Sections

കഴിഞ്ഞ പത്ത് വർഷത്തിനിടെ ഒരിക്കലെങ്കിലും വായ്പയെടുത്ത് 74 ശതമാനത്തോളം ഇന്ത്യക്കാർ

Friday, Jul 31, 2026
Reported By Admin
CIBIL Report: India's Retail Credit Market Sees Strong Growth

കൊച്ചി: രാജ്യത്തെ ഔദ്യോഗിക വായ്പാ വിപണി കഴിഞ്ഞ ഒൻപത് വർഷത്തിനിടെ വൻ മുന്നേറ്റം കൈവരിച്ചതായി ട്രാൻസ് യൂണിയൻ സിബിലിന്റെ പുതിയ റിപ്പോർട്ട്. 'അൺലോക്കിംഗ് ആക്സസ്: ജേർണി ഓഫ് ക്രെഡിറ്റ് എക്സ്പാൻഷൻ ഇൻ ഇന്ത്യ' എന്ന പേരിൽ പുറത്തിറക്കിയ റിപ്പോർട്ടിൽ 2017 മാർച്ച് മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിലെ രാജ്യത്തെ വായ്പാ പങ്കാളിത്തത്തിലുണ്ടായ മാറ്റങ്ങളാണ് പ്രധാനമായും വിലയിരുത്തുന്നത്.

രാജ്യത്ത് വായ്പയെടുക്കാൻ യോഗ്യതയുള്ള ജനസംഖ്യ 2017-ലെ 79 കോടിയിൽ നിന്ന് 2026-ൽ 89 കോടിയായി ഉയർന്നു. ഒരിക്കലെങ്കിലും റീട്ടയിൽ വായ്പയെടുത്തവരുടെ നിരക്ക് 35 ശതമാനത്തിൽ നിന്ന് ഇരട്ടിയിലധികം വർദ്ധനവോടെ 74 ശതമാനത്തിൽ എത്തി. വായ്പാ വിപണിയിൽ സജീവമായവരുടെ നിരക്ക് 11 ശതമാനത്തിൽ നിന്ന് 28 ശതമാനമായി ഉയർന്നപ്പോൾ, ഇവരുടെ സംയുക്ത വാർഷിക വളർച്ചാ നിരക്ക് 14 ശതമാനത്തിൽ നിന്ന് 9 ശതമാനമായി കുറഞ്ഞു.

വായ്പാ രംഗത്തേക്ക് പുതുതായി എത്തുന്നവരുടെ പങ്കാളിത്തം 32 ശതമാനത്തിൽ നിന്ന് 13 ശതമാനമായി കുറഞ്ഞു. സ്വന്തം വായ്പാ വിവരങ്ങൾ സ്വയം നിരീക്ഷിക്കുന്നവരുടെ നിരക്ക് 2018-ലെ 1 ശതമാനത്തിൽ നിന്ന് 2026 മാർച്ചിൽ 35 ശതമാനമായി വൻ കുതിച്ചുചാട്ടം നടത്തി.

വായ്പാ വിപണിയിൽ പരമ്പരാഗതമായി ആധിപത്യം പുലർത്തിയിരുന്ന മഹാരാഷ്ട്ര 12 ശതമാനത്തിൽ നിന്ന് 10 ശതമാനവും, തമിഴ്നാട് 11 ശതമാനത്തിൽ നിന്ന് 9 ശതമാനവുമായി ഈ സംസ്ഥാനങ്ങളുടെ വിഹിതം കുറഞ്ഞപ്പോൾ വടക്കൻ-മധ്യ ഇന്ത്യ വൻ വളർച്ച കൈവരിച്ചു. ആകെ വായ്പാ പങ്കാളിത്തത്തിൽ യുപിയുടെ വിഹിതം 8 ശതമാനത്തിൽ നിന്ന് 11 ശതമാനമായി ഉയർന്നു. മധ്യപ്രദേശിന്റെ വിഹിതം 4 ശതമാനത്തിൽ നിന്ന് 6 ശതമാനമായും, ബിഹാറിന്റേത് 3 ശതമാനത്തിൽ നിന്ന് 5 ശതമാനമായും, പശ്ചിമ ബംഗാളിന്റേത് 4 ശതമാനത്തിൽ നിന്ന് 5 ശതമാനമായും വർധിച്ചു. ഗുജറാത്ത് 5 ശതമാനവും, കർണാടക 7 ശതമാനവും, തെലങ്കാന 5 ശതമാനവും, ആന്ധ്രാപ്രദേശ് 6 ശതമാനവുമായി മാറ്റമില്ലാതെ തുടർന്നു.

