Sections

കടുകുവറ...കടുകുവറയല്ല കേട്ടാല്‍ ഞെട്ടുന്ന ഇംഗ്ലീഷ് വാക്കുകള്‍ പഠിപ്പിക്കും സൂസന്‍ അബ്രഹാം എന്ന സൂസമ്മ

Wednesday, Mar 30, 2022
Reported By Aswathi Nurichan
susan abraham

കോമഡി സിനിമകളിലെ ഡയലോഗുകള്‍ വള്ളിപുള്ളി തെറ്റാതെ പറയുന്ന നമുക്ക് ഇന്നലെ പഠിച്ച പലതും ഓര്‍മ്മയുണ്ടാകാറില്ല. എന്നാല്‍ കോമഡി വീഡിയോകളിലൂടെ ഇംഗ്ലീഷ് പഠിച്ചാലോ...?

 

എത്രത്തോളം വിദ്യാഭ്യാസം നേടിയാലും ഇംഗ്ലീഷ് ഭാഷ ഇപ്പോഴും പലര്‍ക്കും തലവേദനയാകാറുണ്ട്. പക്ഷേ എന്തൊക്കെ ആണെങ്കിലും ഇനിയുള്ള കാലഘട്ടത്തില്‍ ഇംഗ്ലീഷ് ഉപയോഗിക്കേണ്ടത് അനിവാര്യമാണ്. ദിനംപ്രതി വളരുന്ന ഈ ലോകത്ത് വ്യത്യസ്ത ഭാഷകളിലുള്ള അറിവ് സമ്പാദ്യമായി കാണാവുന്ന ഒന്നാണ്. ബുദ്ധിമുട്ടുള്ള മലയാളവും അയല്‍വാസികളുടെ തമിഴും നമ്മുക്ക് പറയാന്‍ സാധിക്കുന്നുണ്ടെങ്കില്‍ ഇംഗ്ലീഷും എളുപ്പത്തില്‍ പഠിക്കാം. ഉപയോഗിച്ച് പരിചയം വരുന്നതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ നമ്മുക്ക് എല്ലാം പഠിക്കാന്‍ സാധിക്കുകയുള്ളൂ. അങ്ങനെ തന്നെയാണ് എല്ലാ ഭാഷകളും. അതിന് ആദ്യം വേണ്ടത് പരിശ്രമമാണ്. കൂടെ ഒരു ട്രെയിനറുമുണ്ടെങ്കില്‍ കാര്യങ്ങള്‍ കുറച്ച് കൂടി ഉഷാറാകും.

കോമഡി സിനിമകളിലെ ഡയലോഗുകള്‍ വള്ളിപുള്ളി തെറ്റാതെ പറയുന്ന നമുക്ക് ഇന്നലെ പഠിച്ച പലതും ഓര്‍മ്മയുണ്ടാകാറില്ല. എന്നാല്‍ കോമഡി വീഡിയോകളിലൂടെ ഇംഗ്ലീഷ് പഠിച്ചാലോ...? അത്തരത്തില്‍ ഇംഗ്ലീഷ് പഠിപ്പിക്കുന്ന ഒരു ട്രെയിനറാണ് സൂസന്‍ അബ്രഹാം എന്ന സൂസമ്മ. കേട്ടാന്‍ ഞെട്ടുന്ന വാക്കുകള്‍ പിന്നീട് മറക്കാത്ത രീതിയില്‍ പഠിപ്പിക്കാന്‍ മിടുക്കിയാണ് ഈ വീഡിയോ ക്രീയേറ്റര്‍. susamma talks എന്ന യൂട്യൂബ് ചാനലിനുടമ സൂസന്‍ അബ്രഹാമുമായി ദി ലോക്കല്‍ ഇക്കോണമി സബ് എഡിറ്റര്‍ അശ്വതി നുരിച്ചന്‍ നടത്തിയ അഭിമുഖം.

കിടിലന്‍ സംരംഭക 

എനിക്ക് സ്വന്തമായൊരു സംരംഭമുണ്ട്. IELTS കോച്ചിംഗ് സെന്ററാണ്. 2015 ല്‍ തിരുവനന്തപുരത്ത് ആണ് Tell education ആരംഭിച്ചത്. പിന്നീട് കോവിഡ് കാരണം സംരംഭം താല്‍ക്കാലികമായി നിര്‍ത്തി വയ്‌ക്കേണ്ടി വന്നു. കുറച്ച് കാലങ്ങള്‍ക്ക് ശേഷം സ്ഥാപനത്തിന്റെ പ്രവര്‍ത്തനം ഓണ്‍ലൈന്‍ വഴി പുനരാരംഭിച്ചു. നേരെത്തെ സ്‌പോക്കണ്‍ ഇംഗ്ലീഷും, കമ്മ്യൂണിക്കേഷന്‍ ഇംഗ്ലീഷും ചെയ്തിരുന്നു, പക്ഷേ ഇപ്പോള്‍ IELTS കോച്ചിംഗ് മാത്രമാണ് നടത്തുന്നത്.

