Sections

സമൂഹത്തെ പൂര്‍ണമായി മാറ്റാന്‍ കഴിയില്ലായിരിക്കാം, എന്നാല്‍ മാറ്റങ്ങള്‍ക്ക് വേണ്ടി ശ്രമം തുടരുകയാണ് ഈ കണ്ണൂരുക്കാരി 

Sunday, Jul 31, 2022
Reported By Aswathi Nurichan
nidhina danaj

അറിവുകള്‍ നല്‍കുന്നതില്‍ അത്രത്തോളം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ നമ്മില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. അത്തരത്തില്‍ തന്റെ സോഷ്യല്‍ മീഡിയ ചാനലുകളിലൂടെ വ്യത്യസ്ത തരത്തിലുള്ള ചിന്തകള്‍ പ്രേക്ഷകര്‍ക്ക് പകര്‍ന്നു കൊണ്ടിരിക്കുകയാണ് കണ്ടന്റ് ക്രീയേറ്ററായ നിധിന.

 

നിരവധി മാറ്റങ്ങള്‍ കാരണം തന്നെയാണ് ഇന്നു കാണുന്ന നമ്മുടെ ലോകം ഉണ്ടായിരിക്കുന്നത്. അതിനാല്‍ വളര്‍ച്ചയ്ക്കായി മാറ്റം അനിവാര്യമാണ്. മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ തയ്യാറാകുന്നവര്‍ അവരറിയാതെ തന്നെ സമൂഹ വളര്‍ച്ചയ്ക്കുള്ള സംഭാവനകള്‍ നല്‍കുകയാണ്. അപ്പോഴും എല്ലാവര്‍ക്കും സംശയമാണ്, എന്തൊക്കെ മാറ്റങ്ങളാണ് സമൂഹത്തിന് വേണ്ടത്? ഇത്രയൊക്കെ മാറേണ്ടതുണ്ടോ? സാമ്പത്തിക, സാമൂഹിക, വിദ്യാഭ്യാസ പരമായ മാറ്റങ്ങള്‍ രാജ്യത്തിന്റെയും ലോകത്തിന്റെയും വളര്‍ച്ചയ്ക്കായുള്ള അഭിവാജ്യം ഘടകം തന്നെയാണ്. മാറ്റങ്ങളെ കുറിച്ച് അറിയുന്നതിനും മനസിലാക്കുന്നതിനുമായി വ്യക്തികളിലേക്കും, സമൂഹത്തിലേക്കും രാജ്യങ്ങളിലേക്കും നമ്മള്‍ കണ്ണുതുറന്ന് നോക്കേണ്ടതുണ്ട്. നല്ലതിനെ ഉള്‍ക്കൊണ്ടും മോശമായവയെ ഒഴിവാക്കിയും സ്വയം പുതുക്കികൊണ്ടിരിക്കേണ്ടത് പ്രാധാനപ്പെട്ട കാര്യമാണ്.

വ്യക്തികള്‍ ചേര്‍ന്നാണ് സമൂഹമുണ്ടാകുന്നതെന്ന് പറയുന്നത് വെറുതയല്ല, വ്യക്തികളുടെ മാറ്റം സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് വലിയ പങ്കു വഹിക്കുന്നുണ്ട്. എങ്ങനെയൊക്കെയാണ് നമുക്ക് നല്ലരീതിയില്‍ മാറാന്‍ സാധിക്കുക? അതിന് ഇന്നത്തെ കാലത്ത് നിരവധി മാധ്യമങ്ങളുണ്ട്. അവയില്‍ പ്രധാനപ്പെട്ടവയാണ് ഇന്റര്‍നെറ്റും, സോഷ്യല്‍ മീഡിയയും. അവയിലൂടെ നമ്മുക്ക് അറിയാന്‍ സാധിക്കാത്തതായി ഒന്നുമില്ല എന്നു തന്നെ പറയാം. അറിവുകള്‍ നല്‍കുന്നതില്‍ അത്രത്തോളം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ നമ്മില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. അത്തരത്തില്‍ തന്റെ സോഷ്യല്‍ മീഡിയ ചാനലുകളിലൂടെ വ്യത്യസ്ത തരത്തിലുള്ള ചിന്തകള്‍ പ്രേക്ഷകര്‍ക്ക് പകര്‍ന്നു കൊണ്ടിരിക്കുകയാണ് കണ്ടന്റ് ക്രീയേറ്ററായ നിധിന. നാടന്‍ ഭാഷാ ശൈലിയിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന നിധിന ധനജുമായി ദി ലോക്കണ്‍ ഇക്കണോമി സബ് എഡിറ്റര്‍ അശ്വതി നുരിച്ചന്‍ നടത്തിയ അഭിമുഖം.   

