- Trending Now:
എത്രകാലം കഴിഞ്ഞാലും സ്വകാര്യ സ്‌കൂളുകളും സർക്കാർ സ്‌കൂളുകളും രണ്ട് തട്ടിൽ കാണുന്നവരായിരിക്കും നമ്മുടെ നാട്ടിൽ അധികവും. ആധുനിക യുഗത്തിൽ കാര്യങ്ങൾ കുറച്ചൊക്കെ മാറി വരുന്നുണ്ടെങ്കിലും കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കണമെങ്കിൽ സ്വകാര്യ സ്‌കൂളിൽ തന്നെ പഠിക്കണമെന്ന ചിന്ത പലരിലുമുണ്ട് താനും. പൂട്ടാറായ സർക്കാർ സ്‌കൂളുകൾ സ്വകാര്യ സ്‌കൂൾ മാനേജ്‌മെൻറ് ഏറ്റെടുത്ത് നടത്തുന്നതിനെ പറ്റി ചിന്തിച്ച് നോക്കിയിട്ടുണ്ടോ? സർക്കാർ സ്‌കൂളുകളിലെ അധ്യാപകരെ കൂടുതൽ ശമ്പളം കൊടുത്ത് സ്വകാര്യ സ്‌കൂളുകളിലേക്ക് കൊണ്ടുവരുന്നതിനെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ? ഈ വിഷയമൊക്കെ സംസാരിക്കുന്നൊരു ചിത്രമാണ് ധനുഷ് നായകനായി ഇന്ന് തിയേറ്ററുകളിലെത്തിയ 'വാത്തി'.
സൂപ്പർ ഹിറ്റായ 'തിരുച്ചിറ്റമ്പലം', 'നാനേ വരുവേൻ' എന്നീ സിനിമകൾക്ക് ശേഷം തിയേറ്ററുകളിലെത്തിയിരിക്കുന്ന ധനുഷ് സിനിമയായതിനാൽ തന്നെ സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെയാണ് 'വാത്തി'ക്കായി കാത്തിരുന്നത്. ആ കാത്തിരിപ്പിനൊത്ത സിനിമാനുഭവമാണ് 'വാത്തി' സമ്മാനിക്കുന്നത്.
ധനുഷും തെലുങ്കിലെ ഹിറ്റ് സംവിധായകനായ വെങ്കി ആറ്റ്‌ലൂരിയും ആദ്യമായി ഒന്നിച്ചിരിക്കുന്ന സിനിമ എന്നതായിരുന്നു 'വാത്തി'യെ വ്യത്യസ്തമാക്കിയിരുന്നത്. അതോടൊപ്പം ജിവി പ്രകാശ് കുമാറിൻറെ സംഗീതവും. ആക്ഷനും റൊമാൻസും തമാശകളും മനോഹരമായൊരു സന്ദേശവും ഉൾക്കൊള്ളുന്നൊരു ടോട്ടൽ ഫാമിലി എൻറർടെയ്‌നർ തന്നെയാണ് വാത്തി എന്ന് നിസ്സംശയം പറയാം. അതോടൊപ്പം ഈ കാലത്ത് വിദ്യാഭ്യാസം നേടേണ്ടതിൻറെ പ്രാധാന്യവും ചിത്രം അടിവരയിടുന്നുണ്ട്.
ബാല ഗംഗാധര തിലക് (ധനുഷ്) എന്ന ബാലു തിരുപ്പതി എജ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ടിലെ (ടിഇഐ) ജൂനിയർ ലക്ചററാണ്. സ്‌കൂൾ മാനേജ്മെൻറ് ആന്ധ്രാപ്രദേശിലെ ഗ്രാമപ്രദേശങ്ങളിലെ നിരവധി സർക്കാർ കോളേജുകൾ ദത്തെടുക്കുകയും ബാലുവിനെ സിരിപുരം ഗവ. സ്‌കൂളിലെ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതിനായി അയക്കുകയും ചെയ്യുന്നു. എന്നാൽ ബാലുവിൻറെ വരവോടെ ആ സ്‌കൂളിൻറെ വിജയശതമാനം വർദ്ധിക്കുന്നു. ഇത് ടിഇഐ ചെയർമാനെ (സമുദ്രക്കനി) അസന്തുഷ്ടനാക്കുന്നു. അതിന് ശേഷം നടക്കുന്ന സംഭവവികാസങ്ങളാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്.
