Sections

ടിവിഎസ് അപ്പാച്ചെ ആർടിഎക്സിന് 2026 ഇന്ത്യൻ മോട്ടോർസൈക്കിൾ ഓഫ് ദി ഇയർ പുരസ്കാരം

Tuesday, Dec 23, 2025
Reported By Admin
TVS Apache RTX Wins 2026 Indian Motorcycle of the Year Award

കൊച്ചി: ടിവിഎസ് മോട്ടോർ കമ്പനിയുടെ പുത്തൻ അഡ്വഞ്ചർ റാലി ടൂറർ മോഡലായ ടിവിഎസ് അപ്പാച്ചെ ആർടിഎക്സ് രാജ്യത്തെ ഏറ്റവും അഭിമാനകരമായ 2026 ഇന്ത്യൻ മോട്ടോർസൈക്കിൾ ഓഫ് ദി ഇയർ പുരസ്കാരം സ്വന്തമാക്കി. പ്രമുഖ ഓട്ടോമൊബൈൽ ജേർണലിസ്റ്റുകൾ അടങ്ങുന്ന 27 അംഗ ജൂറിയാണ് പുരസ്കാര വിജയിയെ തിരഞ്ഞെടുത്തത്. വിവിധ വിഭാഗങ്ങളിലായി നാമനിർദേശം ചെയ്യപ്പെട്ട ഏഴ് മികച്ച മോട്ടോർസൈക്കിളുകളെ പിന്തള്ളിയാണ് അപ്പാച്ചെ ആർടിഎക്സ് ഈ നേട്ടം കൈവരിച്ചത്. നവീകരണം, പ്രകടനം, ഉപഭോക്തൃ കേന്ദ്രീകൃതമായ എഞ്ചിനീയറിങ് എന്നിവയിൽ ടിവിഎസ് മോട്ടോർ കമ്പനിക്കുള്ള നേതൃപാടവത്തെ കൂടി ഈ പുരസ്കാരം അടിവരയിടുന്നു.

ടിവിഎസിന്റെ 40 വർഷത്തെ റേസിങ് പാരമ്പര്യവും 35 വർഷത്തെ റാലി അനുഭവവും ഉൾക്കൊള്ളിച്ച് ആർടിഎക്സ്ഡി4 പ്ലാറ്റ് ഫോമിലാണ് ടിവിഎസ് അപ്പാച്ചെ ആർടിഎക്സ് നിർമിച്ചിരിക്കുന്നത്. 299.1 സിസി ലിക്വിഡ് കൂൾഡ് എഞ്ചിനാണ് കരുത്ത്. ഇത് 36 പിഎസ് പവറും 28.5 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. 5 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേ, ക്രൂയിസ് കൺട്രോൾ, ക്വിക്ക് ഷിഫ്റ്റർ, വിവിധ റൈഡിങ് മോഡുകൾ എന്നിവ പ്രത്യേകതകളാണ്. ഓഫ്-റോഡ് യാത്രകൾക്കും ഹൈവേ യാത്രകൾക്കും ഒരുപോലെ അനുയോജ്യമായ ടിവിഎസ് അപ്പാച്ചെ ആർടിഎക്സ് 2025 ഒക്ടോബറിലാണ് വിപണിയിൽ അവതരിപ്പിച്ചത്. ടിവിഎസ് അപ്പാച്ചെ ബ്രാൻഡ് അതിന്റെ 20ാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് ഈ നേട്ടം എന്നതും ശ്രദ്ധേയമാണ്.

2026-ലെ ജെകെ ടയർ ഇന്ത്യൻ മോട്ടോർസൈക്കിൾ ഓഫ് ദി ഇയർ പുരസ്കാരം ലഭിച്ചത് വലിയൊരു അംഗീകാരമാണെന്നും, ലോകോത്തര മോട്ടോർസൈക്കിളുകൾ ഇന്ത്യയിൽ നിർമിക്കാമെന്നും അവ ആഗോളതലത്തിൽ മികച്ചവയോട് മത്സരിക്കാൻ പ്രാപ്തമാണെന്നുമുള്ള ഞങ്ങളുടെ വിശ്വാസത്തെ ഇത് ദൃഢമാക്കുന്നുവെന്നും ടിവിഎസ് മോട്ടോർ കമ്പനി പ്രീമിയം ബിസിനസ് ഹെഡ് വിമൽ സംബ്ലി പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.