കണ്ണൂര്‍ പറശ്ശിനിക്കടവ് മുത്തപ്പന്റെ സ്വന്തം ആള്‍

കണ്ണൂര്‍ പറശ്ശിനിക്കടവ് സ്വദേശിയാണ് നിധിന. വളര്‍ന്നതും പഠിച്ചതുമെല്ലാം ആ പ്രദേശത്ത് തന്നെയാണ്. പഠനക്കാലത്ത് വലിയ രീതിയില്‍ ആളുകളുമായി ഇടപെടാത്ത വ്യക്തിയായിരുന്നു. അച്ഛന്‍ രാമചന്ദ്രന്‍, അമ്മ അനിത, സഹോദരന്‍ റിതിന്‍ എന്നിവര്‍ മാത്രമായിരുന്നു നിധിനയുടെ ലോകം. ''ഞാന്‍ പഠിക്കുന്ന സമയത്ത് ഒരു സ്റ്റേജില്‍ പോലും കയറിയിട്ടില്ല, അതിനാല്‍ ഇപ്പോള്‍ ചെയ്യുന്ന വീഡിയോകള്‍ കാണുമ്പോള്‍ സഹപാഠികള്‍ക്കും അധ്യാപകര്‍ക്കും നാട്ടുകാര്‍ക്കും അതിശയമാണ്'' നിധിന ചിരിച്ച് കൊണ്ട് പറയുന്നു. 

യുഎഇയിലെ പ്രവാസ ജീവിതം

വിവാഹത്തിന് ശേഷമാണ് നിധിന പ്രവാസ ജീവിതം ആരംഭിച്ചത്. യുഎഇയിലെ ഷാര്‍ജയില്‍ ജീവിക്കുമ്പോഴും കേരളവും കണ്ണൂരുമായുള്ള ബന്ധവും ഗൃഹാതുരതയും നിധിന കാത്തുസൂക്ഷിച്ചിരുന്നു. വര്‍ഷങ്ങളായി ഭര്‍ത്താവ് ധനജിന്റെ കൂടെ ഷാര്‍ജയില്‍ താമസിച്ചപ്പോഴും അശ്വതി, വേദ എന്ന മക്കളുടെ ജനനത്തിന് ശേഷവും നാടും പരിസരവും തന്നെയായിരുന്നു നിധിനയുടെ മനസില്‍. 

സ്വയം മാറ്റങ്ങള്‍ക്ക് വേണ്ടിയുള്ള ശ്രമം

സ്വയം മാറ്റങ്ങള്‍ക്ക് വേണ്ടി നിധിന ശ്രമിച്ച് തുടങ്ങിയും ഷാര്‍ജയില്‍ വച്ച് തന്നെയായിരുന്നു. ചെറിയ രീതിയില്‍ ടിക്ടോക്ക് വീഡിയോകള്‍ ചെയ്തു തുടങ്ങി, പിന്നീട് കണ്ണൂര്‍ ഭാഷാ ശൈലി ഉപയോഗിച്ച് കൊണ്ടുള്ള വീഡിയോ ചെയ്തു. നാടും നാട്ടുകാരും തന്നെയായിരുന്നു അതിലെ സാങ്കല്‍പിക കഥാപാത്രങ്ങള്‍. അത് കയറിയങ്ങ് കൊളുത്തി. പ്രവാസികള്‍ക്കിടയില്‍ മികച്ച അഭിപ്രായമാണ് ആ വിഡീയോകള്‍ക്ക് ലഭിച്ചത്. അത്തരം വീഡിയോകള്‍ കൂടുതല്‍ ചെയ്യണമെന്ന ആവശ്യം പ്രേക്ഷകരില്‍ നിന്നു തന്നെ ലഭിച്ചു തുടങ്ങി.

