Sections

ലക്ഷ്യത്തിലേക്കുള്ള ചവിട്ടുപടികള്‍ കഠിനമാകാം; പക്ഷേ, കൂട്ടുകെട്ടുകള്‍ തന്ന ധൈര്യം ചെറുതല്ല: ഷിനു ജോണ്‍ ചാക്കോ

Sunday, Jul 24, 2022
Reported By Aswathi Nurichan
shinu john chacko

ചിന്തകള്‍ക്കൊക്കെ ഒരു പരിതിയില്ലടേ...? എന്നു ഷിനുവിന്റെ വീഡിയോ കാണുമ്പോള്‍ നമുക്ക് തോന്നാറുണ്ട്. ഷിനുവിന്റെ വീഡിയോയില്‍ സംസാരിക്കാത്തവരായി ആരും തന്നെയില്ല. 


'നീ ഒരു സിനിമ നടനാകണമെന്ന് കഠിനമായി ആഗ്രഹിച്ചുവെങ്കില്‍ നീ അത് ആകുക തന്നെ ചെയ്യും' ഇത് മിക്കവര്‍ക്കും സുപരിചിതമായ വരികളാണ്. സിനിമാ മോഹികളായ നിരവധി യുവതി യുവാക്കള്‍ നമ്മുക്ക് ചുറ്റുമുണ്ട്. അവര്‍ക്കൊക്കെ പ്രചോദനം നല്‍കുന്ന വാക്കുകള്‍ തന്നെയാണിത്. എല്ലാ കാലങ്ങളിലും എല്ലാ മേഖലയിലും പുതുമുഖങ്ങള്‍ രംഗപ്രവേശനം ചെയ്യാറുണ്ട്. എന്നാല്‍ മുന്‍ കാലങ്ങളില്‍ സിനിമയിലേക്ക് എത്തുന്നതായി ഉപയോഗിക്കാന്‍ പരിമിതമായ മാധ്യമങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ അതല്ല സ്ഥിതി. സമൂഹ മാധ്യമങ്ങളുടെ അതിപ്രസരം മറ്റു മേഖലയെയും സ്വാധീനിച്ചത് പോലെ സിനിമാ മേഖലയെയും നല്ലരീതിയില്‍ സ്വാധീനിച്ചിട്ടുണ്ട്. 

വ്യത്യസ്ത മുഖങ്ങളെയും വ്യത്യസ്ത കഴിവുകളെയും സമൂഹമാധ്യമങ്ങള്‍ സിനിമയിലേക്ക് ഉയര്‍ത്തി കൊണ്ടു വന്നിട്ടുണ്ട്. അതിന് വലിയ വലിയ കാര്യങ്ങള്‍ ചെയ്യണമെന്നൊന്നും ഇല്ല. ഒരു അഭിനേതാവ് ചെയ്യുന്ന ചെറിയ കാര്യത്തിലും ചില വലിയ കഴിവുകള്‍ ഒളിഞ്ഞു കിടക്കുന്നുണ്ടാകാം. അത്തരത്തില്‍ വ്യത്യസ്തമായി ചെയ്ത ചെറിയ ചെറിയ കാര്യങ്ങളിലൂടെ ഉയര്‍ന്നു വന്നയാളാണ് ഷിനു ജോണ്‍ ചാക്കോ. പത്തനംതിട്ട സ്വദേശിയായ ഷിനുവിന് സിനിമയുമായി ബന്ധപ്പെട്ട പരിചയങ്ങളോ അതിനെകുറിച്ചുള്ള കൃത്യമായ അറിവോ ഇല്ലായിരുന്നു. എന്നാല്‍ ഇന്ന് കേരളത്തിലെ യുവതി യുവാക്കള്‍ മാത്രമല്ല മിക്ക മലയാളികളും കാണാന്‍ കാത്തിരിക്കുന്ന കരിക്ക് എന്ന ഡിജിറ്റല്‍ മീഡിയ പ്ലാറ്റ്‌ഫോമിന്റെ ഭാഗമാകാന്‍ ഷിനുവിന് സാധിച്ചു.

സമൂഹമാധ്യമത്തിന്റെ മികച്ച രീതിയിലുള്ള ഉപയോഗത്തെ കുറിച്ചും സിനിമ എന്ന ലക്ഷ്യം നേടുന്നതിനായുള്ള ശ്രമങ്ങളെ കുറിച്ചും ഷിനുവിനോട് തന്നെ ചോദിക്കാം. മികച്ച അഭിനേതാവും കണ്ടന്റ് ക്രീയേറ്ററുമായി ഷിനു ജോണ്‍ ചാക്കോയുമായി ദി ലോക്കല്‍ ഇക്കണോമി സബ് എഡിറ്റര്‍ അശ്വതി നുരിച്ചന്‍ നടത്തിയ അഭിമുഖം.

