- Trending Now:
കൊച്ചി: ഓഹരി ഉടമകൾക്കായി ഏറ്റവും കൂടുതൽ മൂല്യം സൃഷ്ടിച്ച കമ്പനികളുടെ ആഗോള പട്ടികയിൽ ഡ്യൂറബിൾ കൺസ്യൂമർ ഗുഡ്‌സ് വിഭാഗത്തിൽ ടിവിഎസ് വേണു ഗ്രൂപ്പിൻറെ ഭാഗമായ ടിവിഎസ് മോട്ടോർ കമ്പനി ഒന്നാം സ്ഥാനം സ്വന്തമാക്കി. 1926ൽ ആരംഭിച്ച ജർമ്മനിയിലെ പ്രമുഖ ബിസിനസ്സ് വാരികയായ വേർത്ഷാഫ്റ്റ്‌സ്വോഹെ, ബോസ്റ്റൺ കൺസൾട്ടിംഗ് ഗ്രൂപ്പിൻറെ വാല്യൂ ക്രിയേറ്റേഴ്‌സ് വിശകലനത്തെ അടിസ്ഥാനമാക്കി പുറത്തുവിട്ട ലോകത്തിലെ ഏറ്റവും മികച്ച ഓഹരികൾ എന്ന വാർഷിക റാങ്കിങ്ങിലാണ് ടിവിഎസിന് ഈ അപൂർവ്വ നേട്ടം ലഭിച്ചത്.
ലോകമെമ്പാടുമുള്ള 35 വ്യവസായ മേഖലകളിൽ നിന്നുള്ള 2000ലധികം പ്രമുഖ ലിസ്റ്റഡ് കമ്പനികളെ വിലയിരുത്തിയാണ് ഈ സ്വതന്ത്ര പഠനം നടത്തിയത്. 2021 മുതൽ 2025 വരെയുള്ള അഞ്ച് വർഷത്തെ കാലയളവിൽ ശരാശരി 51 ശതമാനം വാർഷിക ടോട്ടൽ ഷെയർഹോൾഡർ റിട്ടേൺ നൽകാൻ ടിവിഎസ് മോട്ടോർ കമ്പനിക്ക് സാധിച്ചു.
ജപ്പാൻ, ചൈന, യുഎസ്എ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള പ്രമുഖ ആഗോള കമ്പനികളെ പിന്തള്ളിയാണ് ടിവിഎസ് മുൻനിരയിലെത്തിയത്. കമ്പനിയുടെ ശക്തമായ വരുമാന വളർച്ചയും ഉയർന്ന വിപണി മൂല്യവുമാണ് ഈ മികച്ച പ്രകടനത്തിന് പ്രധാന കാരണങ്ങളായത്.
പഠന റിപ്പോർട്ട് പ്രകാരം, ടിവിഎസ് മോട്ടോർസിൻറെ മികച്ച പ്രകടനത്തിന് പ്രധാനമായും കരുത്തായത് 22 ശതമാനമുളള ശക്തമായ വരുമാന വളർച്ചയും 18 ശതമാനം പ്രീമിയം വിപണി മൂല്യനിർണയവുമാണ്. ലാഭത്തിൽ ഉണ്ടായ മെച്ചവും തുടർച്ചയായി ശക്തിപ്പെടുന്ന ബാലൻസ് ഷീറ്റും കമ്പനിയുടെ വളർച്ചയെ കൂടുതൽ പിന്തുണച്ചു.
കമ്പനി ചെയർമാൻ സുദർശൻ വേണുവിൻറെ വ്യക്തമായ തന്ത്രപരമായ കാഴ്ചപ്പാടുകളുടെയും മികച്ച കോർപ്പറേറ്റ് നേതൃത്വത്തിൻറെയും ഫലമായാണ് ഈ വലിയ അംഗീകാരം ലഭിച്ചതെന്ന് ടിവിഎസ് മോട്ടോർ കമ്പനി ചീഫ് മെൻറർ പ്രൊഫസർ സർ റാൽഫ് സ്‌പെത് പറഞ്ഞു. സുസ്ഥിരമായ വളർച്ചയും പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് വാഹനങ്ങളിലുള്ള മുന്നേറ്റവും കമ്പനിയെ ഭാവിയിലും ശക്തമായ നിലയിൽ നിലനിർത്തുമെന്നും കൂടാതെ ടിവിഎസിൻറെ ഉടമസ്ഥതയിലുള്ള പ്രശസ്ത ബ്രിട്ടീഷ് ബ്രാൻഡായ നോർട്ടൺ മോട്ടോർസൈക്കിളും മികച്ച രീതിയിൽ ആഗോള വിപണിയിൽ തിരിച്ചുവരവ് നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2025-26 സാമ്പത്തിക വർഷത്തിൽ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് ടിവിഎസ് മോട്ടോർ കമ്പനി കാഴ്ചവെച്ചത്. കമ്പനിയുടെ വാർഷിക വിൽപന 24 ശതമാനം വർദ്ധിച്ച് 58.9 ലക്ഷം യൂണിറ്റുകളിലെത്തി. 90-ലധികം വിദേശ വിപണികളിലായുള്ള അന്താരാഷ്ട്ര ബിസിനസ്സിൽ 33 ശതമാനം വളർച്ച രേഖപ്പെടുത്തി. കമ്പനിയുടെ വാർഷിക വരുമാനം മുൻവർഷത്തെ അപേക്ഷിച്ച് 30 ശതമാനം ഉയർന്ന് 47,270 കോടി രൂപയായി. പ്രവർത്തന ലാഭം 40 ശതമാനം വർദ്ധനവോടെ 4,975 കോടി രൂപയായും പ്രവർത്തന ഇബിഐറ്റിഡിഎ മാർജിൻ 12.9 ശതമാനമായും മെച്ചപ്പെട്ടു.
ടിവിഎസ് വേണു ഗ്രൂപ്പിൻറെ ഭാഗമായ ടിവിഎസ് മോട്ടോർ കമ്പനി ഇന്ത്യയിലും ഇന്തോനേഷ്യയിലുമായി നാല് അത്യാധുനിക നിർമ്മാണ യൂണിറ്റുകളുള്ള പ്രമുഖ ടു-ത്രീ വീലർ നിർമ്മാതാക്കളാണ്. ഗുണമേന്മയ്ക്കുള്ള പ്രശസ്തമായ ഡെമിംഗ് പുരസ്‌കാരം നേടിയ ഏക ഇരുചക്ര വാഹന കമ്പനിയായ ടിവിഎസ് ഉപഭോക്തൃ സേവന സംതൃപ്തി അളക്കുന്ന ജെഡി പവർ സർവേയിൽ തുടർച്ചയായി നാല് വർഷവും ഒന്നാം സ്ഥാനം നിലനിർത്തിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.