Sections

വസന്തോത്സവം-2025: എഴുപതോളം ഇനങ്ങളിൽ മത്സരങ്ങൾ

Saturday, Dec 20, 2025
Reported By Admin
Vasanthotsavam 2025 Flower Festival Begins at Kanakakunnu

  • ഡിസംബർ 24 ന് തുടക്കമാകും

തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സരാഘോഷങ്ങൾക്ക് മാറ്റുകൂട്ടുന്നതിനായി ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന 'വസന്തോത്സവം-2025' നോടനുബന്ധിച്ച് എഴുപതോളം ഇനങ്ങളിൽ മത്സരങ്ങൾ നടക്കും. വസന്തോത്സവത്തിൻറെ ഭാഗമായി കനകക്കുന്നിൽ ഡിസംബർ 24 ന് ആരംഭിക്കുന്ന പുഷ്പമേളയും ദീപാലങ്കാരവും ജനുവരി 4 ന് സമാപിക്കും.

ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും (ഡിടിപിസി) ചേർന്നൊരുക്കുന്ന ഈ വർഷത്തെ പുഷ്പോത്സവം ക്യൂറേറ് ചെയ്യുന്നത് പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആണ്.

വസന്തോത്സവത്തിൽ പുഷ്പ സസ്യങ്ങൾ അലങ്കാര സസ്യങ്ങൾ, ബോൺസായി, ഓർക്കിഡുകൾ, ആന്തൂറിയം, അഡീനിയം, കാക്റ്റസ് തുടങ്ങിയവയുടെ ആകർഷകമായ പ്രദർശന മത്സരം, ഫ്ളോറൽ അറെയ്ഞ്ച്മെൻറ്, ഫ്ളോറൽ ഇൻസ്റ്റലേഷൻ തുടങ്ങിയ മത്സര ഇനങ്ങൾ മേളയെ ആകർഷകമാക്കും. വ്യക്തികൾ, നഴ്സറികൾ, സർക്കാർ, സർക്കാർ ഇതര സ്ഥാപനങ്ങൾ എന്നിവയ്ക്ക് മത്സര വിഭാഗത്തിൽ പങ്കെടുക്കാവുന്നതാണ്. ഓരോ ഇനത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെയും ഓരോ വിഭാഗത്തിലും ഓവറോൾ ചാമ്പ്യൻമാരെയും തിരഞ്ഞെടുക്കും.

വ്യത്യസ്തവും അപൂർവ്വവുമായ പൂക്കളുടെ ശേഖരം മേളയെ ആകർഷകമാക്കും. മത്സര വിഭാഗത്തിൽ ഏകദേശം 15,000 ചെടികൾക്കു പുറമേ 25000-ത്തിലധികം പൂച്ചെടികളും ഈ വർഷത്തെ വസന്തോത്സവത്തിലുണ്ടാകും. ചെടികൾ വാങ്ങുന്നതിനായി വിവിധ നഴ്സറികളുടെ സ്റ്റാളുകൾ പ്രവർത്തിക്കും.

വൈവിധ്യമാർന്ന ഇലുമിനേഷനുകളും ഇൻസ്റ്റലേഷനുകളും കൊണ്ട് കനകക്കുന്ന് കൊട്ടാരവളപ്പിനെ അലങ്കരിക്കുന്ന തരത്തിൽ ദീപാലങ്കാരങ്ങളും ഒരുക്കും. ഇതിൻറെ ഭാഗമായുള്ള ലൈറ്റ് ഷോ തലസ്ഥാന നഗരത്തെ പ്രകാശപൂരിതമാക്കും.

മുതിർന്നവർക്ക് 50 രൂപ, കുട്ടികൾക്ക് 30 രൂപ എന്നിങ്ങനെയാണ് വസന്തോത്സവത്തിലേക്കുള്ള ടിക്കറ്റ് നിരക്ക്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.