Sections

കദെർ അത്തിയ കൊച്ചിയിൽ; ഏഴാമത് ബിനാലെയുടെ ക്യൂറേറ്റോറിയൽ അന്വേഷണങ്ങൾക്ക് തുടക്കം

Saturday, Sep 19, 2026
Reported By Admin
Kader Attia to Curate Kochi-Muziris Biennale 2026

കൊച്ചി: കുടിയേറുന്ന സംസ്ക്കാരത്തെ അതിന്റെ തനിമയോടെ നിലനിറുത്തുന്നതിൽ ലോകത്തിന് തന്നെ കൊച്ചി മാതൃകയാണെന്ന് കൊച്ചി-മുസിരിസ് ബിനാലെയുടെ ഏഴാം പതിപ്പിന്റെ ക്യൂറേറ്ററായി തിരഞ്ഞെടുക്കപ്പെട്ട പ്രശസ്ത കലാകാരൻ കദെർ അത്തിയ അഭിപ്രായപ്പെട്ടു. ബോൾഗാട്ടി ഗ്രാന്റ് ഹയാത്തിൽ നടന്ന ചടങ്ങിൽ കൊച്ചിയിലെ മാധ്യമപ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു അദ്ദേഹം. ബിനാലെ ഏഴാം ലക്കത്തിന്റെ ക്യൂറേറ്റർ പ്രമേയം രൂപീകരിക്കുന്നതിൽ ഇത് പ്രധാന ഘടകമാകുമെന്നും അദ്ദേഹം പറഞ്ഞു.

പാരീസിൽ ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ താമസിച്ചിരുന്ന കമ്മ്യൂണിറ്റി പാർപ്പിടത്തിലായിരുന്നു തന്റെ കുട്ടിക്കാലമെന്ന് അദ്ദേഹം പറഞ്ഞു. അവിടെ നിന്നാണ് കലയുടെ ആദ്യ വാസന ലഭിച്ചത്. കുടിയേറുന്ന സംസ്ക്കാരം പതുക്കെ അതത് പ്രദേശങ്ങളുമായി ഇണങ്ങിച്ചേരുന്ന കാഴ്ചയാണ് പൊതുവെ യൂറോപ്പിൽ കാണുന്നത്. കൊളോണിയലിസം പ്രാദേശിക അറിവുകളിലേക്കുള്ള അധിനിവേശം കൂടിയാണ്. എന്നാൽ കൊച്ചിയിൽ ഈ സംസ്ക്കാരങ്ങളുടെ തനത് നേർക്കാഴ്ച ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയ്ക്കുള്ളത് ഏകമായ വ്യക്തിത്വമല്ല; വൈവിധ്യങ്ങൾ നിറഞ്ഞതാണ്.

അത്തിയ തന്റെ കലാസൃഷ്ടികളുടെ ചിത്രങ്ങൾ പങ്കുവെക്കുകയും, രണ്ട് പതിറ്റാണ്ടിലേറെയായി ഓർമ, ചരിത്രം, റിപ്പെയർ, കൊളോണിയലിസത്തിന്റെ അടയാളങ്ങൾ എന്നീ ആശയങ്ങളെ ചുറ്റിപ്പറ്റി വികസിച്ചു വന്ന തന്റെ കലാപ്രവർത്തനത്തെ പറ്റിയും സംസാരിച്ചു. പുനഃസ്ഥാപനത്തെ (റിപ്പെയർ) ഒരു ആശയമായല്ല, മറിച്ച് ഒരു പ്രതിഭാസമായാണ് അദ്ദേഹം കാണുന്നതെന്നും പറഞ്ഞു. അമ്മയെക്കുറിച്ചുള്ള ഓർമ്മകളിൽ നിന്നും, നമ്മുടെ പൂർവികർ അവശേഷിച്ചു പോയ അടയാളങ്ങളിൽ നിന്നും തുടങ്ങി, മുറിവിന്റെയും പുനഃസ്ഥാപനത്തിന്റെയും ആശയങ്ങളിലൂടെ അദ്ദേഹം കടന്നു പോയി.

