Sections

ട്രാൻസ് യൂണിയൻ സിബിൽ സാ-ധനുമായി ചേർന്ന് രാജ്യവ്യാപകമായി ക്രെഡിറ്റ് അവബോധ പദ്ധതിക്ക് തുടക്കം കുറിച്ചു

Friday, Jun 06, 2025
Reported By Admin
TransUnion CIBIL and Sa-Dhan Launch Credit Awareness Program for Microfinance Sector in India

കൊച്ചി: ഇന്ത്യയിലെ പ്രമുഖ വിവര ഇൻസൈറ്റ്സ് കമ്പനിയായ ട്രാൻസ് യൂണിയൻ സിബിൽ മൈക്രോഫിനാൻസ് സ്ഥാപനങ്ങൾക്കായുള്ള സ്വയം നിയന്ത്രണ സ്ഥാപനമായ സാ-ധനുമായി ചേർന്ന് പ്രത്യേക വായ്പ അവബോധ പരിപാടിക്ക് തുടക്കമിട്ടു. മൈക്രോഫിനാൻസ് രംഗത്തെ സാമ്പത്തിക സാക്ഷരതയും ഉത്തരവാദിത്വപരമായ വായ്പ നടപടികളും ശക്തിപ്പെടുത്താൻ തയ്യറാക്കിയ ഈ പരിപാടി ഇന്ത്യയിലെ മുഴുവൻ വായ്പദാതാക്കളെയും മൈക്രോ ഫിനാൻസ് വായ്പക്കാരെയും പിന്തുണയ്ക്കാൻ ലക്ഷ്യമിടുന്നതാണ്.

ഇതിലൂടെ മൈക്രോഫിനാൻസ് സ്ഥാപനങ്ങളെ ഡാറ്റാധിഷ്ഠിത ഉൾക്കാഴ്ചകളും ഉപകരണങ്ങളും പരിശീലനങ്ങളും നൽകി ശാക്തീകരിക്കും. വായ്പ വിലയിരുത്തൽ, നിരീക്ഷണ ശേഷികൾ എന്നിവ വർദ്ധിപ്പിക്കുകയും അതിലൂടെ സാമ്പത്തിക ഉൾക്കൊള്ളലും ഉത്തരവാദിത്തമുള്ള വായ്പാ വിതരണവും പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

വിവിധ ഭാഷകളിലുള്ള ഡിജിറ്റൽ ഉള്ളടക്കവും പ്രാദേശിക തലങ്ങളിൽ ജനങ്ങളെ നേരിട്ട് ഉൾപ്പെടുത്തിയുള്ള പ്രചാരണ പരിപാടികളും ഉൾപ്പെടുത്തിയിട്ടുണ്ട്. മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾക്ക് അവരുടെ ഉപഭോക്താക്കളെ കൂടുതൽ ഫലപ്രദമായി വിദ്യാഭ്യാസവും മാർഗ്ഗനിർദ്ദേശവും നൽകാനുള്ള ക്രമീകരണങ്ങൾ ഈ പദ്ധതിയിൽ ഒരുക്കിയിട്ടുണ്ട്. ഉത്തരവാദിത്തമുള്ള വായ്പ രീതികൾ പ്രോത്സാഹിപ്പിക്കാനും വേണ്ടത്ര സേവനം ലഭിക്കാത്ത വിപണികളിൽ സാമ്പത്തിക ഉൾക്കൊള്ളൽ വ്യാപിപ്പിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.

ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സാ-ധൻ, ഇന്ത്യയിലെ മൈക്രോഫിനാൻസ് സ്ഥാപനങ്ങൾ, എൻബിഎഫ്സികൾ, ബാങ്കുകൾ എന്നിവയുൾപ്പെടെ 230ലധികം അംഗങ്ങളുള്ള ഒരു ശൃംഖലയാണ്. ഈ സഹകരണത്തിൻറെ ഭാഗമായി ട്രാൻസ് യൂണിയൻ സിബിലും സാ-ധനും സംയുക്തമായി പ്രാദേശിക വർക്ഷോപ്പുകൾ, സംസ്ഥാനതല പരിപാടികൾ, പ്രത്യേക പരിശീലന മൊഡ്യൂളുകൾ എന്നിവ സംഘടിപ്പിക്കും. ഇത് മൈക്രോഫിനാൻസ് സ്ഥാപനങ്ങളെയും അവരുടെ ടീമുകളെയും ക്രെഡിറ്റ് സ്കോറുകളുടെ പങ്ക് നന്നായി മനസ്സിലാക്കാനും വായ്പ നൽകുന്നതിന് ഡാറ്റ ഉപയോഗിക്കാനും കൂടുതൽ ശക്തമായ ക്രെഡിറ്റ് സാഹചര്യം കെട്ടിപ്പടുക്കാനും സഹായിക്കും.

