Sections

രുചി വൈവിധ്യങ്ങളുമായി കുടുംബശ്രീ നഗരവസന്തം പുഷ്പമേള സൂര്യകാന്തിയിൽ

Wednesday, Dec 28, 2022
Reported By MANU KILIMANOOR

രുചി വൈവിധ്യങ്ങളും സംഗീതവുമായി നൈറ്റ് ലൈഫ് ആസ്വദിക്കാൻ അവസരം


വൈകുന്നേരങ്ങളിൽ നല്ലൊരു ചായയും കടിയും കഴിക്കുന്നത് മലയാളിയുടെ ശീലമാണ്.തലസ്ഥാനത്ത് നല്ലൊരു വൈകുന്നേരം ആസ്വാദിക്കാൻ സൂര്യകാന്തിയിലേക്ക് വരാം. നഗരവസന്തം പുഷ്പമേളയുടെ ഭാഗമായി കഫെ കുടുംബശ്രീ ഒരുക്കിയിട്ടുള്ള ദേശീയ ഭക്ഷ്യമേള ഭക്ഷണ വൈവിധ്യത്തിന്റെകൂടി മേളയാണ്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള വിഭവങ്ങൾക്കു പുറമേ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്ഷണവും മേളയിൽ ലഭ്യമാണ്. ആന്ധ്രപ്രദേശിന്റെ തനത് ഹൈദരാബാദി ബിരിയാണി മുതൽ മലയാളികൾക്ക് അത്ര പരിചിതമല്ലാത്ത സിക്കിം, അസാം തുടങ്ങിയ സംസ്ഥാനങ്ങളുടെ രൂചികളും മേളയിൽ സന്ദർശകരെ കാത്തിരിക്കുന്നുണ്ട്. കുടംപുളിയിട്ട മീൻകറി, കപ്പ ബിരിയാണി, പുഴുക്ക്, പിടിയും കോഴിയും തുടങ്ങി കേരളത്തിന്റെ തനതു രുചികളെല്ലാം മേളയിലുണ്ട്. ഈ വിഭവങ്ങൾ വിവിധ ജില്ലകളിൽ വ്യത്യസ്ഥമായ രീതിയിൽ തയാറാക്കുമ്പോഴുള്ള രുചി വൈവിധ്യം ആസ്വദിക്കാൻകഴിയുന്നു എന്നതാണ് മേളയുടെ ഏറ്റവും വലിയ പ്രത്യേകത. മലബാറിന്റെ തനതു ചട്ടിപ്പത്തിരിയും ഇറച്ചിപ്പത്തിരിയും കിളിക്കൂടും, ഉന്നക്കായയും പഴം നിറച്ചുതുമെല്ലാം ഒരുവശത്ത് അണിനിരക്കുമ്പോൾ തിരുവിതാംകൂറിന്റെ കട്ടച്ചൽക്കുഴി ചിക്കനും ചിക്കൻപെരട്ടുമെല്ലാം മറുവശത്ത് രൂചിമേളം തീർക്കുന്നു.

മധ്യകേരളത്തിൽ നിന്നും കോട്ടയവും ഇടുക്കിയും അടങ്ങുന്ന ഹൈറേഞ്ചിൽ നിന്നുമെല്ലാമുള്ള രുചികൾ വേറെയുമുണ്ട്. ഒരേ വിഭവത്തിന്റെ തന്നെ വൈവിധ്യങ്ങൾ അണിനിരക്കുന്ന ദോശ മേളയും പുട്ട് മേളയും ശ്രദ്ധാകേന്ദ്രങ്ങളാണ്. പ്ലെയിൻ ദോശയും, മസാല ദോശയും, ചിക്കൻ ദോശയും, മുട്ടദോശയും, ചിക്കൻപുട്ടും, കാരറ്റ് പുട്ടും, ചെമ്മീൻപുട്ടും മുത്താറിപുട്ടും എല്ലാം മേളയിലെ താരങ്ങളാണ്. 30ലധികം വ്യത്യസ്ഥ തരം ജ്യൂസുകൾ ലഭിക്കുന്ന ജ്യൂസ് സ്റ്റാളാണു ഭക്ഷ്യമേളയിലെ മറ്റൊരു പ്രധാന ശ്രദ്ധാകേന്ദ്രം. സാധാരണ ലൈം ജ്യൂസ് മുതൽ പച്ചമാങ്ങ ജ്യൂസും നെല്ലിക്ക ജ്യൂസിന്റെ ഏഴ് വൈവിധ്യങ്ങളുംവരെ ഇവിടെ ലഭ്യമാണ്. ഏഴു തരം നെല്ലിക്ക ജ്യൂസുകളും ഏഴു രീതിയിൽ ഔഷധഗുണമുള്ളവയാണ്. ഫുഡ്കോർട്ടിനോടു ചേർന്നുള്ള സൂര്യകാന്തിയിലെ സ്റ്റേജിൽ രാത്രി 9 മണി മുതൽ പ്രമുഖ ഗായകർ പങ്കെടുക്കുന്ന സംഗീത പരിപാടികളും അരങ്ങേറുന്നുണ്ട്. ഇന്ന് അഖില ആനന്ദാണ് സൂര്യകാന്തിയിൽ സംഗീത മധുരം തീർക്കുന്നത്.

വരും ദിവസങ്ങളിൽ പുഷ്പവതി, നാരായണി ഗോപൻ, അപർണ്ണ രാജീവ് തുടങ്ങിയവരും വേദിയിലെത്തും. രുചി വൈവിധ്യങ്ങളോടൊപ്പം സംഗീതകൂടിയാസ്വദിക്കാവുന്ന നൈറ്റ് ലൈഫ് അനുഭവമാണ് നഗരവസന്തത്തിന്റെ ഭാഗമായി സൂര്യകാന്തിയിൽ ഒരുക്കിയിട്ടുള്ളത്. ക്രിസ്തുമസിന്റെ തലേ ദിവസമായ 24ന് രാത്രിയും ക്രിസ്തുമസ് ദിനത്തിലും വൻ ജനത്തിരക്കാണ് നഗര വസന്തത്തിൽ അനുഭവപ്പെട്ടത്. രാത്രി ഒരു മണി കഴിഞ്ഞും കനകക്കുന്നിലും പരിസരങ്ങളിലും ജനത്തിരക്കായിരുന്നു. ഇന്നലെ വൈകീട്ട് അപ്രതീക്ഷിതമായി പെയ്ത കനത്ത മഴക്കും ജനങളുടെ ആവേശത്തെ തോൽപ്പിക്കാനായില്ല. മഴ വകവെക്കാതെ ആയിരങ്ങളാണ് കനകക്കുന്നിലേക്ക് ഒഴുകിയെത്തിയത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.