Sections

ഇവയൊക്കെ മനസില്‍വച്ചുവേണം സ്ഥിര നിക്ഷേപങ്ങള്‍ നടത്തുവാന്‍

Thursday, Oct 21, 2021
Reported By Admin
savings

സ്ഥിര നിക്ഷേപങ്ങള്‍ നടത്തുവാന്‍ ശ്രദ്ധിക്കേണ്ടത്....


ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാര്‍ഗമായതിനാല്‍ തന്നെ സ്ഥിര നിക്ഷേപങ്ങള്‍ ഏറ്റവും ജനപ്രീതിയുള്ള നിക്ഷേപങ്ങളില്‍ ഒന്നാണ്. സേവിംഗ്സ് അക്കൗണ്ടുകളെക്കാളും റെക്കറിംഗ് നിക്ഷേപങ്ങളെക്കാളും ഉയര്‍ന്ന പലിശ നിരക്ക് നിക്ഷേപകന് നല്‍കുമ്പോള്‍ തന്നെ നിക്ഷേപ നേട്ടങ്ങളും പരമാവധിയാക്കുവാന്‍ സ്ഥിര നിക്ഷേപങ്ങളിലൂടെ സാധിക്കുന്നു. സ്ഥിര നിക്ഷേപങ്ങളില്‍ പല തരത്തിലുള്ള നിക്ഷേപ രീതികളുണ്ട്. ബാങ്കുകളിലെയും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിലെയും സ്ഥിര നിക്ഷേപ കാലയളവ് എന്നത് 7 ദിവസങ്ങള്‍ മുതല്‍ 10 വര്‍ഷം വരെയാണ്. ചുരുക്കം ചില ബാങ്കുകള്‍ ദീര്‍ഘിപ്പിച്ച കാലയളവുകളിലേക്ക് പരമാവധി 20 വര്‍ഷം വരെയും സ്ഥിര നിക്ഷേപം അനുവദിക്കാറുണ്ട്.


സ്ഥിര നിക്ഷേപ പദ്ധതിയില്‍ നിക്ഷേപം നടത്തുന്നതിന് മുമ്പായി നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് അനുയോജ്യമായ ഏത് കാലയളവാണ് ബാങ്കുകള്‍ അല്ലെങ്കില്‍ മാറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ വാഗ്ദാനം ചെയ്യുന്നത് എന്ന് കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്. അതിനനുസരിച്ച് വേണം നിക്ഷേപ കാലയളവ് തെരഞ്ഞെടുക്കാന്‍. കൂടാതെ നിക്ഷേപം നടത്തുന്നതിനായി മുമ്പായി നിങ്ങള്‍ നിക്ഷേപിക്കുവാന്‍ തയ്യാറെടുക്കുന്ന നിക്ഷേപ കാലയളവിന് ഓരോ ബാങ്കും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കുകള്‍ എത്രയാണെന്ന് മനസ്സിലാക്കുകയും അവ തമ്മില്‍ താരതമ്യം ചെയ്യുകയും വേണം. 5 ലക്ഷം രൂപ വരെയുള്ള ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)യുടെ ഉപഘടകമായ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്റ് ക്രെഡിറ്റ് ഗ്യാരണ്ടീ കോര്‍പറേഷന്‍ (ഡിഐസിജിസി)യുടെ പരിരക്ഷ ഉണ്ടെന്ന കാര്യം നിങ്ങള്‍ക്കെല്ലാം അറിയാവുന്നതായിരിക്കും. അതുകൊണ്ടു തന്നെനിലവിലുള്ള റിസ്‌ക് സാധ്യത ഒഴിവാക്കുന്നതിനായി ഒരൊറ്റ ബാങ്കിലെ സ്ഥിര നിക്ഷേപത്തില്‍ 5 ലക്ഷം രൂപയ്ക്ക് മേല്‍ നിക്ഷേപം നടത്താതിരിക്കാന്‍ ശ്രദ്ധിയ്ക്കാം. പല ബാങ്കുകളില്‍ പല സ്ഥിര നിക്ഷേപങ്ങളായി നിങ്ങള്‍ക്ക് നിങ്ങളുടെ നിക്ഷേപത്തെ വിഭജിക്കാവുന്നതാണ്. 

