Sections

ആദ്യമായി 2500 കിലോ വാഴക്കുളം പൈനാപ്പിള്‍ ട്രെയിനില്‍ ഡല്‍ഹിയിലേക്ക്

Thursday, Nov 25, 2021
Reported By Admin
pineapple

ചരക്കുകൂലിയില്‍ 50% സബ്‌സിഡി നല്‍കാമെന്നാണ് റെയില്‍വേയുടെ വാഗ്ദാനം

 

കിസാന്‍ റെയില്‍ പദ്ധതി പ്രയോജനപ്പെടുത്തി പൈനാപ്പിള്‍ ട്രെയിനില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചു. വാഴക്കുളത്തുനിന്ന് 2500 കിലോഗ്രാം പൈനാപ്പിള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ട്രെയിനില്‍ ഡല്‍ഹിയിലേക്ക് അയച്ചു. പ്രത്യേക കാര്‍ട്ടനുകളിലാക്കിയാണ് പൈനാപ്പിള്‍ കൊണ്ടുപോയത്. എറണാകുളത്ത് നിന്ന് ഡല്‍ഹി-നിസാമുദ്ദീന്‍ എക്‌സ്‌പ്രെസിലാണ് പൈനാപ്പിളുകള്‍ അയയ്ച്ചത്.

കാര്‍ഷിക, അനുബന്ധ മേഖലകളുടെ പുനരുജ്ജീവനത്തിനുള്ള പ്രതിഫല സമീപന പദ്ധതിയുടെ(രാഷ്ട്രീയ കൃഷി വികാസ് യോജന) ഫണ്ട് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഹരിയാനയിലെ ഡിഐഇഎം എന്ന സ്റ്റാര്‍ട്ടപ് കമ്പനിയുമായി സഹകരിച്ചാണു പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. പഴം-പച്ചക്കറി പോലെ വേഗത്തില്‍ കേടാകുന്ന ഉല്‍പന്നങ്ങള്‍ വൈകാതെ വിപണിയിലെത്തിച്ച് കര്‍ഷകരുടെ നഷ്ടം കുറയ്ക്കാനാണു കിസാന്‍ റെയില്‍ ലക്ഷ്യമിടുന്നത്. വലിയ തോതില്‍ പൈനാപ്പിള്‍ കയറ്റുമതി ചെയ്താല്‍ ചരക്കുകൂലിയില്‍ 50% സബ്‌സിഡി നല്‍കാമെന്നാണ് റെയില്‍വേയുടെ വാഗ്ദാനം. ചരക്കുകൂലി 30% എങ്കിലും കുറയുമെന്നതും പൈനാപ്പിള്‍ കേടുകൂടാതെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ കഴിയുമെന്നതുമാണു ട്രെയിനിന്റെ ഗുണം.

നിലവില്‍ ലോറികളില്‍ വാഴക്കുളത്തുനിന്നു പോകുന്ന പൈനാപ്പിള്‍ ഡല്‍ഹിയിലെത്താന്‍ 5 ദിവസം വേണം. ട്രെയിന്‍ വഴിയാണെങ്കില്‍ 48 മണിക്കൂര്‍ മതിയാകുമെന്ന് പൈനാപ്പിള്‍ ഫാര്‍മേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജയിംസ് ജോര്‍ജ് തോട്ടുമാരിക്കല്‍ പറഞ്ഞു. 900 കര്‍ഷകര്‍ വഴിയാണ് ഇപ്പോള്‍ 2500 കിലോ ഡല്‍ഹിയിലേക്ക് അയയ്ച്ചിരിക്കുന്നത്. കേരളത്തില്‍ നിലവില്‍ 18,000 ഹെക്റ്റര്‍ ഭൂമിയില്‍ അഞ്ചര ലക്ഷത്തോളം ടണ്‍ പൈനാപ്പിളുകളാണ് പറിക്കാനുള്ളത്. 

സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷനും റെയില്‍വേ മിനിസ്ട്രിയും കര്‍ഷകര്‍ക്ക് മികച്ച പിന്തുണ നല്‍കുന്നുണ്ടെന്ന് ജയിംസ് ജോര്‍ജ് തോട്ടുമാരിക്കല്‍ പറഞ്ഞു. 'കഴിഞ്ഞ ആഗസ്റ്റില്‍ റെയില്‍വേ ഈ പദ്ധതിക്ക് തുടക്കമിട്ടപ്പോള്‍ തന്നെ റെയില്‍വേ തങ്ങളെ ഇക്കാര്യം അറിയിച്ചുവെന്നും ഇപ്പോള്‍ അവസരം ലഭിച്ചപ്പോള്‍ തങ്ങള്‍ ഒരു പരീക്ഷണമെന്ന രീതിയില്‍ ഇത് ചെയ്തതാണ്. ഇത് വിജയമാണെങ്കില്‍ വലിയ അളവില്‍ ട്രെയിന്‍ വഴി പൈനാപ്പിള്‍ സ്ഥിരമായി കയറ്റി അയയ്ക്കും'.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.