ഫോട്ടോഗ്രാഫിയോടുള്ള ഇഷ്ടം

ഫോട്ടോഗ്രഫി മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നയാളാണ് നിധിന. യാദൃശ്ചികമായാണ് ഫോട്ടോഗ്രഫിയിലേക്ക് കടന്നു വരുന്നത്. ഭര്‍ത്താവിന്റെ ക്യാമറ ഉപയോഗിച്ചാണ് തുടക്കത്തില്‍ ഫോട്ടോ എടുത്തിരുന്നത്. പ്രകൃതിയും, പക്ഷികളും, പച്ചപ്പുമൊക്കെയാണ് നിധിനയ്ക്ക് ക്യാമറയില്‍ പകര്‍ത്താന്‍ കൂടുതലിഷ്ടം. സ്വയം ഇഷ്ടത്തോടെ പാഷനായി മാത്രമാണ് താന്‍ ഫോട്ടോഗ്രാഫി ചെയ്യാറുള്ളതെന്നും അവയൊക്കെ സോഷ്യല്‍ മീഡിയില്‍ പങ്കുവയ്ക്കാറുണ്ടെന്നും ഈ കലാകാരി പറയുന്നു.

'നിങ്ങള് കാണിക്കുന്നത് അന്റെ വീട്ടിലും നടക്കലുണ്ടപ്പാ'

മിക്ക വീടുകളിലും നാടുകളിലും നടക്കുന്ന കാര്യങ്ങള്‍ തന്നെയാണ് നിധിനയുടെ വീഡിയോയുടെ ആശയങ്ങള്‍ ആകാറുള്ളത്. നാട്ടു പ്രദേശത്തെ ആളുകളുടെ ചില സംസാരങ്ങളും പ്രവൃത്തികളും ആളുകളെ രസിപ്പിക്കുന്നതാണ്. പ്രവാസികള്‍ക്ക് നിധിനയുടെ വീഡിയോകളിലൂടെ നാട്ടിലെ സമയങ്ങള്‍ ഓര്‍ത്തെടുക്കാനും സാധിക്കാറുണ്ട്. കണ്ണൂരിലെ മാത്രമല്ല, മിക്ക സ്ഥലങ്ങളിലെയും ആളുകള്‍ വീഡിയോ കണ്ട് നല്ല അഭിപ്രായങ്ങള്‍ പറയാറുണ്ടെന്നും, നിങ്ങള്‍ ചെയ്യുന്നതൊക്കെ എന്റെ വീട്ടിലും നാട്ടിലും നടക്കുന്നത് തന്നെയാണെന്നും സന്തോഷത്തോടെ ചിലര്‍ പറയാറുണ്ടെന്ന് നിധിന പറഞ്ഞു. 

പൂര്‍ണമായി മാറ്റാനൊന്നു കഴിയില്ലായിരിക്കാം, പക്ഷേ..