 

സൂസമ്മ ടോക്‌സിന്റെ ആരംഭം

ലോക്ഡൗണ്‍ സമയത്ത് ഒന്നും ചെയ്യാനില്ലാതെ ഇരിക്കുകയായിരുന്നു. ആര്‍ക്കെങ്കിലും ഉപകാരപ്പെടുന്ന എന്തെങ്കിലും ചെയ്യണമെന്ന് മനസില്‍ ആഗ്രഹമുണ്ടായിരുന്നു. എന്റെ ഭര്‍ത്താവ് താടിക്കാരന്‍ എന്ന പേരില്‍ യുട്യൂബ് ചാനല്‍ നടത്തുന്നുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായ പ്രകാരമാണ് ഞാന്‍ ഈ മേഖലയിലേക്ക് കടന്നു വരുന്നത്. തുടക്കത്തില്‍ സീരിയസ് രീതിയില്‍ ഇംഗ്ലീഷ് മനസിലാക്കി കൊടുക്കുന്ന വീഡിയോകളാണ് ചെയ്തിരുന്നത്. അതിന് വലിയ രീതിലുള്ള വളര്‍ച്ചയൊന്നും ഉണ്ടായിരുന്നില്ല. പിന്നീടാണ് അവതരണത്തില്‍ മാറ്റം വരുത്തിയാലോ എന്ന ചിന്ത വന്നത്. അങ്ങനെ കോമഡി ഉള്‍പ്പെടുത്തി ഇംഗ്ലീഷ് പറഞ്ഞു കൊടുക്കുന്ന രസകരമായ വീഡിയോകള്‍ ചെയ്തു തുടങ്ങി. തുടര്‍ന്നാണ് ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും വീഡിയോകള്‍ക്ക് റീച്ച് വന്ന് തുടങ്ങിയത്. പിന്നീട് യുട്യൂബ് ചാനലും ആരംഭിച്ചു.

അതിജീവനം ഹ്യൂമര്‍സെന്‍സിലൂടെ 

ജീവിതത്തില്‍ ഹ്യൂമര്‍സെന്‍സ് ഉപയോഗപ്പെടുത്തുകയും ഉള്‍പ്പെടുത്തുകയും ചെയ്യുന്നയാളാണ് ഞാന്‍. ചെറുപ്പം മുതലേ സെന്‍സറ്റീവായ പല കാര്യങ്ങളും ഞാന്‍ കൈകാര്യം ചെയ്തിരുന്നത്, അതിനെ കോമിക്കല്‍ ആക്കി മാറ്റിയാണ്. പിന്നീട് ഞാന്‍ അതൊരു മാര്‍ഗമായി കണ്ടു. അതിനാല്‍ ജീവിതത്തില്‍ പല പ്രശ്‌നങ്ങളും വന്നപ്പോള്‍ അതില്‍ നിന്ന് കരകയറാന്‍ എന്നെ സഹായിച്ചത് ഹ്യൂമര്‍സെന്‍സ് തന്നെയാണ്. അത് ഇപ്പോഴും അങ്ങനെ തന്നെ തുടരുന്നു.

കോമഡി ഒരു ഹരം

കോമഡിയെ വളരെ ഇഷ്ടപ്പെടുന്നയാളാണ് ഞാന്‍. അതിനാല്‍ ഏതൊരു നിമിഷവും കോമഡി പറയാനും കേള്‍ക്കാനുമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ജീവിതം ചിരിച്ച് കൊണ്ട് ആസ്വദിക്കാന്‍ ഇഷ്ടപ്പെടുന്ന എനിക്ക് ഹ്യൂമര്‍സെന്‍സ് ഇല്ലാത്ത ജീവിതം ചിന്തിക്കാന്‍ പോലും സാധിക്കുന്നില്ല. എന്റെ ഫാമിലിയും ഫ്രണ്ട്‌സും എനിക്ക് വലിയ തോതില്‍ പ്രോല്‍സാഹനവും നല്‍കുന്നതിനാല്‍ ഞാന്‍ ഹാപ്പിയാണ്.