പരിതിയില്ലാത്ത ചിന്തകള്‍

ചിന്തകള്‍ക്കൊക്കെ ഒരു പരിതിയില്ലടേ...? എന്നു ഷിനുവിന്റെ വീഡിയോ കാണുമ്പോള്‍ നമുക്ക് തോന്നാറുണ്ട്. ഷിനുവിന്റെ വീഡിയോയില്‍ സംസാരിക്കാത്തവരായി ആരും തന്നെയില്ല. വണ്ടും, പാറ്റയും തുടങ്ങി സീലിംഗ് ഫാന്‍ വരെ സംസാരിക്കും. മിക്ക വസ്തുകളുടെയും ചിന്തകളും സംസാരവും ഷിനു ജോണ്‍ ചാക്കോ എന്ന കണ്ടന്റ് ക്രീയേറ്റര്‍ തന്റെ വീഡിയോകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രസകരവും വ്യത്യസ്തവും സമകാലികവുമായ വിഡിയോകളാണ് ഷിനു മിക്കവാറും ചെയ്യാറുള്ളത്. കൂടാതെ ടീമംഗങ്ങളുമായി ചേര്‍ന്ന് സിനിമാ സ്്പൂഫുകളും പുറത്തിറക്കിയിട്ടുണ്ട്. വെറുതെയിരിക്കുമ്പോള്‍ എനിക്ക് ഇത്തരം ചിന്തകളൊന്നും വരാറില്ലെന്നും എന്തെങ്കിലും പ്രവൃത്തി ചെയ്യുമ്പോഴാണ് ചിന്തകള്‍ ആഴത്തിലേക്ക് പോകുന്നതെന്നും ഈ കണ്ടന്റ് ക്രീയേറ്റര്‍ പറയുന്നു.   

സോഷ്യല്‍ മീഡിയയുടെ നല്ലരീതിയിലുള്ള ഉപയോഗം

സിനിമ എന്ന ലക്ഷ്യത്തിന് വേണ്ടി മാത്രമാണ് ഷിനു സോഷ്യല്‍ മീഡിയ ചാനലുകള്‍ ആരംഭിച്ചത്. സിനിമയിലേക്കുള്ള പ്രവേശനത്തിനായുള്ള ഒരു പോര്‍ട്ട്‌ഫോളിയോ മാത്രമാണ് എന്റെ യുട്യൂബ് ചാനല്‍, അല്ലാതെ വരുമാനത്തെ കുറിച്ചുള്ള ചിന്തകളൊന്നും ഉണ്ടായിരുന്നില്ലെന്ന് ഷിനു പറയുന്നു. ജോലി ചെയ്യുമ്പോള്‍ തന്നെ ചെറിയ രീതിയില്‍ സോഷ്യല്‍ മീഡിയയിലൂടെ വീഡിയോകള്‍ ചെയ്തു തുടങ്ങിയിരുന്നു. ചെറിയ ചെറിയ വീഡിയോകകളായിരുന്നു ചെയ്തിരുന്നത്. സമകാലിക വിഷയങ്ങള്‍ ഉപയോഗിക്കുമെങ്കിലും സമൂഹത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന വിഷയങ്ങള്‍ ഒഴിവാക്കാറുണ്ട്, നല്ല രീതിയിലുള്ള ആശയങ്ങള്‍ നല്‍കി ആളുകളെ ചിരിപ്പിക്കുക എന്നതു മാത്രമാണ് തന്റെ രീതിയെന്ന് ഷിനു ജോണ്‍ പറഞ്ഞു. 

ജോലി ഉപേക്ഷിക്കാന്‍ കാണിച്ച ധൈര്യം

സിനിമയോടുള്ള അതിയായ ആഗ്രഹത്തിന്റെ പുറത്താണ് ജോലിയില്‍ പ്രവേശിച്ച് 2 വര്‍ഷത്തിന് ശേഷം അത് ഉപേക്ഷിക്കാന്‍ തയ്യാറായത്. ആ സാഹചര്യത്തില്‍ മിക്കവരും സ്വാഭാവികമായി കുറേയധികം ഉപദേശങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ അതൊന്നും തന്റെ ആഗ്രഹത്തിന് തടസമാക്കാന്‍ ഞാന്‍ തയ്യാറായിരുന്നില്ലെന്ന് ഈ യുവാവ് പറയുന്നു. സ്‌കൂള്‍ കാലഘട്ടം മുതലേ സിനിമ ഓഡിഷനില്‍ പങ്കെടുത്തിരുന്നു. അതിനാല്‍ ജോലി ഉപേക്ഷിച്ച് ഷിനു നേരെ പോയത് നാരദന്‍ എന്ന സിനിമയുടെ ലൊക്കേഷനിലേക്കാണ്. ചെറിയ വേഷമാണെങ്കിലും ജോലി ഉപേക്ഷിച്ചതിന്റെ ആശങ്കകള്‍ ഒഴിവാക്കാന്‍ ആ ഷൂട്ടിംഗ് വളരെയധികം ഉപകരിച്ചുവെന്നും ഷിനു പറഞ്ഞു.