യൂറോപ്യൻ സമകാലീന കലയിൽ നിപുണനായ കദെർ അത്തിയ ക്യൂറേറ്റായി എത്തിയത് ബിനാലെയുടെ സ്വത്വത്തിന്റെ പ്രതിഫലനമാണെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷൻ ചെയർപേഴ്സൺ ഡോ. വേണു വി ചൂണ്ടിക്കാട്ടി. എല്ലാവരുടെയും സ്വന്തമെന്ന തോന്നലാണ് ബിനാലെയെ ജനകീയമായി നിലനിറുത്തുന്നതെന്ന് കെ ബി എഫ് ട്രസ്റ്റി അദീബ് അഹമ്മദ് പറഞ്ഞു. ബിനാലെ പ്രസിഡന്റ് ജിതീഷ് കല്ലാട്ട് കദെർ അത്തിയയെ പരിചയപ്പെടുത്തി. നവംബർ 14 ന് മുംബെയിൽ വച്ച് ക്യൂറേറ്റോറിയൽ പ്രമേയം പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി ബിനാലെ ഫൗണ്ടേഷൻ സി.ഇ.ഒ. തോമസ് വർഗീസ് നന്ദി പ്രകാശിപ്പിച്ചു.

ക്യൂറേറ്റർ കദെർ അത്തിയ

1970-ൽ ഫ്രാൻസിലെ ദുഗ്നിയിൽ ജനിച്ച കാദർ അത്തിയ നിലവിൽ ഹാംബർഗ് എച്ച്.എഫ്.ബി.കെയിൽ ടൈം-ബേസ്ഡ് മീഡിയ പ്രൊഫസറാണ്. പാരീസ് നഗരത്തിൻറെ പ്രാന്തപ്രദേശങ്ങളിലും അൾജീരിയയിലുമായി ചെലവഴിച്ച ബാല്യവും, കോംഗോയിലും തെക്കേ അമേരിക്കയിലുമുള്ള അനുഭവങ്ങളും അദ്ദേഹത്തിന്റെ കലാപ്രവർത്തനത്തെ ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട്. ഇതിലൂടെ കൊളോണിയലിസത്തിന്റെ മാനസിക, ഭൗതിക പ്രത്യാഘാതങ്ങളെ കലയിലൂടെ വരച്ച് കാട്ടാൻ അദ്ദേഹത്തിനായി. കലാപ്രതിഷ്ഠ,ശിൽപം, ചലച്ചിത്രം, ഫോട്ടോഗ്രാഫി, ആർക്കൈവൽ ഗവേഷണം എന്നിവയെ സമന്വയിപ്പിച്ചാണ് അദ്ദേഹത്തിന്റെ പ്രവർത്തനം. നരവംശശാസ്ത്രവും തത്ത്വചിന്തയും ഒരുമിച്ചു ചേർത്ത തലങ്ങളിലേക്ക് അദ്ദേഹം കലയെ എത്തിക്കുന്നു.

തകർച്ചയും പുനരുജ്ജീവനവും പ്രകൃതിയിലും മനുഷ്യചരിത്രത്തിലും വാസ്തുവിദ്യയിലും ഒരേപോലെ സംഭവിക്കുന്ന പ്രക്രിയകളാണെന്ന് അദ്ദേഹം സമർഥിക്കുന്നു. സമൂഹങ്ങൾ നഷ്ടങ്ങളെയും വേദനകളെയും എങ്ങനെ അതിജീവിക്കുന്നുവെന്നും അദ്ദേഹത്തിന്റെ കലാസൃഷ്ടികൾ പരിശോധിക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള പ്രമുഖ ആർട്ട് ഗാലറികളിൽ പ്രദർശനങ്ങൾ നടത്തിയിട്ടുള്ള അദ്ദേഹം 2022-ലെ പന്ത്രണ്ടാമത് ബെർലിൻ ബിനാലെയുടെ ക്യൂറേറ്ററായിരുന്നു. ജോവാൻ മിറോ പ്രൈസ്, മാഴ്സൽ ദുഷാംപ് പ്രൈസ് അടക്കം നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.