അഭിനയം രക്തത്തില്‍

അഭിനയത്തിനോട് ഇഷ്ടമുള്ളയാളാണ് ഞാന്‍. ചെറുപ്പത്തില്‍ തന്നെ കരച്ചില്‍ വന്നാല്‍ കരഞ്ഞും, ചിരി വന്നാല്‍ ചിരിച്ചും എന്റെ എല്ലാ വികാരങ്ങളും പ്രകടിപ്പിക്കാനാണ് ഞാന്‍ ഇഷ്ടപ്പെട്ടിരുന്നത്. ഒരു വികാരങ്ങളെയും അടക്കി പിടിക്കാതെ തുറന്നു കാട്ടുന്നവര്‍ക്ക് അഭിനയം വഴങ്ങുമെന്നാണ് ഞാന്‍ ചിന്തിക്കുന്നത്. കൂടാതെ എന്റെ കോളേജ് പഠനകാലമൊക്കെ സിനിമയുമായി ബന്ധപ്പെട്ട ആളുകളുമായിട്ടായിരുന്നു. 19 വയസില്‍ തന്നെ അഭിനയത്തോട് ഇഷ്ടമുണ്ടായിരുന്നു. പിന്നീട് അധ്യാപികയായി ജോലി ചെയ്യാന്‍ തുടങ്ങിയതിന് ശേഷം ആ ആഗ്രഹം വേണ്ടെന്നുവച്ചു. പിന്നീട് ട്രെയിനര്‍ എന്ന രീതിയില്‍ തന്നെ അഭിനയത്തിലേക്ക് തിരിച്ചു വരാന്‍ സാധിച്ചു. പിന്നീട് വീഡിയോ ചെയ്തു തുടങ്ങിയപ്പോള്‍ നന്നായിട്ടുണ്ടെന്ന് എല്ലാവരും പറഞ്ഞപ്പോള്‍ ആത്മവിശ്വാസം വര്‍ധിച്ചു.

ഞെട്ടിക്കുന്ന ഇംഗ്ലീഷ് വാക്കുകള്‍

ഞാന്‍ 15 വയസുള്ളപ്പോള്‍ തന്നെ പാര്‍ട്ട്‌ടൈം ജോബര്‍ ആയിട്ട് പഠിപ്പിക്കാന്‍ തുടങ്ങിയിരുന്നു. അന്നു മുതലേ ഇംഗ്ലീഷ് ട്രെയിനാണ്. പിന്നീട് MA ഇംഗ്ലീഷ് ലിറ്ററേച്ചറും, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ഡിപ്ലോമയും തിരുവല്ല മാര്‍ത്തോമാ കോളജില്‍ നിന്ന് പൂര്‍ത്തിയാക്കി. സ്ഥിരമായി ഇംഗ്ലീഷ് ഉപയോഗിക്കുന്നത്‌കൊണ്ട് ഓരോ വര്‍ഷം കൂടുന്തോറും വാക്കുകളിലുള്ള അറിവ് വര്‍ധിച്ച് കൊണ്ടിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതി വച്ച പുസ്തകങ്ങളില്‍ നിന്നും, ഡിക്ഷണറികളില്‍ നിന്നുമാണ് ഞാന്‍ ഇംഗ്ലീഷ് വാക്കുകള്‍ കണ്ടെത്തുന്നത്. പല സിനിമകള്‍ കണ്ടതില്‍ നിന്നും ബുക്കുകള്‍ വായിച്ചതില്‍ നിന്നും ഞാന്‍ തന്നെ സ്വയം മനസിലാക്കിയ വാക്കുകളാണ് അവയില്‍ കൂടുതലും. 

തകര്‍ത്ത് അമ്മയും മകളും 

വ്യത്യസ്ത വേഷങ്ങളില്‍ ഞാന്‍ വീഡിയോ ചെയ്യാറുണ്ട്. അമ്മയും മകളുടെയും സംഭാഷണ വീഡിയോകളിലാണ് പ്രധാനമായും ഡബിള്‍ റോള്‍ അവതരിപ്പിക്കാറുള്ളത്. എന്നാല്‍ ചില വീഡിയോകളില്‍ നാലോളം കഥാപാത്രങ്ങളായി അഭിനയം കാഴ്ചവയ്ക്കാറുണ്ട്. ഡബിള്‍ റോള്‍ ചെയ്യുന്നത് ഇപ്പോള്‍ പരിചയമായത് കൊണ്ട് അത് ബുദ്ധിമുട്ടാറായി തോന്നാറില്ല, എന്നാല്‍ നാല് കഥാപാത്രങ്ങള്‍ ഒക്കെ ഒരുമിച്ച് ചെയ്യാന്‍ കഷ്ടപ്പെടാറുണ്ട്. ഞാന്‍ തന്നെയാണ് കണ്ടന്റ് ക്രീയേഷന്‍, ഷൂട്ടിംഗ്, എഡിംറ്റിംഗ് തുടങ്ങിയവയെല്ലാം ചെയ്യുന്നത്. എല്ലാകൂടി ഒരുമിച്ച് കൈകാര്യം ചെയ്യുമ്പോഴാണ് ബുദ്ധിമുട്ട് വരാറുള്ളത്. എന്നാല്‍ ആസ്വദിച്ച് ചെയ്യുന്നത് കൊണ്ട് അതൊന്നും വലിയ കഷ്ടപാടായി തോന്നാറില്ല. 

