- Trending Now:
കൊച്ചി: നിക്ഷേപകരുടെ വിവിധ സാമ്പത്തിക വിവരങ്ങൾ സുരക്ഷിതമായി ട്രാക്ക് ചെയ്യുന്നതിനായി യുടിഐ മ്യൂച്വൽ ഫണ്ട് വെൽത്ത് 360 എന്ന പുതിയ ഡിജിറ്റൽ സംവിധാനം അവതരിപ്പിച്ചു. യുടിഐ മ്യൂച്വൽ ഫണ്ടിൻറെ ആപ്പിലും വെബ്സൈറ്റിലും ലഭ്യമാക്കിയിട്ടുള്ള ഈ ഫീച്ചർ വഴി ഉപഭോക്താക്കൾക്ക് തങ്ങളുടെ സമ്പാദ്യ വിവരങ്ങളെല്ലാം ഏകീകൃത ഡാഷ്ബോർഡിൽ കാണാൻ സാധിക്കും. വിവിധ ഇടങ്ങളിലായുള്ള നിക്ഷേപങ്ങളെ ട്രാക്ക് ചെയ്യുന്നതിലുള്ള ബുദ്ധിമുട്ടുകൾ ലഘൂകരിക്കുകയാണ് ലക്ഷ്യം.
സേവിങ്സ് അക്കൗണ്ടുകൾ, സ്ഥിര നിക്ഷേപങ്ങൾ, റെക്കറിങ് ഡിപ്പോസിറ്റുകൾ, മ്യൂച്വൽ ഫണ്ടുകൾ, ഓഹരികൾ, ഇടിഎഫുകൾ, എൻപിഎസ് തുടങ്ങിയവയുടെ വിവരങ്ങളെല്ലാം വെൽത്ത് 360ൽ ട്രാക്ക് ചെയ്യാം.
റിസർവ് ബാങ്കിന് കീഴിലുള്ള അക്കൗണ്ട് അഗ്രിഗേറ്റർ ചട്ടക്കൂടിൻറെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സംവിധാനമായതിനാൽ സുരക്ഷിതവും ഉപഭോക്താവിൻറെ സമ്മതത്തോടെയുമുള്ള ഡാറ്റാ കൈമാറ്റമാണ് ഇതിൽ നടക്കുന്നത്.
നിലവിലുള്ള ഉപഭോക്താക്കൾക്കും പുതിയ ഉപഭോക്താക്കൾക്കും യാതൊരു ഫീസും നൽകാതെ ഈ സേവനം തികച്ചും സൗജന്യമായി ഉപയോഗിക്കാം. പാൻ കാർഡ് ഉപയോഗിച്ചുള്ള ലളിതമായ രജിസ്ട്രേഷനിലൂടെയോ നിലവിലെ യുടിഐ ലോഗിൻ വഴിയോ ഈ സേവനം പ്രയോജനപ്പെടുത്താം. ഉപഭോക്താക്കളുടെ സാമ്പത്തിക വിവരങ്ങൾ കൃത്യമായി കാണിക്കുന്നതിനായി എല്ലാ ദിവസവും ഡാഷ്ബോർഡ് അപ്ഡേറ്റ് ചെയ്യും.
സഹമതിയുടെ നേതൃത്വത്തിലുള്ള അക്കൗണ്ട് അഗ്രിഗേറ്റർ ഇക്കോസിസ്റ്റത്തിലൂടെ ഫിനാർകെയ്നുമായി സഹകരിച്ചാണ് ഈ പുതിയ സംവിധാനം പ്രവർത്തിക്കുന്നത്. ഉപഭോക്താക്കൾക്ക് തങ്ങളുടെ ഡാറ്റയ്ക്ക് മേൽ പൂർണ്ണ നിയന്ത്രണം ഉണ്ടായിരിക്കും. സാമ്പത്തിക വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള ഉപഭോക്താവിൻറെ സമ്മതത്തിന് ഒരു വർഷത്തേക്കാണ് സാധുതയുള്ളത്. കൂടാതെ ഏത് സമയത്തും ഇത് പിൻവലിക്കാനും സാധിക്കും. തികച്ചും എൻക്രിപ്റ്റ് ചെയ്യപ്പെട്ട ഈ വിവരങ്ങൾ ഉപഭോക്താക്കൾക്ക് മാത്രമേ കാണാൻ സാധിക്കുകയുള്ളൂ. യുടിഐ മ്യൂച്വൽ ഫണ്ടിന് ഇത് ലഭ്യമാകില്ല.
നിക്ഷേപകർ ഇന്ന് ഒരൊറ്റ സാമ്പത്തിക പദ്ധതിയിലോ ബാങ്ക് അക്കൗണ്ടിലോ മാത്രം ഒതുങ്ങിനിൽക്കുന്നില്ല. സാമ്പത്തിക കാര്യങ്ങൾ വൈവിധ്യവൽക്കരിക്കപ്പെടുന്ന ഇന്നത്തെ കാലത്ത് ഒരാളുടെ സമ്പൂർണ്ണ സാമ്പത്തിക വിവരങ്ങൾ ഒറ്റ പ്ലാറ്റ്ഫോമിൽ ലളിതമായി ലഭ്യമാക്കേണ്ടത് അനിവാര്യമാണ്. ഈ ആവശ്യം നിറവേറ്റാനാണ് വെൽത്ത് 360 രൂപകൽപ്പന ചെയ്തിട്ടുള്ളതെന്ന് യുടിഐ എഎംസി ഗ്രൂപ്പ് പ്രസിഡൻറും ചീഫ് ഫിനാൻഷ്യൽ ഓഫീസറുമായ വിനയ് ലഖോത്തിയ പറഞ്ഞു. സ്വകാര്യതയും വിശ്വാസ്യതയും നഷ്ടപ്പെടുത്താതെ സാമ്പത്തിക കാര്യങ്ങൾ കൂടുതൽ സുതാര്യവും എളുപ്പവുമാക്കാനാണ് കമ്പനി ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.