 


ഏറ്റവും വിശ്വാസ യോഗ്യമായ മാര്‍ഗമാണത്. ഒപ്പം ഓരോ ബാങ്കിലെയും സ്ഥിര നിക്ഷേപ തുക 5 ലക്ഷം രൂപയ്ക്ക് മുകളിലാകാതിരിക്കാനും ശ്രദ്ധിയ്ക്കുക. വ്യത്യസ്ത സ്ഥിര നിക്ഷേപങ്ങള്‍, വ്യത്യസ്ത മെച്യൂരിറ്റി കാലയളവുകളിലേക്കായി നിങ്ങള്‍ക്ക് നിക്ഷേപം നടത്താം. അങ്ങനെ ചെയ്യുമ്പോള്‍ സ്ഥിര നിക്ഷേപങ്ങളില്‍ നിന്നും ലഭിക്കുന്ന പലിശാദായത്തില്‍ നേട്ടമുണ്ടാവുകയും ചെയ്യും. നിങ്ങള്‍ക്ക് ഒന്നിലധികം സ്ഥിര നിക്ഷേപങ്ങള്‍ ഉണ്ടാകുമ്പോള്‍ പണത്തിനായി അടിയന്തിര ആവശ്യങ്ങള്‍ മുന്നിലെത്തുകയാണെങ്കില്‍ അവയില്‍ നിന്നും ആവശ്യത്തിനനുസരിച്ച് ഒന്നോ രണ്ടോ സ്ഥിര നിക്ഷേപങ്ങള്‍ നിങ്ങള്‍ക്ക് പിന്‍വലിക്കുവാനും സാധിക്കും. നിങ്ങളുടെ മൊത്ത നിക്ഷേപത്തെ ഇത്തരം പിന്‍വലിക്കലുകള്‍ ബാധിക്കുകയില്ല എന്നതാണ് പ്രധാനപ്പെട്ട കാര്യം. അതുപോലെ നികുതി ലാഭിക്കുവാന്‍ സാധിക്കുന്ന സ്ഥിര നിക്ഷേപങ്ങളില്‍ നിങ്ങള്‍ക്ക് ഒരു സാമ്പത്തിക വര്‍ഷത്തില്‍ 1,50,000 രൂപ വരെ സേവ് ചെയ്യാന്‍ കഴിയും. 


നികുതി ലാഭിക്കുന്ന സ്ഥിര നിക്ഷേപങ്ങള്‍ സാധാരണ സ്ഥിര നിക്ഷേപങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. നികുതി ലാഭിക്കുന്ന സ്ഥിര നിക്ഷേപങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തെ ലോക്ക്-ഇന്‍ കാലയളവുണ്ട്, അതിനുമുമ്പ് നിങ്ങളുടെ പണം പിന്‍വലിക്കാന്‍ കഴിയില്ല. ഇന്ത്യയില്‍ താമസിക്കുന്ന വ്യക്തികള്‍ക്കും ഹിന്ദു അവിഭക്ത കുടുംബങ്ങള്‍ക്കും (എച്ച്യുഎഫ്) മാത്രമേ ഈ നിക്ഷേപം ആരംഭിക്കാന്‍ കഴിയൂ. നികുതി ലാഭിക്കുന്ന സ്ഥിര നിക്ഷേപം ഒരു വ്യക്തിക്ക് അല്ലെങ്കില്‍ സംയുക്ത നാമങ്ങളില്‍ ആരംഭിക്കാന്‍ സാധിക്കും. ജോയിന്റ് ഹോള്‍ഡിംഗിന്റെ കാര്യത്തില്‍, വകുപ്പ് 80 സി പ്രകാരം ആദ്യത്തെ ഉടമയ്ക്ക് മാത്രമേ നികുതി ആനുകൂല്യം ക്ലെയിം ചെയ്യാന്‍ കഴിയൂ.   

 

 

ഒരു വ്യക്തിക്ക് ഈ സ്ഥിര നിക്ഷേപങ്ങളില്‍ പ്രതിമാസ / ത്രൈമാസ / വാര്‍ഷിക പലിശ ഓപ്ഷന്‍ തിരഞ്ഞെടുക്കാം. നിങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് ഓപ്ഷനും തിരഞ്ഞെടുക്കാവുന്നതാണ്. ഇത്തരം സ്ഥിര നിക്ഷേപത്തിന് ലഭിക്കുന്ന പലിശയ്ക്ക് നികുതി നല്‍കേണ്ടതാണ്. പലിശ തുക നിങ്ങളുടെ വാര്‍ഷിക വരുമാനത്തില്‍ ചേര്‍ക്കുകയും നിങ്ങളുടെ ആദായനികുതി സ്ലാബ് അനുസരിച്ച് നികുതി നല്‍കുകയും വേണം നല്‍കേണ്ട പലിശ ത്രൈമാസ അടിസ്ഥാനത്തില്‍ മാത്രം കണക്കാക്കുന്നു. ഈ സ്ഥിരനിക്ഷേപങ്ങളില്‍ നിന്ന് നേടുന്ന വാര്‍ഷിക പലിശയില്‍ 10 ശതമാനം നിരക്കില്‍ ബാങ്കുകള്‍ ടിഡിഎസ് (ഉറവിടത്തില്‍ നികുതി കിഴിവ്) കുറയ്ക്കുന്നു. നികുതി അടയ്ക്കുന്നതില്‍ നിന്ന് നിങ്ങളെ ഒഴിവാക്കിയിട്ടുണ്ടെങ്കില്‍, സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ ഫോം 15 ജി / എച്ച് ബാങ്കില്‍ സമര്‍പ്പിക്കേണ്ടതുണ്ട്.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.