കൊച്ചി-മുസിരിസ് ബിനാലെ പ്രസിഡന്റ് ജിതീഷ് കല്ലാട്ട്

ശാസ്ത്രം, ചരിത്രസ്മരണകൾ, അസ്തിത്വത്തെക്കുറിച്ചുള്ള അന്വേഷണങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയ കലാസൃഷ്ടികളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് കൊച്ചി-മുസിരിസ് ബിനാലെ പ്രസിഡന്റ് ജിതീഷ് കല്ലാട്ട്. 2014-ൽ കൊച്ചി-മുസിരിസ് ബിനാലെയുടെ രണ്ടാം പതിപ്പിന്റെ ക്യൂറേറ്ററും ആർട്ടിസ്റ്റിക് ഡയറക്ടറുമായി പ്രവർത്തിച്ച അദ്ദേഹം, ഏഴാം പതിപ്പിന്റെ ക്യൂറേറ്ററായി കാദർ അത്തിയയെ തിരഞ്ഞെടുത്ത സമിതിയുടെ അധ്യക്ഷൻ കൂടിയായിരുന്നു. മൂന്ന് പതിറ്റാണ്ടിലേറെയായി ഡ്രോയിംഗ്, പെയിന്റിംഗ്, ശിൽപകല, ഫോട്ടോഗ്രാഫി എന്നിവയിലുടെ ജിതീഷ് കലാലോകത്ത് സജീവമാണ്. അന്താരാഷ്ട്ര തലത്തിൽ ഷിക്കാഗോ ആർട്ട് ഇൻസ്റ്റിറ്റ്യൂട്ട്, ലണ്ടനിലെ ടേറ്റ് മോഡേൺ, വെനീസ് ബിനാലെ എന്നിവയുൾപ്പെടെ ലോകവേദികളിൽ അദ്ദേഹത്തിന്റെ സൃഷ്ടികൾ പ്രദർശിപ്പിച്ചിട്ടുണ്ട്.

കൊച്ചി ബിനാലെ ഫൗണ്ടേഷൻ ചെയർപേഴ്സൺ ഡോ. വേണു വാസുദേവൻ

മുൻ ചീഫ് സെക്രട്ടറിയായിരുന്ന ഡോ. വേണു വാസുദേവൻ കേന്ദ്ര-സംസ്ഥാന ഭരണ നിർവഹണത്തിൽ നിർണായക സംഭാവനകൾ നൽകിയ വ്യക്തിയാണ്. സാംസ്കാരിക, വിനോദസഞ്ചാര വകുപ്പുകളിൽ ദീർഘകാലം പ്രവർത്തിച്ച ഡോ. വേണു കേരള ട്രാവൽ മാർട്ടിന്റെ സ്ഥാപകരിൽ ഒരാളാണ്. ഡൽഹി നാഷണൽ മ്യൂസിയം ഡയറക്ടർ ജനറലായിരിക്കെ സ്ഥാപനത്തിന്റെ നവീകരണത്തിന് ചുക്കാൻ പിടിച്ചു. സംസ്ഥാന ചീഫ് സെക്രട്ടറിയായി വിരമിച്ച ശേഷം കൊച്ചി ബിനാലെ ഫൗണ്ടേഷൻ ചെയർപേഴ്സണായും മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഡയറക്ടറായും ചുമതലയേറ്റു.

കൊച്ചി-ബിനാലെ ഫൗണ്ടേഷൻ & കൊച്ചി-മുസിരിസ് ബിനാലെ

കല, സംസ്കാരം, പൈതൃകം, വിദ്യാഭ്യാസം എന്നിവയുടെ ഉയർച്ച ലക്ഷ്യമിട്ട് 2010-ൽ ആരംഭിച്ച കൊച്ചി ബിനാലെ ഫൗണ്ടേഷനാണ് കൊച്ചി-മുസിരിസ് ബിനാലെ സംഘടിപ്പിക്കുന്നത്. രാജ്യത്തെ ആദ്യത്തെതും ഏറ്റവും വലുതുമായ സമകാലിക കലാമേളയാണിത്. കേരള സർക്കാരിന്റെ സജീവ സഹകരണത്തോടെ പ്രവർത്തിക്കുന്ന ഫൗണ്ടേഷൻ പൈതൃക സംരക്ഷണത്തിലും പങ്കുവഹിക്കുന്നു. ചരിത്രമുറങ്ങുന്ന ഫോർട്ട് കൊച്ചിയുടെയും മട്ടാഞ്ചേരിയുടെയും പശ്ചാത്തലത്തിൽ രണ്ടു വർഷത്തിലൊരിക്കൽ നടക്കുന്ന കൊച്ചി-മുസിരിസ് ബിനാലെ വെറുമൊരു കലാപ്രദർശനം എന്നതിലുപരി രാജ്യത്തിന്റെ സാംസ്കാരിക മുന്നേറ്റമാണ്. 110 ദിവസങ്ങളിലായി നീണ്ടുനിൽക്കുന്ന മേളയിൽ ലോകോത്തര കലാസൃഷ്ടികൾക്കൊപ്പം പൊതുപരിപാടികൾ, ശിൽപശാലകൾ, കലാകാരന്മാർക്കുള്ള ആർട്ട് റെസിഡൻസികൾ എന്നിവയും നടക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.