- Trending Now:
കൊച്ചി: എയർ ഇന്ത്യ എക്സ്പ്രസ് ഔദ്യോഗികമായി ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (അയാട്ട)നിൽ അംഗമായി. കമ്പനി അതിവേഗം വിപുലീകരിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് എയർ ഇന്ത്യ എക്സ്പ്രസ് ഈ നേട്ടം കൈവരിച്ചത്.
120ലധികം രാജ്യങ്ങളിൽ നിന്നായി 350ഓളം വിമാന കമ്പനികളെയാണ് അയാട്ട പ്രതിനിധീകരിക്കുന്നത്. ആഗോള വിമാന ഗതാഗതത്തിന്റെ 80 ശതമാനത്തിലധികമാണിത്. 900ലധികം മാനദണ്ഡങ്ങൾ പാലിച്ചുള്ള പ്രവർത്തന സുരക്ഷ ഓഡിറ്റുകൾ (ഐഒഎസ്എ) പൂർത്തിയാക്കിയ വിമാന കമ്പനികൾക്ക് മാത്രമേ അയാട്ടയിൽ അംഗത്വം ലഭിക്കൂ.
വിമാന യാത്രകൾ കൂടുതൽ മെച്ചപ്പെടുത്താൻ അയാട്ടയിലെ അംഗത്വം സഹായകരമാകും. കൂടാതെ ലോകമെമ്പാടുമുള്ള അയാട്ട ബില്ലിംഗ് ആന്റ് സെറ്റിൽമെന്റ് പദ്ധതികളിൽ എയർ ഇന്ത്യ എക്സ്പ്രസിനെ സജീവ പങ്കാളിയായി നിർത്തും. അയാട്ട അംഗീകൃത ട്രാവൽ ഏജന്റുമാരിലൂടെ ആഗോള തലത്തിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ സാന്നിധ്യവും കൂടുതൽ ശക്തിപ്പെടുത്തും.
അനുദിനം വിപുലീകരികുന്ന വിമാന നിരയുള്ള എയർ ഇന്ത്യ എക്സ്പ്രസിന് നിലവിൽ 115 വിമാനങ്ങളുമായി പ്രതിദിനം 500ലധികം വിമാന സർവ്വീസുകളാണുള്ളത്. മിഡിൽ ഈസ്റ്റ്, തെക്ക് കിഴക്കൻ ഏഷ്യ, ഇന്ത്യൻ ഉപഭൂഖണ്ഡം തുടങ്ങിയ സ്ഥലങ്ങളെ ബന്ധിപ്പിച്ച് 41 ആഭ്യന്തര, 17 അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്കാണ് എയർ ഇന്ത്യ എക്സ്പ്രസിന് സർവ്വീസുകളുള്ളത്.
അയാട്ട കുടുംബത്തിലേക്ക് എയർ ഇന്ത്യ എക്സ്പ്രസിനെ സ്വാഗതം ചെയ്യുന്നതായി അയാട്ടയുടെ ഏഷ്യ പസഫിക് മേഖലാ വൈസ് പ്രസിഡന്റായ ഷെൽഡൺ ഹീ പറഞ്ഞു. 2017 മുതൽ ഐഒഎസ്എ രജിസ്ട്രിയിൽ എയർ ഇന്ത്യ എക്സ്പ്രസുണ്ട്.
അയാട്ട കുടുംബത്തിന്റെ ഭാഗമാകുന്നത് തങ്ങൾക്ക് അഭിമാനകരമായ നിമിഷമാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ് മാനേജിംഗ് ഡയറക്ടർ അലോക് സിംഗ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.