Sections

വസന്തോത്സവത്തിൽ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 35000 പൂച്ചെടികൾ

Monday, Dec 22, 2025
Reported By Admin
Vasantholsavam 2025 to Showcase 35,000 Flower Plants

  • വസന്തോത്സവം പുഷ്പമേളയും ദീപാലങ്കാരവും ഡിസംബർ 24 മുതൽ കനകക്കുന്നിൽ

തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സരാഘോഷങ്ങൾക്ക് മാറ്റുകൂട്ടുന്നതിനായി കനകക്കുന്നിൽ സംഘടിപ്പിക്കുന്ന 'വസന്തോത്സവം-2025' ൽ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 35000 പൂച്ചെടികൾ ഒരുക്കും. ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും (ഡിടിപിസി) ചേർന്നൊരുക്കുന്ന ഈ വർഷത്തെ വസന്തോത്സവം ഡിസംബർ 24 മുതൽ ജനുവരി 4 വരെയാണ്.

മ്യൂസിയം-മൃഗശാല, നിയമസഭ, വെള്ളായണി കാർഷിക കോളേജ്, കാര്യവട്ടം കാമ്പസ് ബോട്ടണി വിഭാഗം, വി.എസ്.എസ്.സി, പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ, ആയുർവേദ റിസർച്ച് സെൻറർ തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളും വ്യക്തികളും നഴ്സറികളും വസന്തോത്സവത്തിലെ മത്സര വിഭാഗത്തിൽ പങ്കെടുക്കും.

8000-ത്തിൽ പരം ക്രിസാന്തെമം ചെടികൾ കൊണ്ട് ഒരുക്കുന്ന ക്രിസാന്തെമം ഫെസ്റ്റിവൽ ഈ വർഷത്തെ പ്രധാന ആകർഷണീയതയാണ്. കൂടാതെ ഡാലിയ, പെറ്റുനിയ, ജമന്തി, റോസ്, ഓർക്കിഡ്സ്, തെറ്റി ഇംപേഷ്യൻസ്, സീനിയ, ഡെയ്സി തുടങ്ങി പുഷ്പസസ്യങ്ങളും വസന്തോത്സവത്തിൽ ഉണ്ടാകും.

വസന്തോത്സവത്തിനോട് അനുബന്ധിച്ച് കനകക്കുന്ന് കൊട്ടാരത്തിൽ പുഷ്പാലങ്കാര പ്രദർശനവും മത്സരവും ഒരുക്കുന്നുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്ന് എത്തിക്കുന്ന ഓർക്കിഡ്, ആന്തൂറിയം, ട്യൂലിപ്, ഏഷ്യറ്റിക് ലില്ലി തുടങ്ങി നിരവധി പുഷ്പങ്ങൾ ഇതിൽ ഉൾപ്പെടുന്നു. പുഷ്പോത്സവത്തിൻറെയും ദീപാലങ്കാരങ്ങളുടെയും ഒരുക്കങ്ങൾ കനകക്കുന്ന് കൊട്ടാര വളപ്പിൽ പുരോഗമിക്കുകയാണ്.

കുട്ടികൾ, മുതിർന്നവർ, പ്രൊഫഷണലുകൾ എന്നിവർക്കായി ഫ്ളവർ അറേഞ്ച്മെൻറ്, വെജിറ്റബിൾ കാർവിങ് തുടങ്ങിയ വിഭാഗങ്ങളിൽ മത്സരങ്ങൾ ഉണ്ടായിരിക്കുന്നതാണ്. വിശദവിവരങ്ങൾക്ക് കനകക്കുന്നിൽ പ്രവർത്തിക്കുന്ന വസന്തോത്സവം ഓഫീസുമായി ബന്ധപ്പെടുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.