രസിപ്പിക്കുന്നതിനോടൊപ്പം ചിന്തിപ്പിക്കുന്ന ചില ആശയങ്ങളും നിധിന പ്രേക്ഷകരിലേക്ക് പകര്‍ന്നു നല്‍കാന്‍ ശ്രമിക്കാറുണ്ട്. പെണ്‍കുട്ടികളോട് ചില വീടുകളില്‍ ചില കാര്യങ്ങളില്‍ കാണിക്കുന്ന വേര്‍തിരിവ് മാറണം എന്ന തരത്തിലുള്ള വീഡിയോകള്‍ അതില്‍ ഉള്‍പ്പെടുന്നു. കൂടാതെ മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിക്കുന്ന തരത്തിലുള്ള വീഡിയോകള്‍ ചെയ്യുന്നതിലും നിധിനയ്ക്ക എതിര്‍ അഭിപ്രായങ്ങള്‍ ലഭിക്കാറുണ്ട്. അവയൊക്കെ ഇങ്ങനെ തുറന്ന് പറയേണ്ട കാര്യമില്ലെന്നതാണ് അവരുടെ വശം. എന്നാല്‍ അറിവില്ലായ്മയുടെ പേരില്‍ നമ്മുടെ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കുമുണ്ടാകുന്ന പല മാനസിക ശാരീരിക പ്രശ്‌നങ്ങളും ഇത്തരം വീഡിയോകളിലൂടെ കുറച്ചെങ്കിലും മാറ്റം വരുന്നത് വളരെ നല്ല കാര്യമാണ്.

സ്വപ്‌നത്തില്‍ ചിന്തിക്കാത്ത സിനിമാ പ്രവേശനം

കണ്ടന്റ് ക്രിയേറ്ററാകുമെന്ന് പോലും ചിന്തിക്കാതിരുന്ന നിധിന ഇന്ന് സിനിമകളില്‍ പോലും അഭിനയിച്ചു. സുഹൃത്ത് സംവിധാനം ചെയ്ത ഗള്‍ഫ് മുട്ടായി എന്ന ഷോട്ട്ഫിലിമിലാണ് ആദ്യമായി അഭിനയിച്ചത്.  പിന്നീട് മനു ദിവാകരന്‍ സംവിധാനം ചെയ്ത ബൂമറാംഗ് എന്ന ചിത്രത്തില്‍ നിധിന വേഷമിട്ടു. 

ആളുകളെ രസിപ്പിക്കുകയും അതുപോലെ ചിന്തിപ്പിക്കുകയും ചെയ്യുക എന്നത് ചില്ലറ പരിപാടിയൊന്നുമല്ല. അത് ഭംഗിയായി ചെയ്യുന്നുണ്ട് ഈ കലാകാരി. കലയ്ക്ക് യാതൊരുവിധ വിഭജനവുമില്ലെന്ന് നിധിനയുടെ വീഡിയോകളും, പ്രേക്ഷകരും തെളിയിക്കുന്നു. ദേശങ്ങളുടെയും രാജ്യങ്ങളുടെയും വേര്‍തിരിവുകള്‍ ഇല്ലാതെ മനുഷ്യര്‍ കലയെ സപ്പോര്‍ട്ട് ചെയ്യാറുണ്ട്. നിധിന ചെയ്യുന്ന രസിപ്പിക്കുന്ന വീഡിയോകളിലും ചിന്തിപ്പിക്കുന്ന വീഡിയോകളിലും ചിലര്‍ക്ക് അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരിക്കാം. എന്നാല്‍ നിധിന എന്ന കലാകാരി പകര്‍ന്നു നല്‍കുന്ന ആശയത്തെ പ്രോല്‍സാഹിപ്പിക്കുന്ന വന്‍ ഭൂരിപക്ഷം തന്നെ എതിര്‍വശത്തുണ്ട്. മാറ്റങ്ങളെ ഉള്‍ക്കൊള്ളുന്ന ജനതയുടെയും മാറ്റങ്ങള്‍ ആഗ്രഹിക്കുന്ന ജനതയുടെയും പ്രതീകമാണവര്‍.

Nidhina Dhanaj Socialmedia Platform Link

Youtube: https://youtube.com/channel/UCELYRjtBBZy9gxpZkuPrw0w

Facebook: https://www.facebook.com/nidhisphotographyy

Instagram: https://www.instagram.com/nidhina.dhanaj/


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.