Sections

കുടുംബ ബജറ്റിന്റെ താളം തെറ്റിച്ച് പച്ചക്കറി വില; ഇനിയും കുത്തനെ ഉയർന്നേക്കും

Saturday, Jul 29, 2023
Reported By admin
vegetables

വിലക്കയറ്റം ദീർഘകാലത്തേക്ക് തുടരാനാണ് സാധ്യത 


രാജ്യത്ത് പച്ചക്കറി വില ഇനിയും ഉയർന്നേക്കും. മൺസൂൺ മഴ ശക്തമായതോടെ വിളകൾ നശിച്ചത് കാരണം വരും ദിവസങ്ങളിൽ വില കുത്തനെ ഉയരുമെന്നും കൂടുതൽ കാലം ഈ വില തുടരാനാണ് സാധ്യതതയുണ്ടെന്നും റിപ്പോർട്ട്. 

രാജ്യത്ത് തക്കാളി വില റെക്കോർഡ് ഉയരത്തിലാണ്. കിലോയ്ക്ക് 200  രൂപ വരെ എത്തി. വരും ദിവസങ്ങളിൽ ഇത് 300  കടക്കുമെന്ന് സൂചനയുണ്ട്. മൊത്തത്തിലുള്ള ഉപഭോക്തൃ വില സൂചികയിൽ (സിപിഐ) ആറ് ശതമാനം ഉള്ള പച്ചക്കറി വില ജൂണിൽ ഏഴ് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിട്ടുണ്ട്.  പ്രതിമാസം വില 12  ശതമാനം ഉയർന്നതായി ഔദ്യോഗിക ഡാറ്റ വ്യക്തമാക്കുന്നു. 

സാധരണയായി ജൂലൈയിൽ വിളവെടുക്കാൻ തയ്യാറാകുന്ന പച്ചക്കറികൾ വിളവെടുപ്പും കഴിഞ്ഞ ഓഗസ്റ്റിൽ വിപണിയിലേക്ക് എത്തുമ്പോൾ വില തണുക്കാറുണ്ട്. എന്നാൽ ഈ വർഷം ചെലവ് ഉയർന്നതായി വ്യാപാരികൾ പറഞ്ഞു. മാത്രമല്ല മൺസൂൺ മഴ പച്ചക്കറി വിതരണത്തെ തടസപ്പെടുത്തുന്നുണ്ട്. ഈ വർഷം പച്ചക്കറി വില റെക്കോർഡ് ഉയരത്തിലേക്ക് എത്തുന്നതാണ് രാജ്യം സാക്ഷ്യം വഹിക്കാൻ പോകുന്നത്. വിലക്കയറ്റം ദീർഘകാലത്തേക്ക് തുടരാനാണ് സാധ്യത . 

ഉള്ളി, ബീൻസ്, കാരറ്റ്, ഇഞ്ചി, മുളക്, തക്കാളി തുടങ്ങിയ പച്ചക്കറികൾക്കെല്ലാംതന്നെ വില കൂടിയിട്ടുണ്ട്. ഇതോടെ ഹോട്ടലുകളിൽ ഭക്ഷണ വിലയും കുത്തനെ ഉയരും. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ചില്ലറ പണപ്പെരുപ്പം കുത്തനെ ഉയർത്താൻ ഇത് കാരണമാകും. ഇത് ഏഴ് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് എത്തിയേക്കും. 

തക്കാളിയുടെ വില നിയന്ത്രിക്കാൻ സർക്കാർ സബ്സിഡി ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ വരും ദിവസങ്ങളിൽ മറ്റ് പച്ചക്കറിയുടെ വില ഉയരുന്നത് തിരിച്ചടിയാകും. ചില സംസ്ഥാനങ്ങളിൽ ആഴ്ചകളോളം മഴ ലഭിച്ചില്ല, തുടർന്ന് ഒരാഴ്ചയ്ക്കുള്ളിൽ ലഭിച്ച കനത്ത മഴയിൽ വെള്ളപ്പൊക്കമുണ്ടായതായി കാലാവസ്ഥാ വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.