നോൺലീനിയർ കഥ പറച്ചിലിലാണ് ചിത്രം മുന്നേറുന്നത്. ഏറെ ആകാംക്ഷ ജനിപ്പിക്കുന്ന രീതിയിലാണ് സിനിമയുടെ പ്ലോട്ട്. വിദ്യാഭ്യാസം കച്ചവടമാക്കുന്ന പുതിയ കാലത്തിൻറെ പ്രവണതകളെ കണക്കറ്റ് വിമർശിക്കുന്നുമുണ്ട് ചിത്രത്തിൽ. ബാലമുരുകൻ എന്ന കഥാപാത്രമായി തീപാറുന്ന അഭിനയ മുഹൂർത്തങ്ങളാണ് ധനുഷിന് ചിത്രത്തിലുള്ളത്. ആക്ഷനിലും ഇമോഷണൽ രംഗങ്ങളിലും ധനുഷ് ഏറെ മികച്ച രീതിയിൽ കഥാപാത്രം അവതരിപ്പിച്ചിട്ടുണ്ട്. മനസ്സിൽ തട്ടുന്ന രീതിയിലുള്ള അദ്ദേഹത്തിൻറെ സംഭാഷണങ്ങളും കൈയ്യടി നേടുന്നതാണ്.
പ്രണയം ബീഫിനോട്; ശ്രദ്ധേയമായി ബിനു ഗോപിയുടെ ഷോർട്ട്ഫിലിം ഒരു ട്രയാങ്കിൾ ബീഫ് സ്റ്റോറി... Read More
ധനുഷിൻറെ നായികയായെത്തിയ മലയാളി നടി സംയുക്തയുടെ പ്രകടനവും മികച്ചതായിരുന്നു. ധനുഷിനൊപ്പം മനോഹരമായ അഭിനയമുഹൂർത്തങ്ങൾ നടിക്ക് ലഭിച്ചിട്ടുണ്ട്. പ്രതിനായക വേഷത്തിലെത്തിയ സമുദ്രക്കനി, ധനുഷിൻറെ അച്ഛൻറെ വേഷത്തിലെത്തിയ ആടുകളം നരേൻ, പി. സായ്കുമാർ, ഹരീഷ് പേരടി, മൊട്ട രാജേന്ദ്രൻ, പ്രവീണ തുടങ്ങിയവരുടെ പ്രകടനവും മികച്ചതായിരുന്നു. ജിവി പ്രകാശ് കുമാർ ഒരുക്കിയ പശ്ചാത്തല സംഗീതവും ചിത്രത്തിലെ ഗാനങ്ങളും സിനിമയുടെ മൂഡിനനുസരിച്ചാണ് നീങ്ങുന്നത്.
ജെ യുവരാജിൻറെ ഛായാഗ്രഹണവും നവീൻ നൂളിയുടെ എഡിറ്റിംഗും കലാസംവിധാനവുമൊക്കെ പ്രത്യേക പരമാർശം അർഹിക്കുന്നുണ്ട്. തൊണ്ണൂറുകളിലെ കാലഘട്ടം കാണിക്കുന്ന രംഗങ്ങളിലൊക്കെ ഏറെ മികച്ച രീതിയിലാണ് സിനിമയിലെ ദൃശ്യങ്ങൾ അനുഭവപ്പെട്ടത്. റിയലിസ്റ്റിക് രീതിയിൽ മുന്നേറുമ്പോഴും ഒരേ സമയം സിനിമാറ്റിക് അനുഭവം സമ്മാനിക്കാൻ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.