കരിക്കിലേക്കുള്ള പ്രവേശനം

ജോലി ഉപേക്ഷിച്ചതിന് ശേഷം ഷിനു കണ്ടന്റ് ക്രീയേഷനില്‍ സജീവമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. തന്റെ ഒരു വീഡിയോ കണ്ടാണ് കരിക്കിലേക്ക് അഭിനയിക്കാനുള്ള അവസരം ലഭിക്കുന്നത്. കരിക്ക് എന്ന ജനപ്രിയമായ ഒരു പ്ലാറ്റ്‌ഫോമിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ ഞാന്‍ വളരെയധികം സന്തോഷവാനാണ്. സെബാസ്റ്റിയന്റെ വെള്ളിയാഴ്ച എന്ന വെബ്‌സീരിസില്‍ ഒരു മുഴുനീള വേഷം ചെയ്യാന്‍ എനിക്ക് സാധിച്ചു. കൂടാതെ ഒരു മികച്ച ടീമിന്റെ കൂടെ പ്രവര്‍ത്തിക്കാന്‍ സാധിച്ചുവെന്നതും എപ്പോഴും ഓര്‍ത്തിരിക്കാവുന്ന ഒന്നാണെന്ന് ഈ അഭിനേതാവ് പറഞ്ഞു.

കൂട്ടുകെട്ട് തന്ന ധൈര്യം

പത്തനംതിട്ടയിലെ ചെറിയ ഗ്രാമമായ വെണ്ണികുളത്ത് പപ്പ ചാക്കോ, അമ്മ സാറാമ്മ, ചേട്ടന്‍ ഷാനു, ചേച്ചി ജിന്‍സി എന്നിവരടങ്ങുന്ന കുടുംബത്തോടൊപ്പമാണ് ഷിനു താമസിക്കുന്നത്. അവിടെ നിന്ന് യാതൊരുവിധ സിനിമാ ബന്ധങ്ങളും ഇല്ലാതിരുന്ന ഒരു നാട്ടിന്‍പുറത്തുകാരനെ മുന്നോട്ട് പോകാന്‍ സഹായിച്ചതില്‍ കൂട്ടുകെട്ടുകള്‍ നല്‍കിയത് വലിയ പിന്തുണയാണ്. കഠിനമായ പരിശ്രമങ്ങളുടെ ഭാഗമായാണ് മിക്ക നല്ല ബന്ധങ്ങളും തനിക്ക് ലഭിച്ചത്, പരസ്പരം സഹകരിക്കുകയും സഹായിക്കുകയും ചെയ്യുന്ന ഒട്ടനേകം പേരുടെ ഇടയിലാണ് താന്‍ നില്‍ക്കുന്നതെന്നത് ധൈര്യം നല്‍കുന്ന കാര്യമാണെന്ന് ഈ യുവാവ് പറയുന്നു.

ചെറിയ ചിരികള്‍ ചേര്‍ന്നുള്ള പൊട്ടിച്ചിരി

ചെറിയ ചെറിയ വീഡിയോകളാണ് മിക്കവാറും ഷിനു ചെയ്യാറുള്ളത്. വീട്ടില്‍ നിന്നോ താമസിക്കുന്ന ഇടങ്ങളില്‍ നിന്നോ പെട്ടെന്ന് ചെയ്യാന്‍ സാധിക്കുന്നവ. സ്വന്തമായി ആശയം കണ്ടെത്തി, ഷൂട്ടും, എഡിറ്റും ചെയ്താണ് അത്തര വീഡിയോകള്‍ പുറത്തുവിടാറുള്ളത്. എന്നാല്‍ സിനിമ സ്പൂഫുകളൊന്നും ചെയ്യുന്നത് കൂട്ടുകാരും സഹപ്രവര്‍ത്തരും ചേര്‍ന്നാണ്. '' വലിയ വീഡിയോകള്‍ ചെയ്യാന്‍ വലിയ രീതിയിലുള്ള ചര്‍ച്ചകളുടെയും ആശയവിനിമത്തിന്റെയും സഹകരണത്തിന്റെയും ആവശ്യമുണ്ട്. തിരക്കഥ രചനയില്‍ ടീമംഗങ്ങള്‍ മുഴുവന്‍ ഭാഗമാകാറുണ്ട്. ഓരോരുത്തരും പറയുന്ന കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് സംഭാഷണങ്ങള്‍ പൂര്‍ണമാക്കുന്നത്. അതിനാല്‍ മറ്റ് നിരവധി കണ്ടന്റ് ക്രീയറ്റര്‍ന്മാരുടെ കൂടെയും സിനിമാ സ്പൂഫ് ചെയ്യുന്നതിനായി സഹകരിച്ചിട്ടുണ്ട്. ചെറുപ്പം മുതലേ എന്റെ സുഹൃത്തുക്കളായ ഗോകുല്‍, ജെയ്‌സണ്‍, റെജൂബ്, റിനു, റിക്കു എന്നിവരാണ് മിക്ക വീഡിയോകളിലും ഭാഗമാകുള്ളത്'' ഷിനു ജോണ്‍ ചാക്കോ പറഞ്ഞു.