വനിതാ ഉപഭോക്താക്കളുടെ വിഹിതം 22 ശതമാനത്തിൽ നിന്ന് 30 ശതമാനമായും, യുവാക്കളുടേത് 33 ശതമാനത്തിൽ നിന്ന് 39 ശതമാനമായും, ഗ്രാമീണ, ചെറുകിട നഗരങ്ങളിലെ ഉപഭോക്താക്കളുടെ വിഹിതം 53 ശതമാനത്തിൽ നിന്ന് 63 ശതമാനമായും ഉയർന്നു. വായ്പാ ബാധ്യത കൂടുതലുള്ളവരുടെ നിരക്ക് 5 ശതമാനത്തിൽ നിന്ന് 2024ൽ 18 ശതമാനമായും ഉയർന്ന ശേഷം 2026-ൽ 15 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

വ്യക്തിഗത-ക്രെഡിറ്റ് കാർഡ് വായ്പകളുടെ വിഹിതം 34 ശതമാനത്തിൽ നിന്ന് 51 ശതമാനമായി ഉയരുകയും ഇവരുടെ എണ്ണം നാലിരട്ടിയാവുകയും ചെയ്തു. വ്യക്തികൾ എടുക്കുന്ന ബിസിനസ് വായ്പകളുടെ വിഹിതം 3 ശതമാനത്തിൽ നിന്ന് 9 ശതമാനമായി വർധിച്ച് പത്തിരട്ടി വളർച്ച കൈവരിച്ചു. സ്വർണ്ണപ്പണയ വായ്പകൾ 19 ശതമാനത്തിൽ നിന്ന് 22 ശതമാനമായി ഉയർന്നപ്പോൾ വാഹന വായ്പകൾ 18 ശതമാനവും ഭവന വായ്പകൾ 10 ശതമാനത്തത്തിലും മാറ്റമില്ലാതെ തുടർന്നു.

വാണിജ്യ വായ്പകൾക്ക് യോഗ്യതയുള്ള സ്ഥാപനങ്ങൾ 2021ലെ 6.3 കോടിയിൽ നിന്ന് 2026ൽ 8.7 കോടിയായി വർധിച്ചു. ഇതിൽ പ്രൊപ്രൈറ്റർഷിപ്പ്-പാർട്ണർഷിപ്പ് സ്ഥാപനങ്ങളുടെ വിഹിതം 70 ശതമാനത്തിൽ നിന്ന് 88 ശതമാനമായി ഉയർന്നു. കുറഞ്ഞ വായ്പാ റിസ്ക് ഉള്ള സ്ഥാപനങ്ങൾ 13 ശതമാനത്തിൽ നിന്ന് 37 ശതമാനമായി ഉയർന്നപ്പോൾ പുതുതായി വാണിജ്യ വായ്പയെടുക്കുന്നവരുടെ നിരക്ക് 60 ശതമാനത്തിൽ 39 ശതമാനമായി കുറഞ്ഞു.

രാജ്യത്തെ ഡിജിറ്റൽ പൊതുസൗകര്യങ്ങളും യുപിഐയുടെ ദ്രുതഗതിയിലുള്ള വളർച്ചയുമാണ് ഈ സാമ്പത്തിക ഉൾപ്പെടുത്തലിന് വഴിയൊരുക്കിയതെന്ന് ട്രാൻസ് യൂണിയൻ സിബിൽ എംഡിയും സിഇഒയുമായ ഭവേഷ് ജെയിൻ വ്യക്തമാക്കി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.