ക്രെഡിറ്റ് സാക്ഷരതയെന്നത് വെറും വായ്പ എടുക്കുന്നതിനപ്പുറം ഇന്നത്തെ സാമ്പത്തിക വ്യവസ്ഥയിൽ വിശ്വാസവും വിശ്വാസ്യതയും കെട്ടിപ്പടുക്കാൻ കൂടി ലക്ഷ്യം വെച്ച വെച്ചുള്ളതാണെന്ന് ട്രാൻസ്യൂണിയൻ സിബിൽ മാനേജിങ് ഡയറക്ടറും സിഇഒയുമായ ഭവേഷ് ജെയ്ൻ പറഞ്ഞു. 2024 ഡിസംബർ വരെ 13 കോടിയിലധികം ആളുകൾ തങ്ങളുടെ സിബിൽ റിപ്പോർട്ടും സ്കോറും പരിശോധിച്ചിട്ടുണ്ട്. ഇത് ക്രെഡിറ്റ് അവബോധമുള്ള ഉപഭോക്താക്കളുടെ എണ്ണത്തിലെ വർദ്ധനവാണ് കാണിക്കുന്നത്. മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾക്കും അവരുടെ ഉപഭോക്താക്കൾക്കും മികച്ച ക്രെഡിറ്റ് അവബോധം ഉപയോഗിച്ച് തങ്ങളുടെ സാമ്പത്തിക ഭാവി നിയന്ത്രിക്കാൻ പ്രാപ്തരാക്കുന്നതിനുള്ള ഒരു ചുവടുവെയ്പ്പാണ് സാ-ധനുമായുള്ള തങ്ങളുടെ പങ്കാളിത്തമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സാമൂഹിക തലത്തിൽ യഥാർത്ഥവും ദീർഘകാലം നിലനിൽക്കുന്നതുമായ സാമ്പത്തിക ഉൾക്കൊള്ളലിന് ക്രെഡിറ്റ് വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് സാ-ധൻ എക്സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ ജിജി മാമ്മൻ പറഞ്ഞു. വ്യെക്തികൾക്ക് ക്രെഡിറ്റിൻറെ പങ്കും ജീവിതോപാധികൾ മെച്ചപ്പെടുത്തുന്നതിനോ പുതിയ അവസരങ്ങൾ നേടുന്നതിനോ ഉള്ള അതിൻറെ പ്രയോജനവും മനസ്സിലാകുമ്പോൾ അവർ ഔപചാരിക സമ്പദ്വ്യവസ്ഥയിൽ കൂടുതൽ ആത്മവിശ്വാസത്തോടെയും കാര്യക്ഷമതയോടെയും പങ്കാളികളാകും. പുതിയ പങ്കാളിത്തത്തിലൂടെ ഈ അറിവിനെ ഏറ്റവും ആവശ്യമുള്ള ഇടങ്ങളിലേക്ക് നേരിട്ട് എത്തിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ പരിപാടിയിലൂടെ ട്രാൻസ് യൂണിയൻ സിബിലും സാ-ധനും ഡാറ്റാ അധിഷ്ഠിതമായ കൂടുതൽ ശക്തമായ മൈക്രോ ഫിനാൻസ് പരിസ്ഥിതി കെട്ടിപ്പടുക്കുവാനുള്ള സാമൂഹിക ദൗത്യവുമായി മുന്നോട്ട് പോകുകയാണ്. ഇത് സ്ഥാപനങ്ങളെയും വ്യക്തികളെയും ഒരുപോലെ കൂടുതൽ അറിവോടും, ആത്മവിശ്വാസമുള്ളതുമായ സാമ്പത്തിക തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തരാക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.