കുന്നോളം ആഗ്രഹങ്ങള്‍

കുന്നോളം ആഗ്രഹങ്ങള്‍ കൊണ്ടു നടക്കുന്നവരാണ് നമ്മള്‍ മിക്കവരും. ഷിനുവിനുമുണ്ട് സിനിമയുമായി ബന്ധപ്പെട്ട കുന്നോളം ആഗ്രഹങ്ങള്‍. വെബ്‌സീരീസ്, ആല്‍ബം, ഷോര്‍ട്ട്ഫിലിം, സിനിമ തുടങ്ങിയ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ ഇതിനകം ഷിനുവിന് സാധിച്ചിട്ടുണ്ട്. ചെറിയ രീതിയില്‍ തുടങ്ങിയവര്‍ തന്നെയാണ് ഇപ്പോള്‍ വലുതായി വളര്‍ന്ന് വന്നിട്ടുള്ളത്. അതിനാല്‍ ഷിനു പരിശ്രമങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. തനിക്ക് ചെറിയ ആഗ്രഹമൊന്നുമല്ല ഉള്ളത്. അഭിനയം, സംവിധാനം, എഴുത്ത്, പ്രൊഡക്ഷന്‍ തുടങ്ങിയ സിനിമയുമായി ബന്ധപ്പെട്ട എല്ലാ മേഖലയിലും പ്രവര്‍ത്തിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് ചിരിച്ചുകൊണ്ട് ഈ കലാകാരന്‍ പറയുന്നു.

ജീവിതത്തില്‍ വിജയം നേടണമെങ്കില്‍ റിസ്‌ക് എടുക്കണമെന്ന് പറയാറില്ലേ? പുതുതലമുറയില്‍ റിസ്‌ക് എടുക്കാന്‍ തയ്യാറാകുന്നവരാണ് പലരും. അതില്‍ മിക്കവരും വിജയം നേടിയിട്ടുമുണ്ട്. ആഗ്രഹങ്ങള്‍ മനസിലിട്ട് ഇഷ്ടമില്ലാത്ത മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിന് പകരം കൃത്യമായ പദ്ധതികളോടെ കഴിവുകള്‍ക്കൊപ്പം യാത്ര ചെയ്താല്‍ സംതൃപ്തിയോട് ജീവിക്കാന്‍ സാധിക്കുന്നതാണ് നല്ലത്. എംസിഎയില്‍ ബിരുദാനന്തര ബിരുദം നേടി, ടെക്‌നോപാര്‍ക്കില്‍ സോഫ്‌റ്റ്വെയര്‍ എഞ്ചിനീയറായി ജോലി ചെയ്ത ഷിനു മികച്ച ജോലി ഉപേക്ഷിച്ച് ആഗ്രഹങ്ങള്‍ക്കൊപ്പം സഞ്ചരിക്കാന്‍ തയ്യാറായി. അതിന് ശേഷം പരിതിയില്ലാത്ത തന്റെ ആഗ്രഹങ്ങള്‍ക്ക് വേണ്ടി കഠിനമായി ശ്രമിക്കുകയും അതില്‍ ആത്മസംതൃപ്തി കൈവരിക്കുകയും ചെയ്തു. ലക്ഷ്യം എന്തുമായികോട്ടെ അതിനായി റിസ്‌ക് എടുക്കാനും പ്രയത്‌നിക്കാനും തയ്യാറായാല്‍, വിജയ നേട്ടത്തിന് ശേഷം ആത്മവിശ്വാസത്തോടെ നിങ്ങള്‍ക്കും പറയാം 'റിസ്‌ക് എടുക്കതെല്ലാ എനക്ക് റസ്‌ക് സാപ്പിടമാതിരി'.

Shinu John chacko Social media links

Instagram: https://instagram.com/shinu.chacko?igshid=YmMyMTA2M2Y=

Facebook: https://www.facebook.com/SHINUJ0HNCHACKO


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.