- Trending Now:
തിരുവനന്തപുരം: അഞ്ച് വർഷത്തെ ഇടവേളയ്ക്കു ശേഷം ടെക്നോപാർക്കിൻറെ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് വേദിയായ 'ടെക് എ ബ്രേക്ക്' വീണ്ടും സജീവമാകുന്നു. ഇതിൻറെ ഭാഗമായി ടെക്നോപാർക്ക് ഫേസ് വൺ ക്യാമ്പസിൽ നടന്ന മോട്ടോർ റാലിയിൽ ബൈക്കുകൾ, കാറുകൾ, ജീപ്പുകൾ, എന്നിവയുൾപ്പെടെയുള്ള നൂറിലധികം വാഹനങ്ങൾ അണിനിരന്ന റാലി നടന്നു.
'എറർ 404-ക്രിയേറ്റിവിറ്റി ഫൗണ്ട്' എന്നതാണ് ടെക് എ ബ്രേക്ക് 2025 ൻറെ പ്രമേയം. ഐടി പ്രൊഫഷണലുകൾക്ക് തങ്ങളുടെ സർഗ്ഗാത്മക കഴിവുകൾ മത്സരങ്ങളിലൂടെയും കലാപ്രകടനങ്ങളിലൂടെയും അവതരിപ്പിക്കാൻ അവസരം ഒരുക്കുന്നതാണ് പരിപാടി.
മോട്ടോർ റാലിക്ക് ശേഷം ടെക്നോപാർക്ക് സിഇഒ കേണൽ സഞ്ജീവ് നായർ (റിട്ട.) പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
ജിടെക് സെക്രട്ടറിയും ടാറ്റാ എൽക്സി സെൻറർ ഹെഡുമായ ശ്രീകുമാർ വി, എആർഎസ് ട്രാഫിക് ആൻഡ് ടെക്നോളജീസ് എംഡി മനീഷ് വിഎസ്, എക്സ്പീരിയൻ സിഇഒ ബിനു ജേക്കബ്, വേ ഡോട്ട് കോം വൈസ് പ്രസിഡൻറ് പി ബാലഗോപാൽ കെഎസ്, ഡെപ്യൂട്ടി വൈസ് പ്രസിഡൻറ് (മാർക്കറ്റിംഗ് ആൻഡ് കസ്റ്റമർ റിലേഷൻഷിപ്പ്) വസന്ത് വരദ, അസിസ്റ്റൻറ് വൈസ് പ്രസിഡൻറ് (അഡ്മിനിസ്ട്രേഷൻ ആൻഡ് ഇൻഡസ്ട്രിയൽ റിലേഷൻസ്) അഭിലാഷ് ഡി എസ്, ടെക്നോപാർക്ക്, നടാന, ജിടെക് എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളും വോളൻറിയർമാരും ഐടി പ്രൊഫഷണലുകളും ചടങ്ങിൽ പങ്കെടുത്തു.
കേരളത്തിലെ ഐടി കമ്പനികളുടെ കലാ-സാംസ്കാരിക-കായിക-ഐടി ക്ലബ്ബായ നടാന, ജിടെക്, ടെക്നോപാർക്ക് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് 'ടെക് എ ബ്രേക്ക് 2025' സംഘടിപ്പിക്കുന്നത്.
ഒരു ഇടവേളയ്ക്ക് ശേഷം 'ടെക് എ ബ്രേക്ക്' വീണ്ടും തുടങ്ങുന്നത് ഐടി സമൂഹത്തിൻറെ സർഗ്ഗാത്മകതയ്ക്ക് പുത്തനുണർവ് പകരുമെന്ന് ടെക്നോപാർക്ക് സിഇഒ കേണൽ സഞ്ജീവ് നായർ (റിട്ട.) പറഞ്ഞു.
ടെക്കികളുടെ ബൗദ്ധികവും സർഗ്ഗാത്മവുമായ കഴിവുകൾ വളർത്തിയെടുക്കുകയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നതെന്നും തിരക്കേറിയ ജോലി ഷെഡ്യൂളിൽ നിന്ന് വിശ്രമവും വിനോദവും ഇതിലൂടെ ലഭ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടെക്നോപാർക്കിൻറെ യുവജനോത്സവം എന്നറിയപ്പെടുന്ന ടെക് എ ബ്രേക്ക് ആനന്ദത്തിൻറെയും ആഘോഷത്തിൻറെയും ഉത്സവമാണെന്ന് ജിടെക് സെക്രട്ടറി ശ്രീകുമാർ വി പറഞ്ഞു.
ഫേസ് വൺ ക്യാമ്പസിലെ ക്ലബ് ഹൗസ് ഏരിയയിൽ നിന്ന് ഫ്ളാഗ് ഓഫ് ചെയ്ത മോട്ടോർ റാലിയിൽ ബൈക്കുകളിലും കാറുകളിലുമായി സ്റ്റണ്ടുകൾ അടക്കമുള്ള പ്രകടനങ്ങൾ അരങ്ങേറി.
ദി റോയൽസ്, 4 ബൈ 4 ഡേയ്സ്, ഗിയർ മെഷീൻ, കാർട്രോണിക്സ്, ട്രാവൻകൂർ റോയൽ എൻഫീൽഡ് ക്ലബ്ബ് എന്നീ ടീമുകൾ റാലിയിൽ പങ്കെടുത്തു.
ക്യാമ്പസിന് ചുറ്റുമായി നടന്ന റാലിയിൽ വാഹന പ്രേമികൾ അഭ്യാസ പ്രകടനങ്ങൾ നടത്തുകയും രൂപമാറ്റങ്ങൾ വരുത്തിയ വാഹനങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്തു. തേജസ്വിനി കെട്ടിടത്തിന് മുന്നിൽ റാലി സമാപിച്ചു.
ഹാക്കത്തോൺ, ക്വിസ്, പെയിൻറിംഗ്, ടെക് പ്രേമികൾക്കുള്ള സൈബർ സെക്യൂരിറ്റി മത്സരമായ ക്യാപ്ചർ ദി ഫ്ളാഗ്, ട്രഷർ ഹണ്ട്, ഷോർട്ട് ഫിലിം, കോമഡി സ്കിറ്റ്, മ്യൂസിക് ബാൻഡ്, ഫാഷൻ ഷോ, ഡാൻസ് തുടങ്ങി നിരവധി പരിപാടികളും മത്സരങ്ങളും 'ടെക് എ ബ്രേക്ക് 2025' ൻറെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. ടെക്നോപാർക്കിലെ വിവിധ കമ്പനികളിലെ ജീവനക്കാർക്ക് മത്സരങ്ങളിൽ പങ്കെടുക്കാനും ഒരുമിച്ച് കൂടാനുമുള്ള വേദി കൂടിയാണിത്.
രജിസ്ട്രേഷൻ ആരംഭിച്ചു. വിശദാംശങ്ങൾക്ക് https://techabreak.natana.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കാം.
2026 ഫെബ്രുവരി 6 ന് വിവിധ കമ്പനികളുടെ ടീമുകൾ അണിനിരക്കുന്ന ഗ്രാൻഡ് ടാബ് ഘോഷയാത്രയോടെ ഗ്രാൻഡ് ഫിനാലെയ്ക്കൊപ്പം 'ടെക് എ ബ്രേക്ക് 2025' സമാപിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.