താടിക്കാരന്‍ എന്ന സപ്പോര്‍ട്ടര്‍

താടിക്കാരന്‍ എന്ന പേരിലാണ് ഭര്‍ത്താവ് അറിയപ്പെടുന്നത്. യഥാര്‍ത്ഥ പേര് മാര്‍ക്ക് ആന്റണി എന്നാണ്. camp setters എന്ന യൂട്യൂബ് ചാനല്‍ കൈകാര്യം ചെയ്യുന്നുണ്ട്. അദ്ദേഹമാണ് എന്റെ ഏറ്റവും വലിയ സപ്പോര്‍ട്ടര്‍. എന്റെ കഴിവ് മനസിലാക്കിയ ശേഷം വീഡിയോ ചെയ്തൂടെ എന്നു ആദ്യമായി എന്നോട് ചോദിച്ചതും അദ്ദേഹം തന്നെയാണ്. വീഡിയോ മികച്ചതാക്കുന്നതിനുള്ള പല നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അദ്ദേഹം പങ്കുവയ്ക്കാറുണ്ട്. അദ്ദേഹത്തിന്റെ ചില ഫുഡ് വ്‌ലോഗുകളില്‍ ഞാനും കൂടെ അവതരിപ്പിക്കാറുണ്ട്. 

പ്രാവര്‍ത്തികമാക്കുന്ന മോട്ടിവേറ്റര്‍

മറ്റുള്ളവര്‍ക്ക് മോട്ടിവേഷന്‍ നല്‍കുകയെന്നത് വലിയ ഒരു കാര്യമാണ്. അതിന് നിരവധി ജീവിത അനുഭവങ്ങള്‍ ഉണ്ടാകണം. കൂടാതെ മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടുക്കുന്ന കാര്യങ്ങള്‍ സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാകുന്നവയായിരിക്കണം. ഇതാണ് മോട്ടിവേഷന്റെ കാര്യത്തില്‍ എന്റെ അഭിപ്രായം. ഞാന്‍ എല്ലാ മേഖലയിലും മോട്ടിവേഷന്‍ നല്‍കാന്‍ പ്രാപ്തയായ ആളാണെന്ന് സ്വയം തോന്നുന്നില്ല. അതിനാല്‍ എന്റെ ജീവിതത്തില്‍ ഞാന്‍ പ്രാവര്‍ത്തികമാക്കുന്ന കാര്യങ്ങള്‍ മാത്രമേ മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ.

ജീവിതം സങ്കീര്‍ണമല്ല, ജീവിതത്തെ നമ്മള്‍ സങ്കീര്‍ണമാക്കുകയാണെന്നല്ലേ സാധാരണയായി പറയാറുള്ളത്. അത് അന്വര്‍ത്ഥമാക്കുകയാണ് ഈ യൂട്യൂബര്‍. പ്രശ്‌നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും മാനസിക സംഘര്‍ഷങ്ങള്‍ക്കുമെതിരെ പ്രയോഗിക്കാവുന്ന മൂര്‍ച്ചയുള്ള ആയുധമുണ്ട് സൂസന്റെ കൈയ്യില്‍. അതാണ് ഹ്യൂമര്‍സെന്‍സ്!. എന്തുകൊണ്ട് നമ്മുക്കൊന്നും ഇങ്ങനെ സാധിക്കുന്നില്ലെന്ന് സൂസന്റെ വീഡിയോ കണ്ട മിക്കവര്‍ക്കും തോന്നും. എന്നാല്‍ അങ്ങനെ ചിന്തിക്കരുത്, എല്ലാവര്‍ക്കും ഇതൊക്കെ സാധിക്കും. പ്രശ്‌നങ്ങളെ മറികടക്കാന്‍ നമ്മള്‍ സ്വയം വഴികള്‍ തേടണമെന്നും അത് പിന്നീട് നിങ്ങളെ കൂടുതല്‍ സന്തോഷിപ്പിക്കുമെന്നും സൂസന്‍ ഉറച്ച സ്വരത്തില്‍ പറയുന്നു. അതെ നമ്മുക്ക് പ്രതിസന്ധികള്‍ മറികടന്ന് ചിരിക്കാം...ആസ്വദിച്ച് ജീവിക്കാം... സൂസന്‍ അബ്രഹാമിനെ പോലെ...

 

instagram: http://instagram.com/susamma_talks

facebook: https://www.facebook.com/susan.abraham.587

youtube: https://youtube.com/channel/UCkInJ3TY-xKZGpb-7IFjjbg


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.