- Trending Now:
തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സരാഘോഷങ്ങൾക്ക് മാറ്റുകൂട്ടുന്നതിനായി ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന 'വസന്തോത്സവം-2025' നോടനുബന്ധിച്ചുള്ള പുഷ്പോത്സവത്തിൽ തിരക്കേറുന്നു. കനകക്കുന്നിൽ നടക്കുന്ന പുഷ്പോത്സവം സന്ദർശിക്കാൻ ഡിസംബർ 31 വരെ ഒന്നര ലക്ഷം പേരാണ് എത്തിയത്.
ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും (ഡിടിപിസി) ചേർന്നൊരുക്കിയ ഈ വർഷത്തെ പുഷ്പോത്സവം ക്യൂറേറ് ചെയ്യുന്നത് പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആണ്.
'വസന്തോത്സവം-2025' നോടനുബന്ധിച്ച് എഴുപതോളം ഇനങ്ങളിൽ മത്സരങ്ങൾ നടന്നിരുന്നു. ഇൻസ്റ്റിറ്റിയൂഷൻ വിഭാഗത്തിൽ 648 പോയിൻറ് നേടി ഇൻസ്ട്രക്ഷണൽ ഫാം വെള്ളയാണി അഗ്രികൾച്ചർ കോളേജ് ഓവറാൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. 497 പോയിൻറ് നേടി മ്യൂസിയം ആൻഡ് സൂ രണ്ടാം സ്ഥാനത്തും 182 പോയിൻറ് നേടിയ കേരള ലെജിസ്ലേറ്റർ സെക്രട്ടറിയേറ്റ് മൂന്നാം സ്ഥാനത്തും എത്തി.
വ്യക്തിഗത വിഭാഗത്തിൽ ഒന്നാം സ്ഥാനം ലിസി ജോസഫിനാണ്. വി. മനു മോഹൻ രണ്ടാം സ്ഥാനവും മോഹനൻ നായർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കൊമേഴ്സ്യൽ വിഭാഗത്തിൽ ജയകുമാർ (കുമാർ നഴ്സറി, കൊല്ലം) ഒന്നാം സ്ഥാനത്ത് എത്തി. വൈശാഖ് (ആക്കുളം ഗ്രീൻ വാലി, ആക്കുളം) രണ്ടാം സ്ഥാനം കരസ്ഥമാക്കി. കൊച്ചുത്രേസി ജോസഫ് (ക്ലെയർ ഓർക്കിഡ്സ്, മാധവപുരം) മൂന്നാം സ്ഥാനവും നേടി.
വ്യത്യസ്തവും അപൂർവ്വവുമായ പൂക്കളുടെ ശേഖരം മേളയുടെ ആകർഷണമാണ്. മത്സര വിഭാഗത്തിൽ ഏകദേശം 15,000 ചെടികൾക്കു പുറമേ 25000-ത്തിലധികം പൂച്ചെടികളും ഈ വർഷത്തെ വസന്തോത്സവത്തിലുണ്ട്. ചെടികൾ വാങ്ങുന്നതിനായി വിവിധ നഴ്സറികളുടെ സ്റ്റാളുകളും പ്രവർത്തിക്കുന്നു.
വൈവിധ്യമാർന്ന ഇലുമിനേഷനുകളും ഇൻസ്റ്റലേഷനുകളും കൊണ്ട് കനകക്കുന്ന് കൊട്ടാരവളപ്പിനെ അലങ്കരിക്കുന്ന തരത്തിൽ ദീപാലങ്കാരങ്ങളും ഒരുക്കിയിട്ടുണ്ട്. 'ഇലുമിനേറ്റിംഗ് ജോയ് സ്പ്രെഡ്ഡിംഗ് ഹാർമണി' എന്ന ആശയത്തിലാണ് ഇത് ഒരുക്കിയിട്ടുള്ളത്. ഇതിൻറെ ഭാഗമായുള്ള ലൈറ്റ് ഷോയും വിസ്മയക്കാഴ്ചയാണ്. വ്യത്യസ്ത മേഖലകളിലൂടെ സന്ദർശകരെ നയിക്കുന്ന സവിശേഷമായ ലൈറ്റിംഗ് ശൈലികൾ ഉൾക്കൊള്ളുന്ന നടവഴികളും സംവേദനാത്മക പാതകളും പ്രദർശനത്തിൻറെ ഭാഗമാണ്.
കനകക്കുന്നിൽ വസന്തോത്സവത്തിൻറെ പ്രവേശന കവാടത്തിൽ അതിഥികളെ സ്വാഗതം ചെയ്യുന്നത് ഭീമാകാരമായ മഞ്ഞുവണ്ടിയോടു കൂടിയ കമാനമാണ്. ആറ് റെയിൻഡിയറുകൾ ഉൾപ്പെടുന്ന കമാനമാണ് ഇൻസ്റ്റലേഷൻറെ സവിശേഷത. ഇവ ഓരോന്നും 12 മുതൽ 15 അടി വരെ ഉയരമുള്ളതാണ്. ഇവ ഒരുമിച്ച് തറനിരപ്പിൽ നിന്ന് 50 മുതൽ 60 അടി വരെ ഉയരമുണ്ട്.
ഡിസംബർ 24 ന് ആരംഭിച്ച ദീപങ്ങളുടെയും പൂക്കളുടെയും ഉത്സവമായ വസന്തോത്സവം ജനുവരി 4 ന് സമാപിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.