാർ കെ.സജീവ് കർത്ത, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ആർ.എം രാമചന്ദ്രൻ, ബാങ്ക് പ്രസിഡന്റ് എം.ഐ ബീരാസ്, പഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ -സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.